കെന്റ് സർവകലാശാലാ കാമ്പസിലെ മികച്ച വസ്ത്രധാരി എന്ന കീർത്തികൂടിയുള്ള കോളിൻ സിയ്‌മൌർ യുഅറിന്റെ ജന്മ-മരണ മാസം ഇതാണ്, നവംബർ. രാഷ്ട്രീയം, ഭരണം, ദേശാന്തരബന്ധങ്ങൾ എന്നിവയിലൊക്കെ ഗവേഷണവും അധ്യാപനവും നടത്തിയ പ്രൊഫസർ സിയ്‌മൌർ ബ്രിട്ടീഷ് കാർട്ടൂൺ ആർക്കൈവിന്റെ സ്ഥാപകരിലൊരാളാണ്.

ഇദ്ദേഹം 1996-ൽ ന്യൂസീലൻഡിൽ അവതരിപ്പിച്ച ഒരു ഗവേഷണപ്രബന്ധം ഓർമിക്കേണ്ട സമയമാണിത്. കാർട്ടൂൺ എന്ന ദൃശ്യചുരുക്കെഴുത്തിനെ എങ്ങനെ വായിച്ചെടുക്കണമെന്ന് ഈ രേഖ വിശദമാക്കുന്നു. ‘രാഷ്ട്രീയകാർട്ടൂണിന്റെ ലോകം എത്ര വിശാലം?’ എന്ന ശീർഷകത്തിൽ നടത്തിയ ഈ പ്രഭാഷണത്തിൽ കോളിൻ സെയ്‌മൌർ ഈ കലയുടെ വികാസത്തെക്കുറിച്ച്‌ പറഞ്ഞുതുടങ്ങുന്നു. ഇന്റർനെറ്റ് വന്ന്‌ ലോകം ചുരുങ്ങുന്നതിന് നൂറ്റാണ്ടുകൾക്കുമുമ്പേ ഈ ചതുരം യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ആഫ്രിക്കയിലുമൊക്കെ പ്രചരിച്ചു.

ഇംഗ്ലീഷുപോലത്തെ പടിഞ്ഞാറൻ ഭാഷകൾവഴി ഇന്ത്യ, ശ്രീലങ്ക പോലുള്ള ഏഷ്യൻകോളനികളിലെത്തി. അതിരുകൾ കടക്കുകയെന്നത് ഈ കലയുടെ അടിസ്ഥാനസ്വഭാവമാണ്.

പിറന്ന സാഹചര്യങ്ങളിൽനിന്ന് തികച്ചും വിഭിന്നമായ സമൂഹങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും കാർട്ടൂൺ സുഗമമായി കടന്നുചെന്നു. ഇന്ത്യയിൽത്തന്നെ ഇംഗ്ലീഷ് പത്രങ്ങളിൽനിന്ന് വൈകാതെ ഹിന്ദി, മറാത്തി, ബംഗാളി തമിഴ് ഭാഷകളിലൊക്കെ കാർട്ടൂൺ എന്ന പദംപോലും സ്വീകാര്യമായി; സിനിമപോലെ, ക്രിക്കറ്റുപോലെ. അദ്‌ഭുതകരമായ ഈ വ്യാപനം നടന്നതെങ്ങനെയെന്നാണ് പ്രൊഫ. സെയ്‌മൌർ വിശദീകരിക്കാൻ ശ്രമിക്കുന്നത്.

കേറിയും മറിഞ്ഞും കടന്നന്യമാം ദേശങ്ങളിൽ രാഷ്ട്രീയ കാർട്ടൂണിനെ എത്തിക്കുന്നത് ദൃശ്യഭാഷയുടെ സാരള്യം തന്നെ. ഈ സ്വീകാര്യത സാധ്യമാക്കുന്ന ഒരു സുപ്രധാനഘടകം കാർട്ടൂണിസ്റ്റുകൾ പതിവായി ഉപയോഗിക്കുന്ന ചിരപരിചിതമായ പക്ഷിമൃഗാദികളുടെ രൂപകങ്ങളാണ്; സമാധാനത്തിന്റെ പ്രതീകമായി പ്രാവിനെ വരയ്ക്കുന്നതും നാസിഭരണകൂടത്തെ കടുവയാക്കുന്നതുംപോലെ. പോരാഞ്ഞ്‌ രാഷ്ട്രങ്ങൾ അവരുടെ ദേശീയമൃഗങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട് എന്നുള്ളത് കാർട്ടൂണിന്റെ പദാവലിയെ വിപുലമാക്കുന്നു. ചൈനയെ വരയ്ക്കാൻ വ്യാളി, റഷ്യക്ക് കരടി, അമേരിക്കയ്ക്ക് പരുന്ത്‌, കുറെക്കൂടി ലാഘവത്വമുള്ള ഫ്രാൻസിന്‌ പാവം കോഴി.

