പഞ്ചാബി സാഹിത്യത്തെ ലോകഭൂപടത്തില്‍ പ്രതിഷ്ഠിച്ച എഴുത്തുകാരിയായിരുന്നു അമൃതാപ്രീതം. എഴുത്തായിരുന്നു അവര്‍ക്ക് ജീവിതം. കഥയും നോവലും ലേഖനവും ആത്മകഥയുമടങ്ങുന്ന വിപുലമായ രചനകളിലൂടെ അവര്‍ പഞ്ചാബി സാഹിത്യത്തിന്റെ പര്യായമായിത്തീര്‍ന്നു. വിഭജനരേഖയുടെ ഇരുപുറവുമുള്ള പഞ്ചാബുകളില്‍ ഒരേപോലെ അവരുടെ പ്രഭാവം നിറഞ്ഞുനിന്നു. പുരുഷമേധാവിത്വം നിറഞ്ഞാടുന്ന സാമൂഹികക്രമത്തില്‍ സ്ത്രീയനുഭവിക്കുന്ന യാതനയും വേദനയും അതിക്രമവുമൊക്കെയായിരുന്നു അവരുടെ രചനയുടെ വിഷയങ്ങള്‍. സ്ത്രീയുടെ ശാരീരികവും മാനസികവുമായ ആവശ്യങ്ങളെക്കുറിച്ചും കാമനകളെക്കുറിച്ചും അവര്‍ തുറന്നെഴുതി.
അവരുടെ എഴുത്തും ജീവിതവും തമ്മില്‍ ഭിന്നതയുണ്ടായിരുന്നില്ല. സാമ്പ്രദായികരീതികളെയും സാമൂഹികക്രമങ്ങളെയും ധിക്കരിച്ചാണ് അവര്‍ ജീവിച്ചത്. പതിനാറാം വയസ്സില്‍ തന്റെ ഇരട്ടിയോളം പ്രായമുള്ള പ്രീതംസിങ്ങിനെ വിവാഹംചെയ്യാന്‍ നിര്‍ബന്ധിതയായ അവര്‍ ഇരുപത്താറുവര്‍ഷത്തെ സ്നേഹരഹിത ദാമ്പത്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് തന്നേക്കാള്‍ ഏഴുവയസ്സിന്റെ ഇളപ്പമുള്ള ഇംറോസിനെ വിവാഹമെന്ന സാമൂഹികാനുമതികൂടാതെ ജീവിതപങ്കാളിയാക്കി. അതൊരു മാതൃകാദാമ്പത്യമായിരുന്നു. പരസ്പരപൂരകങ്ങളായ രണ്ടാത്മാക്കള്‍ സ്നേഹവും വിശ്വസ്തതയും ശ്രദ്ധയും സമര്‍പ്പണവും ആധാരശിലയാക്കി ഒരുപ്രണയസാമ്രാജ്യം പടുത്തുയര്‍ത്തി. അതില്‍ രണ്ടുപേര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. അവനവന്റേതായ ഇടമുണ്ടായിരുന്നു.
വിഭജനത്തെത്തുടര്‍ന്ന് പടിഞ്ഞാറന്‍ പഞ്ചാബില്‍നിന്ന് ഡല്‍ഹിയിലേക്ക് കുടിയേറിയവരായിരുന്നു രണ്ടുപേരും. അമൃത അറിയപ്പെടുന്ന എഴുത്തുകാരിയായിരുന്നു. ഇംറോസ് പ്രതിഭാധനനായ ചിത്രകാരനും. അമൃതയുടെ ഒരു പുസ്തകത്തിന്റെ കവര്‍ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് ഇംറോസ് അവരുടെ വസതിയിലെത്തുന്നത്. അടുത്തടുത്ത തെരുവിലെ താമസക്കാരാണെങ്കിലും തമ്മില്‍ കണ്ടിരുന്നില്ല. എങ്കിലും അമൃതയുടെ കവിതകളുടെ കടുത്ത ആരാധകനായിരുന്നു. അക്കാലത്ത് അമൃത പക്ഷേ, ഇന്ത്യകണ്ട എക്കാലത്തെയും വലിയ കവികളിലൊരാളും ഗാനരചയിതാവുമായ സാഹിര്‍ ലുധിയാന്‍വിയുമായുള്ള സ്നേഹത്തിന്റെ നിലയില്ലാക്കയങ്ങളില്‍ മുങ്ങിപ്പൊന്തുകയായിരുന്നു. ഇംറോസിന്റെ സ്‌കൂട്ടറിനു പിറകിലിരുന്ന് യാത്രചെയ്യുമ്പോള്‍ അവര്‍ ചൂണ്ടുവിരല്‍കൊണ്ട് അയാളുടെ പുറത്ത് ഉര്‍ദുവില്‍ സാഹിര്‍ എന്ന് തുരുതുരാ എഴുതിക്കൊണ്ടിരിക്കുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു. എത്രമാത്രം അവര്‍ സാഹിറിനെ സ്നേഹിക്കുന്നെന്ന് അപ്പോളയാള്‍ തിരിച്ചറിഞ്ഞു. അതയാളെ തളര്‍ത്തിയില്ല. ''ഈഗോയില്ലാതെ, സ്വാര്‍ഥതയില്ലാതെ, കൃത്രിമമായ ക്രമീകരണമില്ലാതെ, സ്നേഹിക്കുമ്പോള്‍ സൈ്വരക്കേടില്ല. സഹജഭാവത്തില്‍ ജീവിച്ചാല്‍ ഒരു പ്രശ്നവുമില്ല'' ഇംറോസ് പറഞ്ഞു.
