ഥകളെക്കാള്‍ കാല്‍പ്പനികമായ ചില ജീവിതങ്ങളുണ്ട്, ഇപ്പോള്‍ പിടിവിട്ടുവീഴുമെന്ന നിലയില്‍ ജീവിതത്തിന്റെ അങ്ങേത്തുഞ്ചത്തു നില്‍ക്കുന്ന ഏതോ ഒരു ഷെഹറാസാദ് മെനഞ്ഞെടുക്കുന്ന വാക്കുകളുടെ രുചിക്കൂട്ടുകള്‍ പോലെയുള്ളവ. അത്തരത്തിലുള്ള ഒരു ജീവിതത്തില്‍ നിന്ന് തലയുയര്‍ത്തിപ്പിടിച്ച് നടന്നുവരുന്ന മെലിഞ്ഞ സ്ത്രീ, അവര്‍ സ്വന്തം പിതാവിന്റെയത്ര പ്രായമുള്ള, ഒരസാധരണപ്രതിഭയുടെ ജീവിതസഖിയാണ്, അദ്ദേഹത്തിന്റെ  എട്ടുമക്കളുടെ അമ്മയാണ്,  ലോകസാഹിത്യത്തിലെ ഏറ്റവും ഉന്നത ബഹുമതിയായ  നോബേല്‍ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്റെ മകളാണ്. ഊന ഓനീല്‍, നോബേല്‍ ജേതാവും പ്രശസ്തനാടകകൃത്തുമായ യൂജീന്‍ ഓനീലിന്റെ മകള്‍, പത്തൊന്‍പതാം വയസ്സില്‍, അന്‍പത്തിമൂന്നുകാരനായ ചാര്‍ലി ചാപ്ലിന്റെ നാലാമത്തെ ഭാര്യയാകുവാന്‍ മറ്റെല്ലാം ഉപേക്ഷിച്ചവള്‍.

ജീവിതത്തിലെ അതിനാടകീയവും അപകടകരവുമായ ഒരു വഴിത്തിരിവ് ആരംഭിക്കുന്ന കാലത്താണ് ചാപ്ലിന്‍ എന്ന സിനിമാപ്രതിഭ ഊനയെ കണ്ടുമുട്ടുന്നത്. മൂന്നാമത്തെ ഭാര്യയായ പോളെറ്റുമായുള്ള ആറു വര്‍ഷം നീണ്ടു നിന്ന വിവാഹബന്ധം സൗഹൃദപരമായി അവസാനിപ്പിച്ചിരുന്നു അപ്പോള്‍. പുതിയ ഒരു സിനിമയിലേയ്ക്ക്, നായികയെ തിരഞ്ഞുകൊണ്ടിരിക്കുകയാണു ചാപ്ലിനെന്ന് അറിയാമായിരുന്ന ഒരു ഏജന്റാണു ഊനയെ അദ്ദേഹത്തിനു പരിചപ്പെടുത്തുന്നത്. അല്പം നാടകാഭിനയ പരിചയങ്ങളുള്ള ഊന, വിദ്യാഭ്യാസം മതിയാക്കി അഭിനയരംഗത്തേയ്ക്കു കടക്കുവാനാണു അവിടെയെത്തുന്നത്. ഷാഡോ ആന്‍ഡ് സബ്സ്റ്റന്‍സ് എന്ന പ്രദര്‍ശനവിജയം വരിച്ച നാടകം ചലച്ചിത്രരൂപത്തില്‍ അവതരിപ്പിക്കുവാന്‍ തയാറെടുക്കുകയായിരുന്നു ചാപ്ലിന്‍. അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍  ജോവാന്‍ ബാരി എന്ന യുവതിയുമായി വളരെ ആകസ്മികമായി ഉടമ്പടിയുണ്ടാക്കിയെങ്കിലും (ഈ സംഭവത്തിന്റെ തുടര്‍ഗതികളാണു പിന്നീട് ചാപ്ലിന്റെ ജീവിതത്തെ അതിഭീകരമായി മാറ്റിമറിച്ചത്)  ഒരു കെട്ടുകഥയില്‍പ്പെട്ടെന്നതുപോലെ അത് ഉപേക്ഷിക്കേണ്ടിവരികയും സിനിമയ്ക്കനുയോജ്യയായ നായികയെ ലഭിക്കാഞ്ഞതിനാല്‍, മറ്റൊരു സിനിമയുമായി മുന്‍പോട്ടു പോകാമെന്ന് ചാപ്ലിന്‍ തീരുമാനിക്കുകയും സമയം. ഹോളിവുഡിലെ സിനിമാ ഏജന്റായ മിസ് മിനാ വാലസ് ആണ് ഊനയെക്കുറിച്ച്  പറയുന്നത്. യൂജീന്‍ ഒനീലിന്റെ പ്രതിഭയെപ്പറ്റി അറിയാമായിരുന്ന ചാപ്ലിന്‍, അദ്ദേഹത്തിന്റെ മകളായ ആ പെണ്‍കുട്ടിയെ കാണുന്നതിനും അഭിനയപരീക്ഷ നടത്തുന്നതിനുമായി മിസ് വാലസിന്റെ വീട്ടിലെത്തി. അവിടെ സ്വീകരണമുറിയിലെ നെരിപ്പോടിനരികെ തനിച്ചിരിക്കുന്ന സുന്ദരിയും സൗമ്യയുമായ യുവതി ഭാവിയില്‍ തന്റെ ആത്മസഖിയാകുവാന്‍ പോകുന്നവളാണെന്ന് അദ്ദേഹമപ്പോള്‍ അറിഞ്ഞില്ല.  അതായിരുന്നു അവര്‍ തമ്മിലുള്ള ആദ്യസമാഗമം. ഊനയ്ക്കപ്പോള്‍ പതിനെട്ടു വയസ്സു തികഞ്ഞിരുന്നില്ല.

