വലിയ ചരിത്രവും ദര്‍ശനവുമുള്ള ഒരു രാജ്യത്തെ അകത്തുനിന്നും പുറത്തുനിന്നും ഇല്ലാതാക്കുകയാണ് സാംസ്കാരിക വിപ്ലവത്തിലൂടെ ടിബറ്റിനോട് ചൈന ചെയ്തത്. ഇന്ന്് സ്വന്തം രാജ്യത്ത് ടിബറ്റന്‍ ജനത അഭയാര്‍ഥികളെപ്പോലെ ജീവിക്കുന്നു. ടിബറ്റിനെക്കുറിച്ച് 'VANISHING SHANGRILA' എന്ന പുസ്തകമെഴുതിയ ലേഖകന്‍ ആ രാജ്യത്തിന്റെ പതനം വിശദീകരിക്കുന്നു
2020 ജൂലായ് 19 ഞായര്‍
സമുദ്രനിരപ്പില്‍നിന്ന് 4500 മീറ്റര്‍ മുകളിലായി ഹിമാലയന്‍ മലനിരകളില്‍ കിടക്കുന്ന ടിബറ്റ് ഒരു വിലക്കപ്പെട്ട ഭൂമിയായിരുന്നു. അവിടെ എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് മാത്രമായിരുന്നില്ല കാരണം. സന്ദര്‍ശകരെ സ്വീകരിക്കാനുള്ള പ്രദേശവാസികളുടെ വൈമനസ്യംകൂടിയായിരുന്നു. എ.ഡി. ഏഴാം നൂറ്റാണ്ടിലാണ് അവിടെ ബുദ്ധിസം പ്രചാരത്തിലാവുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ദലൈലാമയുടെ വാഴ്ച ആരംഭിക്കുന്നത്. ഏഴാമത്തെ ദലൈലാമയുടെ കാലത്ത്, 1720-ല്‍, സുംഗാറുകള്‍ (ആദിവാസി സംഘങ്ങള്‍) ടിബറ്റിനെ കീഴടക്കാനെത്തി. അവരെ തോല്‍പ്പിക്കാന്‍ സഹായം നല്‍കിയശേഷമാണ് ചൈനീസ് ഭരണകൂടം തങ്ങളുടെ രണ്ട് ഉദ്യോഗസ്ഥരെ (ആംബന്‍സ്) ലാസയില്‍ നിയമിച്ചുതുടങ്ങിയത്. ഓരോ ദലൈലാമയും മുമ്പത്തെ ലാമയുടെ പുനരവതാരമായാണ് കരുതിപ്പോന്നത്. ഓരോ പുതിയ നേതാവ് വരുന്നതിനുമുമ്പും ഒരു ചെറിയ ഇടവേളയുണ്ടാകാറുണ്ട്. ഈ ഇടവേളയില്‍ ടിബറ്റിന്റെ ഭരണം കൈയാളിയിരുന്നത് ചൈനീസ് ഭരണകൂടത്തിന്റെ പ്രതിനിധികളായിരുന്ന ആംബനുകളും റീജന്റുമാരുമായിരുന്നു.
1895-ല്‍ ചുമതലയേറ്റ പതിമ്മൂന്നാമത് ദലൈലാമ ദീര്‍ഘദര്‍ശിയായൊരു ആത്മീയനേതാവായിരുന്നു. ചൈനീസ് സാമ്രാജ്യത്തിനും ബ്രിട്ടീഷ് ഇന്ത്യയ്ക്കും ഇടയിലായി കിടന്നിരുന്ന ടിബറ്റിന്റെ നയതന്ത്രപ്രാധാന്യം അദ്ദേഹം മനസ്സിലാക്കി. അദ്ദേഹത്തിന്റെ സ്വതന്ത്രമായ രീതികള്‍ ആദ്യം ബ്രിട്ടീഷുകാരില്‍നിന്നും (1904ല്‍) പിന്നീട് ചൈനയില്‍നിന്നും കടുത്ത പ്രതികരണങ്ങള്‍ക്കിടയാക്കി. 1910-ല്‍ ചൈന ടിബറ്റിനെ കീഴടക്കി. ഇതോടെ, ദലൈലാമ ഇന്ത്യയിലേക്കു പലായനം ചെയ്തു. 1911-ല്‍ ചൈനയില്‍ മാഞ്ചു ഭരണകൂടം തകര്‍ന്നതോടെ ദലൈലാമ തിരിച്ചെത്തുകയും ടിബറ്റിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് അദ്ദേഹം അവരുമായി സന്ധിചെയ്തു. ഒരു പ്രദേശം വിട്ടുകൊടുത്തുകൊണ്ട് വടക്കന്‍ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുക എന്നതായിരുന്നു അത്. 