അങ്ങനെയൊരാൾ ഇവിടെ ജീവിച്ചുമരിച്ചുപോയി എന്നതിനപ്പുറം ജീവിച്ചിരുന്ന കാലഘട്ടത്തെ തന്റേതായ ഭാഷയിലൂടെയും വീക്ഷണത്തിലൂടെയും അടയാളപ്പെടുത്തി നടന്നുപോയ മഹാരഥന്മാരുടെ സ്മരണകൾ ഉറങ്ങാനുള്ള ഇടങ്ങളാണോ സ്മാരകം, ലോകത്തെല്ലായിടത്തുമുള്ള സ്മാരകങ്ങൾ ഇങ്ങനെയൊക്കെത്തന്നെയാണോ, സ്മാരകം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? സക്കറിയ, വി.ആർ സുധീഷ്, കല്പറ്റ നാരായണൻ, എൻ. പി വിജയകൃഷ്ണൻ തുടങ്ങിയവർ പ്രതികരിക്കുന്നു.

നാലുകെട്ടും നടുമുറ്റവുമുള്ള മാവോ മ്യൂസിയം-സക്കറിയ

books

സ്മാരകങ്ങൾ നിർമിക്കുക, സംരക്ഷിക്കുക എന്നത് ലോകസംസ്കാരത്തിന്റെ കൂടി ഭാഗമാണ്. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ നമ്മുടെ പ്രധാന ആകർഷണം മഹാന്മാരുടെ സ്മാരകങ്ങളാണ്. അയർലന്റിൽ ചെന്നാൽ ജയിംസ് ജോയ്സിന്റെയോ യേറ്റ്സിന്റെയോ മറ്റ് ഐറിഷ് എഴുത്തുകാരുടെയോ സ്മാരകങ്ങൾ സന്ദർശിക്കാതെ ആരും മടങ്ങില്ല. എഴുത്തുകാർ താമസിച്ചിരുന്ന ഭവനങ്ങൾ ആയിരിക്കും സ്മാരകങ്ങൾ. ചിക്കാഗോയിലെ ഹെമിങ് വേ സ്മാരകം അദ്ദേഹം താമസിച്ചിരുന്ന വീട് തന്നെയാണ്. അവിടെ അദ്ദേഹത്തിന്റെ കയ്യെഴുത്തുപ്രതികൾ, അദ്ദേഹത്തെപ്പറ്റിയുള്ള വിവരണങ്ങൾ, ജീവചരിത്രം, പുരസ്കാരങ്ങളുടെ പ്രതിരൂപങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയൊക്കെ കാണാം. ആരാധനാ സ്വഭാവം ഇല്ലാത്ത, കാര്യക്ഷമവും കാര്യമാത്രപ്രസക്തവുമായ മ്യൂസിയങ്ങളാണ് ഞാൻ വിദേശരാജ്യങ്ങളിൽ കണ്ടിട്ടുള്ളത്. ശരിക്കും ജീവൻതുടിക്കുന്ന മ്യൂസിയങ്ങളാണ് അവയൊക്കെ. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട എല്ലാ പ്രതിഭകൾക്കും പ്രതിമകളുണ്ട്.

യേറ്റ്സ്നെ അടക്കിയിരിക്കുന്ന പള്ളിമുറ്റത്ത് അദ്ദേഹത്തിന്റെ കവിതയിലെ വരികൾ ഒരു ഫലകത്തിലെഴുതി വച്ചിട്ടുണ്ട്. യേറ്റ്സ് താമസിച്ചിരുന്ന വീട് മ്യൂസിയമാക്കി. ഷേക്സ്പിയർ മ്യൂസിയവും പ്രതിമയും ഉണ്ട്. അദ്ദേഹത്തിന്റെ കൈയെഴുത്ത് പ്രതികളും ഗ്ളോബ് തിയേറ്ററിന്റെ റപ്ളിക്കയും അവിടെ സൂക്ഷിച്ചിരിക്കുന്നു. കാഫ്ക ജീവിച്ചിരുന്ന കാലത്ത് ഒന്നും സൂക്ഷിച്ചു വക്കുന്ന സ്വഭാവക്കാരനല്ലായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മ്യൂസിയത്തിൽ സ്വന്തം കൈപ്പടകൾ കുറവാണ്. മറ്റ് സംഘടനകളുടെ താൽപര്യത്താൽ ശേഖരിക്കപ്പെട്ടവയാണ് കാഫ്കയുടെ മ്യൂസിയത്തിൽ ഉള്ളത്.

