'ങ്ങള്‍ നടക്കുകയും സംസാരിക്കുകയും പര്‍വതങ്ങള്‍ കയറുകയും കടലുകള്‍ നീന്തിക്കടക്കുകയും ചെയ്യുന്ന അതേ കാരണത്താലാണ് എഴുതുന്നതും. അതേ, ഞങ്ങള്‍ക്കത് സാധ്യമാണ്. മറ്റുള്ളവരോട്‌വിവരിക്കാന്‍ ഉള്ളിലുണരുന്ന അതേ വ്യഗ്രത ഞങ്ങള്‍ക്കുമുണ്ട്. അതിനാലാണ് ഞങ്ങള്‍ ചിത്രം വരയ്ക്കുന്നത്. അതിനാല്‍ത്തന്നെയാണ് ഞങ്ങള്‍ മറ്റുള്ളവരെ പ്രണയിക്കാന്‍ ധൈര്യപ്പെടുന്നതും. ഞങ്ങള്‍ സ്വയം എന്തെന്ന് മറ്റുള്ളവരോട് വിവരിക്കാന്‍ അടക്കാനാവാത്ത ആഗ്രഹമുണ്ട്. എത്ര പൊക്കമുണ്ടെന്നോ, എത്ര മെലിഞ്ഞിട്ടാണെന്നോ അല്ല, ഉള്ളില്‍ ഞങ്ങള്‍ എന്താണെന്ന് പറയുക. ഒരുപക്ഷേ, ആത്മീയമായി ഞങ്ങള്‍ എന്താണെന്നുപോലും പറയുക. ഞങ്ങളുടെ ആത്മീയസത്തയെ, ആത്മാവിനെ മറനീക്കിക്കാണിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നതെന്തോ ഉണ്ട്. ഞങ്ങളിലെ ധൈര്യം എത്രയുണ്ടോ അത്രയും വിജയകരമായിത്തന്നെ ഞങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ പറയാന്‍ കഴിയും.'' സാഹിത്യരചനയുടെ പെണ്ണാഴങ്ങളെ മയാ ആഞ്ജലോ (2012) ഇങ്ങനെയാണ് വെളിവാക്കുന്നത്.

ഇന്നിന്റെ രചനകള്‍ക്കുള്ള ഏറ്റവും വലിയ സവിശേഷതയായി നൊബേല്‍ പുരസ്‌കാരമേറ്റുവാങ്ങിയ ഓള്‍ഗ ടൊകാര്‍ട്ചുക് വിശേഷിപ്പിക്കുന്നത് അവയുടെ കോണ്‍സ്റ്റലേഷന്‍ സ്വഭാവമാണ്. അതായത്, സകലതും  വായനയുടെ ഭാവനയ്ക്ക് വിടുന്ന രീതി. എഴുത്തുകാരുടെ രചനയ്ക്ക് വേണ്ടവിധത്തില്‍ അര്‍ഥപൂര്‍ണമായ രൂപം നല്കാനുള്ള ഉത്തരവാദിത്തം വായനക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ട്. കഥകളും ആഖ്യാനങ്ങളും ചിത്രീകരണങ്ങളുമെല്ലാം എഴുത്തുകാരിയുടെ/കാരന്റെ ലോകത്തില്‍നിന്ന് വായനക്കാരിയുടെ/കാരന്റെ ലോകത്തിലേക്ക് കടന്നെത്തുകയും വായനയുടെ സാധ്യതകളിലൂടെ സാര്‍ഥകതയും സഫലതയും തേടുകയും ചെയ്യും. എഴുത്തില്‍ നിന്ന് വായനയുടെ ലോകത്തേക്കുള്ള ഈ നൈരന്തര്യം ഒരു രാഷ്ട്രീയപ്രക്രിയയാണ്.

അന്നിരുപത്തൊന്നില്‍

എഴുത്തിന് എല്ലാക്കാലത്തെക്കാളും പ്രാധാന്യം കൈവന്നിരിക്കുകയാണ് ഇന്ന്. ഇരുളുന്ന മനസ്സും അറ്റുവീണ നാവുമായി ഒരു ദേശം ഇഴഞ്ഞുനടക്കേ, മാനവികതയുടെ മൂല്യംതീര്‍ത്തും അപ്രസക്തമാകേ, കലാപങ്ങള്‍ക്ക് ഉത്തരം കണ്ണീരുംചോരയും പാതിവെന്ത മനസും മാത്രമായി അവശേഷിക്കേ പഴംപാണനാരുടെ ഉടുക്ക് കൈയിലെടുത്ത് അനുഭവങ്ങളുടെ മാറാപ്പും തോളിലേന്തി സാംസ്‌കാരികമായ പുതുസമവാക്യവുമായി എഴുത്തുകാര്‍ മുന്നോട്ടുവരുന്നു. അവര്‍ ചാവേറുകള്‍ പോലെ പ്രതിരോധങ്ങള്‍ തകര്‍ത്തുകൊണ്ട് വീണ്ടും വീണ്ടും മുന്നേറുകയായി. തടുക്കാന്‍ കൈയിലുള്ളത് ഏകകവചമായ ഓര്‍മകളുടെ രാഷ്ട്രീയം മാത്രം. അതാകട്ടെ ചരിത്രത്തിന്റെ തെറ്റിദ്ധരിക്കപ്പെടുന്ന വ്യാഖ്യാനങ്ങള്‍ വകഞ്ഞുമാറ്റുന്ന, ചരിത്രേതരമായ ഉണ്മകളുടെആഖ്യാനങ്ങള്‍ മാത്രം; തലമുറകള്‍ ആ വാമൊഴിപ്പകര്‍ത്തലുകളുടെ ഉടയോരും.