തനിക്കാവശ്യമുള്ള കഥാപാത്രത്തിനു പ്രായം കുറവാണെങ്കിലും സങ്കീര്‍ണമായ സ്വഭാവമായതിനാല്‍ പക്വതയും അഭിനയപരിചയവും ഉള്ള ഒരാളെയാണാവശ്യമെന്നു പറഞ്ഞ് ഊനയെ അന്നു തിരസ്‌കരിച്ചുവെങ്കിലും  കൂടുതല്‍ പരിചയമായപ്പോള്‍ നര്‍മ്മബോധവും പ്രായത്തെ മറികടക്കുന്ന പക്വതയും ഉള്ള ആ പെണ്‍കുട്ടിയ്ക്ക് തന്റെ സിനിമയെ വന്‍വിജയമാക്കുവാന്‍ കഴിയുമെന്നു മനസ്സിലാക്കിയ  ചാപ്ലിന്‍ സിനിമയ്ക്കുവേണ്ടിയുള്ള തയാറെടുപ്പുകളില്‍ മുഴുകി. ഊനയുമായുള്ള പരിചയം സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേയ്ക്കു വളര്‍ന്നത് വളരെ വേഗമാണ്.  

ഇത്രയുമായപ്പോള്‍ ജോവാന്‍ ബാരി എന്ന നടിയുമായി ബന്ധപ്പെട്ടു ചാപ്ലിന്റെ ജീവിതത്തിലുണ്ടായിരുന്ന സംഭവങ്ങള്‍ കൂടുതല്‍ നാടകീയവും ഉപദ്രവകരവുമായ രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നു. ഗര്‍ഭിണിയാണെന്നു പറഞ്ഞ ജോവാന്‍, അതിന്നുത്തരവാദി ചാപ്ലിനാണെന്ന ആരോപണം മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചതിനു പിന്നാലെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിനായി  പരാതി നല്‍കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ബാരി എന്ന സ്ത്രീയുമായി ബന്ധം തനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു എന്ന് ചാപ്ലിന്‍ സ്വന്തം വക്കീലിനെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തിലെ നിയമനടപടികള്‍ അത്ര എളുപ്പമാകില്ലെന്നറിയാമായിരുന്ന അഭിഭാഷകന്‍ സിനിമാ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുവാനും ഊനയെ ന്യൂയോര്‍ക്കിലേയ്ക്കു മടക്കി അയയ്ക്കാനുമാണ് നിര്‍ദ്ദേശിച്ചത്. മാധ്യമങ്ങളില്‍ ചാപ്ലിനെതിരായ കേസ് പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു അപ്പോള്‍. പക്ഷേ  ആ ആരോപണങ്ങളുടെ പേരില്‍ വിവാഹം മാറ്റിവയ്ക്കുവാന്‍ അവരാഗ്രഹിച്ചില്ല. ഊന എന്ന ഇരുപതിലെത്താത്ത പെണ്‍കുട്ടി, അന്‍പതു കഴിഞ്ഞ ചാപ്ലിനില്‍ തന്റെ പ്രണയം കണ്ടെത്തിക്കഴിഞ്ഞിരുന്നു, അതുപോലെ താന്‍ ഇത്രകാലവും നേടിനടന്ന ജീവിതസത്യം ഊനയിലുണ്ടെന്ന് ചാപ്ലിനും തിരിച്ചറിഞ്ഞിരുന്നു.

