കോവിലന്റെയും നന്ദനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തിലേക്ക് ഒരു പട്ടാള കഥാകാരന്‍ കൂടി. തെങ്ങമം ഗോപകുമാറിന്റെ 'ജവാന്‍ C/o 56 APO' എന്ന നോവലാണ് പട്ടാള ജീവിത പശ്ചാത്തലത്തില്‍ രചിച്ചിരിക്കുന്നത്. ഭാവനയും യാഥാര്‍ത്ഥ്യവും ഇതില്‍ ഇഴപിരിഞ്ഞു കിടക്കുന്നു. 1986 മുതല്‍ 2002 വരെ ഇന്ത്യന്‍ കരസേനയില്‍ ജവാനായി ഗോപകുമാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അനുഭവങ്ങളും ഭാവനയും ഇടകലര്‍ത്തിയെഴുതിയ ഈ നോവല്‍ കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ആഴ്ചയില്‍ രണ്ടുദിവസം എന്ന രീതിയില്‍ ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു.

നൂറുകണക്കിന് വായനക്കാര്‍ ഈ നോവലിന്റെ അടുത്ത അധ്യായത്തിനായി കാത്തിരുന്നു. മുപ്പത് അധ്യായങ്ങളും അങ്ങനെ പ്രസിദ്ധീകരിച്ചു. നവമാധ്യമത്തില്‍ ഹിറ്റായ ഈ നോവല്‍ ഇപ്പോള്‍ 'മാതൃഭൂമി ബുക്‌സ്' പുസ്തകമാക്കി പുറത്തിറക്കിയിരിക്കുന്നു. ഇറങ്ങി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നല്ല പ്രതികരണമാണ് നോവലിനു ലഭിക്കുന്നത്. സൈന്യത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ജവാന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ജീവിതരീതികളും വിവരിക്കുന്നതിന് ഒപ്പംതന്നെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രവും ഇതില്‍ അനാവരണം ചെയ്യുന്നു.

ഖാലിസ്ഥാന്‍ വാദത്തിന്റെ ഉത്ഭവവും വളര്‍ച്ചയും ഇന്ദിരാഗാന്ധിയുടെ വധവും സിഖ് കൂട്ടക്കൊലയും വ്യക്തികളിലും സമൂഹത്തിലും സൃഷ്ടിച്ച ആഘാതങ്ങള്‍ നോവലില്‍ രേഖപ്പെടുത്തുന്നു. പഞ്ചാബിലെ രാഷ്ട്രീയസംഘര്‍ഷങ്ങളുടെ അടിസ്ഥാനഘടകങ്ങളും കാണാപ്പുറങ്ങളും നോവലിന് വേറിട്ട ദിശാബോധം നല്‍കുന്നുണ്ട്.

പട്ടാള ജീവിതത്തില്‍നിന്നും സ്വാഭാവികമായി രൂപപ്പെട്ടുവരുന്ന മാനുഷികബന്ധങ്ങളുടെ വിവിധതലങ്ങള്‍ സൂക്ഷ്മമായി നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. പഞ്ചാബികളുടെ ജീവിതം, അവരുടെ രാഷ്ട്രീയം, ദേശസ്‌നേഹം, ഭക്തി, ചരിത്രബോധം, ലൈംഗികത ഒക്കെ തന്റെ സൈനിക ജീവിതത്തിലൂടെ മനസ്സിലാക്കാന്‍ സഹായിച്ചതായും അത് തന്റെ നോവലിന് വിത്തുംവളവും ജലവും നല്‍കിയെന്നും ഗോപകുമാര്‍ പറയുന്നു.

നമ്മുടെ കാലത്തിലെ ഈ പട്ടാള കഥ, ഗോപകുമാര്‍ ആഖ്യാന വേഗതയോടെയും നര്‍മ്മബോധത്തോടെയും കഥാപാത്ര സമൃദ്ധിയോടെയും അവതരിപ്പിച്ചിരിക്കുന്നുവെന്ന് സാഹിത്യകാരന്‍ സക്കറിയ അഭിപ്രായപ്പെട്ടിട്ടുണ്ട്. .

2003 മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായി ജോലി നോക്കുകയാണ് തെങ്ങമം ഐക്കര വീട്ടില്‍ ഗോപകുമാര്‍. കഥയ്ക്കും കവിതയ്ക്കും ആയി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആദ്യ കവിതാസമാഹാരമായ കാട്ടുസൂര്യന് 2016-ല്‍ ഡി. വിനയചന്ദ്രന്‍ സ്മാരക സാഹിത്യ പുരസ്‌കാരവും രണ്ടാമത്തെ കാവ്യസമാഹാരം കാ(ലി)വിസ്ഥാന് 2018-ല്‍ കവി പറക്കോട് പ്രതാപചന്ദ്രന്‍ കവിതാ പുരസ്‌കാരവും ലഭിച്ചു.

മൂന്നാമത്തെ കവിതാസമാഹാരം 'തീ കെട്ടകാലം' കഴിഞ്ഞവര്‍ഷം പ്രകാശനം ചെയ്യപ്പെട്ടു. ഭാര്യ: ഗീതാകുമാരി. മക്കള്‍: ഐശ്വര്യാ ഗോപന്‍, അഹല്യാഗോപന്‍.