അഡ്വഞ്ചേഴ്സ് ഓഫ് ഹക്ക്ൾബെറി ഫിന്നിന് നൂറ്റി മുപ്പത്തേഴ് വയസ്സ്! നിൽക്കണോ പോണോ എന്ന അവസ്ഥയിൽ മാർക് ട്വെയ്ൻ ഒരു കൃതിയെ പടച്ചുവിട്ടെങ്കിൽ അത് ഇതല്ലാതെ മറ്റൊന്നുമാകുന്നില്ല; ഹക്ക്ൾബെറി ഫിൻ. 1884 ഫെബ്രുവരി പതിനെട്ടിന് അത്രയൊന്നും കൊട്ടിഘോഷങ്ങളില്ലാതെ അഴീക്കോട് ശൈലിയില്‍ 'ഹക്ക്ൾബെറി ഫിന്നിന്റെ വിക്രമങ്ങൾ' പുറത്തിറങ്ങുമ്പോൾ ആക്ഷേപങ്ങളുടെയും വിമർശനങ്ങളുടെയും പൊങ്കാലയിൽ കുളിച്ചിരുന്നു സ്രഷ്ടാവായ മാർക് ടെയ്ൻ.
സിവിൽ റൈറ്റ്സ് പ്രവർത്തകരും വർണവിവേചനത്തിനെതിരെ പോരാടുന്നവരും ഹക്കിനെ ലൈബ്രറികളിൽനിന്നു നീക്കണമെന്ന് ആക്രോശിച്ചു കൊണ്ടാവശ്യപ്പെട്ടു. പ്രസിദ്ധീകരിച്ച് മാസങ്ങൾക്കുള്ളിൽത്തന്നെ പ്രധാനപ്പെട്ട പുസ്തകശാലകളിൽ നിന്നെല്ലാം ഹക്ക്ൾബെറി ഫിൻ അപ്രത്യക്ഷമായി. ''തികച്ചും പരുക്കനായതും മുഴുനീളെ അസഹിഷ്ണുത പരത്തുന്നതുമായ നോവലാണിത്, അനുഭവങ്ങുടെ നല്ല സത്തകൾ കൃതിയിൽനിന്നും ചോർന്നുപോയിരിക്കുന്നു. മാന്യന്മാർക്കും ബൗദ്ധികമായി ചിന്തിക്കുന്നവർക്കും ആദരീണയ വ്യക്തിത്വങ്ങൾക്കും വായനാസുഖം നൽകാത്ത ഈ പുസ്തകം തികച്ചും ചേരിനിവാസികളുടെ സംസ്കാരത്തിന് ചേർന്നതാണ്''- അമേരിക്കൻ പബ്ളിക് ലൈബ്രറി കമ്മറ്റി നോവലിനെ ബഹിഷ്കരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയാണിത്.
ശുദ്ധചിന്താഗതിക്കാരായ ആൺകുട്ടികളോടും പെൺകുട്ടികളോടും നല്ലത് പറയാനാണ്(കഴിയില്ലെങ്കിലും) ടെയ്ൻ ഉദ്ദശിക്കുന്നതെങ്കിൽ അത്യുത്തമം അവർക്കുവേണ്ടി എഴുതാതിരിക്കുക എന്നതാണ്.- അമേരിക്കൻ എഴുത്തുകാരി ലൂയ്സ മേ ആൾകോട് നിശിതമായി വിമർശിച്ചു.
ഹക്ക്ൾബെറി ഫിന്നിനെതിരേ, എഴുത്തുകാരനെതിരേ, കൂട്ട ആക്രമണങ്ങൾ ഉണ്ടായപ്പോൾ തന്റെ മൗനം ഭജിച്ചുകൊണ്ട് മാർക് ട്വെയ്ൻ പറഞ്ഞു: ''കോൺകോഡ് ലൈബ്രറി ഹക്കിനെ ചവറ്റു കുട്ടകൾക്കും ചേരികൾക്കും അനുയോജ്യമാണ് എന്ന് പുലമ്പിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുസ്തകത്തിന്റെ മിനിമം ഇരുപത്തി അയ്യായിരം കോപ്പികൾ കൂടി അധികം വിറ്റുപോകും, ഉറപ്പ്!''
അതുവരെയുള്ള അമേരിക്കൻ ഭാഷാസാഹിത്യത്തിലെ ഏറ്റവും മോശം വാക്കുകൾ ഉപയോഗിച്ചെഴുതിയ നോവലെന്ന കുറ്റപ്പെടുത്തലോടെ 1905-ൽ ന്യൂയോർക് ബ്രൂക്ലിൻ ലൈബ്രറിയും ഹക്ക്ൾബെറി ഫിന്നിന് ഭ്രഷ്ട് കൽപിച്ചു. അതിനും എഴുത്തുകാരന് ഉരുളയ്ക്ക് ഉപ്പേരിയെന്ന പോലെ മറുപടി ഉണ്ടായിരുന്നു: ശവക്കുഴിക്ക് അരികിലിരുന്ന് ആർക്കും ശുദ്ധവും മധുരതരവുമായ ശ്വാസമെടുക്കാൻ കഴിയില്ല.
എന്നാൽ, ഹക്ക്ൾബെറി ഫിന്നിനെ അതേ അർഥത്തിൽ, എഴുത്തുകാരന്റെ ഉദ്ദേശ്യശുദ്ധിയോടെ വായിച്ച ഏണസ്റ്റ് ഹെമിങ്വേയുടെ പ്രഖ്യാപനം അതുവരെയുളള വിമർശനങ്ങളുടെ നാവടക്കി- ''മുഴുവൻ ആധുനിക അമേരിക്കൻ സാഹിത്യങ്ങളും ഫക്ക് ഫിന്നിൽ നിന്നുരുവം കൊണ്ടതാണ്. അതാണ് ഞങ്ങളുടെ പക്കലുള്ള ഏറ്റവും മികച്ച പുസ്തകം. വായിക്കുമ്പോൾ ആൺകുട്ടികളാൽ നിഗർ ജിം മോഷ്ടിക്കപ്പെടുന്നിടത്ത് വച്ച് നിർത്തണം. അതാണ് യഥാർഥ അവസാനം. ബാക്കിയുള്ളതെല്ലാം കബളിപ്പിക്കൽ മാത്രമാണ്.''
വർണവിവേചനവും അസ്തിത്വ പ്രതിസന്ധിയും അനാഥത്വവും അരക്ഷിതാവസ്ഥയും ക്ഷുഭിതകൗമാരവും ആത്മാഭിമാനവും അപമാനവും എല്ലാം തന്നെ അളന്ന് തൂക്കിയാണ് നോവലിലെ കഥാപാത്രങ്ങളെ മാർക് ട്വെയ്ൻ നിരത്തിയിരിക്കുന്നത്. സമൂഹം നിഷ്കർഷിച്ചിരിക്കുന്ന മൂല്യങ്ങളെ ഇത്രമേൽ പരിഹസിക്കുന്ന മറ്റൊരു നോവൽ പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കൻ സാഹിത്യത്തിൽ പിറന്നിട്ടില്ല എന്നതു തന്നെയാണ് അമേരിക്കൻ സാഹിത്യപഠനത്തിൽ ഹക്ക്ൾബെറി ഫിൻ ചിരപ്രതിഷ്ഠ നേടാൻ കാരണം.
Content Highlights: The Adventures of Huckleberry Finn by Mark Twain American Literature celebrating 137 Anniversary