ഊനയുടെ രണ്ടാം വയസ്സില്‍ അവളുടെ മാതാപിതാക്കള്‍ തമ്മില്‍ പിരിഞ്ഞതാണ്, ആ വിവാഹമോചനം ഊനയുടെ ജീവിതത്തെ ബാധിച്ചിരുന്നു. അതിനാല്‍ കൗമാരം പിന്നിടാത്ത ഊന, ചാപ്ലിനില്‍ തന്റെ പിതാവിനെയാണു കണ്ടതെന്ന്  പലരുമന്ന്  അഭിപ്രായപ്പെട്ടു, പക്ഷേ ആ സാമാന്യവത്കരണം അസ്ഥാനത്തായിരുന്നുവെന്ന് കാലം തെളിയിച്ചു, കൗമാരത്തിന്റെ അരക്ഷിതത്വബോധം കൊണ്ടുണ്ടായ ആകര്‍ഷണമോ യൗവനാരംഭത്തിലെ കുതൂഹലമോ ഒന്നുമായിരുന്നില്ല ഊനയ്ക്ക് ചാപ്ലിനോടു തോന്നിയ വികാരമെന്ന് അവരുടെ പില്‍ക്കാലജീവിതം സാക്ഷ്യപ്പെടുത്തുന്നു.

1943 ജൂണ്‍ 16-നായിരുന്നു വിവാഹം. ഊനയുടെ പിതാവിന്റെ എതിര്‍പ്പും ചാപ്ലിനെതിരെ നിലവിലിരുന്ന നിയമനടപടികളും മൂലം മാധ്യമശ്രദ്ധ ഒഴിവാക്കേണ്ടത് അത്യാവശ്യമായിരുന്നു, അതുകൊണ്ട് സാന്താ ബാര്‍ബറയില്‍ നിന്നും പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണു വിവാഹം നടത്തുവാന്‍ തീരുമാനിച്ചത്. ചടങ്ങിനു മുന്‍പ്  അവിടെയുള്ള ടൗണ്‍ഹാളില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ പോയത് തീര്‍ത്തും രഹസ്യമായിട്ടാണ്. എന്നിട്ടും  വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ അവര്‍ക്ക് ഒളിച്ചോടേണ്ടിയും വന്നു. രണ്ടു മാസം ഏതാണ്ട് അജ്ഞാതവാസമെന്ന നിലയിലായിരുന്നു ജീവിതം.  

രാജ്യം മുഴുവന്‍ തന്നെ വെറുക്കുന്നുവെന്ന തോന്നലില്‍ ജീവിച്ച ആ രണ്ടു മാസം പക്ഷേ പ്രണയത്തിന്റേതായിരുന്നു എന്നു ചാപ്ലിന്‍ ആത്മകഥയില്‍ പറയുന്നുണ്ട്. സിനിമാജീവിതം നഷ്ടമായെന്നു ചിന്തിച്ച് വേദനിച്ചിരുന്ന ചാപ്ലിനെ പല ഇഷ്ടകൃതികളും വായിച്ചു കേള്‍പ്പിച്ച് ഊന സന്തോഷിപ്പിച്ചു. റഷ്യയെ പിന്തുണയ്ക്കുന്ന കമ്യൂണിസ്റ്റ് സഹയാത്രികന്‍ എന്ന ധാരണയാണു ചാപ്ലിനു അമേരിക്കന്‍ ഭരണകൂടത്തിന്റെ ശത്രുത സമ്പാദിച്ചുകൊടുത്തത്. ജോവാന്‍ ബാരിയുടെ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ പിതൃത്വാവകാശ കേസും കമ്യൂണിസ്റ്റുകാരന്‍ എന്ന പഴിയും ചേര്‍ന്ന് മാധ്യമവാര്‍ത്തകളില്‍, ചാപ്ലിന്‍, അമേരിക്കന്‍ ജനതയെസംബന്ധിച്ചിടത്തോളോം, ഗുരുതര കുറ്റവാളിയായി മാറുകയായിരുന്നു.

