'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന ഒറ്റ നാടകത്തിലൂടെ കേരളത്തിലെ രാഷ്ട്രീയ-കലാ രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിചേച മഹാരഥനാണ് തോപ്പില്‍ ഭാസി. നാടകം, തിരക്കഥ, ചെറുകഥ, ആത്മകഥ, ചലച്ചിത്രസംവിധാനം എന്നീ മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. തോപ്പില്‍ ഭാസിയുടെ ചരമദിനമാണ് ഡിസംബര്‍ 8.

924 ഏപ്രില്‍ എട്ടിന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ജനിച്ചു. തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍നിന്ന് വൈദ്യകലാനിധി പാസായി. പഠനകാലത്ത് വിദ്യാര്‍ഥി കോണ്‍ഗ്രസില്‍ അംഗമായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1946-ലെ പുന്നപ്ര വയലാര്‍ സമരത്തോടെ കോണ്‍ഗ്രസില്‍ നിന്ന് അകന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

ഭൂവുടമകള്‍ക്കുനേരെ കര്‍ഷകരെ അണിച്ചേര്‍ത്ത് നടത്തിയ സമരത്തിന്റെ ഭാഗമായ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന സമയത്താണ് ആദ്യ നാടകമായ 'മുന്നേറ്റം' രണ്ടാമത്തെ നാടകമായ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്നിവ എഴുതുന്നത്. 1952 ഡിസംബര്‍ ആറിന് കെ.പി.എ.സി.യുടെ രണ്ടാമത്തെ നാടകമായി 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' അരങ്ങിലെത്തി. പിന്നീട് 4000-ത്തോളം വേദികളില്‍ ഈ നാടകം അവതരിപ്പിച്ചു. നാടകരംഗത്ത് കെ.പി.എ.സി.ക്ക് ഒരു മേല്‍വിലാസം നേടിക്കൊടുക്കാന്‍ ഈ നാടകത്തിനായി.

'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന ഒറ്റ നാടകത്തിലൂടെയാണ് കെ.പി.എ.സി.യെ അദ്ദേഹം ജനഹൃദയങ്ങളിലെത്തിച്ചത്. മലയാള നാടകരംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച കെ.പി.എ.സി.യുടെ രണ്ടാമത്തെ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. ശൂരനാട് ഡിഫന്‍സ് ഫണ്ടിലേക്ക് പണം സംഭരിക്കാന്‍വേണ്ടി സോമന്‍ എന്ന തൂലികാനാമത്തിലാണ് തോപ്പില്‍ ഭാസി ഈ നാടകം എഴുതി പ്രസിദ്ധീകരിച്ചത്. കെ.പി.എ.സി. ഈ നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അടൂര്‍ ലോക്കപ്പിലായിരുന്നു അദ്ദേഹം.

പ്രമാദമായ ശൂരനാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തില്‍ നിന്നും പിരിഞ്ഞുകിട്ടിയ കാശെല്ലാം ചെലവഴിച്ചതും ശൂരനാട് പ്രതികളുടെ കേസ് നടത്തിപ്പിനുതന്നെയായിരുന്നു. ഭൂവുടമകള്‍ക്കെതിരേ കര്‍ഷകത്തൊഴിലാളികളെ അണിനിരത്തി സംഘടിപ്പിച്ച വിപ്ലവസമരമായിരുന്നു ശൂരനാട് സമരം. ഭാസിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. അദ്ദേഹം ഒളിവില്‍പോയ കാലത്ത് എഴുതിയതാണ് 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്നത്. കേരളത്തിലെ വേദികളില്‍ നിന്നും വേദികളിലേക്ക് വിശ്രമമില്ലാതെ ആ നാടകം ജൈത്രയാത്ര തുടര്‍ന്നപ്പോള്‍ കെ.പി.എ.സിയുടെ സാധ്യത മനസ്സിലാക്കി അതിനായി പതിനാറ് നാടകങ്ങള്‍ ഭാസി എഴുതിക്കൊടുത്തു. അറുപത്-എഴുപത് കാലഘട്ടത്തില്‍ കേരളമൊന്നാകെ കെ.പി.എ.സി ആ നാടകങ്ങളുമായി യാത്രചെയ്തു. സാമൂഹ്യപ്രതിബദ്ധതയുള്ളതും നാടകത്തെ സാധാരണക്കാരന്റെ വിവേകത്തിനനുസൃതമായി ചിട്ടപ്പെടുത്തിയതുമായിരുന്നു ഭാസി എന്ന നാടകകൃത്തിന്റെ വിജയം. കേരളത്തിലെ ഏതെങ്കിലുമൊരു വേദിയില്‍ കളിക്കാത്ത ഒരൊറ്റ നാടകവും അദ്ദേഹത്തിന്റേതായിട്ടില്ല എന്നതാണ് തോപ്പില്‍ഭാസി എന്ന പ്രതിഭയുടെ കഴിവ്.

1952 ഡിസംബര്‍ ആറിനായിരുന്നു നാടകം അരങ്ങിലെത്തിയത്. നാടകം സര്‍ക്കാര്‍ നിരോധിച്ചു. ഹൈക്കോടതിയുടെ അനുകൂല വിധി നേടിയാണ് നാടകാവതരണം തുടര്‍ന്നത്. പിന്നീട് കെ.പി.എ.സി. അവതരിപ്പിച്ച നാടകങ്ങളില്‍ പതിനെട്ടെണ്ണവും തോപ്പില്‍ ഭാസി രചിച്ചവയാണ്.

മുടിയനായ പുത്രന്‍, പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, സര്‍വേക്കല്ല്, മൂലധനം എന്നിങ്ങനെ നീളുന്നു ഇവ. നാടകത്തിനു പുറമേ നിരവധി സിനിമകളിലും കൈയൊപ്പുചാര്‍ത്തിയിട്ടാണ് തോപ്പില്‍ ഭാസി വിടപറഞ്ഞത്. നൂറിലധികം സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതി. പതിനാറ് സിനിമകള്‍ സംവിധാനം ചെയ്തു. ഇരുപത്തിയഞ്ചിലധികം കൃതികള്‍ രചിച്ചു.

കേന്ദ്ര സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ശൂരനാട് വിപ്ലവത്തിന്റെ നായകരിലൊരാളായ തോപ്പില്‍ ഭാസി 1953-ല്‍ വള്ളികുന്നം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായി. 1954-ലും 57-ലും നിയമസഭാംഗവുമായിരുന്നു. 1992 ഡിസംബര്‍ എട്ടിനായിരുന്നു അന്ത്യം.

Content Highlights: Thoppil Bhasi Death anniversary