യിരത്തോളം അപൂർവഗ്രന്ഥങ്ങളുടെ ശേഖരവുമായി ഡിജിറ്റൽ ലോകത്തെ ഒറ്റയാൾസാന്നിധ്യമാവുകയാണ് ഷിജു അലക്സ്. ബെംഗളൂരുവിൽ  ഇലക്‌ട്രിക്കൽ കമ്പനിയിൽ ടെക്‌നിക്കൽ റൈറ്ററായി ജോലിനോക്കുന്ന ഷിജു കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടയിൽ ഡിജിറ്റലൈസ് ചെയ്ത്‌ മലയാളിക്കു സമ്മാനിച്ചത് സംക്ഷേപവേദാർഥം മുതൽ ഇന്ദുലേഖ ഒന്നാംപതിപ്പുവരെ അമൂല്യങ്ങളായ നിരവധി പുസ്തകങ്ങൾ.

ഷിജുവിന്റെ http://shijualex.in എന്ന ബ്ലോഗ് സന്ദർശിക്കുന്നവർക്ക് അത്യപൂർവങ്ങളായ മലയാളപുസ്തകങ്ങൾ വിരൽത്തുമ്പിൽ വായിക്കാം. സൗജന്യമായി ഡൗൺലോഡ് ചെയ്തെടുക്കാം. ലോകത്തിന്റെ വിവിധകോണുകളിൽനിന്ന് ആദ്യകാല മലയാളരചനകൾ തേടിപ്പിടിച്ച്  അവയെ ഭാഷയുടെ ഡിജിറ്റൽ സഞ്ചയത്തിലേക്ക് മുതൽക്കൂട്ടുകയാണ് ഈ മുപ്പത്തിയഞ്ചുകാരൻ.

കേരളവും മലയാളവുമായി ബന്ധപ്പെട്ടതും 1955-നുമുമ്പ് രചയിതാവ് മരിച്ചതിനാൽ സ്വാഭാവികമായി പൊതുസഞ്ചയത്തിൽ എത്തിയതുമായ കൃതികളിലാണ് ഈ യുവാവിന്റെ കണ്ണെത്തുന്നത്. 1678-1693 കാലത്ത് പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കസിന്റെ 12 വാള്യങ്ങളും ഷിജുവിന്റെ ബ്ലോഗിൽ ലഭ്യമാണ്.

ശ്രീകണ്ഠേശ്വരം ശബ്ദതാരാവലി രണ്ടാംപതിപ്പിന്റെ വാള്യങ്ങൾ, ഗുണ്ടർട്ടിന്റെ മലയാൺമയുടെ വ്യാകരണം, അർണോസ് പാതിരിയുടെ ഗ്രന്ഥോനിക്കോ മലബാറിക്കം, ബെഞ്ചമിൻ ബെയിലിയുടെ മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം നിഘണ്ടുക്കൾ, 1877-ലെ ഘാതകവധം, ബാസൽ മീഷൻ പ്രസിദ്ധീകരിച്ച ഏറ്റവും പഴയ കൃസ്തീയഗീതങ്ങൾ, ഭാഷാചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒട്ടനവധി മിഷണറി രേഖകൾ തുടങ്ങിയവ  ഷിജുവിന്റെ ബ്ലോഗിലുണ്ട്. 

പാലക്കാട് പനയമ്പാടം സ്വദേശിയായ ഷിജു എം.എസ്‌സി. അസ്‌ട്രോഫിസിക്സിനുശേഷം മെച്ചപ്പെട്ട അവസരം തേടി ചെന്നൈയിലും പുണെയിലും കറങ്ങിനടന്ന കാലത്താണ് മലയാളം ബ്ലോഗെഴുത്തിന്റെ ലോകത്ത് പ്രവേശിക്കുന്നത്. മലയാളം വിക്കിപീഡിയയുടെ സഹോദരസംരംഭമായ വിക്കിഗ്രന്ഥശാല കൊഴുപ്പിക്കുന്നതിനുവേണ്ടി മലയാളത്തിലെ ആദ്യകാലപുസ്തകങ്ങൾ തിരഞ്ഞുപോയതായിരുന്നു തുടക്കം.

