സര്‍ എഡ്വിന്‍ ആര്‍നോള്‍ഡിന്റെ ലോകപ്രശസ്തമായ ' The Light of Asia' എന്ന പുസ്തകം ഇന്ത്യന്‍ സംസ്‌കാരത്തെയും ധൈഷണിക ജീവിതത്തെയും എങ്ങനെ സ്വാധീനിച്ചുവെന്ന് പഠിച്ചവതരിപ്പിക്കുന്ന ജയറാം രമേഷിന്റെ പുസ്തകമാണ് 'The Light of Asia: The Poem that defined the Budha.' വിപുലഗവേഷണത്തിന്റെ ഫലമായ പുസ്തകത്തിന്റെ ആമുഖക്കുറിയാണിത്...

പ്രാസമില്ലാതെ രചിക്കപ്പെട്ട ഒരു മഹാകാവ്യത്തിന്റെ ജീവചരിത്രമാണിത്. 1879 ജൂലായിലാണ് ഈ ഇതിഹാസം ആദ്യമായി പ്രസിദ്ധീകൃതമായത്.പുറത്തുവന്നയുടന്‍ ഇംഗ്ലണ്ടിലെങ്ങും ശ്രദ്ധ നേടിയ ഈ കൃതി, വൈകാതെ അമേരിക്കയിലും യൂറോപ്പിലും ചര്‍ച്ചാവിഷയമാവുകയും ചെയ്തു. അതുളവാക്കിയ പ്രചുരപ്രചാരത്തിന്റെ മഹാവ്യാധി ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിച്ച് ഏതാനും ദശകക്കാലം നീണ്ടുനില്‍ക്കാന്‍ പോന്നതായിരുന്നു.

പൂജനീയ വ്യക്തിത്വമായിരുന്ന സ്വാമി വിവേകാനന്ദന്‍ എന്ന ഇന്ത്യന്‍ സന്ന്യാസിയുടെ മനസ്സിനെ ഈ പുസ്തകം ആകര്‍ഷിച്ചു. ഏകദേശം അതേ കാലത്തുതന്നെ, കൊളംബോയിലെ ഒരു യുവാവിനെ അത് അഗാധമായി സ്പര്‍ശിച്ചു. അനാഗരിക ധര്‍മപാല എന്ന് ചരിത്രത്തില്‍ അദ്ദേഹം അറിയപ്പെട്ടു. 1889-ല്‍ ഈ പുസ്തകം ലണ്ടനില്‍ ഉന്നതി പ്രാപിച്ചുകൊണ്ടിരുന്ന ഒരു ഇന്ത്യന്‍ അഭിഭാഷകന്റെ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. ഈ അഭിഭാഷകന്‍ പില്‍ക്കാലത്ത് മഹാത്മാഗാന്ധി എന്ന പേരില്‍ അനശ്വരനായി. തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അലഹാബാദിലെ ഒരു ഇളംപ്രായക്കാരനില്‍ ഈ പുസ്തകം സ്വാധീനമുളവാക്കി. 1947-ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവാഹര്‍ലാല്‍ നെഹ്രുവായിരുന്നു ആ കൗമാരക്കാരന്‍. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്പിയായ ബി.ആര്‍. അംബേദ്കറുടെ പുസ്തകത്തട്ടുകളെ ഇതിന്റെ രണ്ടു കോപ്പികള്‍ അലങ്കരിച്ചിരുന്നു. സാമൂഹികനീതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ചും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് സജീവമായിരുന്നവരുടെ കര്‍മങ്ങളെ ഈ കൃതി ചൈതന്യവത്താക്കി.

