ഋതുക്കളും ഭൂമിയും തമ്മിലുള്ള ബന്ധംപോലൊരു ബന്ധം ഒ.എന്‍.വി. കുറുപ്പിന്റെ കാവ്യലോകത്തുണ്ട്. ഓരോ ഋതുവും ഭൂമിയെ വ്യത്യസ്തമായൊരു ചിത്രമായി വരയ്ക്കുന്നു; നിറഭേദങ്ങള്‍ ചാര്‍ത്തുന്നു. അടിസ്ഥാനപരമായി ഭൂമി മാറുന്നുമില്ല. കാലംനല്‍കുന്ന ആ ചിത്രചാതുരികളില്‍ തിരുവുടലില്‍ നവതാരുണ്യവുമായി ഭൂമി നില്‍ക്കുന്നു. ഒ.എന്‍.വിയുടെ കവിതയ്ക്കുമുണ്ട് ഭൂമിയുടെ ആ നവതാരുണ്യം. പല ഋതുക്കള്‍ താണ്ടി, പലസ്ഥായികളില്‍ പാടുന്ന ഒരു ബാംസുരി ആ കവിതയുടെ ജീവനിലിരിക്കുന്നു. ഒരേസമയം അത് മണ്ണിനോടും അപാരതയോടും വിനിമയത്തിലേര്‍പ്പെടുന്നു. ഈ ദ്വിമുഖതയാണ് ഒ.എന്‍.വി. കവിതയുടെ ആധാര സവിശേഷത.
പ്രശ്നഭരിതവും ശബ്ദായമാനവുമായ ബഹിര്‍ലോകത്തോടും ഏകാന്തവും നിത്യനിശ്ശബ്ദവുമായ ആന്തരലോകത്തോടും രണ്ട് സ്ഥായികളില്‍ സംവദിക്കാനുള്ള കാവ്യശേഷി. സമീപകാല കാവ്യചരിത്രത്തില്‍ വളരെക്കുറച്ച് കവികളിലേ ആ സവിശേഷത നാം കാണുന്നുള്ളൂ. മലയാള കവിതയുടെ സുദീര്‍ഘമായ ചരിത്രത്തില്‍ ഒ.എന്‍.വി. ഏകാന്തമായ ഒരു വിളക്കുമരംപോലെ നില്‍ക്കുന്നതും അതുകൊണ്ടാണ്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ അരുണാഭമായ ഒരു കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന ആവേശഭരിതമായ തരുണസ്വരങ്ങളിലൊന്നായാണ് ഒ.എന്‍.വി. മലയാളകവിതയിലേയ്ക്ക് പ്രവേശിച്ചത്. ഇരമ്പിമറിയുകയായിരുന്ന നാല്പതുകളുടെ താരസ്മൃതി.
'അരിവാളും രാക്കുയിലും' (1949) പോലുള്ള കവിതകള്‍ പ്രതിനിധാനം ചെയ്യുന്ന ആ കാലഘട്ടത്തെപ്പറ്റി ഒ.എന്‍.വി. എഴുതി. ''ഒരുകാലത്ത് എഴുതിയതേറെയും ഒരാവേശത്തിന്റെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു. വിപ്ലവാഭിമുഖ്യവും ആവേശവുംകൊണ്ട് പാടിപ്പോയ പാട്ടുകളായിരുന്നു അവ. കവിതയുടെ വിധിനിയമങ്ങളെ മറികടന്നും പരിവര്‍ത്തനങ്ങളെ സ്വപ്നംകണ്ടും പാടിയ പാട്ടുകള്‍''. വിശ്വാസതീവ്രതയാല്‍ ''ഇരുള്‍ ദുര്‍ഗമടിതെറ്റുമ്പോള്‍, പുലര്‍വെട്ടം പുലരുമ്പോള്‍, പടവെട്ടിയ രാക്കുയിലിനുമരിവാളിനുമഭിമാനം പുലരുകില്ലേ?'' എന്ന് ചോദിച്ച ആ ആവിര്‍ഭാവഘട്ടത്തില്‍നിന്ന് കവിതയുടെ വിധിനിയമങ്ങള്‍ പുലര്‍ത്തിയ ഭാവഗീതങ്ങളുടെ ഘട്ടത്തിലേയ്ക്കാണ് ഒ.എന്‍.വി. സ്വയം പരിവര്‍ത്തിച്ചത്. 'ഭൂമികന്യയെ വേള്‍ക്കാന്‍വന്നമോഹമേ നീ' ഇന്ദ്രകാര്‍മുകമെടുത്തു കുലച്ചുതകര്‍ത്തെന്നോ' എന്ന സാന്ദ്രവിഷാദത്തിലേയ്ക്ക് കവി പിന്മടങ്ങി. കവിതയുടെ മഴക്കാലത്തിന്റെ തുടക്കമായിരുന്നു അത്; യാതനയുടെ വേനലിനുശേഷമുള്ള മഴക്കാലം.
