ഷാഹിന കെ റഫീഖിന്റെ 'ഏക് പാല്‍ തു ജാന്‍വര്‍' എന്ന പുസ്തകത്തെക്കുറിച്ച്, ലിറ്റ് ആര്‍ട്ടിന്റെ ഗൂഗിള്‍ മീറ്റില്‍ സംസാരിച്ചത്‌

''ള്ളില്‍ നിറയെ വെളിച്ചവുമായി ഒരു തീവണ്ടി വെള്ളനിറത്തില്‍ എങ്ങോട്ടോ മണ്ടിപ്പായുന്നു. എനിക്കവന്റെ നേരം കെട്ട നേരത്തുള്ള ആ പോക്കിനോട് ഒരിഷ്ടം തോന്നും, ഇരുട്ടിലൂടെ വെളിച്ചത്തിന്റെ ആ തുരുത്തിലേറി എങ്ങോട്ടെങ്കിലും യാത്ര പോവണമെന്ന് കൊതി പൂക്കും അന്നേരം മനസ്സില്‍. ഇന്നുമുണ്ട് എന്റെ കാഴ്ചയില്‍ വെളിച്ചം നിറഞ്ഞ ആ തീവണ്ടി. അതും കൂട്ടി അരച്ചാണ് ഞാന്‍ പൂപോലുള്ള ഇഡ്ഡലി ചുടുന്നത് !''

മാതൃഭൂമി ബുക്‌സില്‍ നിന്നും 80 രൂപ കൊടുത്ത് വാങ്ങിയ 86 പേജുകളുള്ള ഒരു കഥാ പുസ്തകം. അതില്‍ 15 കഥകള്‍, 'പാചകവിധി' എന്ന് പേരുള്ള ആ 15 ല്‍ ഒന്നിലെ വരികളാണ് ഞാനിപ്പോള്‍ വായിച്ചത്. പുസ്തകത്തിന്റെ പേര് 'ലേഡീസ് കൂപ്പെ'.

ഷാഹിന കെ റഫീഖിന്റെ കഥകളെക്കുറിച്ച് എക്കാലത്ത് പറയാനിരുന്നാലും, ലേഡീസ് കൂപ്പെയില്‍ നിന്നല്ലാതെ എനിക്ക് തുടങ്ങാനാവില്ല. അടിമുടി ലേഡീസ് കൂപ്പെ ഒരു പെണ്‍ പുസ്തകമാണ്. അതില്‍ നിന്ന് പാല്‍ തു ജാന്‍വറിലേക്ക് വരുമ്പോള്‍ എത്ര മാത്രം മാറിയിട്ടുണ്ട് കഥാകാരി എന്ന് അന്വേഷിച്ചു കൊണ്ടാണ് അരുണ്‍ലാല്‍ മൊകേരി ഈ ചര്‍ച്ച തുടങ്ങി വെച്ചത്.

ഏക് പാല്‍ തു ജാന്‍വര്‍ എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത് മാതൃഭൂമി ബുക്‌സ് തന്നെയാണ്, അപ്പോള്‍ പ്രസാധനത്തില്‍ മാറ്റമില്ല. 15 കഥകളില്ല ഇതില്‍ 8 കഥകളേ ഉള്ളൂ. 80 രൂപയല്ല, 110 രൂപയാണ് വില. അപ്പോള്‍ കഥയുടെ എണ്ണം കുറഞ്ഞിട്ടുണ്ട് - വില കൂടിയിട്ടുണ്ട്. അപ്പോള്‍ കണക്കുകള്‍ പറയുന്നത് വല്ലാതെ വില കൂടിയിട്ടുണ്ട് ഈ കഥാകാരിക്ക് എന്നാണ്.

മറ്റെന്ത് മാറ്റം, എന്നന്വേഷിക്കുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് ലോക പ്രശസ്തനായ ആര്‍ട്ടിസ്റ്റ് - വയലിനിസ്റ്റ് - കൊമേഡിയന്‍ ജാക്ക്‌ബെന്നി അമേരിക്കന്‍ പ്രസിഡന്റിനെ കാണാന്‍ പോയ കഥയാണ്. ബെന്നിയെ അമേരിക്കന്‍ പ്രസിഡന്റ് വൈറ്റ് ഹൗസിലേക്ക് ആദരവോടെ ക്ഷണിച്ചതാണ്. ആ ക്ഷണം സ്വീകരിച്ച് തന്റെ വയലിന്‍ പെട്ടിയുമായി അവിടെയെത്തിയ ബെന്നിയെ പക്ഷേ സെക്യൂരിറ്റി ഓഫീസര്‍ തടഞ്ഞു. പ്രശ്‌നം ബെന്നിയുടെ കൈയ്യിലെ പെട്ടിയായിരുന്നു. ''ഈ പെട്ടിയിലെന്താണ് ?'' എന്ന് അന്വേഷണം വന്നതും, ബെന്നി ഗൗരവഭാവത്തില്‍ പറഞ്ഞു: ''മെഷീന്‍ഗണ്ണാണ്.'' അതുകേട്ട് പക്ഷേ സെക്യൂരിറ്റി ഓഫീസര്‍ നടുങ്ങിയില്ല. അയാള്‍ ഗൗരവത്തോടെ പറഞ്ഞു: ''എങ്കില്‍ കുഴപ്പമില്ല. അകത്തേക്കു പൊക്കോളൂ. ഇതിനകത്ത് നിങ്ങളുടെ വയലിന്‍ ആണെന്ന് ഞാന്‍ പേടിച്ചു.'' എന്ന്.