ചൈനയിൽ മാവോയുടെ മ്യൂസിയം സന്ദർശിച്ചപ്പോൾ കാണാൻ കഴിഞ്ഞത് നടുമുറ്റവും നാലുപുരയുമുള്ള കേരളീയത്തനിമയുള്ള ഒരു വീടാണ്. ആയിരക്കണക്കിന് പ്രതിമകൾ മാവോയുടേതായിട്ട് ചൈനയിൽ സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലഘട്ടത്തിലുള്ള, ഉപയോഗിച്ചിരുന്ന എല്ലാം അവിടെയുണ്ട്.

നമ്മൾ ആരുടെ സ്മൃതിയാണോ സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നത് അവരെപ്പറ്റിയുള്ള സകല രേഖകളും സ്മാരകത്തിൽ ഉണ്ടായിരിക്കണം. പ്രതിമ അലങ്കരിച്ചുവെക്കുന്നതിലല്ല കാര്യം. സ്മാരക നിർമാണ-സംരക്ഷണത്തെക്കുറിച്ച് ആദ്യം വേണ്ടത് ഒരു പൊതുനയമാണ്. കുളം നികത്തിയും കാവു വെട്ടിത്തെളിച്ചും അന്യന്റെ പറമ്പ് കൈയേറിയും സ്മാരകം പണിയേണ്ടതില്ല. സ്മാരകം അന്വേഷിച്ചിറങ്ങുന്നവർ പൈതൃകമാണ് തിരയുന്നത്.

കേരളത്തിൽ എഴുത്തുകാരുടെ വീട് മ്യൂസിയമാക്കുന്നത് അത്ര പ്രായോഗികമല്ല. മാത്രമല്ല അവരെക്കുറിച്ചുള്ള മതിയായ രേഖകളും കിട്ടാനിടയില്ല. അപ്പോൾ സ്മാരകങ്ങളുടെ കാര്യത്തിൽ സാംസ്കാരിക വകുപ്പ് ഒരു പൊതുനയം ഉണ്ടാക്കുകയാണ് വേണ്ടത്. കേരളത്തിലെ സാംസ്കാരിക സ്മാരകങ്ങളെക്കുറിച്ച് ഒരു ഗൈ്ഡ് ലൈൻ; അത് എല്ലാ സ്മാരകങ്ങൾക്കും ബാധകമാവുന്ന വിധത്തിൽ നിർമിക്കുകയാണ് സാംസ്കാരിക വകുപ്പ് ആദ്യം ചെയ്യേണ്ടത്.

റോഡിനുപോലും പേരിടരുതെന്ന് ശഠിച്ചതിനാൽ തിക്കോടിയൻ രക്ഷപ്പെട്ടു-വി.ആർ സുധീഷ്

books

ഉറൂബ് സ്മാരകസമിതിയുടെ ചെയർമാനാണ് ഞാൻ. കോഴിക്കോട് മാനാഞ്ചിറ സെൻട്രൽ ലൈബ്രറിയിലെ ഒരു മുറിയാണ് നിലവിൽ ഉറൂബ് സ്മാരകമായി നിലകൊള്ളുന്നത്. അദ്ദേഹത്തിന്റെ ഓർമകൾ നിലനിർത്തുന്ന പുസ്തകങ്ങളും ഉപയോഗിച്ച വസ്തുക്കളുമെല്ലാം അവിടെയാണ് ഉള്ളത്. ഇതിൽപരം കാര്യമായ വിപൂലീകരണം ഉറൂബ് സ്മാരകത്തെ സംബന്ധിച്ച് ഉണ്ടായിട്ടില്ല. സെൻട്രൽ ലൈബ്രറിയെ ഉറൂബിന്റെ പേരിൽ പുനർനാമകരണം ചെയ്യണം എന്ന ആവശ്യം എന്നോ ബന്ധപ്പെട്ട അധികാരികൾക്കു മുമ്പാകെ സമർപ്പിച്ചതാണ്. തുടർ നടപടികൾ ഉണ്ടായിട്ടില്ല. എം.ടി വാസുദേവൻ നായർ ഉൾപ്പെടെയുള്ള മുതിർന്ന എഴുത്തുകാരുടെ ഒപ്പോടുകൂടിയായിരുന്നു് നിവേദനമയച്ചത്.

