എഴുത്തുകാരി സുമംഗലയുടെ നിര്യാണത്തിൽ അനുശോചനമർപ്പിച്ചുകൊണ്ട് സുഭാഷ് ചന്ദ്രൻ എഴുതുന്നു.

സുമംഗല എന്ന പേരിൽ ഞങ്ങളുടെ തലമുറയ്ക്ക്സുപരിചിതയായിരുന്ന ബാലസാഹിത്യകാരി ലീലാമ്പൂതിരിപ്പാട് ഓർമയായിരിക്കുന്നു. സുമംഗലയുടെ കഥകൾ, പ്രത്യേകിച്ച് പുരാണകഥകൾ വായിച്ചുവളർന്ന ഒരുകുട്ടി എന്ന നിലക്ക് അവരോട് അഗാധമായ സ്നേഹാദരങ്ങൾ ഉള്ള ഒരു വലിയ പറ്റം മലയാളികളിൽ ഒരാളാണ് ഞാനും. മുതിർന്നപ്പോഴാണ് സുമംഗല ഒരു ബാലസാഹിത്യകാരി മാത്രമല്ല, തന്റേതായ രീതിയിൽ മലയാളത്തിന് ബാലസാഹിത്യേതരരചനകൾ വഴിയും കനത്ത സംഭാവനകൾ നൽകിയിട്ടുള്ള ഒരു എഴുത്തുകാരിയാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചത്. സുമംഗലയുടെ 'പഞ്ചകന്യകമാർ' എന്ന പുസ്തകം വ്യത്യസ്തമായിട്ടുള്ള ഒരു പുരാണ വ്യാഖ്യാനഗ്രന്ഥമാണ്. സീത, ദ്രൗപദി, താര, മണ്ഡോദരി, അഹല്യ എന്നീ അഞ്ച് സ്ത്രീകളെ, അവർ ഭർതൃമതികളായിരുന്നിട്ടും കന്യകമാർ എന്നു വിശേഷിപ്പിച്ചുകൊണ്ട് ഒരു പുതിയ വ്യാഖ്യാനം മലയാളത്തിൽ എഴുതിയുണ്ടാക്കുകയാണ് അവർ ചെയ്തത്.

അതുപോലെ പച്ചമലയാളം നിഘണ്ടു മലയാളത്തിലെ അതിശ്രേഷ്ഠമായിട്ടുള്ള ഒരു ഭാഷായത്നമാണ് എന്ന് ഞാൻ കരുതുന്നു. പച്ചമലയാളം വാക്കുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അവർ നിർവഹിച്ച സേവനം എത്ര വലുതാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. നോവലായും ചെറുകഥയായും കൂടിയാട്ടത്തിന്റെ ഇംഗ്ലീഷിലേക്കുള്ള ആട്ടപ്രകാര വിവർത്തനമായും അവർ ചെയ്തുവച്ച അത്ഭുതാവഹമായിട്ടുള്ളസാഹിത്യസംഭാവനകൾ നന്ദിയോടെ മാത്രമേ സ്മരിക്കാനാവൂ.

മാതൃഭൂമിയുടെ ബാലസാഹിത്യ പ്രസിദ്ധീകരണമായ ബാലഭൂമിയിൽ ജോലി ചെയ്യുമ്പോൾ സുമംഗലയുടെ പുരാണ കഥകൾ തുടർച്ചയായി ഒരു പംക്തിയായി പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. സുമംഗലയുടെ കഥകൾ വായിച്ചുവളരുന്ന ഒരു കുട്ടി പിൽക്കാലത്ത് അവർക്ക് നൽകിയ ഗുരുദക്ഷിണയായിരുന്നു ആ പംക്തി എന്ന് ഞാൻ സ്വയം വിചാരിക്കുന്നു. അമ്മ എന്ന് ഞാൻ നേരിട്ട് വിളിച്ചിരുന്ന സുമംഗലയുടെ വീട്ടിൽ പോകാനും അവരുടെ ആതിഥ്യമര്യാദകൾ, സ്നേഹാശിർവാദങ്ങൾ സ്വീകരിക്കുവാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. സുമംഗലയുടെ പുസ്തകങ്ങൾ വായിച്ചുവളർന്ന ഒരാൾ എന്ന നിലയക്ക് അമ്മയുടെ മേശപ്പുറത്ത് എന്റെ പുസ്തകങ്ങൾ, നോവലും ചെറുകഥകളും കാണുക എന്ന ഭാഗ്യവും എനിക്കുണ്ടായി. 'മനുഷ്യന് ഒരു ആമുഖം' വായിച്ച് അവർ എന്നെ വിളിക്കുക മാത്രമല്ല, അവരുടെ മകൻ അഷ്ടമൂർത്തിയെക്കൊണ്ട് എന്നെ വിളിപ്പിക്കുകയും ചെയ്തു. അത്രമാതം സ്നേഹവാത്സല്യങ്ങൾ അവർ എനിക്കുനേരെ പുലർത്തിയിരുന്നു.