സ്ത്രീകളും ലൈംഗികാരോപണങ്ങളും രാഷ്ട്രീയ പകപോക്കലിനും നിയമനടപടികള്‍ക്കും എക്കാലവും ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന വസ്തുത നിഷേധിക്കാനാകുന്നതല്ല, അതുതന്നെയാണു ചാപ്ലിന്റെ കാര്യത്തിലും സംഭവിച്ചത്. ജോവാന്‍ ബാരിയുടെ കുഞ്ഞിന്റെ പിതൃത്വാവകാശക്കേസ്, ചാപ്ലിനു ദീര്‍ഘകാല തടവറജീവിതം ലഭിക്കാവുന്നവിധത്തിലുള്ള വകുപ്പാക്കി മാറ്റിയത് രാഷ്ട്രീയപരമായ  ഗൂഢാലോചനയുടെ ഫലമാണെന്ന് പിന്നീട് നടന്ന സംഭവങ്ങള്‍ തെളിവുനല്‍കിയതായി ചാപ്ലിനും അദ്ദേഹത്തിന്റെ പക്ഷക്കാരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Oon anad Chaplin
ചാപ്ലിനും ഊനയും

ചാപ്ലിനെപ്പോലെ ജീവിതത്തിന്റെ ദൈന്യതകളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും അത്യധ്വാനം കൊണ്ടും പ്രതിഭ കൊണ്ടും ഉയര്‍ന്നുവന്ന ഒരു  കലാകാരന്റെ ജീവിതവെളിച്ചം എന്നെന്നേയ്ക്കുമായി അണച്ചു കളയാവുന്നത്ര അപമാനകരവും വിദ്വേഷപരവുമായ രീതിയിലായിരുന്നു ആ കേസുകളുടെ വിചാരണയും തുടര്‍ സംഭവങ്ങളും. അന്നു ശിക്ഷിക്കപ്പെട്ടില്ലെങ്കിലും പിന്നീട് അമേരിക്ക വിട്ടുപോകേണ്ട വിധത്തില്‍ സ്ഥിതിഗതികള്‍ ഗൗരവതരമായി. രാഷ്ടീയാരോപണങ്ങളെക്കുറിച്ച് ചോദ്യംചെയ്യലിനു വിധേയനായതോടെയാണു അമേരിക്ക വിടാന്‍ ചാപ്ലിന്‍ തീരുമാനിക്കുന്നത്. ഊനയുടെ പിന്തുണയും സ്‌നേഹവുമാണ്  ആ മഹാനടനപ്പോള്‍ ശക്തി പകര്‍ന്നത്. ഒരു സാധാരണ സ്ത്രീയായിരുന്നുവെങ്കില്‍, സ്വാര്‍ത്ഥമതിയായ ഒരു വ്യക്തിയായിരുന്നുവെങ്കില്‍, പക്വതയെത്താത്ത ഒരു പെണ്‍കുട്ടിയായിരുന്നുവെങ്കില്‍ അത്തരമൊരു അവസരം ചാപ്ലിനെ സംബന്ധിച്ചിടത്തോളോം അടുത്ത വിവാഹമോചനത്തിന്റേതാകുമായിരുന്നു.

തേജസ്സാര്‍ന്നൊരു വലയം പോലെ, ഊന ആപത്കാലത്ത് ചാപ്ലിനെ വലയം ചെയ്തുനിന്നു. സ്‌നേഹവും കൈത്താങ്ങുമായി നിന്ന അവള്‍ ഇരുപതുവര്‍ഷക്കാലത്തിനുള്ളില്‍ ചാപ്ലിന്റെ എട്ടുകുട്ടികള്‍ക്ക്  അമ്മയായി. അദ്ദേഹത്തിന്റെ അന്‍പത്തിയഞ്ചാം വയസ്സിലാണു ആദ്യത്തെ കുഞ്ഞിന്റെ ജനനം. എട്ടാമത്തെ കുട്ടി ജനിക്കുന്നതാകട്ടെ എഴുപത്തിമൂന്നാമത്തെ വയസ്സിലും. ആ കുട്ടികളെ വളര്‍ത്തുക എന്ന ജോലി ഒരു പരിചാരകസംഘത്തെത്തന്നെ ഏല്‍പ്പിച്ച് ഊന, ചാപ്ലിനുവേണ്ടി മുഴുവന്‍ സമയവുമുഴിഞ്ഞുവച്ചതായി ജീവചരിത്രകാരന്മാരും സുഹൃത്തുക്കളും പറയുന്നു.