ഏറ്റവും വലിയ നോവൽ ഉൾപ്പെടെ വലിയ സംഭാവനകൾ സാഹിത്യത്തിനു നൽകിയ ഉറൂബിന് ഒരു സ്മാരകമില്ല എന്നത് ലജ്ജാവഹം തന്നെയാണ്. മതിയായ സ്ഥലം കണ്ടെത്താനാവാത്തതാണ് സ്മാരകങ്ങൾ ഉയർന്നു വരാത്തതിലുള്ള കാരണമായി ആദ്യം എടുത്തു പറയുക. ഉറൂബ് സ്മാരകത്തിനായി പൊന്നാനിയിൽ ഒരു സ്ഥലം സർക്കാർ നീക്കിവെച്ചിരുന്നു. കാലക്രമേണ അത് മൃഗാശുപത്രിയായി മാറി. മാറിമാറി വരുന്ന സർക്കാരുകളോട് അഭ്യർഥിക്കുക എന്നതാണ് പതിവു പല്ലവി. ആരും മുൻകൈ എടുത്തുകാണാറില്ല.

ഉറൂബും എസ്.കെ പൊറ്റക്കാടുമൊക്കെ ഒരേ കാലഘട്ടത്തിൽ സാഹിത്യത്തിൽ വിരാജിച്ചിരുന്നവരാണ്. എസ്.കെ പൊറ്റക്കാടിന് അന്നത്തെ എം.എൽ.എ ആയിരുന്ന അഡ്വ. സുജനപാലിന്റെ പരിശ്രമത്താൽ പറയഞ്ചേരി ഒരു സ്മാരകം ഉയർന്നു വരികയുണ്ടായി. എസ്. കെ പൊറ്റക്കാട് പാർക്കും സാംസ്കാരിക പരിപാടികൾക്കായി ഒരു ഹാളും ഉൾപ്പെടെ മികച്ച സൗകര്യങ്ങൾ എസ്.കെ പൊറ്റക്കാട് സ്മാരകത്തിൽ ഉണ്ട്. ഉറൂബിന്റെ കാര്യത്തിൽ അന്ന് ആരും മുൻകയ്യെടുത്തില്ല. ഉറൂബ് സ്മാരകം കോഴിക്കോട് സെൻട്രൽ ലൈബ്രറിയിലെ ഒരു മുറിയിൽ ഉണ്ട് എന്ന് ആർക്കും അറിയില്ല. വേണ്ടത്ര പരിചരണവും ലഭിക്കുന്നില്ല.

ഇതിനിടെ കോഴിക്കോട് ആനക്കുളത്ത് ഒരു സ്മാരകം എന്ന പദ്ധതി ആലോചനയിൽ വന്നു. കോഴിക്കോട് ജീവിച്ച് മൺമറഞ്ഞുപോയ സാഹിത്യ-സാംസ്കാരിക കലാ പ്രതിഭകൾക്കെല്ലാവർക്കുമായി ഒരു സ്മാരകം എന്ന കാഴ്ചപ്പാടോടു കൂടിയാണ് ഈ പദ്ധതിയുള്ളത്. അതും പാതിവഴിയിലാണ്. വൈക്കം മുഹമ്മദ് ബഷീർ സ്മാരകത്തിന്റെ അവസ്ഥയും ഇതുതന്നെയാണല്ലോ. മതിയായ സ്ഥലം ലഭിച്ചില്ല എന്ന ഒറ്റ ന്യായത്തിൽ അതവസാനിച്ചു.

തിക്കോടിയനാണ് ഇക്കാര്യത്തിൽ മുമ്പേ ചിന്തിച്ചയാൾ. ഒരു റോഡിനുപോലും തന്റെ പേരിടരുത് എന്ന കർക്കശമായ ഭാഷയിൽ തന്നെ അദ്ദേഹം പറഞ്ഞുവച്ചിട്ടുണ്ടായിരുന്നു. അതിനാൽ സ്മാരകത്തെക്കുറിച്ച് പിന്നെ ആലോചിക്കുക പോലും വേണ്ടിവന്നില്ല.

