'തൊട്ടിലാട്ടും ജനനിയെ പെട്ടെന്ന്
തട്ടി നീക്കി രണ്ടോമന കയ്യുകള്‍
കേട്ടു പിന്നില്‍ നിന്നിക്കിളി വാക്കുകള്‍
കാട്ടുകെന്നുടെ കൊച്ചനിയത്തിയെ
മണ്ണുവാരി മതിയാം വരെ കളിച്ചുണ്ണി
യപ്പോള്‍ തിരിച്ചെത്തിയെയുള്ളൂ'...

തൊട്ടിലാട്ടിയ ബാലാമണിയമ്മയെ മാത്രമേ എല്ലാവരും ഓര്‍ത്തിരിക്കുന്നുള്ളൂ. ബാലാമണിയമ്മ തൊട്ടിലാട്ടിയിട്ട് വലിയ വളര്‍ച്ചയാണ് എല്ലാവര്‍ക്കും ഉണ്ടായിട്ടുളളത്. ആ ബാലാമണിയമ്മയ്ക്കുശേഷം പുനര്‍ജനിച്ച ബാലാമണിയമ്മയെ ആരും കണ്ടില്ല. തത്വശാസ്്ത്രപരമായി വളരെ ആഴത്തിലുള്ള വായനയും അറിവും ഉണ്ടാക്കിയെടുത്ത ആളായിരുന്നു അമ്മ. ഒരു കുഗ്രാമത്തിലിരുന്നുകൊണ്ട് അത്രയും വായിച്ച് പഠിച്ച്് അറിവുണ്ടാക്കിയതാണ. മാതൃഭാവത്തില്‍ അമ്മയെ ചങ്ങലക്കിട്ടുവെക്കുന്ന മനോഭാവത്തോടാണ് എനിക്ക് നല്ല പ്രയാസമുള്ളത്. 1929-ലാണ് അമ്മയ്ക്ക് ആദ്യത്തെ മകനുണ്ടാവുന്നത്. 1932-ല്‍ ചേച്ചി ജനിച്ചു. ആമിയോപ്പുവിനെ തൊട്ടിലില്‍ കിടത്തിയാട്ടുമ്പോള്‍ എത്തിനോക്കിയ ഏട്ടന്റെ പെരുമാറ്റത്തില്‍ നിന്നാണ് 'തൊട്ടിലാട്ടും ജനനിയെ' എന്ന വരികള്‍ പിറക്കുന്നത്. 

1933-ല്‍ അമ്മ എഴുതിയ കവിതയാണ് 'അറിഞ്ഞുകൂട'. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ നോക്കി മൂത്തകുട്ടി അമ്മയോട് ചോദിക്കുകയാണ് ഈ കുട്ടി ആരാണ്, എവിടെ നിന്നാണ് വന്നത്. എന്തിനാ ഈ കുട്ടി വന്നത് എന്നെല്ലാം. മകന്റെ ആ ചോദ്യത്തില്‍ നിന്നാണ് അമ്മ അതേപ്പറ്റി ആലോചിക്കാന്‍ തുടങ്ങിയത്. സത്യത്തില്‍ എവിടെ നിന്നാണ് വന്നത് എന്ന്. ചോദ്യത്തിനുത്തരം ലഭിക്കാതെ അമ്മയെത്തന്നെ നോക്കിനില്‍ക്കുന്ന കുട്ടിയെ നോക്കിക്കൊണ്ട് അമ്മ ചിന്തിക്കുകയാണ്. ആല്‍മരം തന്റെ വേരുകള്‍ മണ്ണിലേക്കാഴ്ന്നിറങ്ങി അന്വേഷിക്കുന്നത് തന്റെ വിത്തിനെയാണോ? മുറ്റത്ത് നില്‍ക്കുന്ന പശുക്കുട്ടി തന്റെ നിഴലിനെത്തന്നെ നോക്കിക്കൊണ്ട് തലതാഴ്ത്തി നില്‍ക്കുമ്പോള്‍ ആ നിഴലിനെ നോക്കിക്കൊണ്ട് തന്റെ ഉത്ഭവത്തെയാണോ പശുക്കുട്ടി നോക്കിക്കണ്ടുപിടിക്കുന്നത് എന്ന് അമ്മ സന്ദേഹിക്കുന്നു. ഒരു പക്ഷി ചിറകുവിരിച്ചുകൊണ്ട് കാലുകള്‍ ഒതുക്കിയിരിക്കുമ്പോള്‍ തന്റെ സ്വത്വത്തെ പക്ഷി അന്വേഷിക്കുന്നതായും അമ്മ സങ്കല്പിച്ചു. താനാരാണ്, എവിടുന്നു വന്നു എന്ന് ഓരോരുത്തരും അന്വേഷിക്കുന്നു. ഇങ്ങനെ ഓരോന്നും ചിന്തിച്ചിരിക്കുന്ന അമ്മയെ നോക്കി തന്റെ ഉത്തരം കിട്ടാതായപ്പോള്‍ കുട്ടി പറയുന്നു 'ഈയമ്മയ്ക്കുമൊന്നുമറിഞ്ഞുകൂടാ...' അമ്മ പക്ഷേ ആ ചോദ്യം പലതിനോടും ചോദിച്ച് ചോദിച്ച് പലകാര്യങ്ങളും തിരിച്ചറിഞ്ഞു.

