ബാഴ്‌സലോണയിലെ തന്റെ ശയ്യാഗൃഹത്തിലിരുന്ന് ഒരു വേനല്‍ക്കാലരാവില്‍ അവളൊരു യുവ എഴുത്തുകാരന്റെ പുസ്തകം വായിച്ചു. സ്പാനിഷ് ഭാഷയിലുള്ള ആ കൃതി ഭര്‍ത്താവ് ലൂയിസിനെക്കൊണ്ടും നിര്‍ബന്ധപൂര്‍വം വായിപ്പിച്ചു. ഭാഷയുടെയും മൗലിക ആഖ്യാനത്തിന്റെയും മാന്ത്രികപ്രഭാവം മുറ്റിനിന്ന ആ പുസ്തകം ഇരുവരും പെട്ടെന്നുതന്നെ വായിച്ചുതീര്‍ത്തു. ഏറെ പുതുമയുള്ളതും ആവേശഭരിതവും ഗംഭീരവുമായ ഒരു വായനാനുഭവമായിരുന്നു അത്. ഒരൊറ്റ വായനകൊണ്ടുതന്നെ തങ്ങളെ ഭ്രമിപ്പിച്ച എഴുത്തുകാരനെത്തേടി ഇവര്‍ 1965 ജൂലായില്‍ മെക്‌സിക്കോ നഗരത്തിലെത്തി. എഴുത്തുകാരുടെ പകര്‍പ്പവകാശ പ്രതിനിധികളായ ഈ ദമ്പതിമാര്‍ താനുമായി കരാറുണ്ടാക്കാനായി മാത്രം എത്തിയവരല്ലെന്നും തന്റെ കരവിരുതാല്‍ ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങളെ നെഞ്ചോടു ചേര്‍ത്തവരാണെന്നും ആ യുവ എഴുത്തുകാരന് മനസ്സിലായി. അയാള്‍ അവരെ ഉറ്റബന്ധുക്കളെപ്പോലെ കരുതി പകല്‍സമയങ്ങളില്‍ മെക്‌സിക്കോ നഗരം ചുറ്റിക്കാണിക്കാന്‍ കൊണ്ടുപോയി. രാത്രിയില്‍ ആ നാട്ടിലെ സുഹൃത്തുക്കളായ എഴുത്തുകാരോടൊപ്പം അവര്‍ക്ക് അത്താഴവിരുന്നൊരുക്കുകയും ചെയ്തു. പൂര്‍ണേന്ദുവിന്റെ വെണ്‍കിരണങ്ങള്‍ പന്തലിട്ട ആ രാത്രിയില്‍ തിന്നും കുടിച്ചും അവര്‍ ആത്മസൗഹൃദത്തിന്റെ ആനന്ദലഹരിയില്‍ ആറാടി. രാവും ലഹരിയും ഏറെ ചെന്നപ്പോള്‍ യുവ സാഹിത്യകാരന്‍ ഒരു കടലാസെടുത്ത് ലൂയിസിനെ സാക്ഷിയാക്കി ഒരുടമ്പടി തയ്യാറാക്കി, അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു: 'ഇന്നു മുതല്‍ ഞാനെന്ന ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ രചനകളുടെ ലോകത്തിലെ ഏക ലിറ്റററി ഏജന്റായി കാര്‍മെന്‍ ബാല്‍സെല്‍സിനെ അടുത്ത നൂറ്റിയമ്പത് വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നു'.ലക്ഷക്കണക്കിന് വായനക്കാരെ തന്നിലേക്കാവാഹിച്ച, ലോകസാഹിത്യകാരന്മാരുടെ ഔന്നത്യത്തിന്റെ പ്രഥമസ്ഥാനത്തില്‍ ഇന്നും വിളങ്ങി വാഴുന്ന പ്രിയ ഗാബോയുടെ ഈ പ്രഖ്യാപനത്തിന് മറുപടിയെന്നപോലെ ചിരിച്ചുകൊണ്ട് കാര്‍മെന്‍ പറഞ്ഞു: ''നൂറ്റിയമ്പത് അല്ല, ഒരു നൂറ്റിയിരുപത് വര്‍ഷത്തേക്കേ ഞാന്‍ ചിന്തിച്ചുള്ളൂ.'' ഇതൊരു തമാശയും ആ സാഹചര്യത്തിന് ചേരുംവിധമുള്ള ഒരു പ്രകടനവുമായിരുന്നു. പക്ഷേ, യഥാര്‍ഥത്തിലുള്ള മറ്റൊരു കരാര്‍ തയ്യാറാക്കിയായിരുന്നു കാര്‍മെന്‍ വന്നിരുന്നത്. അതിന്‍പ്രകാരം ഹാര്‍പ്പര്‍ ആന്‍ഡ് റോ എന്ന അമേരിക്കയിലെ പ്രസിദ്ധീകരണശാലയ്ക്ക് മാര്‍ക്കേസിന്റെ ആദ്യകാല രചനകളുടെ, ഇംഗ്ലീഷ് വിവര്‍ത്തന പതിപ്പുകള്‍ക്കുള്ള അവകാശമായിരുന്നു. കൂടാതെ അടുത്ത പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കാനുള്ള പ്രഥമപരിഗണനയും ഹാര്‍പ്പര്‍ ആന്‍ഡ് റോക്ക് തന്നെ ആയിരിക്കണമെന്നും അതില്‍ നിഷ്‌കര്‍ഷിച്ചിരുന്നു. അവകാശധനമായി നിശ്ചയിച്ചിരുന്ന തുക ആയിരം ഡോളര്‍. മാര്‍ക്കേസിന് ആ കരാര്‍ തീര്‍ത്തും ദുര്‍ഗ്രാഹ്യവും എന്തൊക്കെയോ പോരായ്മകള്‍ ഉള്ളതായും തോന്നി അദ്ദേഹമതിനെ 'പാഴ്വസ്തു' എന്ന് വിശേഷിപ്പിച്ചു. എന്നിരുന്നാലും കൂടുതല്‍ ആലോചനകള്‍ക്ക് വിധേയമാക്കാതെ അവിടെവച്ചുതന്നെ മാര്‍ക്കേസ് ആ കരാര്‍ ഒപ്പുവെച്ച് കാര്‍മെന്‍ ബാല്‍സെല്‍സിനു നല്‍കി.