1914-ല്‍ സിംലയില്‍വെച്ച് ബ്രിട്ടന്, ചൈന, ടിബറ്റ് എന്നീ ത്രിരാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഒപ്പുവെച്ച കരാര്‍പ്രകാരം മക്മോഹന്‍ രേഖ എന്നറിയപ്പെടുന്ന പുതിയ അതിര്‍ത്തി നിലവില്‍വന്നു. ടിബറ്റിനെ ആധുനികീകരിക്കാന്‍ ദലൈലാമ ചിലതൊക്കെ ചെയ്തെങ്കിലും അതിനദ്ദേഹം അത്യുത്സാഹം കാട്ടിയില്ല. പാരമ്പര്യത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ജനതയെ സമൂലമായി മാറ്റുന്നതിലുള്ള ബുദ്ധിമുട്ട് അദ്ദേഹം മനസ്സിലാക്കിയതുകൊണ്ടായിരിക്കാം അത്. 1933-ല്‍ അദ്ദേഹത്തിന്റെ മരണശേഷം, ലാസയില്‍ അധികാരം കൈയാളിയ റീജന്റുകള്‍ പരസ്പരം പോരടിച്ചുതുടങ്ങി. അതുകൊണ്ടുതന്നെ, ചൈനീസ് നിയന്ത്രണങ്ങളില്ലാതിരുന്നിട്ടും 1911-നും 1950-നുമിടയില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ടിബറ്റിനായില്ല.
'പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന' രൂപവത്കരിച്ചശേഷം, ടിബറ്റിനെ സ്വതന്ത്രമാക്കുകയാണ് തങ്ങളുടെ ആദ്യലക്ഷ്യങ്ങളിലൊന്ന് എന്ന് അവര്‍ പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് ടിബറ്റുകാര്‍ 'ഉറക്ക'ത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നത്. ഉടന്‍തന്നെ അവര്‍, ലാസയില്‍ പരിശീലനത്തിലായിരുന്ന തങ്ങളുടെ പതിന്നാലാമത് ദലൈലാമയെ സ്ഥാനത്ത് അവരോധിച്ചു. സഹായത്തിനായി അവര്‍ യു.എന്നിനെയും യു.എസ്. എ. മുതല്‍ ഇന്ത്യ വരെയുള്ള രാജ്യങ്ങളെയും സമീപിച്ചു. തങ്ങളുടെ പഴയ സുഹൃത്തുക്കളായ ബ്രിട്ടനില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള വേര്‍പാട് അവര്‍ക്കു തിരിച്ചടിയായിരുന്നു. ടിബറ്റിലെ സായുധ ഇടപെടല്‍കൊണ്ട് അന്താരാഷ്ട്ര തലത്തിലുണ്ടാകാന്‍പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബെയ്ജിങ്ങിനു മുന്നറിയിപ്പു നല്കാന് ജവാഹര്‍ലാല്‍ നെഹ്രു ശ്രമിച്ചു. പക്ഷേ, തങ്ങളുടെ ആഭ്യന്തരപ്രശ്നമാണെന്നു പറഞ്ഞ് അതെല്ലാം ചൈന തള്ളി. ഗത്യന്തരമില്ലാതെ, 1951 മേയില്‍ ചൈനയുമായി പതിനേഴിന നിര്‍ദേശങ്ങളടങ്ങിയ കരാറില്‍ ടിബറ്റ് ഒപ്പുവെച്ചു. ദലൈലാമയുടെ അധികാരങ്ങള്‍ ഉള്‍പ്പെടെ ടിബറ്റിലെ നിലവിലുള്ള ഭരണരീതികളില്‍ ഒരു മാറ്റവും വരുത്തില്ലെന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. അതോടെ, ടിബറ്റില്‍ സമാധാനാന്തരീക്ഷം നിലവില്‍വന്നു. 1955-ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്റ്റിയറിങ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി ദലൈലാമയെ നിയമിക്കുന്ന അവസ്ഥവരെയുണ്ടായി.