കെ.എം. ഗോവിയുടെ ആദ്യമുദ്രണം ഭാരതത്തിലും മലയാളത്തിലും  എന്ന പുസ്തകം കൈയിലെത്തുന്നത് അങ്ങനെയാണ്. 1678 മുതൽ 1870 വരെ കേരളത്തിൽ അച്ചടിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടിക വളരെ വിദഗ്‌ധമായി അദ്ദേഹം തയ്യാറാക്കിവെച്ചിരുന്നു, കെ.എം. ഗോവിയുടെ പട്ടികപ്രകാരമുള്ള പുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം ചെന്നുനിന്നത് ഗൂഗിൾ ബുക്സിലും യൂറോപ്യൻ ലൈബ്രറികളുടെ വെബ്‌സൈറ്റുകളിലുമാണ്.

ഗുണ്ടർട്ടിന്റെ മലയാളനിഘണ്ടു, ഗുണ്ടർട്ടും ഗാർത്ത് വൈറ്റും ചേർന്നെഴുതിയ മലയാള വ്യാകരണ ചോദ്യോത്തരം, കേരളോത്പത്തി, റോബർട്ട് ഡുർമണ്ടിന്റെ Grammer of malabar language, ജോസഫ് പിറ്റിന്റെ A grammer of the Malayalam language തുടങ്ങി ഇരുപത്തഞ്ചോളം പുസ്തകങ്ങൾ അവിടെനിന്നു കിട്ടി. അവ  പ്രോസസ് ചെയ്ത്‌ ബ്ലോഗിൽ പോസ്റ്റുചെയ്തത് ഏറെപ്പേരുടെ ശ്രദ്ധയാകർഷിച്ചു. 

ബെംഗളൂരുവിലെ ധർമാരാം വൈദികസെമിനാരിയുടെ ലൈബ്രറിയിൽ ഭാഷയിൽ  അച്ചടിച്ച ആദ്യപുസ്തകമായ സംക്ഷേപവേദാർഥ(1772)ത്തിന്റെ ആദ്യപതിപ്പ് ഉണ്ടെന്ന വിവരം ഒരു സുഹൃത്ത് മുഖേനയാണ് അറിഞ്ഞത്. സെമിനാരി വിദ്യാർഥിയായ ജെഫ് ഷോൺജോസാണ് പേജുകൾ പകർത്താൻ സഹായിച്ചത്. തൊട്ടുപിറകെ ഇന്ത്യയിൽ അച്ചടിക്കപ്പെട്ട ആദ്യമലയാളപുസ്തകമായ  റമ്പാൻ  ബൈബിളും (1811-ൽ ബോംബെയിലെ കൂറിയർപ്രസ്സിൽ അച്ചടിച്ചത്) കേരളത്തിൽ അച്ചടി നിർവഹിക്കപ്പെട്ട ആദ്യപുസ്തകമായ ‘ചെറുപൈതങ്ങൾക്ക്‌ ഉപകാരാർഥം ഇംക്ളീശിൽനിന്ന്‌ പരിഭാഷപ്പെടുത്തിയ കഥകളും’ (1824-ൽ കോട്ടയത്തെ സി.എം.എസ്. പ്രസ്സിൽ അച്ചടിച്ചത്) ബ്ലോഗിൽ പോസ്റ്റ് ചെയ്യാൻ കഴിഞ്ഞു.

പ്രമുഖ ഭാഷാശാസ്ത്രകാരനായ ഡോ. സ്കറിയ സക്കറിയയുമായുള്ള അടുത്തബന്ധമാണ് മഹാനായ ഗുണ്ടർട്ടിന്റെ ഏതാനും രചനകൾ വെളിച്ചത്തുകൊണ്ടുവരുന്നതിന് നിമിത്തമായത്. എൺപതുകളിൽ ജർമനിയിലെ ടുബിങ്ങൻ സർവകലാശാല സന്ദർശിച്ച് അദ്ദേഹം ഗുണ്ടർട്ട് ഗ്രന്ഥശേഖരം കണ്ടെത്തിയത് ഏറെ ചർച്ചാവിഷയമായിരുന്നു.  1870-ൽ കേരളത്തോടു വിടപറഞ്ഞ് ഗുണ്ടർട്ട് ജർമനിക്ക് മടങ്ങിയപ്പോൾ  കൂടെക്കൊണ്ടുപോയ കയ്യെഴുത്തുപ്രതികളുടെയും അപൂർവരചനകളുടെയും ശേഖരമാണ് ജർമനിയിൽ ഇന്നും ശ്രദ്ധാപൂർവം സൂക്ഷിക്കുന്നത്. 