വീട്ടില്‍ ഒരു സാഹിത്യ ഏജന്‍സി

1930-ല്‍ സ്‌പെയിനിലെ കാറ്റലോണിയന്‍ പ്രവിശ്യയിലെ സാന്റ് ഫെ ഡി സെഗാര എന്ന ഗ്രാമത്തിലാണ് നിരക്ഷരനായ റമോണിന്റെയും പിയാനിസ്റ്റ് മെര്‍സേയുടെയും മകളായി കാര്‍മെന്‍ ബാല്‍സെല്‍സ് ജനിച്ചത്. വളരെ പരിമിതമായ ജീവിതസാഹചര്യങ്ങള്‍ മാത്രമേ, കാര്‍മെന്റെ കുടുംബത്തിനുണ്ടായിരുന്നുള്ളൂ. 1950-ല്‍ പഠനം പൂര്‍ത്തിയാക്കിയ കാര്‍മെന്‍ റൊമാനിയന്‍ എഴുത്തുകാരിയായ വിന്റില ഹോറിയയുടെ എയ്‌സര്‍ ലിറ്റററി ഏജന്‍സിയില്‍ ബാഴ്‌സലോണയുടെ പ്രതിനിധിയായി ജോലിക്കു ചേര്‍ന്നു. 1960-ല്‍ വിന്റില ഹോറിയ എയ്‌സര്‍ ഏജന്‍സി വില്‍ക്കാന്‍ തീരുമാനിക്കുകയും കാര്‍മെന്റെ സ്വന്തം ലിറ്റററി ഏജന്‍സി ഉദയംകൊള്ളുകയും ചെയ്തു. ആദ്യകാലങ്ങളില്‍ ബാഴ്‌സലോണയിലെ തന്റെ വാസസ്ഥലത്തുതന്നെയാണ് ഏജന്‍സി പ്രവര്‍ത്തിച്ചുപോന്നത്.