ഇന്നിന്റെ ബോധപൂര്‍വമായി മെനഞ്ഞെടുത്ത വ്യാജചരിത്രനിര്‍മിതികളെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയം, ഓര്‍മകളെ തോറ്റിയെടുത്ത് പുന:സ്ഥാപിക്കുക മാത്രമാണ്, ഷാഹിന കെ റഫീഖിന്റെ കഥകളുടെ ഘടനയില്‍ അന്തര്‍ലീനമാണ് ഓര്‍മകളുടെ ആവാഹനം എന്ന അത്യന്തം ക്ലേശകരമായ ഈ രാഷ്ട്രീയം. അന്നിരുപത്തൊന്നില്‍ മാജിക്കല്‍ റിയലിസത്തിന്റെ മാസ്മരികതകതയില്‍ ഒരു നിമിത്തംപോലെ ഉള്ളില്‍നിന്ന് പ്രത്യക്ഷമാകുന്ന ഒരു അപരസ്വത്വം, ജിന്ന്, എഴുത്തുകാരിക്ക് പകരുന്നതും തെളിമയുള്ള ഓര്‍മകളാണ്; പ്രതിരോധരാഷ്ട്രീയത്തിന്റെ കരുത്തുള്ള അഭയസൂചികകള്‍. അവ കാലമാപിനിയെന്നപോലെഒരു നൂറ്റാണ്ടുമുന്‍പുള്ളഏറനാട്ടുകാരുടെ സമരവീര്യത്തെ തോറ്റിയുണര്‍ത്തുന്നു.

1921ല്‍ കമ്പളത്ത് ഗോവിന്ദന്‍നായര്‍ രചിച്ച പടപ്പാട്ടില്‍ അധിനിവേശസമൂഹത്തെ തുരത്താന്‍ ഇറങ്ങിയ മാപ്പിളപ്പടയെക്കുറിച്ചും മാപ്പിളക്കലാപം അടിച്ചമര്‍ത്താന്‍ മുന്നിട്ടുവന്ന ഹിച്‌കോക്കിനെ കല്ലെറിഞ്ഞുകൊന്നതിനെക്കുറിച്ചും 1944 ല്‍ വള്ളുവമ്പ്രത്ത് നാട്ടുപട തകര്‍ത്ത ഹിച്‌കോക്കിന്റെ സ്മാരകത്തെക്കുറിച്ചുമുള്ള പരാമര്‍ശം ഭൂരിപക്ഷത്തിന്റെ ചരിത്രം തന്നെയാണ്. അന്നൊരിക്കല്‍, തന്റെ കൗമാരകാലത്ത്, ബസ് സ്‌റ്റോപ്പില്‍ വന്ന് മുന്നില്‍നിന്ന പെണ്ണ്- കാച്ചിയും തട്ടവും തളയുമിട്ട് കാലത്തിനപ്പുറത്തെങ്ങോ നിന്ന് കണ്മുന്നില്‍ വന്നുനിന്ന് മിന്നായം പോലെ മറഞ്ഞവള്‍! അവളുടെ ജീവിതം, സമരം, ആരുമറിയാതുള്ളിലൊളിപ്പിച്ച പ്രണയത്തീച്ചൂട്, പലായനം, പീഡനം, അവളുടെ പ്രണയവീര്യത്തെ ആന്‍ഡമാനിലേക്ക് നാടുകടത്തിയതിന്റെ തോരാപ്പെയ്ത്ത് ഇതെല്ലാം ചരിത്രത്തില്‍ എഴുതിവയ്ക്കാന്‍, വരും തലമുറയെ കേള്‍പ്പിക്കാന്‍ ജന്മനിയോഗം പേറുന്ന കാലത്തിന്റെ കണ്ണാകുന്നു എഴുത്ത് എന്ന് പറഞ്ഞുകൊടുക്കുകയാണ് ജിന്ന് എന്ന അപരസ്വത്വം. അത് എഴുത്തിലേക്ക് അലിയിച്ചിറക്കിയൊഴുക്കുംവരെ തുമ്മലും കണ്ണീരും, പനിക്കുളിരും ഉറക്കം കൈവിട്ട രാവുകളുടെ ചടപ്പും ആര്‍ത്തവനേരങ്ങളിലെന്നപോലെ അടിവയറ്റിലും കാലുകളിലും കൊളുത്തിവലിക്കുന്ന മിന്നല്‍നോവുകളും നാവിനുചുറ്റും ഉപ്പുചുവയില്‍ ഉറവപൊട്ടുന്ന നേര്‍ത്ത ചൂടുള്ള ഓക്കാനവും കഴുത്തിനുതാഴെ കനംതൂങ്ങുന്ന പറഞ്ഞറിയിക്കാനാവാത്ത പരവശതയുമെല്ലാം നേരിട്ടനുഭവിച്ച്, ഉന്മാദിയോ അതിവിഷാദയോ അല്ലാഞ്ഞിട്ടും എഴുത്തിന്റെ രാഷ്ട്രീയത്തിലേക്ക്, എഴുത്തിന്റെ ഈറ്റുനോവിന്‍ ചുഴിയിലും മലരിയിലും താണുനിവരുന്ന, ഇബ്‌ലീസല്ലാത്ത, ചരിത്രത്തിന്റെ അസ്‌ക്യതയുള്ള ഒരു ജിന്നാണ്, പ്രണയാതുരത കാക്കുന്ന പെണ്ണാണ് തന്റെ എഴുത്തതികാരപ്പൊരുള്‍ എന്ന മാനിഫെസ്‌റ്റോയുമായാണ് ബോധമറകളെല്ലാം ഉടച്ചുവാര്‍ത്തുകൊണ്ട് ഷാഹിനയിലെ മര്‍മം തിരിച്ചറിഞ്ഞ എഴുത്തുകാരി ഇറങ്ങിവരുന്നത്.