ലോകമെങ്ങുമുള്ള പതിനൊന്ന് സാഹിത്യവ്യക്തിത്വങ്ങളിലെങ്കിലും ആ പുസ്തകത്തിന് ശ്രദ്ധേയമായ സ്വാധീനമുളവാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവരില്‍ അഞ്ചുപേര്‍ നൊബേല്‍ പുരസ്‌കാര ജേതാക്കളാണ്. റുഡ്യാര്‍ഡ് ക്ലിപ്പിങ് (1907), രബീന്ദ്രനാഥ ടാഗോര്‍ (1913), ഡബ്ല്യു.ബി. യേറ്റ്‌സ് (1923), ഇവാന്‍ ബുനിന്‍ (1933), ടി.എസ്. എലിയറ്റ് (1948) മറ്റുള്ള ആറു പേരാവട്ടെ വിശ്വവിഖ്യാത സാഹിത്യകാരന്മാരാണ്. ഹെര്‍മന്‍ മെല്‍വിന്‍, ലിയോ ടോള്‍സ്റ്റോയ്, ലാഫ് കാഡിയോ ഹേണ്‍, ഡി.എച്ച്. ലോറന്‍സ്, ജോണ്‍ മാസ്ഫീല്‍ഡ്, ലൂയി ബോര്‍ഹസ്. താരതമ്യപുരാവൃത്ത വിജ്ഞാനത്തില്‍ ലോകത്തിലെ പ്രമുഖ പണ്ഡിത ശ്രേഷ്ഠരിലൊരാളായിത്തീരുന്നതിന് ഈ കൃതി പില്‍ക്കാലത്ത് ജോസഫ് കാംബെലിന് പുതിയ അതിര്‍ത്തിദേശങ്ങള്‍ തുറന്നുകൊടുത്തു.

ശാസ്ത്ര-വ്യാവസായിക ലോകവും ഈ കൃതിക്ക് അപ്രാപ്യമായിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കും മദ്രാസിലെ ഒരു യുവശാസ്ത്രവിദ്യാര്‍ഥിയുടെ ജീവിതത്തെ ഈ പുസ്തകം രൂപപ്പെടുത്തുകയുണ്ടായി. 1930-ല്‍ ഭൗതികശാസ്ത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ നൊബേല്‍ സമ്മാനം േനടിയ സി.വി. രാമനാണ് ആ ശാസ്ത്രവിദ്യാര്‍ഥി. റഷ്യന്‍ രസതന്ത്രജ്ഞനും പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവുമായ ദിമിത്രി മെന്‍ഡലീവിനും സ്‌കോട്ടിഷ്-അമേരിക്കന്‍ വ്യവസായ പ്രമുഖനും മനുഷ്യസ്‌നേഹിയുമായ ആന്‍ഡ്രൂ കാര്‍ണെഗിക്കും ഈ ഗ്രന്ഥത്തോട് സവിശേഷമായ ആഭിമുഖ്യമുണ്ടായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിലെ അത്യന്തം വിവാദപുരുഷനും എന്നാല്‍, ജീവിതകാലത്ത് ഒരു വീരപുരുഷനുമായിരുന്ന ഹെര്‍ബര്‍ട്ട് കിച്ചനര്‍ താന്‍ പോകുന്നിടത്തെല്ലാം ഈ പുസ്തകം സദാ കൊണ്ടുപോകുമായിരുന്നു. പില്‍ക്കാലത്ത് നൊബേല്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയ സ്വീഡിഷ് വ്യവസായി ആല്‍ഫ്രഡ് നൊബേലിന്റെ സ്വകാര്യ ഗ്രന്ഥശേഖരത്തില്‍ ഇതിന് പ്രമുഖസ്ഥാനമുണ്ടായിരുന്നു.