ഏജന്‍ഷ്യ ലിറ്ററേറിയ കാര്‍മെന്‍ ബാല്‍സെല്‍സ്

എഴുത്തുകാരും പ്രസാധകരും തമ്മിലുള്ള ഉടമ്പടികളില്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് പ്രാരംഭ കാലത്തുതന്നെ കാര്‍മെന്‍ ബാല്‍സെല്‍സ് ഏജന്‍സി പേരെടുത്തത്. പ്രസിദ്ധീകരണശാലകള്‍ എഴുത്തുകാരുമായുണ്ടാക്കിയിരുന്ന ആജീവനാന്ത കരാറുകള്‍ ഒഴിവാക്കിക്കൊണ്ട് നിശ്ചിതസമയത്തേക്കു മാത്രം കരാറുകള്‍ ഒരുക്കിക്കൊടുക്കുകയും മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍പോലും ഗ്രന്ഥകാരന് അവകാശധനം ലഭ്യമാക്കിക്കൊണ്ടുള്ള നിബന്ധനകള്‍ ചേര്‍ക്കുകയും ചെയ്തുകൊണ്ട് അവര്‍ പുസ്തകപ്രസാധന വ്യവസായത്തിന്റെ പതിവുശീലങ്ങളെ മാറ്റിമറിച്ചു. തന്റെ ഒറ്റയാള്‍ പോരാട്ടത്താല്‍ എഴുത്തുകാര്‍ക്ക് അവര്‍ എഴുത്തില്‍ നിന്നുതന്നെ ഉപജീവനമൊരുക്കി. നാള്‍ക്കുനാള്‍ അവരും അവരുടെ പ്രസ്ഥാനവും സ്‌പെയിനിലെയും ലാറ്റിനമേരിക്കയിലെയും സര്‍ഗരചനകളുടെ ഊര്‍ജവും എഴുത്തുകാരുടെ കരുത്തുമായി. ലാറ്റിനമേരിക്കയിലെയും സ്‌പെയിനിലെയും എണ്ണം പറഞ്ഞ എഴുത്തുകാരെല്ലാം അവരുടെ നാട്ടില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ ലോകത്തിലെ വിവിധ ദേശങ്ങളിലേക്കും ഒട്ടേറെ ഭാഷകളിലേക്കും ഒരു പ്രവാഹം കണക്കേ, കാര്‍മെന്‍ ബാല്‍സെല്‍സിലൂടെ ഒഴുകിപ്പരന്നു. മാര്‍ക്കേസിനെയും യോസയെയും കോര്‍ത്തസാറിനെയും നെരൂദയെയും ഫ്യുവന്തസിനെയും അസ്തൂറിയാസിനെയും ലോകസാഹിത്യത്തിലെ മിന്നും താരകങ്ങളാക്കിയത് 'മാമ ഗ്രാന്‍ദെ' എന്ന മാര്‍ക്കേസിന്റെ കഥയുടെ പേരിലറിയപ്പെടുന്ന കാര്‍മെന്‍ ബാല്‍സെല്‍സ് തന്നെയാണ്. അറുപത് വര്‍ഷത്തിനിടയില്‍ കാര്‍മെന്‍ ബാല്‍സെല്‍സ് പ്രതിനിധാനം ചെയ്തത് ആറ് നൊബേല്‍സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ മുന്നൂറോളം മികച്ച എഴുത്തുകാരെ. വിശ്വസാഹിത്യ ചരിത്രത്തിലെ പ്രതിഭാധനരായ മരിയോ വര്‍ഗാസ് യോസയും പാബ്ലോ നെരൂദയും മാര്‍ക്കേസും അസ്തൂറിയാസും വീസെന്തെ അലഹാന്ദ്രേയും കമിലാ ഹോസെതേലയും നൊബേല്‍ സമ്മാനമുള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടുമ്പോള്‍ കാര്‍മെന്‍ ബാല്‍സെല്‍സ് എന്ന നിശ്ചയദാര്‍ഢ്യമുള്ള വനിത ഇവരുടെയെല്ലാം കാവല്‍മാലാഖയെപ്പോലെയായിരുന്നു. ലാറ്റിനമേരിക്കയ്ക്കും സ്‌പെയിനിനും പുറമേ, അമേരിക്കയിലെയും ബ്രിട്ടനിലെയും മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലെ എഴുത്തുകാരെയും ഈ ലിറ്റററി ഏജന്‍സി ഇപ്പോഴും പ്രതിനിധാനം ചെയ്യുന്നു.