ചാപ്ലിന്റെ ഒന്നാം വിവാഹത്തില്‍ നിന്നുള്ള ദാമ്പത്യം രണ്ടു വര്‍ഷം മാത്രമാണു നീണ്ടു നിന്നത്. രണ്ടു മക്കളെ ചാപ്ലിനു നല്‍കിയ രണ്ടാം ഭാര്യ ലിറ്റ ഗ്രേയുമായുള്ള ദാമ്പത്യത്തിന്റെ ആയുസ്സ് 3 വര്‍ഷമായിരുന്നു. പിന്നീട് പോളെറ്റ് ഗോദ്ദാര്‍ദിനെ വിവാഹം ചെയ്ത ചാപ്ലിന്‍ അവരോടൊത്ത് 6 വര്‍ഷം ജീവിക്കുകയും സൗഹൃദപരമായ രീതിയില്‍ തമ്മില്‍ പിരിയുകയും ചെയ്തു. ഈ വസ്തുതകള്‍  പരിഗണിക്കുമ്പോള്‍, അന്‍പത്തിമൂന്നാം വയസ്സു മുതല്‍ മരണം വരെ, അതായത് നീണ്ട 34 വര്‍ഷക്കാലം നീണ്ടു നിന്ന മഹത്തായ ആ പ്രണയദാമ്പത്യം രണ്ടാത്മാക്കളുടെ പരസ്പരമുള്ള കണ്ടെത്തലായി കരുതാം. ചാപ്ലിന്റെ അവസാനത്തെ പ്രണയവും അതുതന്നെയായിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ  സംഭവമെന്നാണു ഊനയെ കണ്ടുമുട്ടിയതിനെപ്പറ്റി ചാപ്ലിന്‍ ആത്മകഥയില്‍ പറയുന്നത്. സിനിമാജീവിതത്തില്‍ അത്യുന്നത വിജയങ്ങള്‍ വരിക്കുമ്പൊഴും ചാപ്ലിന്‍ മനസ്സുകൊണ്ട് ഏകനായിരുന്നുവെന്നും (അരക്ഷിതാവസ്ഥയുടെയും ദാരിദ്ര്യത്തിന്റെയും പരമാവധി അനുഭവിച്ച ചാപ്ലിന്റെ ബാല്യകൗമാര കാലത്തെക്കുറിച്ച് വായിക്കുന്ന ഒരാള്‍ക്ക് ആ എകാന്തത മനസ്സിലാകുന്നതാണ്)  ഊന എന്ന പങ്കാളിയെ കണ്ടുമുട്ടിയപ്പോഴാണതിനൊരു വിരാമമായതെന്നും പറയപ്പെടുന്നു. എഴുപത്തിമൂന്നാം വയസ്സിലെഴുതിയ ആത്മകഥയില്‍, ചാപ്ലിന്‍ ഇങ്ങനെ പറയുന്നു. 'സന്തോഷമെന്നാലെന്തെന്ന് കഴിഞ്ഞ ഇരുപതു വര്‍ഷമായി ഞാനറിയുന്നുണ്ട്.  വിസ്മയിപ്പിക്കുന്ന ഒരു വ്യക്തിയെ ഭാര്യയായി കിട്ടുന്നതിനുള്ള ഭാഗ്യമെനിക്കുണ്ടായി. അതെക്കുറിച്ചെനിക്ക് കൂടുതലെഴുതണമെന്നുണ്ട്, പക്ഷേയതില്‍ പ്രണയമുണ്ട്. യഥാര്‍ത്ഥപ്രണയമെന്നത് ഒരാള്‍ക്ക് ആവിഷ്‌കരിക്കുവാന്‍ കഴിയുന്നതിനുമപ്പുറമായ മനോഹാരിതയണെന്നതിനാല്‍ എനിക്കതിനാകുന്നില്ല.'
  
