ബഷീറിന്റെ എടിയേ, ഭൂമിയുടെ അവകാശികളിലെ കശ്മല, മാന്ത്രികപ്പൂച്ചയിലെ മോളുടുമ്മച്ചി...ബഷീർ കൃതികളോളം തന്നെ പരിചിതമാണ് വായനക്കാർക്ക് ഫാബി ബഷീറിനെയും. ഫാബി ബഷീറിന്റെ ചരമദിനത്തിൽ മകൾ ഷാഹിന ബഷീർ മ്മച്ചിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുന്നു.

ചെറുവണ്ണൂരിലെ മൊല്ലകുടുംബത്തിൽ കോയക്കുട്ടി മാസ്റ്ററുടെയും ഖദീജയുടെയും മകളായിട്ടാണ് ഫാത്തിമാബി എന്ന എന്റെ മ്മച്ചി ജനിച്ചത്. ടി.ടി.സി വരെ പഠിപ്പിച്ചു. കോയക്കുട്ടി മാസ്റ്റർക്ക് മൂത്ത മകൾ അധ്യാപികയായി കാണാനായിരുന്നു ആഗ്രഹം.

റ്റാറ്റയുടെയും മ്മച്ചി(അങ്ങനെവിളിച്ചാണ് തഴക്കം)യുടെയും കല്യാണം 1958 ഡിസംബർ പതിനെട്ടിനായിരുന്നു. റ്റാറ്റ, മ്മച്ചിയെ കഴിച്ചയുടനെ ഫാത്തിമ്മാബി എന്ന പഴഞ്ചൻ പേര് മാറ്റി ഫാബി ബഷീർ എന്ന 'സ്റ്റൈലൻ' പേരിട്ടു. കല്യാണം കഴിഞ്ഞ് തലയോലപ്പറമ്പിലെ 'അസ്ഹർ കോട്ടേജി'ൽ താമസിച്ചു വരവേ മ്മച്ചിയുടെ ഉപ്പയും ഉമ്മയും മരിച്ചു. അങ്ങനെയാണ് ബേപ്പൂരേക്ക് താമസം മാറുന്നത്. 'അസ്ഹർ കോട്ടേജ്' ഇന്ന് റ്റാറ്റയുടെ സ്മാരകമായി ഫെഡറൽ നിലയം എന്നാക്കി ഫെഡറൽ ബാങ്കിന് കൈമാറി.

അങ്ങനെ രണ്ടേക്കർ പറമ്പിൽ വൈലാലിൽ വീട്ടിലേക്ക് താമസം മാറി. മ്മച്ചിയുടെ കുടുംബത്തിന് താങ്ങായാണ് ആ കൂടുമാറ്റം നടന്നത്. മുപ്പത്താറ് കൊല്ലമാണ് ഒരുമിച്ചവർ കഴിഞ്ഞത്. റ്റാറ്റക്കും മ്മച്ചിക്കും തമ്മിൽ വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നു. ഏകദേശം മുപ്പത് വയസ്സോളം!മ്മച്ചിയെ കല്യാണം കഴിക്കുന്നതിന് മുമ്പുതന്നെ റ്റാറ്റ പ്രശസ്തനായ സാഹിത്യകാരനായിരുന്നു. അവരുടെ കല്യാണത്തിന് തെങ്ങിൽ കെട്ടിയ കോളാമ്പിയിലൂടെ 'ഫാത്തിമ്മാ ബീബിതൻ ഭാഗ്യം തെളിയുന്നേ'... എന്ന പാട്ട് വെച്ചിരുന്നെന്ന് മ്മച്ചി ഒരു കുളിരോടെ വീമ്പു പറഞ്ഞിരുന്നു.

മാനസികാരോഗ്യാശുപത്രിയില്‍ നിന്നുള്ള കത്തുകളിലെ ഗോള്‍ഡന്‍ ചെമ്പകം, ഒരിക്കലും മറക്കാത്ത ദേവി...അതായിരുന്നു ഫാബി ബഷീര്‍!