Carmen

ബാല്‍സെല്‍സും എഴുത്തുകാരും

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് ഒരിക്കല്‍ കാര്‍മെനോട് ചോദിച്ചു: ''നിങ്ങളെന്നെ പ്രണയിക്കുന്നോ?'' അതിന് മറുപടിയായി അവര്‍ പറഞ്ഞത് ''എനിക്കതിന് മറുപടി പറയാന്‍ സാധിക്കില്ല, കാരണം, എന്റെ വരുമാനത്തിന്റെ മൂന്നിലൊന്നും നിങ്ങളാണ്'' എന്നായിരുന്നു. മാര്‍ക്കേസ് ലോകോത്തര എഴുത്തുകാരനായതില്‍ ഇംഗ്ലീഷ് വിവര്‍ത്തകരായ ഗ്രിഗറി റബാസ്സയെയും ഈഡിത് ഗ്രോസ്മാനെയും ഓര്‍ക്കപ്പെടുമ്പോലെയോ അതിലേറെയോ ഓര്‍ക്കേണ്ട ഒരു പേരാണ് കാര്‍മെന്റേതും. 'ഓഫ് ലവ് ആന്‍ഡ് അദര്‍ ഡീമന്‍സ്' എന്ന വിഖ്യാതകൃതി മാര്‍ക്കേസ് സമര്‍പ്പിച്ചിരിക്കുന്നത് ഇപ്രകാരമെഴുതിയാണ്: ' കാര്‍മെന്‍ ബാല്‍സെല്‍സിന് കണ്ണീരില്‍ കുളിച്ചുകൊണ്ട്'. 1960-കളില്‍ സാമ്പത്തികമായി വിഷമസന്ധിയിലായിരുന്ന മരിയോ വര്‍ഗാസ് യോസയെ ലണ്ടനില്‍ നേരിട്ട് ചെന്നുകണ്ട് മാസം 500 ഡോളര്‍ വീതം നല്‍കാന്‍ ഏര്‍പ്പാട് ചെയ്തുകൊണ്ട് കാര്‍മെന്‍ അദ്ദേഹത്തെ എഴുത്തിലേക്ക് തിരിച്ചെത്തിച്ചു. ''ഞങ്ങളെ സംരക്ഷിച്ചു, ഞങ്ങളെ കവര്‍ന്നെടുത്തു, ഞങ്ങളെ ശാസിച്ചു, കൃത്യമായ അവബോധത്തോടെയും ദയാവായ്‌പോടെയും അവസരത്തിനൊത്ത് ഞങ്ങളോടൊപ്പം നിന്ന് എഴുതിക്കിട്ടാന്‍ വേണ്ടി മാത്രമല്ലായിരുന്നു അത്. അവരോടൊപ്പം ജോലിചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച ഞങ്ങളെപ്പോലുള്ള എഴുത്തുകാര്‍ക്ക് അവര്‍ കേവലം ഏജന്റ്് എന്നതിനെക്കാളപ്പുറം മറ്റെന്തെല്ലാമോ ആയിരുന്നു'' എന്നാണ് യോസ കാര്‍മെനെക്കുറിച്ച് പറഞ്ഞത്.

പ്രശസ്ത യുറുഗ്വായ് എഴുത്തുകാരനായ ഹുവാന്‍ കാര്‍ലോസ് ഒനെറ്റി തന്റെ അവസാനത്തെ നോവല്‍ സമര്‍പ്പിച്ചിട്ടുള്ളത് 'നന്ദി പറയാന്‍വേണ്ടി മാത്രം, കാര്‍മെന്‍ ബാല്‍സെല്‍സിന്' എന്നാണ്. ഒനെറ്റിയുടെ ഭാര്യ ഡൊറോത്തെയ മെര്‍ പറയുന്നതിപ്രകാരമാണ്, 'ഹുവാന്‍ (ഒനെറ്റി) എഴുതി. പക്ഷേ, പുസ്തകമായിക്കഴിഞ്ഞ് പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് ഗൗനിക്കാതെ കാര്‍മെന്‍ അതേറ്റെടുത്തുനടത്തി. ഇംഗ്ലീഷിലും ഫ്രഞ്ചിലും ജാപ്പനീസിലും റഷ്യനിലും... എല്ലായിടത്തും അവരത് പ്രസിദ്ധീകരിച്ചുകൊണ്ടേയിരുന്നു, ഇന്നലെവരെ... ഹുവാനെ കണ്ടെത്തിയത് കാര്‍മെനാണ്. പെപെ കരവായ്യോ എന്ന കുറ്റാന്വേഷകന്റെ കഥാകാരന്‍ മാനുവേല്‍ വാസ്‌കേസ് മൊണ്‍ടാല്‍ബാന്‍ 'വിമോചക' എന്നാണ് കാര്‍മെനെ വിശേഷിപ്പിച്ചത്. 'എഴുത്തുകാര്‍ മുന്‍പ് ആജീവനാന്ത കരാറുകളിലേര്‍പ്പെട്ടിരുന്നു, ചിലപ്പോള്‍ അത് തുച്ഛമായ പണത്തിനും ചിലപ്പോഴത് ചെറിയ സമ്മാനങ്ങളിലും മാത്രമൊതുങ്ങി... ഇതില്‍നിന്നെല്ലാമുള്ള മോചനം സാധ്യമാക്കിയ വിമോചക.'