സാഹിറിനോട് അമൃതയ്ക്ക് ഉന്മാദത്തോളമെത്തിയ ആരാധനയായിരുന്നു. ആ ആരാധനയുടെ സ്തോത്രങ്ങളാണ് 'സുനേഹ്രെ' എന്ന കാവ്യ സമാഹാരത്തില്‍. 'മേരാ ഷായര്‍, മേരാ മെഹബൂബ്, മേരാ ഖുദ, മേരാ ദേവ്ത' (എന്റെ കവി, എന്റെ പ്രിയന്‍, എന്റെ ദേവന്‍) എന്നാണതിലവര്‍ സാഹിറിനെ വിശേഷിപ്പിക്കുന്നത്. അതിന് സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചപ്പോള്‍ വിവരമറിയിക്കാന്‍ എത്തിയ പത്രക്കാരന്‍ അവരുടെ ഫോട്ടോ എടുക്കാന്‍ താത്പര്യപ്പെട്ടു. എഴുതിക്കൊണ്ടിരിക്കുന്നതായി പോസ് ചെയ്യാന്‍ പറഞ്ഞ് കടലാസും പേനയും മുമ്പില്‍ വെച്ചുകൊടുത്തു. വിഹ്വലമായ അവസ്ഥയില്‍ അവരതില്‍ എന്തോ എഴുതിക്കൊണ്ടിരുന്നു. പത്രക്കാരന്‍ പോയശേഷമാണ് എഴുതിയത് നോക്കുന്നത്. സാഹിര്‍ എന്ന് കുനുകുനെ എഴുതിയിരിക്കുന്നു.
പ്രീത് നഗറില്‍ നടന്ന മുഷായിറയില്‍ വെച്ചാണ് അമൃത സാഹിറിനെ ആദ്യമായി കാണുന്നത്. സാഹിറിന് അന്ന് 22 വയസ്സായിരുന്നു. അവര്‍ക്ക് 24ഉം. സാഹിര്‍ കവിതചൊല്ലുമ്പോള്‍ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ''അന്നുരാത്രി വിധി എന്റെ ഹൃദയത്തില്‍ പ്രണയത്തിന്റെ വിത്തുപാകി. മഴ വെള്ളമൊഴിച്ച് പോഷിപ്പിച്ചു. കാലത്ത് തിരിച്ചുപോകാനായി ബസ്സിനടുത്തേക്ക് നടക്കുമ്പോള്‍ പിറകില്‍ നടക്കുന്ന സാഹിറിന്റെ നിഴല്‍ എന്നെ പൂര്‍ണമായും പൊതിഞ്ഞുനിന്നു. തുടര്‍ന്നുള്ള ജീവിതത്തിന്റെ തപ്തമായ നിരവധിവര്‍ഷങ്ങള്‍ ആ നിഴലില്‍ നടന്നുകൊണ്ട് പിന്നിടേണ്ടിവരുമെന്ന് അന്നേരം എനിക്കറിയില്ലായിരുന്നു.'' ആത്മകഥയില്‍ അവര്‍ എഴുതി.