'അവസാനമദ്ദേഹം യഥാര്‍ത്ഥമായ ആനന്ദം കണ്ടെത്തി. ഊനയ്ക്കു പതിനെട്ടും ചാര്‍ലിയ്ക്ക് അന്‍പത്തിമൂന്നും വയസ്സായിരുന്നുവെങ്കിലും അവര്‍ രണ്ടുപേരും ആത്മസഖാക്കളെ കണ്ടെത്തിയതായാണു കാണപ്പെട്ടത്.' എന്നാണു ചാപ്ലിന്റെ ഔദ്യോഗികസംഘം പ്രഖ്യാപിച്ചത്. ജീവിതകാലം മുഴുവന്‍ കാത്തിരുന്ന ഇണയെയാണു ചാപ്ലിനു ആ വിവാഹത്തിലുടെ ലഭിച്ചത്. സ്ത്രീകളുമായുള്ള ബന്ധത്തിന്റെ പേരില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും നേരിട്ടിട്ടുള്ള ചാപ്ലിന്റെ ജീവിതം അത്തരത്തിലുള്ള ഏറ്റവും ഗുരുതരമായ അനുഭവത്തിലെത്തിയിരുന്ന കാലത്താണ് അവര്‍ തമ്മിലുള്ള വിവാഹം നടന്നതെന്നുള്ളതുകൊണ്ട്, ആ ദാമ്പത്യത്തിന്റെ നിലനില്‍പ്പിനു സാധാരണമായ ഒരു പ്രണയമോ, സാധാരണമായ കരുത്തോ മാത്രം പോരായിരുന്നു. അസാധാരണപ്രണയമുള്ള ഒരുവള്‍ക്കു മാത്രം സാധ്യമാകുന്നതായിരുന്നു അത്. ഹൃദയപൂര്‍വ്വകമായ  ചൈതന്യത്തോടെ ചാപ്ലിന്റെ ജീവിതത്തിലെ കോളിളക്കങ്ങളെ ഊന നേരിട്ടു, അദ്ദേഹത്തെ തളര്‍ന്നുപോകാതെ കാത്തു, എന്നു മാത്രമല്ല, ഔന്നത്യത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കുകയും ചെയ്തു.

സിനിമാ അഭിനയത്തില്‍ താല്പര്യം തോന്നി പഠനം നിര്‍ത്തി ഹോളിവുഡ് അവസരങ്ങള്‍ തിരഞ്ഞുവന്ന ഊന പിന്നീട് ചാപ്ലിന്റെ സിനിമയില്‍ പോലും അഭിനയിച്ചില്ല. 'അദ്ദേഹമാണെന്റെ ലോകം, അതല്ലാതെ ഞാനൊന്നും കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ല.' എന്നാണു ഊന അതെപ്പറ്റി പറയുന്നത്. തൃപ്തയായ ഭാര്യയായിരുന്നു അവര്‍.

തന്റെ മാതാപിതാക്കള്‍ തമ്മിലുള്ള അടുപ്പം അത്രയധികമായിരുന്നുവെന്ന് ഊന- ചാപ്ലിന്‍ ദമ്പതികളുടെ മകള്‍ ജെയിന്‍ അഭിപ്രായപ്പെടുന്നു. 'അതിലേയ്ക്ക് ഞാന്‍ നുഴഞ്ഞുകയറുകയാണോ എന്നു പോലും ചിലപ്പോള്‍ തോന്നിയിരുന്നു, പക്ഷേ, ഇപ്പോഴെനിക്ക് അത്തരമൊരു പ്രണയം മനസ്സിലാകുന്നു, അത് ഒരായുസ്സില്‍ ഒന്നു മാത്രമേ ഉണ്ടാകൂ.' ജെയ്ന്‍ അഭിപ്രായപ്പെടുന്നു. 1977- ല്‍ ചാപ്ലിന്‍ മരിച്ചതിനുശേഷം ഏകാന്തജീവിതം നയിച്ച ഊന മദ്യപാനത്തില്‍ അഭയം കണ്ടെത്തിയതായും പറയപ്പെടുന്നു. 1991- ലായിരുന്നു ക്യാന്‍സര്‍ ബാധിച്ച് ഊനയുടെ അന്ത്യമുണ്ടായത്. അപ്പോഴവര്‍ക്ക് 66 വയസ്സായിരുന്നു പ്രായം!

ചാർലി ചാപ്ലിന്‍ പുസ്തകങ്ങൾ വാങ്ങാം

Content Highlights: Smitha Meenakshi Writes About the life of Charlie Chaplin and Oona O'Neill