'അന്നിരുപത്തൊന്നില്‍' മുന്നോട്ടുവയ്ക്കുന്ന സ്ത്രീകളുടേതുമാത്രമായൊരു ബദല്‍ലോകമുണ്ട്. ആണ്‍വാഴ്ചാ വ്യവസ്ഥയില്‍ തുടരുമ്പോഴും സ്വന്തം ഇടം തേടുന്ന യുവതികളുടെ നാള്‍വഴികളാണ് തുടക്കമെന്നോണം എഴുത്തിലേക്ക് നിര്‍ദ്ദേശിക്കപ്പെടുന്നത്. ഉച്ചതിരിയുന്നതോടെ ഒരുമിച്ചുകൂടുന്ന വീട്ടമ്മമാര്‍ കൂടിയായ കൂട്ടുകാര്‍. അവരൊത്ത് കാതലുള്ള സിനിമകള്‍ കാണലും ചര്‍ച്ചയും. അടച്ചുവച്ചപായ്ക്കറ്റുകളിലെ ഭക്ഷണസാധനങ്ങള്‍, കാലഹരണപ്പെട്ട സാമൂഹികാചാരങ്ങളിലെ ജീര്‍ണ്ണതകള്‍ പോലെ പുറന്തള്ളപ്പെടേണ്ടതുതന്നെയാണ്. അവരുടെ അലസകൗതുകങ്ങള്‍ക്കുപോലുമുണ്ട് രാഷ്ടീയം; അകലെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകളുടെ കലംകാരി, ഇക്കത്ത്‌നെയ്ത്തിലെ വര്‍ണവിസ്മയങ്ങള്‍ ദേശീയതയ്ക്ക് പര്യായങ്ങളാവുന്നു.ആ നിറങ്ങളിലും കരവിരുതിലുമായി തളയ്ക്കപ്പെട്ട ജീവിതങ്ങള്‍ പങ്കിട്ടെടുക്കുന്ന ദേശീയതയെ ഒരു പെണ്ണിനും കണ്ടില്ലെന്നുവയ്ക്കാനാവില്ല. ഇബ്‌ലിസ് എന്ന ആനുകാലിക ചിത്രത്തിലെ പ്രേതബാധ യാഥാര്‍ഥ്യത്തിന് സാധ്യമാക്കാനാവാത്ത അനുഭവങ്ങളുടെ ക്രിയാത്മക രഹസ്യങ്ങളിലേക്ക് അവരെ ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു.
 
രാത്രി വീട്ടിലായിരിക്കുമ്പോഴും കഥാപാത്രങ്ങള്‍ തലമണ്ടയില്‍ ഓടിനടക്കുന്ന അശാന്തി. വീട്ടില്‍ ഭര്‍ത്താവ് ഇല്ലാത്ത നാളുകളില്‍ തനിച്ചാവുന്ന സ്ത്രീകളുടെ ഒച്ചയുടെ താനഭേദങ്ങളില്‍പ്പോലും നാനാര്‍ഥം വായിച്ചെടുക്കാന്‍ ചുറ്റുമുള്ളവര്‍ ശ്രമിച്ചേക്കാമെന്നതുകൊണ്ട് അസുഖം വന്നാല്‍ മൂളാന്‍പോലും ആവാത്ത സ്വാതന്ത്ര്യം ഒരു വിവാഹിതയ്ക്കുണ്ട്. എങ്കിലും ആ അര്‍മാദം ഏറ്റുപറയാന്‍ പോന്ന സുതാര്യതയും എഴുത്തില്‍ കടന്നുവരുന്നു. നേരം പുലര്‍ന്നിട്ടും നീളുന്ന ഉറക്കം, നാമമാത്രമാകുന്ന പാചകം, ഇസ്തിരിയിട്ടപോലെ വിശ്രമിക്കുന്ന അടുക്കള. ഭര്‍ത്താവിന്റെ കുശലാന്വേഷണത്തിന് 'പരമസുഖം' എന്ന സത്യസന്ധമായ മറുപടി. കുടുംബവും ഭാര്യാഭര്‍തൃബന്ധവും പുനര്‍നിര്‍വചിക്കപ്പെട്ടുകൊണ്ട് പെണ്ണിടം രൂപപ്പെടുന്നതിന്റെ കാഴ്ച അത്രമേല്‍ സ്വാഭാവികമായി നിവരുന്നു. കാലങ്ങളുടെ കനല്‍പ്പാടുകളിലൂടെ വിളയിച്ചെടുത്ത തലമുറകളുടെ സ്വപ്നം! എന്നാല്‍കുടുംബത്തിലിപ്പോഴും മുന്‍തലമുറ ഈ പൊളിച്ചെഴുത്തുകള്‍ക്കു നേരെ ശീലംകൊണ്ട് വിമുഖരാകുന്ന ചിത്രവും സ്വാഭാവികം. ഒറ്റയ്ക്കിരുത്തം, അന്യന്‍ സ്‌റ്റൈലില്‍ നരിയും നാരിയുമായി തോന്നിയ പോലൊരു നടത്തം, വീട്ടിലെത്തുന്നവരെ വാതില്‍പ്പഴുതിലൂടെ ഒളിഞ്ഞുനോക്കി അവരുടെ ചേഷ്ടകള്‍ കണ്ടുരസിക്കല്‍, ഉച്ചതിരിയുമ്പോള്‍ പേരമരത്തിന്റെ നിഴലും വെയിലും ഇണചേരുന്നതിനു മനസ്സൊരുക്കുന്ന സംഗീതം, പിന്നെ, വയ്യാതാകുമ്പോള്‍, തളരുമ്പോള്‍ ചേര്‍ത്തുപിടിക്കുന്ന കാമുകന്റെ (അയാള്‍ക്ക് പക്ഷേ, വൃത്തിയുള്ള കാല്പാദങ്ങളും വെട്ടിയൊതുക്കിയ നഖങ്ങളും തീര്‍ച്ചയായും വേണം.) കരുതലിനായുള്ള ദാഹം, ജിന്നായാലും ശരി അനുവാദമില്ലാതെ മേത്ത് തൊടുന്നത് ഇഷ്ടമില്ലെന്ന തുറന്നുപറച്ചില്‍, 'എനിക്ക് ഏകാന്തത ഇഷ്ടമാണ്'' എന്ന നാട്യം പൊളിച്ചെടുത്ത് അവധാരണം ചെയ്ത് ഉള്ളിലെ അശരണതകളൊടുക്കല്‍, ചെറുനാരങ്ങാമണം, യിദ്ദിഷ് (ക്ലെസ്‌മെര്‍) ഗൃഹാതുരസംഗീതം, ജിന്നിനുപോലും പിടിക്കാത്ത മുടിവെട്ട്, കനവില്‍പോറ്റുന്ന ഉങ്കുവാവയെന്ന മോള്‍, വിധേയത്വത്തോട് എന്നും തിരിഞ്ഞുനില്ക്കുന്ന തന്റേടം, വ്യവസ്ഥയെ ചോദ്യംചെയ്യും പെണ്‍പാരമ്പര്യം, സ്വന്തം വേര് തിരിച്ചറിയാതെ, ചരിത്രബോധമില്ലാതെ പൊങ്ങുതടിപോലൊഴുകുന്നതിനെ വലിച്ചെറിയാനുള്ള വ്യക്തിസ്വാതന്ത്ര്യം, തന്റെ പ്രാന്തുകളും കഥകളും സ്‌നേഹോം ഒക്കെ ഇട്ടുവയ്ക്കാന്‍ ഒരിടം ആണ്‍നെഞ്ചില്‍ തിരയുന്ന അവധൂതസ്വപ്നസഞ്ചാരം, നാടിന്റെ വിഘടിത മതനീതികളാല്‍ ചോര്‍ന്നുപോകുന്ന പ്രണയമോര്‍ത്തുള്ള പെരുംനോവ്... ഇതെല്ലാമെല്ലാം ചേരുന്ന സമാന്തരമായ ഒരു പെണ്‍വാഴ്‌വ്കൂടി മാനിഫെസ്റ്റ് ചെയ്യുകയാണ് 'അന്നിരുപത്തൊന്നില്‍'!

