കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി പ്രവർത്തിക്കുന്ന വ്യക്തിത്വമാണ് എഴുത്തുകാരനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് റിട്ട. അധ്യാപകനുമായ ഡോ. അംബികാസുതൻ മാങ്ങാട്. 2009-ൽ എൻഡോസൾഫാൻ ദുരിതം പ്രമേയമാക്കി അദ്ദേഹം രചിച്ച 'എൻമകജെ' എന്ന നോവലിന്റെ റോയൽറ്റി തുക നീക്കി വെച്ചിരിക്കുന്നതും എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടിയാണ്. കോളേജിലെ സാഹിത്യവേദി കാസർകോട് ഇതുവരെ ഒമ്പത് സ്നേഹവീടുകൾ (ഒരു ബഡ്സ് സ്കൂൾ ഉൾപ്പെടെ) പണി തീർത്ത് അർഹതപ്പെട്ടവർക്ക്കൈമാറിയിരിക്കുന്നു. തന്റെ വിദ്യാർഥികളെ ജീവിതയാഥാർഥ്യങ്ങളിൽ ഇടപെടാൻ പഠിപ്പിച്ചതിന്റെയും എൻഡോസൾഫാൻ ഇരകളിൽ ചിലർക്ക് ഭദ്രമായി തലചായ്ക്കാനൊരിടം ഒരുക്കിക്കൊടുക്കാനായതിന്റെയും ചാരിതാർഥ്യം പങ്കുവെക്കുകയാണ് ഡോ.അംബികാസുതൻ മാങ്ങാട്.
'എൻമകജെ'യുടെ മൂന്നാമത്തെ റോയൽറ്റിയും ആയിടെ കിട്ടിയ ഒരവാർഡ് തുകയും കൂട്ടി മുപ്പത്തിമുവ്വായിരം രൂപ കയ്യിലുണ്ട്. ഒരു എൻഡോസൾഫാൻ ഇരയുടെ ചികിത്സാച്ചെലവ് വഹിക്കാൻ ഒരുങ്ങിയിരിക്കുമ്പോളാണ് അപ്രതീക്ഷിതമായി ഒരു വാർത്ത കാണുന്നത്. ബോബിക്കാനത്ത് എൻഡോസൾഫാൻ ഇരയായ, മാനസികാസ്വാസ്ഥ്യമുള്ള ഒരു കുട്ടി നേരിടുന്ന ദുരിതക്കയങ്ങളെക്കുറിച്ചായിരുന്നുആ വാർത്ത. നെഹ്റുകോളേജ് സാഹിത്യവേദി സെക്രട്ടറിയേയും കൂട്ടി പിറ്റേന്നു തന്നെ ആ കുട്ടിയുടെ താമസസ്ഥലത്തെത്തി. പറമ്പിൽ ഒരു പ്ളാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയിരിക്കുന്നു. വീട് ആണെന്നതിനുള്ള ഒരു ലക്ഷണവുമില്ല, കുറച്ചു പാത്രങ്ങൾ അങ്ങിങ്ങായി കാണുന്നുണ്ടെന്നല്ലാതെ. ചുമരുകളോ കട്ടിലോ മേശയോ ഒന്നുമില്ല. അച്ഛനുപേക്ഷിച്ചു പോയതാണ്. പത്തു വയസ്സുള്ള മകളും ഒരമ്മയും മാത്രമാണ് അവിടെ താമസം. ആ പറമ്പിൽ രണ്ട് പൊട്ടക്കിണറുകളുണ്ട്. ബുദ്ധിയുറക്കാത്തകുട്ടി പറമ്പിന് ചുറ്റും വട്ടത്തിൽ ഓടിക്കൊണ്ടിരിക്കും. അസുഖം മൂർഛിക്കുമ്പോൾ വട്ടത്തിന് വിസ്താരം കൂട്ടിയാണ് ഓടുക. ആർക്കും പിടിച്ചാൽ കിട്ടില്ല. കയ്യിൽ കരുതിയ പൈസ അന്ന് കൊടുത്തില്ല. ആരോടും ചോദിക്കാതെയും പറയാതെയും വീട് കെട്ടിത്തരും എന്ന് പെട്ടെന്ന് ആ അമ്മയോട് പറയുകയും ചെയ്തു.

