1960 ഓഗസ്റ്റ് മാസത്തിലെ ഒരു തിങ്കളാഴ്ച ഞാന്‍ കടലുണ്ടി റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങി. വഴിയറിയാതെ യാത്രചെയ്ത ഒരു ഇരുപതുകാരന്റെ ലക്ഷ്യസ്ഥാനം ചാലിയം അല്‍മനാര്‍ ഹൈസ്‌കൂള്‍ (ഇന്നത്തെ ഉമ്പിച്ചിഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാലിയം) ആയിരുന്നു. ആലപ്പുഴ സനാതനധര്‍മ കോളേജില്‍ പഠിച്ച് ഗണിതശാസ്ത്രത്തില്‍ ഡിഗ്രി പാസായ സമയം.

രണ്ടാംഭാഷയായ മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്കുണ്ടായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജേില്‍ചേര്‍ന്ന് മലയാളം എം.എ.ക്ക് പഠിക്കണമെന്നായിരുന്നു എന്റെ മോഹം. എന്നാല്‍ എന്റെ രക്ഷകര്‍ത്താവായിരുന്ന വലിയേട്ടന് (പി.വി. തമ്പി എന്ന പേരില്‍ പില്‍ക്കാലത്ത് പ്രശസ്തനായ നോവലിസ്റ്റ്) എന്നെ തുടര്‍ന്ന് പഠിപ്പിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. എന്റെ കൊച്ചേട്ടന്‍ പി.ജി. തമ്പി അന്ന് സ്വന്തമായി ഒരുചെറിയ പാരലല്‍ കോളേജ് നടത്തി അതില്‍നിന്ന് കിട്ടുന്ന ആദായംകൊണ്ട് തിരുവനന്തപുരം ലോകോളേജില്‍ പഠിക്കുകയായിരുന്നു. നിയമബിരുദം നേടിക്കഴിഞ്ഞാല്‍ എന്നെ പഠിപ്പിക്കാമെന്ന് കൊച്ചേട്ടന്‍ പറഞ്ഞു. അപ്പോള്‍ ഒരുവര്‍ഷം ഞാന്‍ കാത്തിരിക്കണം. ഒരുവലിയ ജന്മിയുടെ മകനായി ജനിച്ച മക്കളുടെ കഥയാണിത്. മരുമക്കത്തായത്തില്‍ വിശ്വസിച്ചിരുന്ന അച്ഛന്‍ രോഗിയും കൂടിയായപ്പോള്‍ മക്കള്‍ക്ക് അമ്മയുടെ സ്വത്തുകൊണ്ടുമാത്രം ജീവിക്കേണ്ടിവന്നു.

20 വയസ്സേ ഉണ്ടായിരുന്നുള്ളൂവെങ്കിലും കേരളത്തിലെ പ്രധാന പത്രാധിപന്മാരുടെയെല്ലാം അംഗീകാരം നേടിക്കഴിഞ്ഞ എഴുത്തുകാരനായിരുന്നു അന്ന് ഞാന്‍. കൗമുദി, മലയാളരാജ്യം, ചന്ദ്രിക, മലയാള മനോരമ തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലും ദേശബന്ധു, കേരളഭൂഷണം, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങളുടെ വാരാന്തപ്പതിപ്പുകളിലും എന്റെ കഥകളും കവിതകളും തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടിരുന്നു. മനോരമയും മാതൃഭൂമി വാരാന്തപ്പതിപ്പും പ്രതിഫലം തരും. സ്വന്തമായി സമ്പാദിച്ചുപഠിക്കാം എന്ന് ഞാന്‍ തീരുമാനിച്ചു. യൂണിവേഴ്സിറ്റി കോളേജില്‍പ്പോയി മലയാളം വകുപ്പിന്റെ തലവനായ കരിങ്കുളം ശ്രീ നാരായണപ്പിള്ള സാറിനെ കണ്ടു. 

എനിക്കുവേണ്ടി എം.എ.ക്ക് ഒരു സീറ്റ് ഒഴിച്ചിടാമെന്ന് അദ്ദേഹം വാക്കുതന്നു. ഞാന്‍ കോട്ടയത്തുപോയി മനോരമ വാരികയുടെ പത്രാധിപര്‍ കളത്തില്‍ വര്‍ഗീസ് സാറിനെ കണ്ടു. മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ പത്രാധിപര്‍ അന്ന് വി.എം. കൊറാത്ത് ആയിരുന്നു. അദ്ദേഹത്തിനും കത്തെഴുതി. എല്ലാവരും സഹായിക്കുമെന്നു സമ്മതിച്ചു. പക്ഷേ, ഫീസ് കൊടുക്കാന്‍ പാകത്തില്‍ മാസംതോറും കൃത്യസമയത്ത് പണം അയയ്ക്കാന്‍ പ്രയാസമായിരിക്കുമെന്ന് അവരെല്ലാവരും പറഞ്ഞു.