ആണ്‍ബോധങ്ങളെ എഴുത്തിന്റെ എലുകയ്ക്കപ്പുറത്തേക്ക് നീക്കിനിര്‍ത്തുന്ന പെണ്‍ബോധത്തിന്റെ, ബോധ്യത്തിന്റെ പ്രതിരോധം ഈ കഥയില്‍ വായിക്കാം എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. നാട്ടുമ്പുറത്തുനിന്ന് പഠനവും നിക്കാഹും തൊഴിലും കാരണം നഗരത്തിലേക്ക്, നഗരത്തിന്റെ അന്യതയിലേക്ക് ചേക്കേറുന്ന പെണ്‍വാഴ്‌വ്, ചുറ്റുപ്പാടുകളില്‍ ഏല്പിക്കുന്ന ഒരു കനത്ത പ്രഹരം, 'ചോദ്യങ്ങള്‍ ചോദിക്കുന്നവരെല്ലാം ഇബ്‌ലിസും മാവോയും ഫെമിനിച്ചിയുമൊക്കെയാവും' എന്ന ലളിതമെന്നുതോന്നുന്ന സമവാക്യം കൊണ്ടാണ്. അതുണ്ടാക്കുന്ന അതിദീര്‍ഘമായ തിരയിളക്കം, നിലവിലെ വന്‍കരകളിലാകെ കടലേറ്റമുണ്ടാക്കുകയാണ്: തീരമൊന്നാകെ അടര്‍ത്തിമാറ്റിയും, മറുതീരം പണിതും അത് പ്രകൃതിയുടെ നിയമം അനുസരിക്കുന്നു.

ഭ്രാന്തനായ രാജകുമാരന്റെ അരികില്‍ ആറുനാളിരുന്ന് ചുവപ്പും വെളുപ്പുമായ മന്ത്രപ്പൂക്കളെറിഞ്ഞ് അയാളെ നേരുകളുടെ തിരിച്ചറിവുകളിലേക്ക് ഉണര്‍ത്തുന്ന ഷെഹ്‌റാസാദിന്റെ ഐതിഹാസികമായ ചുവടുവെയ്പ്പുകളാണ് ഷാഹിനയുടെ ലിംഗബോധ്യത്തിന്റെ മിത്ത്. ആണ്‍വാഴ്ചയുടെ തലക്കനത്തില്‍, ഭ്രാന്തമായ രക്തച്ചൊരിച്ചില്‍ നടത്തുന്ന സമ്രാട്ടുകളെ ധീരമായി നേരിടുന്ന മിത്തിക്കല്‍ പെണ്‍കരുത്താണ് ഇരുളുംകാലത്തിന്റെ മിന്നലൊളികളായി രൂപാന്തരപ്പെടുന്നത്. എല്ലാ എഴുത്താലോചനകളും തീര്‍പ്പെത്തുന്നിടത്തുനിന്ന് എന്നന്നേക്കുമായി ജിന്ന് പടിയിറങ്ങുകയായി. എഴുത്തുകാരിക്കിനി ഉള്ളില്‍ ഒരു അപരസ്വത്വത്തെ മറതീര്‍ത്ത് ഇരുത്തേണ്ടതില്ല. വെളിപാടുകള്‍ കാലത്തോടുള്ള സംവാദങ്ങളായി ചരിത്രംതീര്‍ക്കുന്നു. 

ഏക് പാല്‍തു ജാന്‍വര്‍

അവിശ്വാസത്തിന്റെ കനപ്പാടുകളിലേക്ക്, ഒരേ വായുവും ഒരേ വെള്ളവും ഒരേ അന്നവും ഒപ്പം ഒരേ ഞെരുക്കവും പകുത്തെടുത്ത ഇന്നലെകളുടെ ധീരമായ ഓര്‍മകള്‍ പകരേണ്ട കര്‍ത്തവ്യബോധത്തോടെ ദേശീയതയെ അപനിര്‍മ്മിക്കുകയാണ് എഴുത്തുകാര്‍; സമൂഹത്തിന്റെ തെളിമയുള്ള ഭൂതവും കരുത്തുറ്റ വര്‍ത്തമാനവും ആശങ്കപുരണ്ട ഭാവിയും നെഞ്ചേറ്റി ഇരവുകള്‍ രാകിയെടുത്തുകൊണ്ട്. എന്റെ നാട് എന്ന ഒറ്റബോധത്താല്‍ ഉയിരുകൊടുത്ത തലമുറകളെ അഭിമാനത്തോടെ നമസ്‌കരിക്കുക മാത്രം ശീലിച്ച പിന്‍തലമുറകള്‍, ബാബേല്‍ നിര്‍മിതിയില്‍ ചിതറിക്കപ്പെട്ടിട്ടും തന്താങ്ങളുടെ നാട്ടുമഹിമയെ പരസ്പരം കൊരുത്തുവയ്ക്കാന്‍ കിണഞ്ഞുശ്രമിക്കുമ്പോള്‍, വരേണ്യമായ വര്‍ണ്ണവ്യവസ്ഥയിലേക്ക്, ചോരമണക്കുമിടങ്ങളിലേക്ക്, നാടിനെ  തിരികെനടത്തി ദേശീയതയെ അന്യവത്കരിക്കുന്നിടത്താണ് 'ഇത് എന്റെ നാട് തന്നെ'' എന്ന് തെരുവിലിറങ്ങി വരുംതലമുറകള്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പിക്കേണ്ടിവരുന്നതും ത്രിവര്‍ണ പതാകയേന്തിയ ഉടലുകള്‍ക്ക് പായല്‍ക്കുളങ്ങളില്‍ അന്തിമനിശ്വാസം അര്‍പ്പിക്കേണ്ടിവരുന്നതും.