കോളേജിലെ സാഹിത്യവേദിയുടെ പ്രവർത്തനത്തിന് വർഷത്തിൽ അയ്യായിരം രൂപയാണ് തരിക. അത് കോളേജിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് തന്നെ തികയാറില്ല. കയ്യിലുള്ള മുപ്പത്തിമുവ്വായിരം കൂട്ടിയാലും ഒന്നുമാവില്ല. പെരുമഴക്കാലത്താണ് ഞങ്ങൾ പോയത്. മൂന്നുമാസം കൊണ്ട് വീട് കെട്ടിത്തരാമെന്ന് അവരോട് പറഞ്ഞാണ് ഇറങ്ങിയത്. അഞ്ചാം ദിവസം കോളേജിലെ കുട്ടികളെല്ലാവരും ചേർന്ന് പറമ്പ് നിരത്തി കുറ്റിയടിച്ചു. ലക്ഷ്യത്തിനായി പൈസ സമാഹരിക്കാൻ തുടങ്ങി. മൂന്നുമാസം കൊണ്ട് വീടാക്കി.
ആ വീടുപണി നടന്നുകൊണ്ടിരിക്കേയാണ് ജനീവ ഉച്ചകോടി നടക്കുന്നത്. തിരുവനന്തപുരത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദൻ തെരുവിൽ ഒരു ദിവസം കിടന്നുകൊണ്ട്, ലോകമാസകലം എൻഡോസൾഫാൻ നിരോധിക്കണമെന്നാവശ്യപ്പെട്ട ഉച്ചകോടിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച സമയത്ത് കാസർകോടിന്റെ പ്രതിനിധിയായി സംഘാടകർ എന്നെയായിരുന്നു വിളിച്ചത്. റോഡരികിൽ ഒരു കട്ടിലിട്ട് കേരളത്തിന്റെ മുഖ്യമന്ത്രി കിടക്കുമ്പോൾ പതിനായിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് ചുറ്റും അണിനിരന്നത്. ആൾക്കൂട്ടത്തിലൊരാളായി നിൽക്കുമ്പോൾ പ്രസംഗിക്കാനെത്തിയ സുഗതകുമാരി ടീച്ചർ വേദിയിലേക്ക് വിളിച്ച് കാസർകോടിന്റെ അവസ്ഥയെക്കുറിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ടു. എൻഡോസൾഫാൻ ദുരിതബാധിതരെക്കുറിച്ച് വേണ്ടപ്പെട്ടവരുടെ മുന്നിൽ വച്ച് വളരെ വിശദമായിത്തന്നെ സംസാരിക്കാൻ കഴിഞ്ഞു. ആ വേണ്ടപ്പെട്ടവരിൽ സുരേഷ്ഗോപിയുമുണ്ടായിരുന്നു. അദ്ദേഹം കാര്യങ്ങൾ അന്വേഷിച്ചു. ഒരു ദിവസം കാസർകോട് വന്ന് നേരിട്ടുകാണാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.