ജെന്‍ഡര്‍ പൊളിറ്റിക്‌സിനെയും മത രാഷ്ട്രീയത്തേയും പരാമര്‍ശിക്കുമ്പോള്‍ സെയ്ഡി സ്മിത്തിന്റെയും ഷാഹിന കെ റഫീഖിന്റെയും എഴുത്തിനെ നേരത്തേ എന്‍.എസ്.മാധവന്‍ ചേര്‍ത്തു പറയുകയുണ്ടായി. ബാഗില്‍ വല്ല മെഷീന്‍ ഗണ്ണുമാണെങ്കില്‍ കുഴപ്പമില്ല, ഇതിനകത്ത് നിങ്ങളുടെ പുസ്തകം ആണെന്ന് ഞാന്‍ പേടിച്ചു, എന്ന് ഒരു സെക്യൂരിറ്റി ജീവനക്കാരന് പറയേണ്ടി വരുന്ന ഐക്യം എന്നാണ് ഞാനതിനെ വിശേഷിപ്പിക്കുക. താങ്ങാനാവാത്ത ആ ഭാരമില്ലായ്മയെ പേടിക്കണം എന്ന എന്‍.എസ്.മാധവന്റെ ആഹ്വാനത്തെ ഞാനും ആവര്‍ത്തിക്കുകയാണ്.

''ഇപ്പോഴും ജോലിക്ക് പോണത് പൈസക്ക് വേണ്ടിയല്ല, ഒരു പെണ്‍ശരീരത്തിനപ്പുറത്ത് ഞാനെന്നൊരു ജീവന്‍ ഉണ്ടെന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്താനാണ്'' എന്നെഴുതിയ ലേഡീസ് കൂപ്പെയിലെ പെണ്‍ രാഷ്ട്രീയത്തില്‍ നിന്ന് - ഏക് പാല്‍ തു ജാന്‍വര്‍ എന്ന പുസ്തകത്തിലെ മുക്രിന്തു എന്ന കഥയുടെ അവസാനമുയരുന്ന, ''പെണ്ണേ അനക്ക് സ്വര്‍ഗത്തില്‍ പോണ്ടേ ?'' എന്ന ചോദ്യത്തിലെ പെണ്‍ രാഷ്ട്രീയത്തിലേക്കെത്തുമ്പോള്‍ ഷാഹിന കെ റഫീഖ് അടിമുടി ഒരു രാഷ്ട്രീയ ജീവിയായിത്തീര്‍ന്നിരിക്കുന്നു. ഈ കഥകള്‍ സൗന്ദര്യമുള്ള രാഷ്ട്രീയ പ്രബന്ധങ്ങളാണ് എന്ന് അല്പം മുമ്പ് എന്‍.പി.ഹാഫിസ് മുഹമ്മദ് നടത്തിയ നിരീക്ഷണം എന്റെയുമാണ്.

നോക്കൂ, ''നീ ഹനുമാനല്ലെടാ, സുലൈമാനാണ്,'' എന്ന് എത്ര വട്ടം പരസ്പരം പറഞ്ഞിട്ടുണ്ട് നമ്മള്‍. അങ്ങനേ ഒരു പറച്ചിലിനോടാണ്, നിങ്ങടാള്‍ക്കാര് എന്ന കഥയില്‍ ''ഹനുമാനെ തൊട്ടുകളിക്കണ്ട മോളേ, നിന്റെ വീടിരിക്കുന്ന സ്ഥലം ഹനുമാന്‍ കോവില്‍ ആവും.'' എന്ന് ഷാഹിന കെ റഫീഖ് മറുപടി പറയുന്നത്. എന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടാല്‍ ഞാന്‍ ഗോമാതാവിന്റെ പടമെടുത്ത് എഫ്.ബിയിലിടും എന്ന 'ഏക് പാല്‍ തു ജാന്‍വറിലെ' പശു നോട്ടക്കാരന്‍ നായരുടെ, കരുണ്‍.സി.നായരുടെ ഭീഷണിയിലും ഈ സറ്റയറാണുള്ളത്. ഹനുമാന്‍ സേനക്കാരും ഗോ രക്ഷാ സംഘ്കാരും വായനക്കാരല്ലാത്തത് കൊണ്ട്, ഷാഹിന കെ റഫീഖ് മുഖത്ത് നിന്ന് മായാത്ത ചിരിയോടെ ഈ ഗൂഗിള്‍ മീറ്റിലുണ്ട്.