മണ്ണിനോടെന്നപോലെ ഹൃദയവിലോലതകളോടും അപാരതയോടും സംവദിക്കുന്ന ഒ.എന്‍.വി.യുടെ തുടക്കം അവിടെയാണ്. മലയാള കാല്പനിക കവിതയുടെ ഏറ്റവും സര്‍ഗാത്മകമായ വിപുലനവും തുടര്‍ച്ചയുമായിരുന്നു ഒ.എന്‍.വി. വെട്ടിത്തെളിച്ച ആ പാത. വൈകാരികാനുഭൂതികളില്‍ മാത്രമല്ല മാനവയാതനകള്‍ നിറഞ്ഞ ലോകങ്ങളോടും ഈ ഘട്ടത്തില്‍ ഒ.എന്‍.വി. കവിത സംവദിച്ചു. അമേരിക്കന്‍ കറുത്തവര്‍ഗ ഗായകനായ പോള്‍ റോബ്സനു സമര്‍പ്പിച്ച 'കറുത്ത പക്ഷിയുടെ പാട്ട്' എന്ന ഒറ്റക്കവിത മതി ആ തീവ്രതയുടെ സ്വഭാവം വ്യക്തമാക്കാന്‍. ഒ.എന്‍.വിയിലെ ഇടതുപക്ഷ സൗന്ദര്യബോധത്തിന്റെ വ്യത്യസ്തമായ വികാസമായിരുന്നു ഈ ഗണത്തില്‍പ്പെടുന്ന കവിതകള്‍.
ആധുനികതയുടെ തിരച്ചാര്‍ത്ത് ആഞ്ഞടിക്കുമ്പോഴും ഒ.എന്‍.വി. കവിതയുടെ വിളക്കുമരം കുലുങ്ങാതെ നിന്ന് അതിന്റെ പ്രകാശവിനിമയങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു. നിരന്തരമായ പരിവര്‍ത്തനങ്ങളിലൂടെ കാല്പനികഭാവുകത്വത്തെ നവീകരിക്കാനുള്ള ശേഷിയാണ് ആ വിനിമയ സവിശേഷതയ്ക്കു കാരണം. എണ്‍പതുകളില്‍ 'ഭൂമിക്കൊരു ചരമഗീതം' പോലുള്ള കവിതകളിലൂടെ ഒ.എന്‍.വി. മറ്റൊരു ഘട്ടത്തിലേക്കു കടക്കുന്നതു കാണാം. അദ്ദേഹത്തിന്റെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കവിതകള്‍ ഈ ഘട്ടത്തിലാണുണ്ടായത്. പരിസ്ഥിതി ബോധവുമായും മാനവജീവിത പ്രതിസന്ധികളുമായും ബന്ധപ്പെട്ട് ആ കവിതകള്‍ അവതരിപ്പിച്ച പ്രകൃതി-മനുഷ്യദര്‍ശനം സവിശേഷമായ ഒരു രാഷ്ട്രീയാവബോധത്തിന്റെ ഭാഗമായിരുന്നു. ഒ.എന്‍.വിയിലെ ഇടതുപക്ഷ ഭാവുകത്വത്തിന്റെ ചരിത്രപരവും സര്‍ഗാത്മകവുമായ വികാസം അതില്‍ക്കാണാം.
ഹൃദയത്തിന്റെ, അതിന്റെ ആനന്ദങ്ങളുടെയും വേദനകളുടെയും വിഷാദങ്ങളുടെയും പാട്ടുകാരനാണ് താനെന്ന് ഓരോ കവിതയിലും ഒ.എന്‍.വി. ഓര്‍മിപ്പിക്കുന്നു. സമീപഭൂതകാലത്തിലെ കവിതകളിലെല്ലാം ആ പാട്ടുകാരന്‍ അടക്കിപ്പിടിച്ച വിഷാദത്തിന്റെയും അതില്‍നിന്നു സംസ്‌കരിച്ചെടുത്ത ജ്ഞാനബോധ്യത്തിന്റെയും സ്വരങ്ങളാണു കേള്‍പ്പിക്കുന്നത്. ഹൃദയങ്ങള്‍ തമ്മിലുള്ള സംവാദം പോലും സമഗ്രമായൊരു മനുഷ്യ ജീവിതദര്‍ശനത്തിലെത്തുന്നത് അവിടെ കാണാം. 'ഭദ്രേ'യെന്ന് ഇണയെ സംബോധന ചെയ്തുകൊണ്ട് 'നാം പുരാതനര്‍, ഭദ്രേ നാമാടുന്ന നാടകവുമിന്നേറെ പുരാതന'മെന്ന ലോകദര്‍ശനത്തില്‍ കവി എത്തിച്ചേരുന്നു.
'ഞാനൊരു വെറും മഞ്ഞുതുള്ളി
യൊരിലത്തുമ്പിലാണെന്റെ പച്ചപ്പട്ടു
വിരിപ്പാമിരിപ്പിടം
എന്നില്‍ വീണലിയുന്നു വാനനീലിമ'യെന്ന് ഭൂമിയെയും അപാരതയെയും കൂട്ടിയിണക്കുന്ന ആ കാവ്യദര്‍ശനമാണ് ഒ.എന്‍.വി.യെ തുഞ്ചത്തുനിന്നു തുടങ്ങുന്ന കാവ്യപാതയിലെ നക്ഷത്രങ്ങളിലൊന്നായി നിലനിര്‍ത്തുന്നത്. '
( പുനപ്രസിദ്ധീകരണം )
Content Highlights: ONV kurup