ണ്ണിന്റെ മണമുള്ള കഥകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മവാര്‍ഷിക ദിനമാണിന്ന്. നവോത്ഥാനത്തിന്റെ പ്രചാരത്തിനും സംസ്ഥാപനത്തിനും ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചിട്ടുള്ള എഴുത്തുകാരില്‍ മുന്‍പന്തിയില്‍ തകഴിയുണ്ടായിരുന്നു. വിശ്വകഥാകാരനെന്നും കുട്ടനാടിന്റെ ഇതിഹാസകാരന്‍ എന്നും അദ്ദേഹം അറിയപ്പെട്ടു. കേരള മോപ്പസാങ് എന്നും തകഴിയെ ചിലര്‍ വിശേഷിപ്പിച്ചു. 

ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകള്‍ നല്‍കിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. 

1912 ഏപ്രില്‍ 17-ന് പൊയ്പള്ളിക്കളത്തില്‍ ശങ്കരക്കുറുപ്പിന്റെയും പടഹാരംമുറിയില്‍ അരിപ്പുറത്തുവീട്ടില്‍ പാര്‍വ്വതിയമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ജനിച്ചു. പ്രസിദ്ധ കഥകളി നടന്‍ ഗുരു കുഞ്ചുക്കുറുപ്പ് ഇദ്ദേഹത്തിന്റെ പിതൃ സഹോദരന്‍ ആയിരുന്നു. നോവല്‍, ചെറുകഥ എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളം സാഹിത്യകാരനാണ് ഇദ്ദേഹം. ജീവല്‍ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു തകഴി. പി.കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരുടെ സമകാലികനായിരുന്നു.

ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകള്‍ നല്‍കിയിട്ടുണ്ട് ഇദ്ദേഹം. ചെമ്മീന്‍ എന്ന നോവലാണ് ഇദ്ദേഹത്തെ ആഗോള പ്രശസ്തനാക്കിയ്. ഈ കൃതി 1965-ല്‍ രാമു കാര്യാട്ട് എന്ന സംവിധായകന്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. 1984-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വ്യക്തിയേക്കാള്‍ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതായി ഇദ്ദേഹത്തിന്റെ നോവലുകളില്‍ കാണാന്‍ കഴിയും. രണ്ടിടങ്ങഴി, ചെമ്മീന്‍,  ഏണിപ്പടികള്‍, കയര്‍ എന്നീ നോവലുകള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 

സാമൂഹിക പരിവര്‍ത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം.  കേരളകേസരി പത്രത്തില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തിട്ടുണ്ട്. 1934-ല്‍ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കല്‍ കമലാക്ഷിയമ്മയുമായുള്ള (കാത്ത) വിവാഹം നടന്നു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും ഇദ്ദേഹത്തിന് പങ്കുണ്ട്. അമേരിക്കയിലും, യൂറോപ്പിലും, ജപ്പാനിലും, റഷ്യയിലും പര്യടനം നടത്തിയിട്ടുണ്ട്. 13-ാം വയസ്സില്‍ ആദ്യകഥ എഴുതിയ തകഴി നൂറുകണക്കിന് കഥകള്‍ രചിച്ചിട്ടുണ്ട്. 1999 ഏപ്രില്‍ 10-ന് തന്റെ ജന്മാട്ടിലെ തറവാട്ടുവീട്ടില്‍ വച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ കാത്ത 2011 ജൂണ്‍ 1ന് അന്തരിച്ചു.

തകഴിയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Thakazhi Sivasankara Pillai Birth Anniversary