Nazi Tiger by David Low
ഡേവിഡ് ലോയുടെ നാസികടുവ 

നമ്മുടെ നാട്ടിൽ മുൻകാലങ്ങളിൽ നുകംവെച്ച കാളയും പശുവും കിടാവും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളായിരുന്നു. പ്രചാരണകാലത്ത് ഈ സാധുമൃഗങ്ങളെ റോഡിലിട്ടുവലിക്കുന്നതിലെ ക്രൂരത ഒഴിവാക്കാനായി ഈ രൂപങ്ങൾ തിരഞ്ഞെടുപ്പുകമ്മിഷൻ പിൻവലിച്ചു. പകരം കിട്ടിയ കൈപ്പത്തിക്കും ഹസ്തരേഖകൾക്കും അപാര വ്യാഖ്യാന സാധ്യതയുള്ളതുകൊണ്ട് വരക്കാർ പരാതി പറഞ്ഞിട്ടില്ല. എന്നാൽ, മൃഗരൂപങ്ങൾ ഒന്നൊന്നായി കാർട്ടൂണിൽനിന്ന് നീക്കം ചെയ്യേണ്ടി വന്നാൽ കാർട്ടൂൺഭാഷതന്നെ ക്ഷയിക്കും. ഇത്തരം ആവശ്യങ്ങളുമായി പൊതുപ്രവർത്തകർ നിരത്തിലിറങ്ങുകയും കോടതികയറുകയും ചെയ്യുമ്പോൾ അതൊരു സാർവലൗകിക ജനകീയ ഭാഷയ്ക്കെതിരായ നീക്കവുംകൂടിയാണെന്ന് അവർ ചിന്തിക്കുന്നില്ല.

കാർട്ടൂണിന്റെ കാര്യത്തിൽ പലരെയും ഇരുത്തിച്ചിന്തിപ്പിച്ച ഒരു വിധി 2018-ൽ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽനിന്ന്‌ വന്നു. ‘ദിനമലർ’ പത്രത്തിൽ കർണ വരച്ച ഒരു കാർട്ടൂൺ പൊതുപ്രവർത്തകർക്ക് മാനഹാനി വരുത്തുന്നു എന്ന പരാതിയുമായി 2013-ൽ തേനി മജിസ്‌ട്രേറ്റ്‌ കോടതിയിൽ ജോതിസോരൂപൻ എന്ന ഡി.എം.കെ. പ്രവർത്തകൻ കേസുകൊടുത്തു. കാർട്ടൂണിൽ പാർട്ടിക്കാരെ കുരങ്ങന്മാരായും പാർട്ടി അധ്യക്ഷൻ കരുണാനിധിയെ തൊപ്പിവിൽപ്പനക്കാരനായും ചിത്രീകരിച്ചിരുന്നു. പശ്ചാത്തലം നമുക്കൊക്കെ അറിയാവുന്ന ആ പഴയ കഥതന്നെ.

കാർട്ടൂണിന്‌ അനുകൂലമായ വിധിയിൽ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, കാർട്ടൂണിസ്റ്റിന്‌ പരിഹസിക്കാൻ അവകാശമുണ്ട് എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.

ലോക കാർട്ടൂൺചരിത്രം സൂക്ഷ്മമായി പരിശോധിച്ച കോടതി പറഞ്ഞു, ഈ ആക്ഷേപഹാസ്യ രൂപത്തിന്റെ അടിത്തറ അധികാരത്തോടുള്ള ഏകപക്ഷീയമായ എതിർപ്പുതന്നെ എന്ന്. മാനനഷ്ടനിയമങ്ങൾ അല്പരസക്കാരുടെയും തൊട്ടാവാടികളുടെയും സംരക്ഷണത്തിന് ഉണ്ടാക്കിയതല്ല എന്നും.

പരാതിയിൽ അഹങ്കാരത്തിന്റെ ധ്വനിയുണ്ടെന്ന് നിരീക്ഷിക്കുന്ന കോടതി, സർവജീവജാലങ്ങളെയും മതിപ്പോടെ കാണുന്ന ഭരണഘടനയാണ് നമ്മുടേതെന്ന്‌ ഓർമിപ്പിക്കുന്നു. പക്ഷിമൃഗാദികൾ മനുഷ്യനെക്കാൾ ഒരുനിലയ്ക്കും താഴ്ന്നസ്ഥാനത്തല്ല എന്നിരിക്കെ കാർട്ടൂണിലെ മൃഗബിംബങ്ങൾ അപകീർത്തികരമേയല്ല എന്ന് വിധിക്കുന്നു.

 

Content Highlights: The broad world of political cartoon, Colin Seymour-Ure