അവരുടെ സ്വത്വത്തിന്റെ ഒരോ അണുവില്‍നിന്ന് സാഹിറിനോടുള്ള അനുരാഗം നിറഞ്ഞൊഴുകുന്ന കാലത്താണ് അവര്‍ മകന്‍ നവ്രാജിനെ ഗര്‍ഭംധരിക്കുന്നത്. അതുകൊണ്ടായിരിക്കാം പ്രസവിച്ചപ്പോള്‍ മകന് സാഹിറിന്റെ ഛായയാണെന്ന് തോന്നിയത്. വര്‍ഷങ്ങള്‍ക്കുശേഷം ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മകന്‍ അമ്മയോട് ചോദിച്ചു: ''കുട്ടികള്‍ പറയുന്നു ഞാന്‍ സാഹിറങ്കളിന്റെ മകനാണെന്ന്. ആണോ അമ്മേ?'' ''നീ ആയിരുന്നെങ്കില്‍!'' എന്നാണ് അവര്‍ അതിന് മറുപടി നല്‍കിയത്.
പ്രീത് നഗറിലെ മുഷായിറയ്ക്കുശേഷം സാഹിര്‍ അവരെ പലതവണ സന്ദര്‍ശിച്ചു. സാഹിര്‍ നിശബ്ദം സിഗററ്റ് വലിച്ചുകൊണ്ടിരിക്കും. പകുതിയാവുമ്പോള്‍ കളഞ്ഞ് മറ്റൊന്നിന് തീകൊളുത്തും. മുറി പകുതിയെരിഞ്ഞ സിഗററ്റിന്റെ തുണ്ടുകളാല്‍ നിറയും. സാഹിര്‍ പോയശേഷം അമൃത അവ പെറുക്കിയെടുത്ത് ഒരു ചെപ്പില്‍ സൂക്ഷിക്കും. തനിച്ചിരിക്കുമ്പോള്‍ എടുത്തുവലിക്കും. സിഗററ്റു തുണ്ടുകള്‍ വിരലുകള്‍ക്കിടയില്‍ പിടിക്കുമ്പോള്‍ സാഹിറിന്റെ സ്പര്‍ശവും സാമീപ്യവും അവര്‍ അനുഭവിക്കും. ആ കുറ്റികള്‍ വലിച്ചാണ് അവര്‍ക്ക് ശീലമായത്.
സാഹിര്‍ വിളിച്ചാല്‍ കൂടെപ്പോവാന്‍ അമൃത തയ്യാറായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞുജീവിക്കുകയാണെങ്കിലും വിവാഹബന്ധം വേര്‍പെടുത്തിയിരുന്നില്ല. അതുകൊണ്ടായിരിക്കാം, സാഹിര്‍ വിളിക്കുകയുണ്ടായില്ല. ബന്ധം വേര്‍പെടുത്തിയശേഷം സാഹിറിന്റെ അരികിലേക്ക് പോകാനിരിക്കുന്ന സമയത്താണ് ബ്‌ളിറ്റ്സ് വാരികയില്‍ സാഹിറിന്റെ പുതിയ പ്രണയത്തെക്കുറിച്ച് വായിക്കുന്നത്. മനസ്സുതകര്‍ന്ന് അമൃത മരവിച്ചിരുന്നു.
ആ ശൂന്യയിലേക്കാണ് ഇംറോസ് കടന്നുവരുന്നത്. അമൃത ഇംറോസിനോട് പറഞ്ഞു: ''നീ ചെറുപ്പമാണ്. നീ നിന്റെജീവിതം കരുപ്പിടിപ്പിക്കൂ. ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ല'', ഇംറോസ് പറഞ്ഞു: ''നിന്നെ കൂടാതെയുള്ള ജീവിതം മരണമാണ്. മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' അവര്‍ മറ്റൊരിക്കല്‍ പറഞ്ഞു: ''നീ പോയി ലോകംകാണൂ. ജീവിതം മനസ്സിലാക്കൂ. എന്നിട്ടും എന്നോടൊത്ത് ജീവിക്കണമെന്നാണ് തോന്നുന്നതെങ്കില്‍ അപ്പോള്‍ ആലോചിക്കാം''. ഇംറോസ് എഴുന്നേറ്റ് അവര്‍ ഇരിക്കുന്ന കട്ടിലിന് മൂന്നുതവണ വലം വെച്ചശേഷം പറഞ്ഞു: ''ഞാന്‍ ലോകം കണ്ടു. എന്റെ നിലപാടില്‍ മാറ്റമില്ല''.
''അത്തമൊരാളോട് എന്തുപറയും?'' അമൃത പിന്നീട് എഴുതി. ''എന്തുചെയ്യും? കരയണോ ചിരിക്കണോ?''