ഇന്ത്യകണ്ട ഏറ്റവും വലിയ സംഗീതജ്ഞരിൽ ഒരാളായ എം.എസ് ബാബുരാജിന് ഒരു സ്മാരകം കോഴിക്കോട് ഉണ്ടായിട്ടില്ല. ചെറിയതോതിൽ നടത്തിവരുന്ന ഒരു മ്യൂസിക് അക്കാദമിയാണ് ഇന്ന് അദ്ദേഹത്തിന്റെ പേരിൽ ഉള്ളത്. അത് കുറച്ചു വ്യക്തികൾ ചേർന്ന് നടത്തുന്നതാണ്. എം. എസ് ബാബുരാജിന് ഒരു സ്മാരകമില്ല എന്നത് തികഞ്ഞ അവഗണ തന്നെയാണ്. അതേ അവസ്ഥയാണ് ഐ.വി ശശി എന്ന സംവിധായകന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഇന്ത്യയിലെ എണ്ണം പറഞ്ഞ സംവിധായകരിൽ പ്രമുഖനായ മലയാളി. ഏറ്റവും ചുരുങ്ങിയത് ഒരു തിയേറ്ററിനെങ്കിലും അദ്ദേഹത്തിന്റെ പേര് നൽകേണ്ടതായിരുന്നു.

വയലാറിനും ഒ.എൻ.വിയ്ക്കും ലഭിച്ചതുപോലുള്ള ഒരു ഉചിതമായ സ്മാരകം പി.ഭാസ്കരൻ മാഷിന് കിട്ടിയിട്ടില്ല. ഭാസ്കരൻ മാഷിന്റെ സ്മരണാർഥം സാംസ്കാരിക കേരളം എന്ത് നിർമിച്ചു? കോഴിക്കോടിന്റെ സാംസ്കാരിക നിലയമായി അറിയപ്പെട്ടിരുന്ന ആകാശവാണിയിലെ ജീവിതത്തിലൂടെ കോഴിക്കോട്ടുകാരനായി മാറിയ ആളാണ് ഭാസ്കരൻ മാഷ്. വയലാറിനും ഒ.എൻ.വിയ്ക്കും ഒരുപടി മുന്നിൽ നിൽക്കുന്ന പ്രതിഭയുമാണ്.

സ്മാരകത്തിന്റെ കാര്യത്തിൽ ഭാഗ്യവാൻ കെ.ടി മുഹമ്മദാണ്. അന്തരിച്ച് ഒരു വർഷം തികയുംമുന്നേ കെ. ടി മുഹമ്മദ് സ്മാരകമുയർന്നു. ഒരു പ്രതിമയും വന്നു. പുനത്തിലിന് ഒരു സ്മാരകം പണിയാനുള്ള സ്ഥലമൊക്കെ വടകരയിൽ നോക്കിവച്ചിട്ടുണ്ടെന്നും വൈകാതെ പണി ആരംഭിക്കാമെന്നും സാംസ്കാരിക മന്ത്രി ഉറപ്പു പറഞ്ഞിട്ടുള്ളതാണ്. അക്ബർ കക്കട്ടിൽ സ്മാരകവും സ്ഥലത്തിന്റെ പേരിൽ വഴിമുടങ്ങിക്കിടക്കുകയാണ്.

സ്ഥലം ലഭിക്കുക എന്നതാണ് കടമ്പയെങ്കിൽ അതിന് രണ്ട് വഴികളാണ് ഉള്ളത്. ഒന്നാമതായി സ്മാരകത്തിനാവശ്യമായ സ്ഥലം ബന്ധുക്കൾ വിട്ടുനൽകുക, അല്ലെങ്കിൽ സംസ്ഥാനത്തുടനീളം സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ ഉണ്ട്. അതിൽ അതത് ദേശത്തിന് ആവശ്യമായ സ്മാരകത്തിനായുള്ള സ്ഥലം കണ്ടെത്തി സർക്കാരിനെ അറിയിച്ച് അനുമതി നേടിയെടുക്കുക. സാംസ്കാരിക വകുപ്പുകൂടി മുൻകയ്യെടുത്തുവേണം ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ.