ദേശീയത ഒരു മിത്തായി മാറുകയും കാലവും എഴുത്തും അതിനെ പുനര്‍വായനയില്‍ അപമിത്തീകരിക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്യുന്ന അത്യന്തം ഭീതിദമായ, കരാളമായ പ്രതിസന്ധികളില്‍നിന്നുവേണം 'ഏക് പാല്‍തു ജാന്‍വര്‍' വായിക്കപ്പെടേണ്ടത്. കഥകള്‍ കേവലഭാവനകളാണെന്ന മിത്തും ഉടച്ചുവാര്‍ത്ത്. ഭാവനകളെ നടുക്കിക്കൊണ്ട്, അടുക്കും ചിട്ടയുമില്ലാത്ത ഉച്ചക്കാറ്റുവഴികള്‍ പോലെ, നേരുകള്‍ ആഖ്യാനങ്ങളിലേക്ക് പൊടുന്നനെ ഇറങ്ങിവരികയും അപമിത്തീകരണത്തിന്റെ രാഷ്ട്രീയത്തെ ചരിത്രപരതയോടെ എഴുത്തില്‍ അടയാളപ്പെടുത്തുകയും ചെയ്യുന്നു.

ek paltu janver
പുസ്തകം വാങ്ങാം

വരുണ്‍ എന്ന ബാങ്കുദ്യോഗസ്ഥന്റെയുള്ളിലെ ഗതകാലപാരമ്പര്യത്തില്‍നിന്നാണ് പശുവും തൊഴുത്തും പാലും ചാണകവും ഉള്ള ഗ്രാമീണതയുടെ ഭൂപടംകഥയിലേക്ക് നിവരുന്നത്. ഇണക്കമുള്ള ഒരു പശു, ഗ്രാമത്തിലെ വീടുകളില്‍ ചേര്‍ത്തുവയ്ക്കാവുന്ന ഒരു ഗൃഹാതുരക്കാഴ്ചയാണ്. ഗോക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും നടന്ന അമ്പാടി മണിക്കുട്ടന്‍ പശുവിന്നകിട്ടില്‍നിന്ന് പാല്‍ നേരിട്ടുകുടിച്ചതും ഉള്ളിലുണര്‍ന്ന വാത്സല്യമിത്താണ്. വിഷുവിന് ആ ഗോപാലബാലകനെ കണികണ്ട് വാത്സല്യാതിരേകത്താല്‍ മതാതീതമായ സാംസ്‌കാരികതയില്‍ മലയാളിമനസ്സ് മതിമറന്നതിലും പുതുമയില്ല. എന്നാല്‍, ആ കാല്പനികതയിലേക്ക് വിപത്ക്കരമായി ചിലത് കടന്നുവന്നെത്തി നില്ക്കുന്നു. ഗോപാലനം, ഗോമാതാവ് തുടങ്ങിയവ മതരാഷ്ട്രീയപ്രതീകങ്ങള്‍ എന്ന് പരിവര്‍ത്തിതമാവുകയും അവയുടെ സാര്‍വജനീനത നഷ്ടമാവുകയും ചെയ്യപ്പെട്ടിരിക്കുന്നു. ബഹുസ്വരത ദയനീയമാംവിധം തകര്‍ക്കപ്പെടുകവഴി സാമൂഹികമായ സ്വാസ്ഥ്യസൗമ്യതകള്‍ തുരത്തപ്പെടുന്ന ഭീതിദമായ കാലത്തിലേക്ക് നാമും എടുത്തെറിയപ്പെട്ടിരിക്കുന്നു. ഇറച്ചിപ്പത്തില്‍ പോലുമിനി അയല്‍വീടുകളിലേക്ക് പങ്കുവയ്ക്കപ്പെടില്ല. ഇടത്തരം ഉദ്യോഗസ്ഥര്‍ തിങ്ങിപ്പര്‍ക്കുന്നിടത്ത് ഒരു പശുവിനെക്കൂടി വളര്‍ത്തി അയല്‍ക്കാരെ ബുദ്ധിമുട്ടിക്കണോ എന്ന് നീരസപ്പെട്ടാല്‍, 'പാകിസ്ഥാനിലേക്ക് പോണോ കാര്‍ന്നോരേ'' എന്ന് പൗരത്വഭേദഗതിപ്രശ്‌നം ഒരു കരുണയുമില്ലാതെ അവതരിപ്പിക്കാനും പശുവിനെ വേണ്ടതുപോലെ നോക്കിക്കൂടേ എന്ന് പണിക്കാരനോട് ചോദിച്ചാല്‍, ഗോമാതാവിനെ ഉപദ്രവിക്കുന്നു എന്ന ടൈറ്റിലോടെ വീഡിയോ എടുത്ത് എഫ്ബിയിലിട്ട് വൈറലാക്കുമെന്ന് വീട്ടുടമയെത്തന്നെ ഭീഷണിപ്പെടുത്താനും സ്വന്തം അമ്മയാണ് പശുമാതാവും എന്ന ലളിതസമവാക്യം മെനഞ്ഞ് ഗതിമുട്ടിപ്പോകുംവിധം സനാതനധര്‍മം തൊടുത്തുവിടാനും തയ്യാറാകുന്ന 'ജനം' എന്ന ഏറ്റവും വിപത്കാരിയായഒരു അമൂര്‍ത്തസാന്നിധ്യത്തെ ഏകാഗ്രമായും സംഘര്‍ഷഭരിതമായും നിലനിര്‍ത്തുന്ന, കാലികതയെ സസൂക്ഷ്മം നിരീക്ഷിക്കുന്ന, കഥയാണിത്.,