1925-ല്‍ ഒരു ജര്‍മന്‍-ഇന്ത്യന്‍ സംഘം അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ നിശ്ശബ്ദസിനിമകളിലൊന്ന് ഈ കൃതിയെ അവലംബമാക്കിയായിരുന്നു. 1945-ല്‍ 'ദി പിക്ചര്‍ ഓഫ് സോറിയന്‍ ഗ്രേ' എന്ന ഹോളിവുഡ് ക്ലാസിക് ചിത്രത്തില്‍ ഇത് പ്രാമുഖ്യത്തോടെ അവതരിപ്പിക്കപ്പെട്ടു. 1957-ല്‍, ബ്രിട്ടീഷ്-അമേരിക്കന്‍ അപസര്‍പ്പക കഥാകൃത്ത് റെയ്മണ്ട് ഷാന്‍ഡ്ലര്‍ രോഗാവസ്ഥയിലായിരുന്നപ്പോള്‍ ഈ പുസ്തകം വായിച്ച് ആശ്വാസം കണ്ടെത്താന്‍ ഉപദേശിച്ചുകൊണ്ട് ദീര്‍ഘകാലം അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു ആളിന്റെ കത്തു ലഭിച്ചു. പതിമ്മൂന്നു യൂറോപ്പ്യന്‍ ഭാഷകളിലേക്കും എട്ട് വടക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ ഭാഷകളിലേക്കും പതിന്നാല് ദക്ഷിണേഷ്യന്‍ ഭാഷകളിലേക്കും പരിഭാഷചെയ്യപ്പെട്ടു. വിവിധ നാടുകളില്‍ ഈകൃതിയെ ആസ്പദമാക്കി നാടകം, നൃത്തം, ഓപ്പെറ എന്നീ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. കഴിഞ്ഞ അമ്പതു വര്‍ഷമായി താത്പര്യപൂര്‍വം പഠനവിധേയമാക്കികൊണ്ടിരിക്കുന്നു; ഇംഗ്‌ളണ്ടിലും അമേരിക്കയിലും.

ജര്‍മനിയിലും ഒട്ടേറെ ഗഷേണപ്രബന്ധങ്ങളുടെയും നിരൂപണകൃതികളുടെയും വിഷയമായിത്തീര്‍ന്നിട്ടുണ്ട്. ജെയിംസ് ജോയ്സില്‍ ഈ കൃതി ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ്, ഏറ്റവും ഒടുവില്‍ 2020 ഫെബ്രുവരിയില്‍ പുറത്തുവന്നത്.

The Light of Asia
The Light of Asia, Edwin Arnold

ബുദ്ധന്റെ ജീവിതവും സന്ദേശവും ആഖ്യാനംചെയ്യുന്ന ലൈറ്റ് ഓഫ് ഏഷ്യയാണ് ഈ പുസ്തകം. സര്‍ എഡ്വിന്‍ ആര്‍നോള്‍ഡാണ് ഗ്രന്ഥകാരന്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബുദ്ധനെ വീണ്ടും കണ്ടെത്തുന്ന കാര്യത്തില്‍ ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം ഒരു നാഴികക്കല്ലായിരുന്നു. ആധുനിക ബുദ്ധമതത്തിന്റെ ചരിത്രാലേഖനത്തില്‍ സുപ്രധാനസ്ഥാനം ഇതിനുണ്ട്.

ഈ പുസ്തകം എഴുതപ്പെടാനും വിവിധ രാജ്യങ്ങള്‍തോറും പ്രത്യേകിച്ചും രണ്ടര ദശലക്ഷം വര്‍ഷംമുമ്പ് ബുദ്ധനു ജന്മംനല്‍കിയ ഉപഭൂഖണ്ഡത്തില്‍ ഇതിന്റെ സ്വാധീനം വളര്‍ന്നതിനുമുള്ള കാരണവും രീതിയുമെന്തെന്നറിയാന്‍ ഞാനൊരുമ്പെട്ടു. എന്റെ കൗമാരമധ്യത്തിലാണ് ഞാന്‍ ആദ്യമായി 'ലൈറ്റ് ഓഫ് ഏഷ്യ' വായിച്ചത്. അരനൂറ്റാണ്ടിലേറെക്കാലം അതെന്റെ മനസ്സില്‍ തിളങ്ങിനിന്നു. ആ കവിതയെയും കവിയെയും കുറിച്ചുള്ള ഓര്‍മകളെ രണ്ട് സമീപകാല സംഭവങ്ങള്‍ വീണ്ടും ജ്വലിപ്പിച്ചു. ഒന്ന്, ജവാഹര്‍ലാര്‍ നെഹ്രുവിന്റെ കത്തുകള്‍ വായിച്ചു പോകവേ, അദ്ദേഹത്തിന് 1955 ഫെബ്രുവരി 21-ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എഴുതിയ ഒരുകത്ത് ഞാന്‍ കണ്ടെത്തി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: 'ദി ലൈറ്റ് ഓഫ് ഏഷ്യ' എന്ന പ്രയോഗത്തെക്കുറിച്ച് താങ്കള്‍ ചിന്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഡ്രില്‍ബുക്കില്‍നിന്ന് ഭിന്നമായി, വ്യക്തിയുടെ സ്വാതന്ത്ര്യവും അന്തസ്സും ഉത്കൃഷ്ടമാതൃകകളായി കരുതി ഏഷ്യയിലുടനീളം കുറഞ്ഞത് ചിന്താമേഖലയിലെങ്കിലും ഇന്ത്യയ്ക്ക് നേതൃത്വം നല്‍കാന്‍ ശേഷി, മറ്റൊരു മനുഷ്യനുമില്ല, താങ്കള്‍ക്കുമാത്രമാണ് ഉള്ളതെന്ന് ഞാന്‍ കരുതുന്നു'.