കേരളം രക്തസാക്ഷിമണ്ഡപങ്ങൾക്ക് മാത്രം വളക്കൂറുള്ള മണ്ണ്-കൽപറ്റ നാരായണൻ

books

നിരന്തരമായി വായിക്കപ്പെടുന്ന എഴുത്തുകാരന് അയാളെഴുതിയ കൃതികൾ തന്നെയാണ് സ്മാരകം എന്നാശ്വസിക്കാനേ വഴിയുള്ളു. അയാളുടെ പ്രഭാവത്തിനനുപൂരകമായി അയാളെക്കുറിച്ചറിയാനുള്ളതിനെല്ലാം സ്രോതസ്സായി ഒരു സ്മാരമുണ്ടാവേണ്ടത് അനിവാര്യം തന്നെ. അന്യദേശത്തു നിന്നും വരുങ്കാലത്തു നിന്നും വരുന്ന ആരാധകർക്ക് അതൊരു തീർത്ഥാടന കേന്ദ്രമാവേണ്ടതുമുണ്ട്. പക്ഷെ കേരളത്തെപ്പോലെ കക്ഷി രാഷ്ട്രീയച്ചൊരുക്കുള്ള ഒരു നാട്ടിൽ പാശ്ചാത്യ രാജ്യങ്ങളിലുള്ള പോലുള്ള തീർഥാടന കേന്ദ്രങ്ങൾ അസാദ്ധ്യം. രക്തസാക്ഷിമണ്ഡപങ്ങൾക്ക് മാത്രം വളക്കൂറുള്ള കേരളത്തിൽ അതെളുപ്പമല്ല.

കേരളത്തിൽ ആരംഭശൂരത്വത്തിന്റെ പര്യായമാണ് സ്മാരകം. പ്രഖ്യാപനം, നയിക്കാനതിനേറ്റവും അനർഹനായ അപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ നോമിനി. പിന്നെ മറവി, മാറാലകൾ. ബഷീറിന് പോലും അതിജീവിക്കാനായില്ല ഈ ദുർവിധി. വിജയൻ തസ്രാക്കിൽക്കഴിയുന്നത് താൻ പരിഹസിച്ചവരുടെ തടവിൽ. ഇണങ്ങിയ, ചെറിയ സെലക്ടീവ് വിജയൻ. ഇടുങ്ങിയ സ്മാരകങ്ങളിൽ നിരക്ഷരരായ രാഷ്ട്രീയക്കാരുടെ തടവിൽ കഴിയേണ്ട അവസ്ഥ ഉണ്ടാവാതിരിക്കുന്നതല്ലേ നല്ലത്.

വായനക്കാർ ഓരോ എഴുത്തുകാരുടെയും സ്മാരകങ്ങളാണ്- എൻ. പി വിജയകൃഷ്ണൻ

books

എഴുത്തുകാരുടെ ഏറ്റവും വലിയസ്മാരകം അവരുടെ പുസ്തകങ്ങൾ തന്നെയാണ്. അതിലും വലിയ സ്മാരകം എന്നത് അവരുടെ വായനക്കാരുമാണ്. ചന്തുമേനോൻ മുതലിങ്ങോട്ടുള്ളവരുടെ സ്മാരകം നമ്മൾ വായനക്കാർ തന്നെയാണ്. സ്മാരകം കെട്ടിടങ്ങൾ മാത്രമാണ്. അതിൽ ആളുകൾ വരും പോകും ഒരു വിനോദയാത്രപോലെ. എഴുത്തുകാരുടെ സംഭാവനകളെ അടുത്തറിയുക എന്നതിന് അവരുടെ സൃഷ്ടികളുടെ വായനമാത്രമാണ് പ്രതിവിധി. തകഴിയുടെ വീട് സ്മാരകമാക്കി. അത് പരിപാലിച്ചുപോകുന്നുണ്ടോ എന്നതാണ് മറ്റൊരു കാര്യം. പുരാതനവസ്തുക്കൾ സൂക്ഷിച്ചുപരിപാലിക്കുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. തുഞ്ചൻ സ്മാരകം വലിയനിലയിൽ പ്രവർത്തിച്ചുവരുന്നു. എന്നാൽ പൂന്താനത്തിന് മതിയായ സ്മാരകമില്ല. അദ്ദേഹത്തിന്റ വീട് ഉണ്ട്, ശരി തന്നെ. അതേപോലെ നന്തനാർക്ക് അർഹതപ്പെട്ട എന്തു മന്ദിരമാണ് പണിതിട്ടുള്ളത്. അങ്ങാടിപ്പുറത്ത് അദ്ദേഹത്തിന്റെ വീട് തന്നെ സ്മാരകമാക്കി എന്നിരിക്കട്ടെ. അവിടെ രണ്ട് വീട് ഉണ്ട്. ഒന്ന് അദ്ദേഹം ജനിച്ച വീട്, മറ്റേത് അദ്ദേഹം വളർന്ന വീട്. ഇതിൽ ഏതാണ് സ്മാരകമാക്കുക?