റ്റാറ്റ, മ്മച്ചിയെ 'എടിയേ'... എന്ന് നീട്ടിവിളിക്കും. മ്മച്ചിയെ അടുക്കളയിൽ സഹായിക്കും. അവർ തമ്മിൽ ഒന്നിനൊന്നോട് എന്ന മട്ടിലുള്ള ആത്മബന്ധമാണ് എനിക്കനുഭവപ്പെട്ടിരുന്നത്. മ്മച്ചിയെ വലിയ കാര്യമായിരുന്നു. റ്റാറ്റ മാനസികവിഭ്രാന്തിയ്ക്ക് ചികിത്സിയ്ക്കാനായി വല്ലപ്പുഴ വൈദ്യരുടെ ആശുപത്രിയിലായിരുന്നപ്പോൾ എനിക്കും മ്മച്ചിക്കും കത്തയക്കുമായിരുന്നു(അന്ന് എന്റെ അനിയൻ അനീസ് ജനിച്ചിട്ടില്ല). കത്തിനടിയിൽ ഗോൾഡൻ ചെമ്പകവും വച്ചിട്ടുണ്ടാവും. അതിന്റെ സുഗന്ധം എനിക്കോർക്കാനാവുന്നുണ്ട്.

ആരുവന്നാലും എടിയേ...എന്ന വിളി ആ രണ്ടേക്കർ പറമ്പിൽ മുഴങ്ങും. മ്മച്ചി ഓടി അടുത്തുചെല്ലും. മ്മച്ചിയെ റ്റാറ്റ കളിയാക്കും. സമയത്തിന് പുറം ചൊറിയാൻ കിട്ടാത്തതിന് വേറെ പെണ്ണിനെ കെട്ടുമെന്ന് പറയുന്ന റ്റാറ്റയെ എനിക്കറിയാം. എല്ലാം ആസ്വദിച്ച് ആ ജീവിതത്തിൽ ലയിച്ച് മ്മച്ചിയങ്ങനെ കഴിഞ്ഞു. റ്റാറ്റ എവിടെയും പോകാറില്ലല്ലോ. അപൂർവമായേ റ്റാറ്റ വീട് വിട്ട് മാറി നിന്നിട്ടുളളൂ. അതിനാൽ മ്മച്ചിയ്ക്ക് എവിടെയും പോകാൻ കഴിഞ്ഞിരുന്നില്ല. ചിലപ്പോൾ ഞങ്ങൾ ഒന്നിച്ച് സിനിമയ്ക്ക് പോയിരുന്നു. റ്റാറ്റയുടെ നിഴലായി എപ്പോഴും മ്മച്ചിയുണ്ടാവും.

റ്റാറ്റയുടെ കല്യാണം കഴിഞ്ഞിട്ട് കൊള്ളാവുന്ന ഒന്നും എഴുതിയില്ല എന്ന ഒരാരോപണം ഉണ്ടായിരുന്നു. റ്റാറ്റ ഒരു നല്ല കുടുംബസ്ഥനായിരുന്നു. റ്റാറ്റ മ്മച്ചിയെ കെട്ടിയതിനുശേഷമാണ് 'ഭാർഗവീനിലയ'ത്തിന്റെ തിരക്കഥയെഴുതുന്നത്, 'മതിലുകൾ' എഴുതിയത്. കെ. ബാലകൃഷ്ണൻ കൗമുദീയാപ്പീസിൽ പിടിച്ചപിടിയാലേ ഇരുത്തി എഴുതിച്ചതാണ് 'മതിലുകൾ.' എനിക്കിഷ്ടം 'പ്രേമലേഖന'മാണെങ്കിലും റ്റാറ്റയുടെ മാസ്റ്റർ പീസായി വായനക്കാർ കാണുന്നത് 'മതിലുകളാ'ണ്.

Fabi Basheer 2പാത്തുമ്മയിലെ ആടിലെ 'പാത്തുമ്മ',മാന്ത്രികപ്പൂച്ചയിലെ മോൾ 'ഷാഹിന'- ഇവരൊക്കെ ജീവിച്ചിരിക്കുന്ന വ്യക്തികൾ എന്നതിലധികം കഥാപാത്രങ്ങളായി കാണാനാണ് വായനക്കാർക്കിഷ്ടം. മാന്ത്രികപ്പൂച്ചയിൽ മ്മച്ചിയെ മോളുടുമ്മച്ചി എന്നാണ് അവതരിപ്പിച്ചത്.

