ലയാളത്തില്‍ നമ്മള്‍ നിത്യേനയെന്നോണം ഉപയോഗിക്കുന്ന പല പദങ്ങളുടെയും ഉദ്ഭവം എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? രസകരമായ ഇത്തരം പദങ്ങളുടെ കഥകളാണ് ഇത്തവണ

കോത്താഴം

''താനേതു കോത്താഴത്തുകാരനാ?''

''പ്രവൃത്തികണ്ടിട്ട് കോത്താഴത്തുനിന്ന് വന്നതാണെന്നു തോന്നുന്നു.''

ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള ആനമണ്ടത്തരം കാണിക്കുമ്പോഴോ സാമാന്യയുക്തിക്ക് നിരക്കാത്തവിധം അബദ്ധങ്ങള്‍ പുലമ്പുമ്പോഴോ ഉടനെ മലയാളിയുടെ നാവില്‍നിന്ന് പരിഹാസപൂര്‍വംവരും: 'കോത്താഴത്തുകാരന്‍.' എവിടെയാണീ കോത്താഴം എന്ന ദേശം? ഭാഷയില്‍ മണ്ടന്മാരുടെ നാട് എന്ന സാങ്കല്പികദേശമാണ് മിക്കവര്‍ക്കും കോത്താഴം. എന്നാല്‍, ഒരു നൂറ്റാണ്ടുമുമ്പ് ഇന്നത്തെ കോട്ടയം ജില്ലയില്‍ കോത്താഴം എന്നൊരു പ്രദേശം ശരിക്കും ഉണ്ടായിരുന്നു. ഇന്നത് 'ചിറക്കടവ്' എന്നാണ് അറിയപ്പെടുന്നത്. അവിടെയുള്ളവര്‍ വിദ്യാസമ്പന്നരും സാംസ്‌കാരിക ഔന്നത്യം പുലര്‍ത്തുന്നവരുമാണ്. എന്നാലും, പൂര്‍വികനായ ഒരാള്‍ക്ക് ഒരു മണ്ടത്തരം പിണഞ്ഞു. അതില്‍പ്പിന്നെ സകലമണ്ടത്തരങ്ങളുടെയും മൂലസ്ഥാനം കോത്താഴമായങ്ങ് മാറി. ഒട്ടേറെക്കാലം മുമ്പും നമ്മള്‍ മലയാളികള്‍ ഇങ്ങനെയൊക്കെത്തന്നെയായിരുന്നുവെന്ന് ചുരുക്കം. കൃഷിക്കാരനായ ആ മണ്ടച്ചാരുടെ കഥ ഇങ്ങനെയാണ്. അദ്ദേഹം അഞ്ചാറുമൂട് കാച്ചില്‍ നട്ടു. കാച്ചില്‍ മുളച്ചാല്‍ വള്ളിക്ക് പടര്‍ന്നുകയറാന്‍ പരിസരത്തുള്ള വലിയ മരങ്ങളിലേക്ക് കയര്‍ ബന്ധിപ്പിക്കുക പതിവാണ്. അതിനുവേണ്ടി നമ്മുടെ കഥാനായകനും കയറിന്‍തുമ്പത്ത് ചെറിയൊരു കല്ലുകെട്ടി അടുത്തുള്ള പ്ലാവിന്റെ ശിഖരത്തിലേക്കെറിഞ്ഞുകുടുക്കി. എന്നാല്‍, കൊരുത്തത് ഒരുണങ്ങിയ കൊമ്പിലായിരുന്നു. ആ കൊമ്പിന് ഇപ്പോള്‍ ബലമുണ്ട്. പക്ഷേ, അതുപോരാ. ഭാവി നോക്കണം. അതിനെ പച്ചക്കൊമ്പില്‍ത്തന്നെ പിടിപ്പിക്കണം. എന്നാലോ എത്ര വലിച്ചിട്ടും ഉണക്കക്കൊമ്പില്‍നിന്ന് കയര്‍ പോരുന്നുമില്ല. അവസാനം അദ്ദേഹം വളരെ ശ്രമകരമായി പ്ലാവില്‍ക്കയറി കയറിന്റെ കുടുക്ക് ഊരിമാറ്റി താഴെയിറങ്ങി. എന്നിട്ട് വീണ്ടും എറിഞ്ഞ് വിദഗ്ധമായി പച്ചക്കൊമ്പില്‍ത്തന്നെ ഉടക്കി ലക്ഷ്യംസാധിച്ചു!