തിരുവനന്തപുരത്ത് എം.ജി. റോഡിലൂടെ അനാഥനെപ്പോലെ നടന്നപ്പോള്‍ കവിയും നിരൂപകനുമായ ഏവൂര്‍ പരമേശ്വരനെ കണ്ടു. വി.ജെ.ടി. ഹാളില്‍ നടക്കുന്ന കവി സമ്മേളനത്തില്‍വന്ന് ഒരു കവിത ചൊല്ലിയിട്ടുപോകൂ-അദ്ദേഹം പറഞ്ഞു. 'കവിതാരംഗം' എന്ന കൂട്ടായ്മയുടെ പ്രതിമാസ കവിസമ്മേളനം. കെ.എസ്. നാരായണപ്പിള്ളയാണ് കവിതാരംഗം സെക്രട്ടറി. ഒ.എന്‍.വി., തിരുനല്ലൂര്‍ കരുണാകരന്‍, പുതുശ്ശേരി രാമചന്ദ്രന്‍ തുടങ്ങിയവര്‍ വേദിയില്‍. എനിക്കുംകിട്ടി ഒരു സീറ്റ്. കവിസമ്മേളനം കഴിഞ്ഞപ്പോള്‍ നേരം ഇരുട്ടി. 'തമ്പി ഇനി ഈ രാത്രി ഹരിപ്പാടിനു പോകേണ്ട. എന്റെ മുറിയില്‍ താമസിക്കാം'-ഏവൂര്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചു.

നേരം പുലര്‍ന്നപ്പോള്‍ ചായയും മാതൃഭൂമി പത്രവും വന്നു. പത്രത്തിന്റെ രണ്ടാംപേജില്‍ ഒരു ക്ലാസിഫൈഡ് പരസ്യം: 'ഹൈസ്‌കൂള്‍ ക്ലാസില്‍ കണക്കുപഠിപ്പിക്കാന്‍ അധ്യാപകനെ ആവശ്യമുണ്ട്. ബി.എഡ് .ബിരുദം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ഏവൂര്‍ പരമേശ്വരന്‍ ആ പരസ്യം വായിച്ചിട്ട് എന്നോട് പറഞ്ഞു. തമ്പിയൊരു അപേക്ഷ അയക്കൂ... അല്‍മനാര്‍ മുസ്ലിം ഹൈസ്‌കൂള്‍, ചാലിയം, മലപ്പുറം ഡിസ്ട്രിക്ട് എന്നാണ് പരസ്യത്തില്‍ കൊടുത്തിരിക്കുന്നത്. വിദ്യാഭ്യാസജില്ലയുടെ പേരാണ് അവര്‍ കൊടുത്തിരുന്നത്. പക്ഷേ, റവന്യു ജില്ലയാണെന്ന് ഞാന്‍ ധരിച്ചു. അപേക്ഷ അയച്ചതിന്റെ നാലാം ദിവസംതന്നെ ഹെഡ്മാസ്റ്റര്‍ ഇമ്പിച്ചിബാവ ഒപ്പിട്ട കാര്‍ഡ് വന്നു. 'സ്‌കൂളില്‍ ഇന്റര്‍വ്യൂവിന് എത്തിച്ചേരുക...' 

മലയാളം എം.എ. എന്ന സ്വപ്നത്തെ മനസ്സില്‍ മയക്കിക്കിടത്തി ഞാന്‍ ചാലിയം എന്ന അപരിചിത സ്ഥലത്തേക്ക് യാത്രതിരിച്ചു. മലപ്പുറത്തേക്ക് ടിക്കറ്റ് ചോദിച്ച എന്നോട് കൊച്ചി ടെര്‍മിനസിലെ ബുക്കിങ് ക്ലാര്‍ക്ക് പറഞ്ഞു. 'ചാലിയം മലപ്പുറം ജില്ലയിലല്ല. കോഴിക്കോട് ജില്ലയിലാണ്. ഈ വണ്ടിയില്‍ ഫറോക്ക് എന്ന സ്റ്റേഷനില്‍ ഇറങ്ങുക. അവിടെനിന്ന് പാസഞ്ചറില്‍ കടലുണ്ടി സ്റ്റേഷനില്‍ ഇറങ്ങാം. അവിടെയടുത്താണ് ചാലിയം'.