എല്ലാവർക്കും സ്മാരകങ്ങൾ നിർമിക്കുക, അത് പരിപാലിച്ചുപോരുക എന്നത് ഒരർഥത്തിൽ ബുദ്ധിമുട്ടുള്ളതും ചിലവേറിയതുമായ കാര്യമാണ്. മലയാളത്തിൽ അത്രയേറെ പ്രതിഭകൾ ഉണ്ട്. അവർക്കൊക്കെ സ്മാരകം പണിയൽ വലിയൊരു ടാസ്ക് തന്നെയാണ്. സ്മാരകം നിർമ്മിക്കാനുള്ള ആർജവമൊന്നും പരിപാലനത്തിൽ കണ്ടുകൊള്ളണമെന്നില്ല. ശ്രദ്ധയില്ലാതെയാവുന്നതോടെ സ്മാരകം എന്ന പേര് മറ്റൊർഥത്തിൽ ഉപയോഗിക്കപ്പെടും. അപ്പോൾ എഴുത്തുകാരുടെ പുസ്തകങ്ങളും തലമുറകളിലൂടെ കൈമാറി വരുന്ന വായനയും തന്നെയല്ലേ എഴുത്തുകാർക്കുള്ള ഏറ്റവും മഹത്തായ സ്മാരകങ്ങൾ. സി.വി രാമൻ പിള്ളയ്ക്കും ഉറൂബിനും ഒ.വി വിജയനുമൊക്കെ അങ്ങനെയല്ലേ നമ്മൾ വായനക്കാർ സ്മാരകം പണിയേണ്ടത്.

സ്മാരകങ്ങളുടെ നിത്യപ്രവർത്തന ചിലവുകൾ ഭാരിച്ചതാണ്. ആരംഭശൂരത്വം ശമിക്കുന്നതോടെ സ്മാരകങ്ങൾ ഏതാണ്ട് പ്രതിമകളായി മാറുന്ന അവസ്ഥയുണ്ടാകും. മൺമറഞ്ഞ പ്രതിഭകളുടെ ഭൗതികമായ വസ്തുക്കൾ സൂക്ഷിച്ചുകൊണ്ടുനടക്കേണ്ട മുഴുവൻ ഉത്തരവാദിത്തം അക്കാദമികളിലോ സർക്കാരിലോ നിക്ഷിപ്തമാണെന്ന ധാരണയാണ് ആദ്യം തിരുത്തേണ്ടത്. സാംസ്കാരിക സംഘടനകൾ വേണം ഇത്തരം കാര്യങ്ങളിൽ മുൻകയ്യെടുക്കാൻ. പ്രതിഭകൾ ജനിച്ചു വളർന്ന പ്രദേശത്തെ സാംസ്കാരിക സംഘടനകളും പ്രാദേശികസർക്കാറും മുൻകയ്യെടുത്ത് അവരുടെ ഉത്തരവാദിത്തത്തിൽ സ്മാരകം പ്രവർത്തിക്കാനുള്ള നയം- പൊതുനയം- സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കേണ്ടതാണ്. നിലവിലുള്ളവ സംരക്ഷിക്കാനും പുതിയവ നിർമിക്കാനുമുള്ള നയവും സർക്കാർ രൂപീകരിക്കണം. വിശാലമായൊരു സാംസ്കാരിക രൂപരേഖ ഇതിനായി ഉണ്ടാക്കേണ്ടതും പ്രാവർത്തികമാക്കേണ്ടുന്നതുമാണ്. എല്ലാവർക്കും സ്മാരകമുണ്ടാക്കാൻ പോയാൽ കേരളം പോലൊരു സംസ്ഥാനത്ത് വലിയ ബുദ്ധിമുട്ടുതന്നെയാവും. കാരണം അത്രയും എഴുത്തുകാരുണ്ട് നമുക്ക്. അപ്പോൾ അതത് കാലഘട്ടത്തിലെ നാഴികക്കല്ലുകൾ എന്ന് നമ്മൾ വിശേഷിപ്പിക്കുന്നവരെ മാത്രം തിരഞ്ഞെടുക്കുകയാണ് ഉചിതം.