ഹിന്ദുമാര്‍ഗത്തിലധിഷ്ഠിതമായിരുന്നു അമ്മയുടെ ഭക്തി. ആ മാര്‍ഗത്തിലൂടെ നടന്ന് ജീവിതത്തിന്റെ മൂന്നുഘട്ടങ്ങളാണ് അമ്മ തിരിച്ചറിഞ്ഞത്- 'എനിക്കറിവൊട്ടൊട്ടുദിക്കെ കോവിലില്‍ മിനുത്തൊരു കല്ലില്‍ പതുങ്ങി നിന്നു നീ...' അതായിരുന്നു ആദ്യത്തെ ഘട്ടം. അമ്മയുടെ തറവാടിനടുത്തുള്ള കൃഷ്ണന്റെ അമ്പലമാണ് ഇതുമായി ബന്ധപ്പെട്ട് എന്റെ മനസ്സിലുള്ളത്. അവിടെയുള്ളൊരു കറുത്തകല്ലില്‍ പതുങ്ങിനില്‍ക്കുന്നു അമ്മയുടെ ഉത്തരങ്ങള്‍. 'കിണറ്റിലെ തണ്ണീര്‍, വളപ്പിലെ പൂവും നിനക്കുവേണ്ടിഞാനെടുത്തുസൂക്ഷിച്ചു' എന്നാണ് അടുത്തവരി. പൂജയാണ് ഉദ്ദേശിക്കുന്നത്. ഭക്തിയെന്ന ആദ്യഘട്ടം കഴിഞ്ഞ് തിരികെ വീട്ടിലെത്തി വിശ്രമിക്കുമ്പോള്‍ കറുത്തകല്ലിലെ കൃഷ്ണനെ അമ്മ മുറ്റത്തുകേട്ടു- 'ഇടവഴികളില്‍ ഇറങ്ങിനീങ്ങുവോര്‍ക്കിടയില്‍ കേള്‍ക്കായ് നിന്‍ സ്വരം പലപ്പോഴും'. കൃഷ്ണനെ ഇടവഴിയിലൂടെ പോകുന്നവരുടെ സ്വരത്തിലൂടെ കേള്‍ക്കാന്‍ പറ്റി എന്നാണ് അമ്മ പറയുന്നത്. കല്ലില്‍ നിന്നും ഈശ്വരന്‍ പുറത്തേക്കിറങ്ങിയിരിക്കുന്നു. 'നിനക്കായി കത്തിച്ചു സുഗന്ധിയാം ധൂപം നിലവിളക്കിലെ തിരികള്‍ നീട്ടി' ഞാന്‍ എന്ന് അമ്മ പറയുന്നത് കല്ലില്‍ നിന്നും ഭഗവാന്‍ ഇറങ്ങി വന്ന് സാധാരണക്കാരുടെ സ്വരത്തില്‍ സംസാരിച്ചതിനാലാണ്. 

''അഹസ്സൊതുങ്ങവേ നിലാവൊഴുകുമെന്നകത്തളത്തില്‍ വന്നിരുന്ന് നിന്‍ മുന്നില്‍ അനാദി പൂരുഷാ നിവേദിക്കട്ടെ ഞാന്‍ മനോ-വച-ക്രിയ''. ജീവിതം തീരാറാവുന്ന സമയത്ത് ഈശ്വരന്‍ ഇങ്ങോട്ടുവന്ന് കുടിയേറുന്ന മനസ്സാകുന്ന അകത്തളത്തിലിരുന്ന്് മനസ്സുകൊണ്ടും വാക്കുകള്‍ കൊണ്ടും കര്‍മം കൊണ്ടും ഞാന്‍ ഈശ്വരനെ നിവേദിക്കട്ടെ എന്നാണ് ബാലാമണിയമ്മ പറയുന്നത്. അവിടെ പൂവുമില്ല, കിണറിലെ തീര്‍ഥവുമില്ല, മനസ്സ്, വാക്ക്,  കര്‍മം എന്നിവകൊണ്ടാണ് ഈശ്വരാര്‍ച്ചന നടത്തുന്നത്. മാതൃത്വത്തിന്റെ കവിയായി അമ്മയെ വാഴ്ത്തുന്നതില്‍ എനിക്ക് സന്തോഷമാണ്. പക്ഷേ അമ്മയുടെ പാണ്ഡിത്യവും  ഉള്‍ക്കാഴ്ചയും ഫിലോസഫിയുമെല്ലാം ആ ലേബലില്‍ ഒതുങ്ങിപ്പോവുന്നത് എന്നെ വേദനിപ്പിക്കുന്നു. നൂറ്റിപ്പന്ത്രണ്ടാം ജന്മവാര്‍ഷികമാണിന്ന്. തൊട്ടിലാട്ടും ആ ജനനി അറിവിന്റെ അപാരതകൂടിയായിരുന്നു.  

Content Highlights: Sulochana Nalappat Writes about her mother Poet Balamaniyamma