പ്രണയത്തിന്റെയും ലൈംഗികതയുടെയും പരിവേഷങ്ങളിലൂടെ കഥകളില്‍ തിരനീക്കിയെത്തുന്ന സ്ത്രീകഥാപാത്രങ്ങള്‍ അതിസൂക്ഷ്മമായ രാഷ്ട്രീയ നിലപാടുകളിലൂടെ കഥയില്‍ ഇടം തേടുന്നു എന്നത് ഒരു സാമൂഹിക അപനിര്‍മിതിയായി കണക്കാക്കേണ്ടതാണ്. യാമിനിയെപ്പോലെ മതാതീതമായ സാംസ്‌കാരികസമന്വയത്തിലുറച്ച് പ്രണയത്തിലാവുകയും എന്നാല്‍ പിന്നീട്, ആണിന്റെയുള്ളില്‍ മറഞ്ഞുനില്ക്കുന്ന മതബോധമെന്ന വാള്‍ത്തിളക്കം കണ്ട് ഭയന്ന് പിന്തിരിയണോ എന്ന് വിവശപ്പെടുകയും ചെയ്യുന്ന അനുഭവവും ചേര്‍ത്തുവായിക്കേണ്ടതാണ്. പ്രണയത്തിലേര്‍പ്പെടുന്നത് ഉത്തരവാദിത്തത്തോടെയും ആത്മവിമര്‍ശനത്തോടെയും ആകണം എന്ന് പെണ്‍മനസ്സിനെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും കഥ ബോധ്യപ്പെടുത്തുന്നു. ഹമീദ്ക്കായുടെ സൗമ്യവാത്സല്യങ്ങള്‍ക്കിടയിലും മാജിദയുടെ മറയില്ലാതെ ഭയത്താല്‍ ഉണര്‍ന്നുപോയൊരു ബോധത്തെ നമുക്ക് കണ്ടില്ലെന്ന് വയ്ക്കാനാവില്ല. കരുണ്‍മാരുടെ പ്രത്യക്ഷ മത-സ്ത്രീവിരോധവും അവരെ കൂടുതല്‍ ഭയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയുമാണ്. പെണ്‍മക്കളെ മാനം മര്യാദയോടെ പഠിപ്പിച്ച് വളര്‍ത്തി വിവാഹത്തിലേക്ക് ഏല്പ്പിച്ചുകൊടുക്കേണ്ട മാതാപിതാക്കളുടെ ആധിയും, പ്രത്യേകിച്ച് അതില്‍ അമ്മയ്ക്കുണ്ടാകേണ്ട നിതാന്തജാഗ്രതയും ആണ്‍വാഴ്ചാവ്യവസ്ഥയുടെ നിര്‍മിതിയായി ഇന്ദിരചേച്ചിയിലൂടെ കഥയില്‍ അടയാളപ്പെടുന്നുണ്ട്.

വരുണിന്റെ വൃത്തിബോധത്തോടും ചിട്ടയൊത്ത ജീവിതത്തോടുമുള്ള മതിപ്പില്‍ നിന്നുവളര്‍ന്ന  സഹപ്രവര്‍ത്തകയായ ബിനുതയുടെ ആരാധനയും പ്രണയക്കനവുമെല്ലാം കാല്പനികതയിലേക്ക് ബോധംമറഞ്ഞ് അലിയുന്നതിനുപകരം പശുബാധിതനായ അയാളുടെ കാലിലും വിരലുകളിലും അടിഞ്ഞുകൂടുന്ന ചാണകത്തിന്റെ നേരുകളില്‍ക്കുരുങ്ങി ശ്വാസംമുട്ടി നീലിച്ചുപോകുന്നു. എത്രവേഗമാണ് പശു എന്ന നിരുപദ്രവ-ഗൃഹാതുരകൗതുകം ഒട്ടും നീക്കിവയ്ക്കാനാവാത്ത നിത്യകര്‍മ്മമായും സഹനത്തിലേക്ക് കുടുംബാംഗങ്ങളെയാകെ തള്ളുന്ന ഒഴിവാക്കനാവാത്ത ബാധ്യതയായും ആ ചെറുകുടുംബത്തിന്റെ സ്വാസ്ഥ്യത്തെ, ഉപജീവനത്തെ, പ്രണയത്തെ, പാരസ്പര്യത്തെ, സാമാന്യമായ കണക്കുകൂട്ടലുകളെയെല്ലാം തകിടം മറിച്ചത്! മൂന്നുവയസ്സുള്ള കുഞ്ഞിന് വിട്ടുമാറാത്ത രോഗമുണ്ടാക്കുക, അടുത്ത കുഞ്ഞിന്റെ പിറവിയെന്ന പ്രണയോന്മേഷം  പോലുള്ള വിവാഹജീവിതത്തിലെ ആഴപ്പെട്ട തെളിനീരുറവകളെയെല്ലാം നിശ്ചലമാക്കുക, അയല്ക്കാരെ മുഴുവന്‍ വെറുപ്പിച്ചകറ്റുക എന്നിങ്ങനെ പശുവിന്റെ വരവും കുടിപാര്‍പ്പും സാധാരണമായ ജീവിതത്തെ തീര്‍ത്തും ഹതാശമാക്കുന്നു. ഇത്തരത്തിലുള്ള അപ്രായോഗികമായ പല തീരുമാനങ്ങള്‍കൊണ്ട് ഭദ്രത നഷ്ടപ്പെട്ടിട്ടും മുന്നിലെ കനലാഴങ്ങള്‍ കണ്ട് പേടിച്ച സ്പന്ദനയുടെ മാതാപിതാക്കള്‍ വരുണിന്റെ പക്ഷത്തുതന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.

