കുമരകംകാരനായ അച്ഛന്റെയും കുഴിമറ്റത്തുകാരി അമ്മയുടെയും മകളായ ടാനിയ ജെയിംസ് ജനിച്ചത് ചിക്കാഗോവില്‍. വളര്‍ന്നത് കെന്റക്കിയില്‍. മൂന്നു സഹോദരിമാരില്‍ നടുവിലത്തെയാള്‍. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സിനിമാ നിര്‍മാണത്തില്‍ ബി.എ. അത് കഴിഞ്ഞു കൊളംബിയ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നും 2006-ല്‍ എം.എഫ്.എ. ബിരുദം.
 
2009-ല്‍ ടാനിയയുടെ ആദ്യ നോവല്‍ 'അറ്റ്ലസ് ഓഫ് അണ്‍നോണ്‍സ്' പുറത്തുവന്നപ്പോള്‍ പടിഞ്ഞാറും കിഴക്കുമുള്ള വിമര്‍ശകരും വായനക്കാരും ഒരുപോലെ പ്രശംസിച്ചു. അക്കൊല്ലത്തെ 'സാന്‍ഫ്രാന്‍സിസ്‌കോ ബെസ്റ്റ് ബുക്ക് ഓഫ് ദി ഇയര്‍' പുരസ്‌കാരം ഈ പുസ്തകത്തിനു ലഭിച്ചുവെന്ന് മാത്രമല്ല, ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റേഴ്‌സ് ചോയ്‌സ് ആയും തിരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം ഡി.എസ്.സി. പ്രൈസ് ഫോര്‍ സൗത്ത് ഏഷ്യന്‍ ലിറ്ററേച്ചറിലും ഈ പുസ്തകം ചുരുക്കപ്പട്ടികയില്‍ എത്തി. 

'അറ്റ്ലസ് ഓഫ് അണ്‍നോണ്‍സ്' പറയുന്നത് കുമരകംകാരി അഞ്ജു മെല്‍വിന്‍ എന്ന പതിനേഴുകാരിയുടെയും, വികലാംഗയായ അവളുടെ ചേച്ചി ഇരുപത്തൊന്നുകാരി ലിന്നോയുടെയും കഥയാണ്. അമ്മ മരിച്ച ശേഷം അച്ഛനും വയസ്സായ അമ്മച്ചിയും ഒത്തു താമസിക്കുന്ന അവരുടെ ജീവിതം മാറ്റിമറിക്കുന്നത് അമേരിക്കയിലെ ഒരു സ്‌കൂളില്‍ പഠിക്കാന്‍ അഞ്ജുവിന് അവസരം ലഭിക്കുമ്പോഴാണ്. ആ അവസരത്തിന് പിന്നില്‍ അഞ്ജു മറച്ചു വയ്ക്കുന്ന ഒരു രഹസ്യമുണ്ട്; ആ ചതി രണ്ടു സഹോദരിമാരുടെയും പരസ്പരബന്ധത്തില്‍  വരുത്തുന്ന മാറ്റങ്ങളും, അമേരിക്കയിലെ ജീവിതത്തില്‍ വച്ച് അഞ്ജുവിന് നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളും, സ്വന്തം ജീവിതവ്യഥകളെയും മറികടന്ന് അനുജത്തിയെത്തേടി അമേരിക്കയിലേക്ക് പോകുന്ന ലിന്നോയുടെ വഴികളും ഒക്കെയാണ് നോവലിന്റെ കഥാതന്തു. 

ടാനിയയുടെ അടുത്ത പുസ്തകം ഒരു ചെറുകഥാ സമാഹാരമായിരുന്നു. 'ഏയ്റോഗ്രാംസ് ആന്‍ഡ് അദര്‍ സ്റ്റോറീസ്'. കാല്പനികമായ ഭാഷയും, കരുത്തുറ്റ കഥയും, മനുഷ്യനും മനുഷ്യനും തമ്മില്‍ മാത്രമല്ല, മനുഷ്യനും ജന്തുക്കളും തമ്മിലും ഉള്ള ബന്ധങ്ങളും പരിശോധിക്കുന്ന കഥകള്‍. വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുവാന്‍ ടാനിയയ്ക്കുള്ള കഴിവ് ഈ പുസ്തകത്തിനും ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രശംസ വാരിക്കോരി ചൊരിഞ്ഞ ഈ പുസ്തകത്തിലെ കഥാപാത്രങ്ങള്‍ തികച്ചും വ്യത്യസ്തരായിരുന്നു. അവയില്‍ ചിലതിങ്ങനെ: ഭര്‍ത്താവിന്റെ മരണശേഷം അയാളുടെ അവിഹിത സന്തതിയെ കൂട്ടിക്കൊണ്ടുവരാന്‍ അമേരിക്ക വിട്ടു പോകുന്ന സ്ത്രീയ്ക്ക് ഒപ്പം തിരിച്ചു കൂട്ടേണ്ടി വരുന്ന ഒരു വളര്‍ത്തു ചിമ്പാന്‍സിയുടെ വിഷമവൃത്തം.

അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ കൈയക്ഷരം അപഗ്രഥിച്ച് ആ മരണത്തിനു തുമ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന മകന്റെ ധര്‍മസങ്കടം. സ്ത്രീകളുടെ നിസ്സഹായത പുരുഷന്റെ കഥനത്തിലൂടെ അവതരിപ്പിക്കുന്ന ഗള്‍ഫ് എന്ന കഥ.  മത്സരത്തിനായി ലണ്ടനിലെത്തുന്ന രണ്ടു മല്ലന്മാര്‍ ഏറ്റവും മത്സരമുള്ളത് അരങ്ങിലല്ല ജീവിതത്തിലാണ് എന്ന് തിരിച്ചറിയുന്നത്. എല്ലാം പാളികളായി ഓരോ വായനയിലും ഇതള്‍ വിരിഞ്ഞു വരുന്ന,  വായനാസുഖമുള്ള കഥകള്‍. 

'ദ ടസ്‌ക് ദാറ്റ് ഡിഡ് ദ ഡാമേജ്' എന്ന മൂന്നാമത്തെ നോവലില്‍ ടാനിയ കുറിക്കുന്നത് വെറും ആനക്കഥയല്ല, ആന പറഞ്ഞ കഥ കൂടിയാണ്. കഥ പറയുന്നതില്‍ ഒരാള്‍ കഥയിലെ പ്രധാന കഥാപാത്രമായ ആനയാണ്. കൂടാതെ ആനക്കൊമ്പ് കടത്തുന്ന മോഷണശൃംഖലയിലെ അവസാന കണ്ണിയായ ഒരു കള്ളനും, ഡോക്യുമെന്ററി എടുക്കാന്‍ വന്ന അമേരിക്കന്‍ മദാമ്മയും കൂടിയാണ് ഇന്ത്യയിലെ ആനക്കൊമ്പ് വ്യവസായത്തിന്റെ കാണാക്കഥകള്‍ വായനക്കാരന് മുന്നില്‍ ചുരുളഴിക്കുന്നത്. പശ്ചിമഘട്ടത്തിലും വയനാടന്‍ കാടുകളിലും വളരെ നാള്‍ ഗവേഷണം നടത്തിയതിനു ശേഷമാണ് സൂര്യമംഗലം ഗണേശന്‍ എന്ന ആളെക്കൊല്ലി ഒറ്റയാന്റെ ജീവിതം ടാനിയ കുറിച്ചത്. 

ഗവേഷണത്തിന്റെ വഴികളില്‍ ഒരു ആനയുടെ ശവം പോസ്റ്റ്-മോര്‍ട്ടം ചെയ്യുന്നത് വരെ ഉള്‍പ്പെട്ടിരുന്നു. നോവലില്‍ ജീവസ്സുറ്റതായി വരച്ചു ചേര്‍ത്ത ആ ചിത്രം യാഥാര്‍ഥ്യത്തില്‍നിന്ന് തന്നെ പകര്‍ത്തിയതാണ് എന്ന് ടാനിയ പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അക്കൊല്ലത്തെ സാന്‍ ഫ്രാന്‍സിസ്‌കോ ബെസ്റ്റ് ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരവും, ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റേഴ്‌സ് ചോയ്‌സ് സ്ഥാനവും ഈ പുസ്തകത്തിനും ലഭിച്ചു. കൂടാതെ ഇന്റര്‍നാഷണല്‍ ഡിലന്‍ തോമസ് പ്രൈസ്, ഫിനാന്‍ഷ്യല്‍ ടൈംസ് അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളുടെ ചുരുക്കപ്പട്ടികയിലും ഇടം തേടി. 

അതിമനോഹരമായ ക്രാഫ്റ്റ് ആണ് ടാനിയയുടെ എഴുത്തിന്റെ ബലം. സിനിമ എന്ന മാധ്യമം കൈകാര്യം ചെയ്യുന്ന ഒരു എഴുത്തുകാരിയാണ് ഇത് എന്ന് ആ എഴുത്ത് വ്യക്തമാക്കുന്നു. ഭാഷയുടെ  ഭാവസാന്ദ്രതയും അതിനായി ടാനിയ തിരഞ്ഞെടുക്കുന്ന വിഷയങ്ങളുമാണ് ആ തൂലികയെ വേറിട്ട് നിര്‍ത്തുന്നത്.

Content Highlights : Tania James is an Indian American writer. tania's first novel, Atlas of Unknowns was published in April 2009.Aerogrammes is Her second book. and She has also written a number of short stories.