1921-നും 1945-നുമിടയ്ക്ക് ഏകദേശം പത്തുവര്‍ഷത്തിനിടെ ഒമ്പതു തവണ ബ്രിട്ടീഷുകാര്‍ ജയിലിലടച്ച ഒരാള്‍ക്ക് ചര്‍ച്ചില്‍ എഴുതുകയായിരുന്നു. 1942 ഓഗസ്റ്റിനും 1945 ജൂണിനുമിടയ്ക്കായിരുന്നു നെഹ്രുവിന്റെ ദൈര്‍ഘ്യമേറിയ ജയില്‍വാസം. ചര്‍ച്ചിലായിരുന്നു അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി. അതാണ് ഈ കത്തിനെ തികച്ചും ശ്രദ്ധേയമാക്കുന്നത്. പക്ഷേ, ഇതു മാത്രമായിരുന്നില്ല. നാലു മാസത്തിനുശേഷം 1955 ജൂണ്‍ 30-ന് ചര്‍ച്ചില്‍ വീണ്ടും നെഹ്രുവിനെഴുതി.

'ഏപ്രില്‍ 8-ന് താങ്കളെഴുതിയ കത്തിന് മറുപടി വൈകിയതിന് എന്നോടു പൊറുക്കുമെന്നു പ്രതീക്ഷിക്കട്ടെ. എന്റെ രാജിയെ തുടര്‍ന്നുള്ള സംഭവങ്ങളും ഇവിടത്തെ പൊതുതിരഞ്ഞെടുപ്പും എന്റെ കത്തിനെ വളരെ വൈകിപ്പിച്ചു. താങ്കള്‍ പറഞ്ഞത് എന്റെ ഹൃദയത്തെ അതിയായി സ്പര്‍ശിച്ചു. ഔദ്യോഗികകാലത്തെ അവസാനവര്‍ഷങ്ങളിലെ ഓര്‍മകളില്‍ ഏറ്റവും മധുരതരമായ ഒന്ന് നമ്മുടെ സൗഹൃദമാണ്. കോമണ്‍വെല്‍ത്ത് തലവന്മാരുടെ സമ്മേളനങ്ങളില്‍ താങ്കളുടെ സംഭാവന മാര്‍ഗദര്‍ശകവും സൃഷ്ടിപരവുമായിരുന്നു. കഴിഞ്ഞ കാലത്ത് നമ്മെ ഭിന്നിപ്പിച്ചിരുന്ന ശത്രുതകളെ കണക്കിലെടുക്കുമ്പോഴുള്ള താങ്കളുടെ നിന്ദാരാഹിത്യവും സമാധാനത്തിനായുള്ള അദമ്യമായ ഇച്ഛയും ഞാന്‍ സദാ ആദരിച്ചിരുന്നു. ദശലക്ഷക്കണക്കിനു ജനങ്ങളുടെ ഭാഗധേയം രൂപപ്പെടുത്തുന്നതിലും ലോകകാര്യങ്ങളില്‍ സവിശേഷമായ പങ്കുവഹിക്കുന്നതിലും താങ്കള്‍ക്ക് ഉള്ളത് കനത്തഭാരവും ഉത്തരവാദിത്വവുമാണ്. താങ്കളുടെ ഉദ്യമത്തിന് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു. 'ലൈറ്റ് ഓഫ് ഏഷ്യ' ഓര്‍മിക്കുക?