കരയാന്‍ ഒരിക്കലും ഇടനല്‍കാതെ ചിരിക്കാനും സന്തോഷിക്കാനും എപ്പോഴും അവസരം ഉണ്ടാക്കിക്കൊണ്ട്, ഇംറോസ് അവരെ സംരക്ഷിച്ചു.
നിസ്സാരകാര്യങ്ങള്‍പോലും അതിശ്രദ്ധയോടെ സാധിച്ചുകൊടുത്തു. അവസാനനിമിഷം വരെ സ്നേഹത്തോടെ, സമര്‍പ്പണത്തോടെ പരിചരിച്ചു. ഒടുവില്‍ അവര്‍ അയാള്‍ക്ക് എഴുതി: ''സാഹിറിനുവേണ്ടി ആധിപൂണ്ട് ഞാന്‍ ചെലവഴിച്ച പതിനാല് വര്‍ഷങ്ങള്‍ നിന്നോടുള്ള പ്രണയത്തിന്റെ ആമുഖമാണെന്ന് ഇപ്പോള്‍ തോന്നുന്നു''. അങ്ങനെ അവര്‍ ഒന്നിച്ചു താമസമായി. എങ്കിലും സാഹിര്‍ അപ്പോഴും അവരുടെ പൂജാവിഗ്രഹമായിരുന്നു. എഴുത്തുകാരിയായ ഉമാ തൃലോകിനോട് അവര്‍ പറഞ്ഞു: ''സ്നേഹത്തിന് ഒന്നിലേറെ തലങ്ങളുണ്ട്. ഒരുതലം ആകാശംപോലെയാണ്. മറ്റൊന്ന് തലയ്ക്കുമുകളിലെ മേല്‍ക്കൂരപോലെയും. സ്ത്രീ ഇവ രണ്ടും തേടുന്നു.'' അവരുടെ ആകാശം സാഹിറായിരുന്നു. മേല്‍ക്കൂര ഇംറോസും.
1980ല്‍ അവരുടെ ആകാശം, പ്രണയത്തിന്റെയും പ്രക്ഷോഭത്തിന്റെയും അനശ്വരഗീതികള്‍ ബാക്കിവെച്ചുകൊണ്ട് അകന്നുപോയി. മേല്‍ക്കൂരയ്ക്കുതാഴെ അവര്‍ വിതുമ്പിനിന്നു. അതിന്റെ സുരക്ഷയും ഊഷ്മളതയും കുളിര്‍മയും നുകര്‍ന്നുകൊണ്ട് കാല്‍നൂറ്റാണ്ടുകാലം പിന്നെയും ജീവിച്ചു. ഒരുദിവസം വീഴ്ചയില്‍ വാരിയെല്ലു തകര്‍ന്ന് കിടപ്പിലായപ്പോള്‍, വേര്‍പാടിന്റെ നിമിഷം അടുത്തെത്തുകയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അഗാധമായ സ്നേഹത്തോടെ അവാച്യമായ കൃതജ്ഞതയോടെ, ഭൂമിയില്‍ മറ്റൊരു മനുഷ്യനും സാധ്യമാകാത്തവിധം സ്നേഹംതന്ന, മറ്റൊരു മനുഷ്യനും ചിന്തിക്കാന്‍ കഴിയാത്തവിധം ആത്മാര്‍പ്പണം ചെയ്ത, തന്റെ മേല്‍ക്കൂരയ്ക്കായി, അവര്‍ അവരുടെ അവസാന കവിത ഇങ്ങനെ കുറിച്ചു.
'ഞാന്‍ നിന്നെ വീണ്ടും കാണും
എങ്ങനെ, എവിടെവെച്ച്, എന്നൊന്നുമറിയില്ല
ഒരു പക്ഷെ, നിന്റെ ഭാവനയുടെ ഒരു ചീന്തായിട്ടായിരിക്കാം
നിന്റെ കാന്‍വാസില്‍ ഒരു നിഗൂഢരേഖപോലെ നീണ്ടുകിടന്ന്
അന്നേരം ഞാന്‍ നിന്നെ നോക്കിക്കൊണ്ടിരിക്കും.
( പുനപ്രസിദ്ധീകരണം )
അമൃതാ പ്രീതത്തിന്റെ ആത്മകഥ റവന്യുസ്റ്റാമ്പ് ഓണ്‍ലൈനില്‍ വാങ്ങാം
Content Highlights: The intriguing triangle love story of Amrita Pritam, Sahir Ludhianvi and Imroz