ആ ക്ഷണം ഏറ്റെടുത്ത അദ്ദേഹം നെഹ്രു കോളേജ് സാഹിത്യവേദിയുടെ മേൽനോട്ടത്തിൽ പണിത ആദ്യത്തെ സ്നേഹവീടിന്റെ താക്കോൽദാനം നിർവ്വഹിക്കാൻ എത്തി. അടുത്ത വീടിന് രണ്ടരലക്ഷം രൂപ അദ്ദേഹം വാഗ്ദാനം ചെയ്യുകയുമുണ്ടായി. എൻഡോസൾഫാൻ ഇരകൾക്കു തന്നെയാണ് വീട് നിർമിച്ചുകൊടുക്കാൻ തീരുമാനിച്ചത്. അങ്ങനെ കുട്ടികളും അധ്യാപകരും നാട്ടുകാരുമെല്ലാം ചേർന്ന് ബാക്കി തുക കണ്ടെത്തി വീട് പൂർത്തീകരിക്കാൻ തുടങ്ങി. എഴുവീടുകൾ ഇത്തരത്തിൽ പണിതുകൊടുത്തു. എട്ടാമത്തെ വീട് രണ്ട് നിലയുള്ള ബഡ്സ് സ്കൂൾ സ്നേഹവീട് എന്ന പേരിലാണ് നിർമിച്ചു നല്കിയത്. എല്ലാ സൗകര്യവുമുള്ള ആ കെട്ടിടം നാൽപത് ലക്ഷത്തിലധികം രൂപ സമാഹരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ ഇരുപത്തഞ്ച് ലക്ഷം രൂപ സുരേഷ് ഗോപി വഴി ഗൾഫിലെ ഒരു വലിയ മനസ്കൻ തന്നു സഹായിച്ചതാണ്. ബാക്കി ഞങ്ങൾ പിരിച്ചെടുത്തതും.
സാഹിത്യവേദിയുടെ പരിശ്രമത്തിൽ ഇത്തരത്തിൽ ഒമ്പതാമത്തെ വീടും പൂർത്തിയായിരിക്കുകയാണ്. കോളേജിലെ കുട്ടികളും അടുത്തുള്ള സ്കൂളിലെ കുട്ടികളും ക്ളബ്ബുകളും നാട്ടുകാരും തുടങ്ങി എല്ലാവരും നിർമാണത്തിൽ പങ്കാളികളായിട്ടുണ്ട്. 'എൻമകജെ'യുടെ റോയൽറ്റിയിൽ നിന്നും ഒരു ലക്ഷം രൂപ എടുത്താണ് ഒമ്പതാമത്തെ വീടുപണി തുടങ്ങിയത്. റിട്ടയർ ചെയ്യുന്നതിനുമുന്നേ തുടങ്ങിവെച്ചതാണ്. ബാക്കിയെല്ലാം കുട്ടികളും നാട്ടുകാരും സാഹിത്യവേദിയും ചേർന്നു പണിതീർത്തു. മനുഷ്യസ്നേഹത്താൽ, സഹജീവിസ്നേഹത്താൽ പണിതുയർത്തിയ ഈ സ്നേഹവീടുകൾ തീർച്ചയായും അർഹിക്കുന്നവർക്കു തന്നെയാണ് നല്കിയിരിക്കുന്നത്. വിദ്യാർഥികളിലെ സാമൂഹികപ്രതിബദ്ധതയെ അധ്യാപകൻ എന്ന നിലയിൽ അഭിമാനത്തോടെ അഭിനന്ദിക്കുകയാണ്. ഓരോ വീട് പണിതു കഴിയുമ്പോഴേക്കും ഞങ്ങൾ തളർന്നുപോകുമായിരുന്നു. ഓരോ ഗ്രാമത്തിലേയും വളരെ നിരാലംബരായ കുടുബത്തിനാണ് വീട് കെട്ടിക്കൊടുത്തിരിക്കുന്നത്. ഒമ്പതാമത്തെ സ്നേഹവീട് ശില്പ എന്ന കുട്ടിക്കാണ് കൊടുത്തിരിക്കുന്നത്. അവൾക്ക് കാഴ്ചയില്ല, വീൽച്ചെയറിലാണ് ജീവിതം. ഒരുപാട് രോഗങ്ങൾ അലട്ടുന്ന കുട്ടിയാണവൾ. ഇനിയുള്ള കാലം സൗകര്യങ്ങളിൽ ജീവിക്കട്ടെ. ശില്പയ്ക്കായി ഒരുക്കിയ സ്നേഹവീടിന്റെ താക്കോൽദാനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നിർവഹിക്കും.