അതുകണ്ടുനിന്ന ഒരു രസികന്‍ ഇക്കഥ നാടുമുഴുവന്‍ പറഞ്ഞുപരത്തി. ആ സദ്പ്രവൃത്തിയില്‍ മലയാളഭാഷയ്ക്ക് ഏറെ പ്രചാരമേറിയ ഒരു വാക്കുകിട്ടി. കോത്താഴം!

രസച്ചരട്

ഒരു ആസ്വാദകനെ, ആളുടെ ശ്രദ്ധയെയും രസത്തെയും വേര്‍പെട്ടുപോകാനനുവദിക്കാതെ, ആ കലാരൂപത്തിന്റെ അവസാനംവരെ കൊണ്ടുപോകാനുള്ള വിരുതാണ് രചയിതാവിന്റെ പ്രതിഭയുടെ അളവുകോല്‍. എല്ലാ കലാകാരന്‍മാര്‍ക്കും എല്ലാ കലാസൃഷ്ടിയിലും ഇത് പാലിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ചില സിനിമകള്‍ കണ്ടിട്ടില്ലേ, ആദ്യപകുതി ഗംഭീരമാകും. പിന്നീട് ഒരു ഫ്‌ളാഷ്ബാക്കോ വഴിത്തിരിവോ വരുന്ന ഭാഗമെത്തിയാല്‍ ബോറടിപ്പിക്കും. ചില പുസ്തകങ്ങളും ഇങ്ങനെയാണ്. ആദ്യത്തെ കുറെ അധ്യായങ്ങള്‍ നല്ല വായനസുഖം തരും. പിന്നെ പാരായണക്ഷമമല്ലാതായി മുഴുമിപ്പിക്കാനാകാതെ ഒഴിവാക്കേണ്ടിവരും. വായിക്കുന്ന ഓരോ വാചകത്തിലും അനുവാചകന്‍ പച്ചയായ ജീവിതമാണ് പ്രതീക്ഷിക്കുന്നത്. അതിന് വിഘ്‌നമുണ്ടാക്കുന്ന കൃത്രിമത്വം വരുമ്പോള്‍ വായനക്കാരന്‍ പറയും: 'രസച്ചരട് പൊട്ടി' അല്ലെങ്കില്‍ 'രസക്കയര്‍ പൊട്ടി'. ഏതുകലാരൂപത്തിനും ഇത് ബാധകമാണ്.

ഈ രസച്ചരട് എന്നപദം എങ്ങനെ രൂപപ്പെട്ടു? എവിടെനിന്ന് വന്നു? ഒന്നേകാല്‍ നൂറ്റാണ്ടുമുമ്പ് രചിക്കപ്പെട്ട ഒരു മലയാളനോവലില്‍നിന്നാണ് ഈ പദം വന്നതെന്നുപറഞ്ഞാല്‍ വിശ്വസിക്കുമോ? വിശ്വസിച്ചേപറ്റൂ. ആ കഥ കേള്‍ക്കൂ:

1887-ലാണ് മലയാളത്തിലെ ആദ്യത്തെ നോവലായ 'കുന്ദലത' ഇറങ്ങുന്നത്. പിന്നീട് അതിന്റെ ചുവടുപിടിച്ച് ഇന്ദുലേഖ, മീനാക്ഷി, സരസ്വതിവിജയം തുടങ്ങിയ നോവലുകളും വരികയുണ്ടായി. അക്കാലത്തുതന്നെ ഈ നാലുനോവലുകളെയും പരിഹസിച്ചുകൊണ്ട് കിഴക്കേപ്പാട്ട് രാമന്‍കുട്ടിമേനോന്‍ 'പറങ്ങോടിപരിണയം' എന്നൊരു കൃതി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതാണ് മലയാളത്തിലെ ആദ്യ ഹാസ്യനോവല്‍. ഈ നോവലിലെ ഒരു ഉപകഥയില്‍നിന്നാണ് രസക്കയറിന്റെ വരവ്. ഇതില്‍ ഒരു നമ്പൂതിരിക്കഥാപാത്രമുണ്ട്. അദ്ദേഹം കഥകളി കാണാന്‍പോയി. കളിയും കഥയുമൊക്കെ ഏറെ കണ്ടെങ്കിലും അദ്ദേഹത്തിന് ഒന്നുംതന്നെ മനസ്സിലായില്ല. എന്നാല്‍, ഒപ്പമിരിക്കുന്ന മറ്റുവിദ്വാന്‍മാരൊക്കെ നന്നായി ആസ്വദിച്ച് വേണ്ടത്ര ചിരിക്കുകയും ഞെളിയുകയും ചെയ്യുന്നുണ്ട്. നമ്മുടെ കഥാനായകന്‍ വലഞ്ഞു. ഒന്നും മനസ്സിലാവാതെ മുങ്ങയെപ്പോലിരിക്കുന്ന ഇദ്ദേഹത്തെ വിവരംകെട്ടവന്‍ എന്ന് മറ്റുള്ളവര്‍ കളിയാക്കുകയും ചെയ്തു. നമ്പൂതിരിക്ക് വലിയ അപമാനമായി അത്. അടുത്ത തവണ കഥകളി കാണാന്‍ പോയപ്പോള്‍ ഈ കഥാപാത്രം ഒരു ഉപായമൊപ്പിച്ചു.

അദ്ദേഹം കാലില്‍ ഒരു ചരടുകെട്ടി കഥകളി നന്നായി അറിയാവുന്ന തന്റെ ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചു. ചിരിക്കേണ്ട ഭാഗമെത്തുമ്പോള്‍ അയാള്‍ ചരടുവലിക്കും. അപ്പോള്‍ നമ്പൂതിരി ആര്‍ത്തുചിരിക്കും. അങ്ങനെ ആസ്വാദനത്തില്‍ മറ്റുള്ളവിദ്വാന്‍മാരുടെകൂടെ ഇദ്ദേഹവുമെത്തി. പക്ഷേ, ഒരുതവണ ചരടുവലിച്ചപ്പോള്‍ കയറുപൊട്ടി. എല്ലാവരും ചിരിച്ച് മണ്ണുകപ്പുമ്പോള്‍ സിഗ്‌നല്‍കിട്ടാതെ നമ്മുടെ കഥാപാത്രം കുഴങ്ങി! ഇദ്ദേഹത്തിനുപറ്റിയ ഈ അമളിയില്‍നിന്നാണ് രസച്ചരട് പൊട്ടുക എന്ന പ്രയോഗം മലയാളത്തില്‍ പ്രചാരത്തിലായത്.

ഡെമോക്‌ളസിന്റെ വാള്‍

തൊട്ടരികില്‍ത്തന്നെയുള്ള, എപ്പോള്‍ വേണമെങ്കിലും ആസന്നമായേക്കാവുന്ന ആപത്തിനെ സൂചിപ്പിക്കാനുള്ള ഭാഷാപ്രയോഗമാണ് ഡെമോക്‌ളസിന്റെ വാള്‍.

മന്ത്രിസഭയിലെ പ്രധാനപ്പെട്ട ഒരു വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രി. അയാള്‍ ഒരു അഴിമതിക്കേസില്‍പ്പെടുന്നു. അതുപ്രകാരം വിജിലന്‍സ് അന്വേഷണം നടക്കുന്നു. കുറ്റം തെളിയുകയാണെങ്കില്‍ ആള്‍ക്ക് മന്ത്രിപദം രാജിവെക്കേണ്ടതായും ജയിലില്‍പ്പോകേണ്ടതായും വരും. അപ്പോള്‍ സമൂഹം അഭിപ്രായപ്പെടുന്നു: 'ഡെമോക്‌ളസിന്റെ വാളായി മന്ത്രിക്കുമുന്നില്‍ അഴിമതിക്കേസുണ്ട്.'