എന്നാല്‍, 1956 മുതല്‍ സ്ഥിതി മാറിത്തുടങ്ങി. കിഴക്കന്‍ മേഖലയിലെ ജനതയ്ക്കിടയില്‍ (ഖംപകള്‍) ഭൂമി കൂട്ടുടമസ്ഥതയില്‍ കൊണ്ടുവരാന്‍ ആരംഭിച്ചതോടെയായിരുന്നു അത്. ആ മേഖല ടിബറ്റിനു പുറത്തായാണ് ചൈന കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ടിബറ്റിനു സമാനമായ പ്രത്യേകപദവി ഈ മേഖലയ്ക്ക് നല്കിയിരുന്നതുമില്ല. ഇതില്‍ ഖംപകള്‍ ചൈനയ്ക്കെതിരേ ശക്തമായി പ്രതിഷേധിച്ചു. ഇത് ചൈനയ്ക്കെതിരായ ആദ്യ പ്രക്ഷോഭമായി വളര്‍ന്നു. ചൈനീസ് പട്ടാളത്തിന്റെ ഒരുവിഭാഗം ഈ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനായി നീങ്ങി. മറ്റൊരു വിഭാഗം പട്ടാളത്തെ ടിബറ്റിന്റെ ഇതരപ്രദേശങ്ങളില്‍ വിന്യസിച്ചു. അവസാനമായി ലാസയും ചൈനീസ് പട്ടാളത്തിന്റെ വരുതിയിലായി. പ്രക്ഷോഭം കൂടുതല്‍ കുഴപ്പത്തിലേക്കു നീങ്ങിയതോടെ, ചൈനീസ് പട്ടാളം തന്നെ അറസ്റ്റുചെയ്തേക്കുമെന്ന് ദലൈലാമയ്ക്കു മനസ്സിലായി. ഇതോടെ, രഹസ്യമായി അദ്ദേഹം അവിടെനിന്നു രക്ഷപ്പെട്ടു. 1959 മാര്‍ച്ച് 31-ന് അദ്ദേഹം ഇന്ത്യന്‍ അതിര്‍ത്തിയിലെ ഖിന്സമാനെയിലെത്തി. ദലൈലാമ രക്ഷപ്പെട്ടെന്നു മനസ്സിലായതോടെ ചൈനീസ് പട്ടാളം ടിബറ്റന്‍ ജനതയ്ക്കുമേല്‍ അഴിഞ്ഞാടി. രാജ്യം മുഴുവന്‍ അവര്‍ നിയന്ത്രണത്തിലാക്കി.

ഇന്ത്യയിലേക്ക് സ്വീകരിച്ചപ്പോൾ
ദലൈലാമയുടെ മടക്കത്തിനുശേഷം ആറുപതിറ്റാണ്ട് പിന്നിടുമ്പോള്‍ ടിബറ്റിന്റെ ഭൂമിശാസ്ത്രത്തിലും ജനസംഖ്യയിലും സമൂലമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ദേവാലയങ്ങളുടെയും സന്ന്യാസവിഹാരങ്ങളുടെയും തകര്‍ച്ച, പഞ്ചന്ലാമയെപ്പോലുള്ള നേതാക്കളെ തടവിലാക്കല്‍ തുടങ്ങിയവ വലിയ സാംസ്കാരികമാറ്റങ്ങള്ക്ക് വഴിതുറന്നു. ചൈനയില്‍ ഡെങ് സിയാവോപെങ്ങിന്റെ ഭരണത്തിന്റെ ആദ്യനാളുകളില്‍ ടിബറ്റിന് ചില പ്രതീക്ഷകളുണ്ടായിരുന്നു. കാരണം, അക്കാലത്ത് ടിബറ്റില്‍ ചൈന ചില പരിഷ്കരണനടപടികള്‍ക്ക് ശ്രമിക്കുകയും അവിടെ ജനങ്ങള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ അയവുവരുത്തുകയും ചെയ്തു. എന്നാല്‍, ഇതൊന്നും ടിബറ്റന്‍ ജനതയുടെ വൈരത്തിന്റെ അഗ്നിയെ കെടുത്താന്പോന്നതായിരുന്നില്ല. അത് മറ്റൊരു കലാപാഗ്നിയായി രൂപാന്തരപ്പെട്ടതോടെ 1989 മാര്‍ച്ചില്‍ ചൈന ടിബറ്റില്‍ പട്ടാളനിയമം നടപ്പാക്കി.