കേരളം കണ്ടിട്ടില്ലാത്ത ഗുണ്ടർട്ട് ശേഖരത്തിൽ ചെറിയ ഭാഗമെങ്കിലും മലയാളിക്കു പരിചയപ്പെടുത്തുന്നത് ഗുണകരമാവുമെന്ന ആഗ്രഹചിന്തയാണ് അവിടേക്ക് ഒരു ഇമെയിൽ അയച്ചുനോക്കാൻ ഷിജുവിനെ പ്രേരിപ്പിച്ചത്. ഒരു പരീക്ഷണമെന്നോണം അയച്ച കത്തിന് വളരെവേഗം മറുപടികിട്ടി. ഗുണ്ടർട്ട് ശേഖരത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തിയതിലുള്ള പ്രത്യേക നന്ദിക്കൊപ്പം അവ ഡിജിറ്റലൈസ് ചെയ്യുന്നതിനെക്കുറിച്ച് സർവകലാശാല ആലോചിക്കുന്ന വിവരവും ടുബിങ്ങൻ ഇൻഡോളജിസ്റ്റായ ഡോ. ഹൈക്കെ മോസർ നൽകിയ മറുപടിയിലുണ്ടായിരുന്നു.

2013 സെപ്റ്റംബറിൽ കൊച്ചിയിൽ വിമാനമിറങ്ങിയ ഡോ. മോസറുടെ പെൻഡ്രൈവിൽ ഗുണ്ടർട്ടിന്റെ ഒരായിരം പഴഞ്ചൊല്ലുകൾ, പഴഞ്ചൊൽമാല എന്നിവയുടെ സ്കാൻചെയ്ത പകർപ്പുകളുണ്ടായിരുന്നു. ഷിജുവിന്റെ ബ്ലോഗിലൂടെയാണ് മലയാളി ആ രണ്ടുപുസ്തകങ്ങളും  തൊട്ടും വായിച്ചും  അറിഞ്ഞത്. ഇക്കഴിഞ്ഞമാസം ടുബിങ്ങൻ സർവകലാശാലയിൽ  ആരംഭിച്ച ഗുണ്ടർട്ട് രേഖകളുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ നേരിൽ കാണാൻ ഷിജു ജർമനി സന്ദർശിക്കുകയുണ്ടായി. 

ശബ്ദതാരാവലിയുടെ 1923-ലെ രണ്ടാം പതിപ്പ്, 1848-ലെ ക്രിസ്തീയപാട്ടുപുസ്തകം, 1906-ലെ സദാചാരഗതി, 1916-ലെ സാഹിത്യപ്രവേശിക, ജ്ഞാനനിക്ഷേപം, ജ്ഞാനകീർത്തനങ്ങൾ, ഘാതകവധം, വേദവിഹാരം, നമ്പ്യാരുടെ പാത്രചരിതം എന്നിവയുടെയെല്ലാം ആദ്യപതിപ്പുകൾ, The history of the church missionary society  യുടെ നാലു വാല്യങ്ങൾ, ഇന്ദുലേഖ ഒന്നാംപതിപ്പ്, തുടങ്ങിയവയെല്ലാം ഷിജു ഡിജിറ്റലൈസ് ചെയ്തു.

ബെംഗളൂരുവിലെ  ബെഞ്ചമിൻ വർഗീസ്, ബൈജു രാമകൃഷ്ണൻ എന്നിവരാണ് ഷിജുവിന് എല്ലാ സാങ്കേതികസഹായങ്ങളും നൽകിവരുന്നത്. ‘‘മലയാളത്തെ സ്നേഹിക്കുന്ന ഉദ്യോഗസ്ഥരും ഭരണാധികാരികളും ആദ്യം ചെയ്യേണ്ടത് ഇതുവരെ ഡിജിറ്റലൈസ് ചെയ്തിട്ടുള്ളതും പൊതുസഞ്ചയത്തിൽപ്പെടുന്നതുമായ രേഖകൾ മുഴുവൻ  പൊതുഉപയോഗങ്ങൾക്കായി തുറന്നുകൊടുക്കുക എന്നതാണ്. പൊതുഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങൾ പൊതുജനത്തിന് ഉപകാരപ്പെടാതെപോകരുത്.’’ -ഷിജു വ്യക്തമാക്കുന്നു. 

 venualapuza@gmail.com