ഷാഹിനേച്ചി എന്നാണ് ഞാനെപ്പോഴും വിളിച്ചിരുന്നത്. അബിന്‍ നേരത്തേ പറഞ്ഞ പോലെ ഒരുപാട് പ്രായമുണ്ട് എന്നതാണ് ആ വിളിയുടെ കാരണം. കഥയെഴുതുമ്പോള്‍ പക്ഷേ ഈ വയസ്സില്‍ ചേച്ചി ഏറ്റവും പുതിയ കാലത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നു എന്ന അബിന്‍ ജോസഫിന്റെ നിരീക്ഷണമാണ്, ഒരേ ഏജ് ഗ്രൂപ്പിനോട് തോന്നുന്ന അട്രാക്ഷനാണ് ഷാഹിന കെ റഫീഖ് വ്യക്തിപരമായി എനിക്ക് പ്രിയങ്കരിയാവാന്‍ കാരണം. സന്യാസിയുടെ മറുപുറമല്ലേ തോന്ന്യാസി എന്ന 'വവ്വാലി'ലെ ചോദ്യം ആ പ്രായത്തിന്റെയാണ്.

പാല്‍ തൂ ജാന്‍വര്‍ എന്ന രാഷ്ട്രീയ ജീവിയെക്കുറിച്ചാണ് പറയാനിരുന്നതെങ്കിലും, പറഞ്ഞത് മുഴുവനും ഷാഹിന കെ റഫീഖ് എന്ന പാല്‍ തൂകുന്ന കഥയെഴുത്തുകാരിയെക്കുറിച്ചാണ്. വായന ഒരു യാതനയായിത്തീരുന്ന കാലത്ത്, കഥ പറച്ചിലിന്റെ മനോഹാരിത കൊണ്ട് നമ്മെ ആനന്ദിപ്പിക്കുന്ന കുറേ നല്ല കഥകളിതാ എന്ന പി.കെ.പാറക്കടവിന്റെ ആഹ്വാനവും ഈ സ്‌നേഹത്തിന്റെയാണ്. എന്തുകൊണ്ട് ഈ സ്‌നേഹം എന്ന ചോദ്യത്തിന്റെ ഉത്തരം, എല്ലാ മനുഷ്യര്‍ക്കൊപ്പവും, നമ്മള്‍ നേരിട്ട് കാണാത്ത - അനുഭവിക്കാന്‍ മാത്രം കഴിയുന്ന ഒരു ഭാഗം കൂടിയുണ്ട് എന്ന് എനിക്ക് തൊട്ടുമുമ്പ് സംസാരിക്കുമ്പോള്‍ അജിജേഷ് പച്ചാട്ട് പറഞ്ഞതിലുണ്ട്. ഷാഹിന കെ റഫീഖ് ഒരു ജിന്നു കൂടിയാണ് എന്ന നിരീക്ഷണമാണത്. ആ ജിന്നാണ്, ഷാഹിനയ്ക്കകത്തെ ഈ അപരയാണ്, മറുപുറത്തെ രാഷ്ട്രീയ ജീവിയോട് നമ്മെ ചേര്‍ത്തു പിടിക്കുന്നത്.

ഇനിയും പറയാനുണ്ട് എനിക്ക്, എന്ന് പറയാതെ പറഞ്ഞാണ് ഈ പുസ്തകം അവസാനിക്കുന്നത്. ഇനി പറയുമ്പോള്‍ എന്ത് എന്നാണ് ഇത്ര നേരവും ഞാനിരുന്നാലോചിച്ചത്. ഇനി പറയുമ്പോള്‍ മനസ്സിലുള്ളതു മുഴുവന്‍ പറയുമോ എന്നാണ് ഞാനിരുന്നാലോചിച്ചത്. ഇതിലും പൊള്ളിക്കുമോ എന്ന്,

Shahina K Rafeeq
പുസ്തകം വാങ്ങാം

ഇങ്ങനേ എഴുതിയൊരാള്‍ മരിച്ചു പോയ ദിവസമായിരുന്നു ഇന്നലെ, സംഘ് പരിവാരത്തെ ഇങ്ങനേ അസ്വസ്ഥപ്പെടുത്തിയൊരാള്‍ മരിച്ചു പോയ ദിവസമായിരുന്നു ഇന്നലെ, അവരും ഒരു സ്ത്രീയായിരുന്നു. ഇതു പോലെ മെലിഞ്ഞ് കൊലുന്നനെ ആയിരുന്നു. ഇതുപോലെ ഇച്ചിരി മുടിയായിരുന്നു. അവരുടെ പേര് ഗൗരി ലങ്കേഷ് എന്നായിരുന്നു. ദീര്‍ഘ കാലം ജീവിച്ചിരിക്കട്ടെ ഷാഹിന കെ റഫീഖ് എന്നാശംസിച്ച് കൊണ്ട് ഞാനവസാനിപ്പിക്കുന്നു. ലിറ്റാര്‍ട്ടിന് നന്ദി, കേട്ടിരുന്നവര്‍ക്കും.

ഏക് പാല്‍തു ജാന്‍വര്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Shahina K Rafeeq stories Lijeesh Kumar Malayalam