1990-നുശേഷം ടിബറ്റില്‍ ചൈന പിടിമുറുക്കുന്നതാണു കണ്ടത്. ചൈനയില്‍നിന്ന് ടിബറ്റിലേക്ക് ഹാന്‍ വംശജരുടെ വന്‍തോതിലുള്ള കുടിയേറ്റത്തെ അവര്‍ പ്രോത്സാഹിപ്പിച്ചു. ടൂര്‍ ഗൈഡുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള പരീക്ഷ ചൈനീസ് ഭാഷയില്‍ മാത്രമായി നടത്താനുള്ള തീരുമാനം കുടിയേറ്റക്കാര്‍ക്ക് പ്രയോജനംചെയ്തു. ചെറുപട്ടണത്തിലേക്കുകൂടി കുടിയേറാന്‍ തയ്യാറായിനിന്നവരായിരുന്നു ഇക്കൂട്ടത്തില്‍ പലരും. ടിബറ്റിലേക്കുള്ള അതിവേഗ റെയിലിന്റെ നിര്‍മാണം ചൈന-ടിബറ്റ് യാത്ര അനായാസമാക്കി. ടിബറ്റന്‍ ഭാഷ പഠിപ്പിക്കുന്ന സ്കൂളുകള്‍ കുറഞ്ഞത് ആ ഭാഷയുടെ പുരോഗതിക്ക് പ്രതിബന്ധമായി. ഉന്നതവിദ്യാഭ്യാസത്തിന് ചൈനീസ് ഭാഷ പഠിക്കേണ്ടിവന്നതും സാംസ്കാരിക വിപ്ലവകാലത്ത് സന്ന്യാസവിഹാരങ്ങള് തകര്‍ക്കപ്പെട്ടതും ടിബറ്റന്‍ സംസ്കാരത്തിന് കനത്ത തിരിച്ചടിയായി. ഇതിനുപുറമേ, ടിബറ്റന്‍ പീഠഭൂമിയില്‍നിന്നുള്ള അനിയന്ത്രിത ധാതുഖനനവും ആണവമാലിന്യങ്ങള്‍ തള്ളുന്നതും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഹിമാലയന്‍ പരിസ്ഥിതിമേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നതായിരുന്നു ഖനനം. പതുക്കെപ്പതുക്കെ ടിബറ്റുകാര്‍ ദരിദ്രരാവുകയും സമൂഹത്തില്‍ പ്രാന്തവത്കരിക്കപ്പെടുകയും ചെയ്തു. സ്വന്തം രാജ്യത്ത് അവര്‍ക്ക് ചേരിനിവാസികളെപ്പോലെ ജീവിതം കഴിച്ചുകൂട്ടേണ്ടിവന്നു.
എന്നാല്‍, വിദേശത്തുള്ള ടിബറ്റുകാര്‍ ഈസമയത്ത് ചില പുരോഗതികള്‍ കൈവരിച്ചിരുന്നു. അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനും ടിബറ്റന്‍ സ്കൂളുകള്‍ സ്ഥാപിച്ച് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും വിദേശത്ത് കുടിയേറിയ ടിബറ്റുകാര്‍ക്കിടയില്‍ ഉന്നതസാക്ഷരത കൊണ്ടുവരാനുമായി ദലൈലാമ ഇന്ത്യാ ഗവണ്മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഇത് ജീവിതമാര്‍ഗം കണ്ടെത്തുന്നതിലെ വെല്ലുവിളികള്‍ നേരിടാന്‍ അവരെ പ്രാപ്തരാക്കി. ഏറ്റവും സ്നേഹിക്കപ്പെടുന്ന പ്രശസ്തനായ ആഗോള ആത്മീയനേതാവായി ദലൈലാമ മാറുകയും ചെയ്തു. സ്വന്തമായ പാരമ്പര്യവും സംസ്കാരവുമുള്ള ലാമയുടെ രാജ്യത്തിന്റെ 'അസ്തമയ'വും സ്വന്തം രാജ്യത്ത് ടിബറ്റുകാരുടെ പ്രാന്തവത്കരണവുെമാക്കെയാണ് 70 വര്‍ഷത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന്റെ അനന്തരഫലം. ടിബറ്റില്‍ തുടരാന്‍ തീരുമാനിച്ചവരെക്കാള് ഇന്ന് മികച്ച ജീവിതം നയിക്കുന്നത് അവിടം വിട്ടുപോയവരാണെന്നു പറയുന്നത് അതിശയോക്തിയല്ല. ചൈനീസ് ഭരണകൂടത്തിന്റെ ദുഷ്ടബുദ്ധി ചൂണ്ടിക്കാട്ടാന്‍ ഇതിനെക്കാള്‍ നല്ലൊരു താരതമ്യം വേറെയില്ല.
(റബ്ബര്ബോഡിന്റെ ചെയര്‍മാനും എക്സിക്യുട്ടീവ് ഡയറക്ടറുമാണ് ലേഖകന്‍)
Content Hightlights: The Tibetan conflict; How China crushed the Tibet