സൂര്യന്‍ ഉദിച്ചുയര്‍ന്നപ്പോള്‍ കടലുണ്ടി സ്റ്റേഷനില്‍നിന്ന് മണ്‍വീഥിയിലൂടെ ഞാന്‍ ചാലിയത്തേക്ക് നടന്നു. സ്‌കൂള്‍ തുറന്നിരുന്നില്ല. ഒരു നാട്ടുകാരന്‍ പറഞ്ഞു: ഇവിടെയടുത്ത് മാഷുമാര്‍ താമസിക്കുന്ന ഒരു വീടുണ്ട്. അവിടെ പ്പോയാല്‍ കുളിക്കാനും വേഷം മാറ്റാനും സൗകര്യം കിട്ടും. ശേഖരന്‍ മാഷ്, ഹര്‍ഷന്‍ മാഷ്, കുറുപ്പ് മാഷ് തുടങ്ങിയവരാണ് അവിടെ താമസം. ഒരു അഭയാര്‍ഥിയെപ്പോലെ ഞാന്‍ ആ വീട്ടിലേക്ക് കയറിച്ചെന്നു. ശേഖരന്‍ മാഷ് ആണ് ആദ്യംഎന്നെ കണ്ടത്. എന്റെ വരവിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയപ്പോള്‍ പുച്ഛരസത്തില്‍ അദ്ദേഹം പറഞ്ഞു: 'നിങ്ങളെ കണ്ടിട്ട് പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ പോലുണ്ടല്ലോ. അധ്യാപകവൃത്തി കുട്ടിക്കളിയെന്നാണോ താന്‍ ധരിച്ചിരിക്കുന്നത്? പിന്നീട് ആത്മഗതമെന്നോണം അദ്ദേഹം തുടര്‍ന്നുപറഞ്ഞു: 'ഈ തെക്കന്മാരുടെയൊരു മിടുക്ക്. ചെറുപ്രായത്തില്‍ പഠിച്ചു പാസായി മലബാറില്‍ വന്ന് ജോലികളൊക്കെ തട്ടിയെടുക്കും. നിറമിഴികളോടെ നിന്ന എന്നെ ആശ്വസിപ്പിച്ച് അകത്തേക്ക് കൊണ്ടുപോയത് ഡ്രോയിങ് മാസ്റ്റര്‍ ഇ.കെ.പി. കുറുപ്പ് ആയിരുന്നു. അദ്ദേഹം കുറ്റ്യാടിക്കാരനായിരുന്നു. കുളിച്ചു വേഷം മാറ്റി വന്നപ്പോള്‍ എനിക്ക് ഭക്ഷണം വാങ്ങിത്തന്നതും കുറുപ്പ്മാഷ് തന്നെ.

school

ഹെഡ്മാസ്റ്റര്‍ ഇമ്പിച്ചിബാവയും ആദ്യം സംശയത്തോടെയാണ് എന്നെ നോക്കിയത്. 'നിങ്ങളുടെ പ്രായത്തിലുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. നിങ്ങളെ കണ്ടാല്‍ ഒരു സ്റ്റുഡന്റ് ആണെന്നേ തോന്നൂ...'. ഒരു ചോക്ക് പീസ് എടുത്ത് തന്ന് അദ്ദേഹം പറഞ്ഞു: 'ഫോര്‍ത്ത് ബിയില്‍ പോയി മാത്സ് പഠിപ്പിക്കൂ... ഞാന്‍ കാണട്ടെ'. ഞാന്‍ ക്ലാസ് എടുക്കുമ്പോള്‍ അദ്ദേഹം വരാന്തയില്‍ വന്നുനിന്നു. ക്ലാസ് കഴിഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ മടങ്ങി വന്നപ്പോള്‍ അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ തയ്യാറായിരുന്നു.