ചിലിയന്‍ എഴുത്തുകാരനും ഫോക്‌നര്‍ അവാര്‍ഡ് ജേതാവുമായ ഹോസെ ഡൊണോ സോ കാര്‍മെനെ 'കാവല്‍മാലാഖയെന്നും സമകാലിക സാഹിത്യത്തിന് വഴികാട്ടിയായ പ്രതിഭ'യെന്നും അടയാളപ്പെടുത്തുന്നു.ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റുപോയ The House of spirits, Eva Luna തുടങ്ങിയ പുസ്തകങ്ങുളുടെ എഴുത്തുകാരി ഇസബെല്‍ അലെന്‍ദെ പറയുന്നത് ഇങ്ങനെ: ''ഞാനവരെ മദ്രാസ (indulgent mother) എന്നാണ് വിളിച്ചിരുന്നത്. മൂന്ന് പതിറ്റാ ണ്ടുകള്‍ക്കുമുന്പ് വെനസ്വേലയില്‍ ഞാന്‍ രാഷ്ട്രീയ അഭയം പ്രാപിച്ച് കഴിയവേ, ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന എന്റെ The House of spirits എന്ന കൃതിയുടെ കൈയെഴുത്തുപ്രതി കൊണ്ടുപോയി അവരതിനെ ലോകപ്രശസ്തമാക്കി. എന്റെ ജീവിതാവസ്ഥയ്ക്കും എന്തിന്, ഞാനിന്നുവരെ എഴുതിയ ഓരോ വാക്കിനും എന്നും ഞാന്‍ കാര്‍മെന്‍ ബാല്‍സെല്‍സിനോട് കടപ്പെട്ടിരിക്കുന്നു. സ്പാനിഷ് ഭാഷാ സാഹിത്യലോകത്തെ രാജ്ഞിയാണവര്‍''.

carmen and marquez
കാര്‍മെനും മര്‍ക്കേസും

1960-'70 കളിലെ ലാറ്റിനമേരിക്കന്‍ ബൂം എന്നറിയപ്പെടുന്ന സാഹിത്യവളര്‍ച്ചയില്‍ കാര്‍മെന്‍ ബാല്‍സെല്‍സ് ലിറ്റററി ഏജന്‍സി നിസ്തുലമായ പങ്കാണ് വഹിച്ചതെന്ന് അതിലുള്‍പ്പെട്ട മിക്ക സാഹിത്യകാരന്മാരും പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരു സൂപ്പര്‍ ഏജന്റ് ഇല്ലായിരുന്നെങ്കില്‍ ലാറ്റിനമേരിക്കന്‍ ബൂമിന്റെ വിധി മറ്റൊന്നാകുമായിരുന്നു. തന്റെ ഒറ്റയാള്‍ പോരാട്ടംകൊണ്ട് എഴുത്തുകാരെ അന്തസ്സുറ്റവരാക്കുകയും സര്‍ഗാത്മക എഴുത്തെന്ന കലയെ ഉപജീവനത്തിനും സമ്പാദനത്തിനും പ്രാപ്തമാക്കുകയും ചെയ്യിച്ച മാര്‍ഗദര്‍ശിയാണ് കാര്‍മെന്‍. എഴുത്തുകാര്‍ക്കായി ഉറച്ചനിലപാടെടുക്കുകയും എന്നാല്‍, അവരെ ബിസിനസ് താത്പര്യങ്ങള്‍ക്കപ്പുറം ഉറ്റമിത്രങ്ങളാക്കി മാറ്റിയ കുലീനയായ സ്ത്രീ. എഴുത്തുകാര്‍ക്ക് അവരര്‍ഹിച്ച പണം നല്‍കുക മാത്രമല്ല, അവരുടെ കുടുംബത്തിന്റെ ചുമതലകളില്‍ പലതും ഏറ്റെടുത്ത് എഴുത്തുകാരെ എഴുത്തിന്റെമാത്രം സ്വാതന്ത്ര്യത്തിലേക്ക് കാര്‍മെന്‍ എടുത്തുയര്‍ത്തി. 2015 സെപ്റ്റംബര്‍ ഇരുപതാം തീയതി കാര്‍മെന്‍ യാത്രയായി. അനുശോചന സന്ദേശത്തില്‍ മരിയോ വര്‍ഗാസ് യോസ ഇങ്ങനെയെഴുതി... 'Carmen dearest, see you soon...!'

Content Highlights : Sidharthan pays homage to popular  literary Agent Carmen Balsels