ടീച്ചറായി ജോലിചെയ്യാൻ പറ്റാത്തത് ദു:ഖമായി മ്മച്ചി മനസ്സിൽ കൊണ്ടുനടന്നിരുന്നു. കാരണം റ്റാറ്റയുടെ കൂടെയുള്ള ജീവിതത്തിൽ മ്മച്ചിക്ക് മറ്റൊന്നും ചെയ്യാനാവാത്ത വിധം ആണ്ടുകിടക്കുകയായിരുന്നു. റ്റാറ്റയുടെ സുഹൃത്തുക്കളെയും സന്ദർശകരെയും പേരെടുത്ത് ഓർത്തുവെക്കാനും കുടുംബവിശേഷങ്ങൾ കൈമാറാനും പ്രത്യേകം ശ്രദ്ധ കാണിച്ചിരുന്നു. റ്റാറ്റ ശ്രദ്ധിക്കാത്ത പലകാര്യങ്ങളും സമയോചിതമായി മ്മച്ചി നികത്തിയിരുന്നു.

വീട്ടുഭരണം മ്മച്ചിയുടെ കൈകളിലായിരുന്നു.റ്റാറ്റയുടെ ലോകം മറ്റൊന്നായിരുന്നല്ലോ. എന്റെ അനുഭവത്തിൽ മ്മച്ചി റ്റാറ്റയെപ്പറ്റി പരാതിപറയുന്നത് കേട്ടിട്ടില്ല. അന്യരുടെ കാര്യത്തിലുള്ള ഉദാരതയൊന്നും റ്റാറ്റ വീട്ടുകാര്യങ്ങളിൽ കാണിച്ചിരുന്നില്ല. റ്റാറ്റ എപ്പോഴും ഒരേ സ്വഭാവക്കാരനായിരുന്നില്ല. അപ്പപ്പോൾ തോന്നുന്നത് പോലെ പെരുമാറുന്ന രീതിക്കാരനായിരുന്നു. അതെല്ലാം മ്മച്ചി മനോഹരമായി കൈകാര്യം ചെയ്തത് മാജിക്കെന്നേ പറയേണ്ടൂ.

റ്റാറ്റയുടെ എല്ലാ പിടിവാശികളും മദ്യപാനത്തിന്റെ ദുരിതങ്ങളും മാനസികവിഭ്രാന്തിയിൽ നിലതെറ്റി പെരുമാറുമ്പോളുമൊക്കെ മ്മച്ചി കാണിച്ചിരുന്ന ആത്മധൈര്യം; ഇത്തരം ഘട്ടങ്ങളിൽ ഞങ്ങളുടെ കുടുംബത്തിന്റെ നെടും തൂണായി മ്മച്ചി ഉണ്ടായിരുന്നു.

ഒരു അഭിമുഖത്തിൽ ബഷീറിന്റെ ജീവിതത്തതിലെ ഏറ്റവും ദു:ഖം നിറഞ്ഞ ഓർമ ഏതാണെന്ന് ചോദിച്ചിരുന്നു. മ്മച്ചി പറഞ്ഞത് ''ദേവിയുടെ ഓർമ'' എന്നാണ്. ആദ്യത്തെ കാമുകിയെ ബഷീർ അവസാനം വരെ ഓർത്തിരുന്നു എന്ന ഭാര്യയുടെ സാക്ഷ്യപ്പെടുത്തൽ -അവരുടെ ജീവിതത്തിന്റെ ഈണം മനസ്സിലാക്കാൻ ആ ഉത്തരം ധാരാളം!

അതിഥികളും ആരാധകരും സന്ദർശകരും സാധാരണക്കാരുമൊക്കെയായി ഒട്ടും സ്വകാര്യതയില്ലാത്ത ഒരു അരങ്ങായിരുന്നു ബഷീറിന്റെ വീട്. അകവും പുറവും ഒരുപോലെ ആയിത്തീരുന്ന അരങ്ങ്. അതിലെ വെളിച്ചമായിരുന്നു, കരുത്തായിരുന്നു ഫാത്തിമ്മാബിയെന്ന ഫാബി ബഷീർ. ബഷീറിന്റെ 'എടിയേ'...എന്റെയും അനീസിന്റെയും മ്മച്ചി!

Content Highlights: Shahina Basheer Remembers her mother Fabi Basheer on her death Anniversary