പിൽക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോൾ ആദ്യം ചെയ്ത ധന്യമായ പത്രാധിപവൃത്തികളിൽ ഒന്ന് സുമംഗലയുടെ ദീർഘമായ അഭിമുഖം പ്രസിദ്ധീകരിക്കുക എന്നതായിരുന്നു. സാഹിത്യകാരി എന്ന നിലക്കുമാത്രമല്ല, ഇതരരംഗങ്ങളിലെ അവരുടെ വ്യക്തിമുദ്രകൾ വായനക്കാർക്ക് മനസ്സിലാകും വിധം അവരുടെ വാക്കുകളിൽത്തന്നെ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. അവരത് വായിച്ച് സ്നേഹത്തോടെയും സന്തോഷത്തോടെയും എന്നെ വിളിച്ചതും അനുഗ്രഹിച്ചതും എനിക്കോർമയുണ്ട്. എന്റെ ആത്മകഥാപുസ്തകങ്ങൾ വായിച്ചിരിക്കുന്ന അമ്മയുടെചിത്രം അവരുടെ ആരാധകരിൽ ഒരാൾ അയച്ചുതന്നത് ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ലീലാനമ്പൂതിരിപ്പാട് എന്ന സുമംഗല പുരാണകഥകളാണ് കൈകാര്യം ചെയ്തിരുന്നത് എങ്കിലും വളരെ ആധുനികമായിട്ടുള്ള കാഴ്ചപ്പാടും മനസ്സുമുള്ള ഒരു വ്യക്തിയായിരുന്നു എന്നത് പ്രത്യേകം സ്മരണീയമാണ്. പുരാണ കഥകളെ ഭക്തിസാന്ദ്രമായ തരത്തിലല്ല താൻ സമീപക്കുന്നതെന്ന് അവരെന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. പുരാണകഥാപാത്രങ്ങളിലെ നിഗൂഹനം ചെയ്യപ്പെട്ട രതി,കാമം,പ്രണയം തുടങ്ങിയ വിഷയങ്ങൾ അവർ മതേതരമായ ഒരു തലത്തിൽ നിന്നുകൊണ്ട് നിർദ്ധാരണം ചെയ്യാൻ ശ്രമിച്ചിട്ടുള്ളത് നേരത്തേ സൂചിപ്പിച്ച പഞ്ചകന്യകമാർ എന്ന പുസ്തകത്തിൽ നമുക്ക് കാണാൻ സാധിക്കും. ആശയപരമായി നമ്മുടെ പൗരാണികഗ്രന്ഥങ്ങളെ ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുന്നത് അവർ ശക്തമായി എതിർത്തിരുന്നു. നേരിട്ടുളള സംഭാഷണങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയ ഒരു കാര്യമാണത്. കുട്ടികൾക്കുള്ള രചനകളിലാവട്ടെ നമ്മുടെ സാമ്പ്രദായികമായ രീതിയിൽ, കുട്ടികൾക്ക് മാത്രം മനസ്സിലാവുന്ന ലളിതമായ വാക്കുകൾ ഉപയോഗിച്ച് അവരെ എന്നു കുട്ടികളായിത്തന്നെ നിലനിർത്തുന്ന ഈ രീതി എഴുത്തുകാരി ഉപേക്ഷിച്ചിരുന്നു. വിപണിയിൽ പ്രചാരമുള്ള ബാലസാഹിത്യ പുസ്തകങ്ങൾ പൊതുവിൽ അവലംബിക്കുന്ന രീതി; കുട്ടികൾക്ക് അറിയാവുന്ന ലളിതമായ പദം ചേർത്ത് ഒരു കുട്ടിപ്പൈങ്കിളി സൃഷ്ടിക്കലാണ്. എന്നാൽ സുമംഗലയാവട്ടെ പുതിയ വാക്കുകളും പുരാണങ്ങളിലെ വിചിത്രമായ ജീവിതസന്ദർഭങ്ങളും പരിചയപ്പെടുത്തിക്കൊണ്ട് കുട്ടികളെ മുതിരാൻ വിടുകയാണ് ചെയതത്.

ബാലഭൂമിയിൽ അവരുടെ പുരാണകഥാപംക്തി അത്തരത്തിൽ പതിവുരീതിൽ നിന്നും വ്യത്യസ്തമായി അധികം എഡിറ്റിങ് കൂടാതെയാണ് ഞാൻ പ്രസിദ്ധീകരിച്ചിരുന്നത്. അവരതിൽ സന്തോഷിക്കുകയും അങ്ങനെ വേണം എന്ന നിഷ്കർഷിക്കുകയും ചെയ്തിരുന്നു.സുമംഗല ഓർമയാകുമ്പോൾ കുട്ടികളെ മുതിരാൻഅനുവദിച്ചിരുന്ന ഒരു ബാലസാഹിത്യകാരി നഷ്ടമാകുന്നു എന്നതാണ് പ്രധാനം. കുട്ടികളെ എക്കാലത്തും കുട്ടികളാക്കിത്തന്നെ നിലനിർത്തുന്ന ബാലസാഹിത്യരീതികൾക്ക് കടകവിരുദ്ധമായി അവരെ പുരാണകഥകളിലൂടെ വലിയ മനുഷ്യരാക്കുന്ന, സംസ്കാരചിത്തരാക്കുന്ന പ്രയ്തനത്തിൽ ഏർപ്പെട്ടിരുന്ന ആ മുത്തശ്ശിയുടെ സന്തതികളിൽ ഒരാളാണ് ഞാൻ എന്ന് പറയുന്നതിൽ എനിക്ക് അഭിമാനം മാത്രമേ ഉള്ളൂ.
അമ്മയ്ക്ക് നമസ്കാരം.

Content Highlights : Subhash Chandran Condolences on the Demise of Writer Sumangala