ഇങ്ങനെ ആകെ കുറ്റിയില്‍ കെട്ടിയ പശുവിനെപ്പോലെ അസഹ്യമായൊരു വിഷമവൃത്തത്തിലേക്ക്, അസ്വീകാര്യതകളിലേക്ക്, മുഷിച്ചിലുകളിലേക്ക്, ഒറ്റപ്പെടലുകളിലേക്ക്, വിശ്വാസരാഹിത്യത്തിലേക്ക് ജനത ഭിന്നിപ്പിക്കപ്പെട്ടുപോകുന്ന ഒരു വലിയ ദശാസന്ധിയുടെ, ഇന്നിന്റെ സാധാരണക്കാര്‍ നേരിടുന്ന കൊടിയ തമസ്‌കരണത്തിന്റെ- പ്രായോഗികജീവിതാഖ്യാനത്തിലേക്കാണ് കഥ വളര്‍ന്നെത്തിനില്ക്കുന്നത്. ഇത്തരം വിഘടനചിന്തകള്‍ക്കും മത-ജാതിവിവേചനങ്ങള്‍ക്കും ഇനി നീക്കിയിരിപ്പ് സാധ്യമല്ല എന്ന വ്യക്തമായ നിലപാടിലേക്കാണ് പെണ്‍വാഴ്‌വുകള്‍ കൂട്ടമായി വന്നെത്തുന്നത്. സ്ത്രീയുടെ പ്രതികരണം കൃത്യമായ സാമൂഹികവിശകലനത്തില്‍നിന്നുള്ള രാഷ്ട്രീയനിലപാടാണ്. അത്കൂടുതല്‍ നഷ്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ തയ്യാറാകാത്ത, ഒരടി പോലും പിന്തിരിയാനാവാത്ത അനിവാര്യതയുടെ നിശ്ചയിച്ചുറപ്പിക്കലായിത്തീരുന്നു. സ്ര്തീസ്വത്വബോധത്തിന്റെ, പെണ്ണിടത്തിന്റെ തെളിവുറ്റ ഒരു പ്രത്യയശാസ്ര്തമാണ് 'ഏക് പാല്‍തു ജാന്‍വര്‍' മുന്നോട്ടുവയ്ക്കുന്നത്. 

പശുവിനുചുറ്റുമായാണ് ആഖ്യാനം വളരുന്നതെങ്കിലും 'പാല്‍തു ജാന്‍വര്‍' എന്ന സംരക്ഷിത-പരിപാലിതവലയത്തില്‍ മൗനിയാക്കപ്പെടുന്ന സ്ത്രീയുടെ ഇടം എന്തെന്ന വലിയ സമസ്യയുടെ പൊരുള്‍ കണ്ടുറപ്പിക്കാനുള്ള അന്തിമപോരാട്ടത്തിന്റെ കൂടി പ്രതീകമാവുകയാണ് പശു എന്ന ശരിയായ ജാന്‍വര്‍. പരിസ്ഥിതിക്കും പരിതോവസ്ഥകള്‍ക്കും പ്രതിലോമമാകുന്ന മനുഷ്യകര്‍മങ്ങള്‍ക്കെതിരെ, മനുഷ്യന് നഷ്ടമായ പ്രതികരണശേഷിയോടെ പശു എന്ന പെണ്ണ് പ്രതികരിക്കുന്നു. മത-ജാതിവ്യവസ്ഥയുടെ പൊള്ളത്തരങ്ങളിലേക്ക് പരമപുച്ഛത്തോടെയാണ് പശു ആത്മഗതം നടത്തുന്നത്. ഇത്, മൗനത്തിന്റെ മര്യാദാ-കുലീനപദവികള്‍ക്കുള്ളിലെ ജീര്‍ണ്ണതകള്‍ നിരന്തരം നേരിടേണ്ടിവരുന്ന ഒരുവളെ പ്രതികരണത്തിന്റെ തിരത്തള്ളലിലേക്ക് കൊണ്ടെത്തിക്കുന്ന ഏറ്റവും ഉചിതമായ നിശ്ചയമായി വായിക്കാം. 

മൗനിയായി തൊഴുത്തിന്‍കോണിലൊരിടത്ത് തിന്നും അയവെട്ടിയും ചവിട്ടിക്കലിന് വഴങ്ങിക്കൊടുത്തും ഭീഷണിക്കുകീഴില്‍ പാല്‍ചുരത്തിയും യാന്ത്രികമായിക്കഴിഞ്ഞിട്ട്, കറവ വറ്റുമ്പോള്‍ അറവുമാടായി വിലകെട്ടുപോകുന്ന പശുപ്രായരുടെ കാലപ്പഴക്കംവന്ന മിത്തിനെയാണ് ഈ പശു അട്ടിമറിക്കുന്നത്. മനുഷ്യന്റെ ആര്‍ത്തിയും സ്വാര്‍ഥവും കപടതന്ത്രങ്ങളും തിരിച്ചറിയുന്ന പശു  തീരുമാനിക്കുന്നു, തന്റെ വാഴ്‌വ് കോര്‍പറേഷന്‍ മാലിന്യങ്ങള്‍ തള്ളുന്ന പറമ്പില്‍ അടിയാനുള്ളതല്ലെന്ന്.വീട്ടുകാരന്റെ നാഭിക്ക് തൊഴിച്ചും ഉച്ചസ്ഥായിയില്‍ അമറിക്കരഞ്ഞും ആളെക്കൂട്ടുന്ന പശുവിന്റെ ചെറുത്തുനില്പ്പ് തന്നെയാണ്, 'എത്ര നേരംന്ന് വച്ചാ കുട്ടിയെ വീടിന്റകത്ത് പൂട്ടിയിടുക' എന്ന പിറുപിറുക്കലിലും, 'നമ്മളെന്തിനാ ഓരെ ബീഫ് തീറ്റിക്കണത്' എന്ന പിന്‍വാങ്ങലിലും, ഓക്കാനം വരുന്നപോലെ നോക്കി സീറ്റില്‍നിന്നുള്ള എണീറ്റ് പോകലിലും, ''ഇത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്' എന്ന് ചെറുതല്ലാത്ത നീരസം പ്രകടിപ്പിക്കലിലും, ''ഇനി പശൂന് ഈറ്റെടുക്കാന്‍ എന്നെക്കൊണ്ടാവില്ല' എന്ന അവസാനവാക്കിലും, ''ഏച്ചീ ഇത് ശുദ്ധപ്രാന്താണ്' എന്ന തിരിച്ചുപോകലിലും എല്ലാം സമാനമായി നാം കാണുന്നത്, പശുവിലെ ജൈവികതയെ തളച്ചിടാന്‍ ശ്രമിക്കുന്നതിനെതിരെ അത് സ്വയംനിര്‍ണ്ണയാവകാശം നേടുന്നതും തനിക്കായി കരുത്തോടെ പ്രതികരിക്കുന്നതും ആഹ്ലാദത്തോടെയാണ് നാം വായിക്കുക. പിതൃവാഴ്ചാസമൂഹം നിര്‍ദ്ദേശിക്കുന്ന എല്ലാ സംരക്ഷിത-സുരക്ഷാപൊയ്ക്കവചങ്ങളുടെയും നാഭിക്ക് തൊഴിച്ചുകൊണ്ട് തന്റെ ജീവിതം തനിക്കെങ്ങനെ ജീവിക്കാനാവും എന്ന് തലയുയര്‍ത്തിച്ചോദിക്കുന്നൊരു ഒരുമ്പെടല്‍ വിരോധാഭാസമാക്കുകയാണ് 'ഏക് പാല്‍തു ജാന്‍വര്‍' എന്ന തലക്കെട്ടിന്റെ സൂക്ഷ്മപാരായണം
നാട്ടിന്‍പുറത്തിലെ വിശാലമായ വെളിയിടങ്ങളുടെ ജൈവികതയെ നഗരവത്കൃത, പരിഷ്‌കൃതജീവിതങ്ങളിലേക്ക് ഇറക്കിനിര്‍ത്തി ഒരു ഷോ പീസാക്കുന്നതിലെ പൊള്ളത്തരം ഇതിനുമുന്‍പും കഥകള്‍ ആക്ഷേപഹാസ്യരൂപേണ ആവിഷ്‌കരിച്ചിട്ടുണ്ട്. പക്ഷേ, ഇവിടത്തെ ചോദന അത്തരത്തില്‍കേവലം നിഷ്‌കളങ്കമാണോ എന്ന് ആശങ്കപ്പെടേണ്ടതായുണ്ട്. അഥവ അത്തരം ഗൃഹാതുരതകളെ, സാംസ്‌കാരിക പൈതൃകങ്ങളെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുന്ന മധ്യവര്‍ഗ്ഗം ഇനിഅത്യന്തം ജാഗ്രത്തായ ഒരു വിപത്തിനെ ക്ഷണിച്ചുവരുത്തുകയാവും ചെയ്യുന്നത് എന്ന തിരിച്ചറിവിലേക്ക് വായന കടക്കുകയാണ്. 