സ്വന്തം ചെറുപ്പകാലത്ത് വായിച്ച ഒരു പുസ്തകത്തെ സ്മരിച്ചുകൊണ്ട് ജീവിതത്തിന്റെ അവസാനദശകങ്ങളില്‍ കത്തിടപാടുകള്‍ നടത്താന്‍ പുസ്തകപ്രണയികളായ രണ്ട് പ്രധാനമന്ത്രിമാര്‍ക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ. ലഖ്നൗ ജയിലില്‍ രണ്ടാംവട്ടം ജയില്‍വാസമനുഭവിക്കുമ്പോള്‍, 1922 ജൂലായ് 13-ന് നെഹ്രു സ്വന്തം അച്ഛന് എഴുതി: 'സ്‌നേഹംനിറഞ്ഞ കത്തുകിട്ടി. എന്റെ ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടുകയേ വേണ്ട. ഞാനത് വേണ്ടതുപോലെ ശ്രദ്ധിക്കുന്നുണ്ട്. അച്ഛനയച്ചുതന്ന പുസ്തകങ്ങള്‍കിട്ടി'. ഈ പുസ്തകങ്ങളുടെ കൂട്ടത്തില്‍ ലൈറ്റ് ഓഫ് ഏഷ്യ സ്ഥാനംപിടിച്ചിട്ടുണ്ട്.

ശ്രീരാമദേവന്റെ ജന്മസ്ഥലത്തെച്ചൊല്ലിയുള്ള വിവാദം സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അയോധ്യാ നഗരത്തില്‍ രാമജന്മഭൂമിയെന്നു വിവക്ഷിക്കപ്പെടുന്ന സ്ഥലത്ത് നാലര നൂറ്റാണ്ടിലേറെയായി ഒരു പള്ളി നിലനിന്നിരുന്നു. 1992 ഡിസംബര്‍ ആറിന് അക്രമാസക്തരായ ഒരുജനക്കൂട്ടം അത് തകര്‍ത്തു. ദീര്‍ഘകാലത്തെ നിയമയുദ്ധത്തിനൊടുവില്‍ 2019 നവംബറില്‍ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം ഹിന്ദുസംഘടനകള്‍ കരസ്ഥമാക്കി. അവിടെ ഇപ്പോള്‍ ഒരു ക്ഷേത്രം നിര്‍മാണഘട്ടത്തിലാണ്.

സിദ്ധാര്‍ഥ ഗൗതമന്‍ ബോധോദയം ലഭിച്ച് ബുദ്ധനായിത്തീര്‍ന്ന ബോധ്ഗയയിലെ ഒരു ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഏറക്കുറെ സമാനമായൊരു തര്‍ക്കം 1886-നും 1895-നുമിടയില്‍ നിലനിന്നിരുന്നു. പതിനേഴാം ശതകം മുതല്‍ക്ക് ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ നിയന്ത്രണമുണ്ടായിരുന്ന ഹിന്ദുവിഭാഗവും മഹാബോധി സൊസൈറ്റി സ്ഥാപകനായ ശ്രീലങ്കന്‍ ഭിക്ഷു അനാഗരിക ധര്‍മപാലയും തമ്മിലുള്ള ഒരു നീണ്ട യുദ്ധത്തിന് എഡ്വിന്‍ അര്‍നോള്‍ഡ് ഈ പുണ്യസ്ഥലം സന്ദര്‍ശിച്ചതോടെ തിരികൊളുത്തി. ഹിന്ദു ഉടമസ്ഥതയില്‍നിന്ന് ബോധ്ഗയയുടെ നിയന്ത്രണം ബുദ്ധമതക്കാര്‍ക്ക് വീണ്ടെടുക്കാനുള്ള സമരത്തിന് ധര്‍മപാല, എഡ്വിന്‍ ആര്‍ണോള്‍ഡിന്റെ പിന്തുണയോടെ തുടക്കംകുറിച്ചു. ഒടുവില്‍ 1953-ല്‍ മാത്രമാണ് തര്‍ക്കം രമ്യമായി പരിഹരിക്കപ്പെട്ടത്.