കുട്ടികള്‍ എന്നെ കൊച്ചുമാഷ് എന്നു വിളിച്ചു. എന്നെക്കാള്‍ തടിമിടുക്കുള്ള ധാരാളം കുട്ടികള്‍ അന്ന് സ്‌കൂളിലുണ്ടായിരുന്നു. പതിനൊന്നാം ക്ലാസില്‍ (സിക്‌സ്ത് ഫോം) പഠിച്ചിരുന്ന ഇ. കൃഷ്ണന്‍, ആലിക്കോയ, പോക്കര്‍, ആയിഷ തുടങ്ങിയവരെ മറക്കാനാവില്ല. പില്‍ക്കാലത്ത് കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ഇ.ടി. മുഹമ്മദ് ബഷീര്‍, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ അന്ന് താഴെ ക്ലാസുകളില്‍ ഉണ്ടായിരുന്നു. ആയിഷ കമ്യൂണിസ്റ്റ് നേതാവ് എന്‍.സി. മമ്മൂട്ടിയുടെ ഭാര്യയായി. പിന്നീട് പബ്ലിക് സര്‍വീസ് കമ്മിഷന്‍ മെമ്പറായി. ഞാന്‍ ഇത്താത്തയെന്ന് വിളിച്ചിരുന്ന ആയിഷാബി ടീച്ചര്‍, നന്നായി ഒരുങ്ങി ഒരു സിനിമാതാരത്തിന്റെ മട്ടില്‍ വന്നിരുന്ന രാധ ടീച്ചര്‍, പദ്മാവതി ടീച്ചര്‍, നമ്പൂതിരി മാഷ് തുടങ്ങിയവരെയെല്ലാം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. കുറുപ്പ് മാഷുമായി ഞാന്‍ ഏറെക്കാലും കത്തിടപാടുകള്‍ നടത്തിയിരുന്നു.

ദാമോദരന്‍ എന്നയാളുടെ ഹോട്ടലിന് മുകളിലുള്ള ഒറ്റമുറിയിലാണ് ഞാന്‍ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ നാലുവയസ്സുകാരി മകള്‍ ഒഴിവുസമയങ്ങളില്‍ എന്റെ കൂട്ടുകാരിയായി. എം.ടി.യുടെ ക്ഷണം സ്വീകരിച്ച് ഏതാനും വര്‍ഷം മുമ്പ് ഞാന്‍ കലാമണ്ഡലം സരസ്വതിയുടെ നൃത്തവിദ്യാലയത്തിന്റെ വാര്‍ഷികത്തിന് മുഖ്യാതിഥിയായി ച്ചെന്നു. അവിടെ എന്നെ കാണാന്‍ വന്നിരുന്നു ആ കുട്ടി... വളര്‍ന്നു മധ്യവയസ്‌കയായ സ്ത്രീയായി തന്റെ മക്കളോടൊപ്പം...

അധ്യയന വര്‍ഷം അവസാനിക്കുന്നതിന് മുമ്പുതന്നെ ഇമ്പിച്ചിബാവ മാഷ് പറഞ്ഞു 'അടുത്ത വര്‍ഷവും താങ്കള്‍ക്ക് ഇവിടെ തുടരാം. സ്‌കൂള്‍ മാനേജ്മെന്റിന്റെ ചെലവില്‍ ബി.എഡിന് പഠിക്കാം. ഞാന്‍ നന്ദിപൂര്‍വം അല്‍മനാര്‍ സ്‌കൂളിനോട് വിടപറഞ്ഞു. മലയാളം എം.എ. എന്ന സ്വപ്നത്തോട് സുല്ലു പറഞ്ഞ് ഞാന്‍ സിവില്‍ എന്‍ജിനീയറിങ് പഠിച്ച് കോഴിക്കോട് നഗരത്തില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായി വന്നു. ചാലിയത്തും കോഴിക്കോട്ടും ജീവിച്ച കാലത്ത് എന്റെ സുഹൃത്തുക്കളില്‍ പലരും മുസ്ലിങ്ങളായിരുന്നു. അവരുമായ സംസര്‍ഗം കൊണ്ടാണ് പില്‍ക്കാലത്ത് 'ഈദ് മുബാറക്, തത്കാല ദുനിയാവ്, തരിവളകള്‍ ചേര്‍ന്ന് കിലുങ്ങി, കളിയും ചിരിയും, ഖബറിലടങ്ങും... പരിമളക്കുളിര്‍ വാരിച്ചൂടിയ' തുടങ്ങിയ പാട്ടുകള്‍ എഴുതാന്‍ സാധിച്ചത്.

ഇമ്പിച്ചിബാവ മാഷ് മരിക്കുന്നതിന് ഒരുമാസം മുമ്പ് കടലുണ്ടിയിലെ വീട്ടില്‍ പോയി അദ്ദേഹത്തെ കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി. എന്നെ തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത്ഭുതവും ആഹ്ലാദവുമുണ്ടായി. ഞാന്‍ ആ പാദങ്ങളില്‍ തൊട്ടുതൊഴുതപ്പോള്‍ അദ്ദേഹം എന്നെ ആലിംഗനം ചെയ്തു. ഞാന്‍ വീണ്ടും ഇരുപതു വയസ്സുള്ള കൊച്ചുമാഷായി.