പശുവിനെ ഒഴിവാക്കാനുള്ള, അതുവഴി ജീവിതം തിരിച്ചുപിടിക്കാനുള്ള അദമ്യമായ ഉള്‍പ്രേരണയാലാണ് വരുണ്‍ അതിനെ പാതിരാവുകഴിഞ്ഞ് കൊണ്ടുപോകുന്നത്. പക്ഷേ, പശു ഒരു ദേശീയതാപ്രതീകമായി കാണുന്നവര്‍ക്ക് അത് തങ്ങളുടെ ബോധ്യങ്ങളോടുള്ള വെല്ലുവിളിയായി വിവര്‍ത്തനം ചെയ്യാനാവുന്നിടത്താണ് നടുക്കമുയര്‍ത്തിക്കൊണ്ട് കഥ അവസാനിക്കുന്നത്. മതപ്രതീകങ്ങളെക്കാളും എന്തുകൊണ്ടുംവില ഒരു മനുഷ്യന് ഏറുകയില്ലല്ലോ! ഇനിമേല്‍ ഒരു കുട്ടിയും ചെറിയ ക്ലാസില്‍ ഗായ് എക് പാല്‍തു ജാന്‍വര്‍ എന്ന സാമാന്യപാഠം പഠിക്കില്ല എന്നിടത്തേക്ക് കഥയും നാമും നാടും വന്നെത്തിനില്ക്കുന്നു. ചരിത്രം ഇന്ന് പുതുഭാഷ്യത്തിലേക്ക്മാറ്റിയെഴുതപ്പെടുമ്പോള്‍, മനുഷ്യരുടെ നാള്‍വഴികള്‍ സൂക്ഷ്മരാഷ്ട്രീയബോധ്യത്തോടെ രേഖപ്പെടുത്തുക എന്ന കാലത്തിന്റെ അനിവാര്യതയിലേക്ക് ഷാഹിനക്കഥകളും ധീരമായി വന്നെത്തുന്നു എന്ന് തിരിച്ചറിയുന്നത് ആശ്വാസകരമാകുന്നു. റാബിയ ബസ്‌രി, ലാല്‍ ദെദ്, രൂപ ഭവാനി, ഹബ്ബ ഖതുന്‍, ആര്‍നിമല്‍ തുടങ്ങിയുള്ള സൂഫീപാരമ്പര്യത്തിലെ എഴുത്തുകാരികള്‍ സ്വജീവിതംകൊണ്ട് ബ്രാഹ്മണിക അധികാരവ്യവസ്ഥകളെ നിരന്തരം ചോദ്യംചെയ്യുകയും സ്ര്തീയുടെ ഇടത്തെ, പാരമ്പര്യത്തിലും ചരിത്രത്തിലും വ്യത്യസ്തമായി രേഖപ്പെടുത്തുകയും ചെയ്തു. എഴുത്തിലൂടെ അത്തരമൊരു സൂഫീതാത്ത്വിക ഇടപെടലാണ് ഷാഹിനക്കഥകള്‍ ചെയ്യുന്നതും. കഥയുടെ ഫ്രെയിം നിത്യജീവിത സാഹചര്യങ്ങളാകുന്നതിന്റെ ആര്‍ജ്ജവത്തോടൊപ്പം സദാ തുറന്നുവച്ചിരിക്കുന്ന മൂന്നാംകണ്ണും ഏഴാമാകാശവും ഈ എഴുത്തിനെ കാലപ്പകര്‍ച്ചയോടുള്ള പ്രതിരോധമാക്കുന്നു.

'ഏക് പാല്‍തു ജാന്‍വര്‍' ഓണ്‍ലൈനില്‍ വാങ്ങാം

 

Content Highlights: Shahina K Rafeeq stories political Reading