എഡ്വിന്‍ ആര്‍നോള്‍ഡ് എല്ലാ അര്‍ഥത്തിലും സാരഭൂതനായൊരു വിക്ടോറിയനായിരുന്നു. ഗ്രീക്ക്, ലാറ്റിന്‍, അറബി, തുര്‍ക്കി, ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ്, ഹീബ്രു, പേര്‍ഷ്യന്‍, സംസ്‌കൃതം, മറാത്തി എന്നീ ഭാഷകളില്‍ നിപുണനായ ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു അദ്ദേഹം. ഏതാണ്ട് നാല്‍പ്പതുവര്‍ഷം അദ്ദേഹം ലണ്ടനിലെ ഡെയ്ലി ടെലഗ്രാഫിന്റെ മുഖ്യ ലേഖകനായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരിഷ്‌കരണ ദൗത്യത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നപ്പോഴും ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ഉറ്റ സുഹൃത്തായിരുന്നു അദ്ദേഹം. 1857-ന്റെ അവസാനകാലം മുതല്‍ 1860-ന്റെ മധ്യകാലംവരെ രണ്ടരവര്‍ഷം പുണെയില്‍ പ്രിന്‍സിപ്പലായി അദ്ദേഹം ഇന്ത്യയില്‍ ചെലവഴിച്ചു. തദ്ദേശീയരുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം അക്കാലത്തെ മാനദണ്ഡമനുസരിച്ച് പുരോഗമനപരമായിരുന്നു. പേര്‍ഷ്യന്‍, അറബി, സംസ്‌കൃതം എന്നീ ഭാഷകളിലെ ഒട്ടേറെ ക്ലാസിക്കുകള്‍ അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

എഡ്വിന്‍ ആര്‍നോള്‍ഡ് ആരായിരുന്നു, അദ്ദേഹത്തിന്റെ ജീവിതം തുറക്കപ്പെടുന്നതെങ്ങനെ, ഇന്ത്യയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഉരുത്തിരിഞ്ഞതെങ്ങനെ, ദി ലൈറ്റ് ഓഫ് ഏഷ്യ രചിക്കാനുള്ള കാരണം എന്നിങ്ങനെ ബഹുവിധ തലങ്ങളിലേക്ക് പുതുവെളിച്ചം വീശാനൊരുങ്ങുകയാണ് ഞാന്‍.

ഇന്ത്യാബന്ധത്തിനപ്പുറം എഡ്വിന്‍ ആര്‍നോള്‍ഡിനെക്കുറിച്ച് മറ്റു പലതും അറിയാനുണ്ട്. ഉദാഹരണമായി അദ്ദേഹം 1874-'76 കാലത്ത് ഹെന്റി മോര്‍ട്ടന്‍ സ്റ്റാന്‍ലിയുടെ ആദ്യത്തെ കോംഗോ പര്യവേക്ഷണ സംഘത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരുള്ള ഒരു പര്‍വതവും നദിയും വരെയുണ്ട്. 1890 മുതല്‍ അദ്ദേഹത്തിന്റെ ജീവിതം ഏറെയും ജപ്പാനില്‍ കേന്ദ്രീകരിച്ചു. അദ്ദേഹത്തിന്റെ മൂന്നാമത്തെ പത്‌നി ജപ്പാന്‍കാരിയായിരുന്നു. ബ്രിട്ടന്റെ ജപ്പാനുമായുള്ള ഇടപെടലുകളില്‍ ആര്‍നോള്‍ഡിന് നിര്‍ണായകസ്ഥാനമുണ്ടായിരുന്നു. വിക്ടോറിയാ രാജ്ഞിക്ക് പ്രിയങ്കരനായിരുന്നു ആര്‍നോള്‍ഡ്.

പരിഭാഷ എന്‍ ശ്രീകുമാര്‍

Content highlights; The Light of Asia: The Poem that Defined the Buddha Book by Jairam Ramesh