ഈ പ്രയോഗം ഉരുത്തിരിഞ്ഞുവന്നതിന് അടിസ്ഥാനമായ കഥകേട്ടാല്‍ കൂടുതല്‍ വ്യക്തതവരും.

റോമന്‍ തത്ത്വചിന്തകനും എഴുത്തുകാരനുമായ സിസറൊയുടെ ഗ്രന്ഥത്തില്‍നിന്നാണ് ഡെമോക്ലസിന്റെ വാളിന്റെ വരവ്.

സിറാക്യൂസിലെ (ഗ്രീസ്) രാജാവായിരുന്ന ഡയണീഷ്യസിന്റെ കൊട്ടാരസദസ്സിലെ അംഗമായിരുന്നു ഡെമോക്‌ളസ്. ഡയണീഷ്യസ് രാജാവ് സദാ അധികാരത്തിലും സുഖലോലുപതയിലും മുഴുകി ആഡംബരജീവിതം നയിക്കുകയാണെന്ന് ഒരിക്കല്‍ ഡെമോക്‌ളസിന് വിമര്‍ശിക്കേണ്ടിവന്നു. ഒട്ടേറെ ആഭ്യന്തരപ്രശ്‌നങ്ങളിലും ഭരണപരമായ അസ്ഥിരതയിലുംപെട്ട് ഉഴലുന്ന ഡയണീഷ്യസിന് ഡെമോക്‌ളസിന്റെ വിമര്‍ശനം ഇഷ്ടമായില്ല.

ഒരു രാജാവിന്റെ അവസ്ഥയെന്താണെന്ന് ഡെമോക്‌ളസിന് മനസ്സിലാക്കിക്കൊടുക്കാന്‍തന്നെ അദ്ദേഹം തീരുമാനിച്ചു.

അപ്രകാരം വിഭവസമൃദ്ധമായ ഒരു കൊട്ടാരവിരുന്നിന് രാജാവ് ഡെമോക്‌ളസിനെ ക്ഷണിച്ചു. വിരുന്നുകഴിഞ്ഞ് സന്തുഷ്ടനായിത്തീര്‍ന്ന ഡെമോക്‌ളസിനോട് രാജസിംഹാസനത്തില്‍ കുറച്ചുനേരം ഉപവിഷ്ടനാകാന്‍ ഡയണീഷസ് കല്പിച്ചു. ഡെമോക്‌ളസ് സിംഹാസനത്തില്‍ കയറിയിരുന്നു. ഇരുന്നതിനുശേഷം മുകളിലേക്കുനോക്കിയ ഡെമോക്‌ളസ് ഞെട്ടിപ്പോയി. തലയ്ക്കുമീതെ ഒരു തലനാരിഴപോലുള്ള നൂലില്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിവീഴാവുന്ന തരത്തില്‍ ഒരു വാള്‍ കെട്ടിത്തൂക്കിയിരിക്കുന്നു. ഏതുനിമിഷവുംആ വാള്‍ പൊട്ടിവീണ് തന്റെ ശിരസ്സില്‍ പതിക്കാമെന്ന ചിന്തയില്‍ ഡെമോക്ലസ് അസ്വസ്ഥനും ഭയചകിതനുമായി.

ഇതുപോലുള്ള അവസ്ഥയിലൂടെയാണ് ഒരു ഭരണാധികാരിയുടെ ഓരോ നിമിഷവും കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ഡെമോക്‌ളസിനെയും സദസ്സിലുള്ളവരെയും ബോധ്യപ്പെടുത്താന്‍ ഈ ചെയ്തിയിലൂടെ ഡയണീഷ്യസിന് സാധിച്ചു. ഉന്നത സ്ഥാനങ്ങളും ആ തരത്തിലുള്ള സൗഭാഗ്യങ്ങളും ക്ഷണികവും ദുഃഖദായകവുമാണെന്ന് ഈ കഥ ഓര്‍മിപ്പിക്കുന്നു.

Content Highlights: stories behind some interesting words