എഴുത്തുകാരുടെ നാട്ടിൽ പ്രാദേശിക പിന്തുണയോടെ നിർമിക്കുന്ന സ്മാരകങ്ങളിൽ എഴുത്തുകാരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കേണ്ടതാണ്. അവരുടെ കൃതികളെക്കുറിച്ച് ആധികാരികമായി പഠിക്കാൻ സൗകര്യമുള്ള പഠനഗവേഷണകേന്ദ്രങ്ങളായി ഓരോ സ്മാരകങ്ങളും ഉയർന്നുവരേണ്ടതുണ്ട്. എല്ലാ പഞ്ചായത്തിലും എഴുത്തുകാർ ഉണ്ടായിക്കൊള്ളണമെന്നില്ല. അപ്പോൾ സമീപത്തുള്ള മൂന്നോ നാലോ പഞ്ചായത്തുകൾ ഒരു ക്ളസ്റ്ററായി രൂപീകരിച്ച് സ്മാരകം നിർമിക്കുകയും സംരക്ഷിക്കുകയും ചെയ്യാം. ഒരു ഗവേഷണകേന്ദ്രം കൂടിയാകുമ്പോൾ എഴുത്തുകാരുടെ കൃതികളുമായി ബന്ധപ്പെട്ട പഠനങ്ങളുടെ പ്രസിദ്ധീകരണവും സാധ്യമാക്കുന്ന രീതിയിൽ തികഞ്ഞ അക്കാദമിക അച്ചടക്കവും കൊണ്ടുവരാൻ സാധിക്കും. ആളുകൾ വന്ന് ടിക്കറ്റെടുത്ത് കണ്ട് സന്ദർശന ഡയറിയിൽ അഭിപ്രായമെഴുതിയിട്ട് കാര്യമില്ല. എഴുത്തുകാരന്റെ ജീവചരിത്രവും മുഴുവൻ പുസ്തകങ്ങളും അനുബന്ധ സാഹിത്യ താൽപര്യങ്ങളുമാണ് പ്രധാനം. അല്ലാതെ ഉപയോഗിച്ച കണ്ണടയിലോ, അവസാനമെഴുതിയ പേനയിലോ, എഴുതിക്കൊണ്ടിരുന്ന മേശയിലോ അല്ല കാര്യമിരിക്കുന്നത്. ഗവേഷകന് താമസസൗകര്യമുൾപ്പെടെയുള്ള ആവശ്യങ്ങൾ ഇത്തരം സ്മാരകങ്ങൾ ചെയ്തുകൊടുക്കേണ്ടതുണ്ട്. അങ്ങനെ വിപുലമായിക്കണം സ്മാരകം. സ്മാരകം ആരുടെ പേരിലാണോ അദ്ദേഹത്തിന്റെ മാത്രം കൃതികൾ വെച്ചാൽ മതിയോ എന്നൊരു ചോദ്യം കൂടി ഉയരുന്നുണ്ട്. പോര എന്നാണ് അഭിപ്രായം. നന്തനാരുടെ സ്മാരകം നിർമിക്കുമ്പോൾ സമകാലികരായിരുന്ന കോവിലന്റെയും പാറപ്പുറത്തിന്റെയും കൂടി പുസ്തകങ്ങൾ ലഭ്യമാകണം. അനുബന്ധ, താരതമ്യ പഠനത്തിനുള്ള സൗകര്യത്തിനു വേണ്ടിയാണത്.

Content Highlights: The Existence of Cultural Monuments in Kerala an open Discussion Zakaria VR Sudheesh Kalpetta Narayanan NP Vijayakrishnan