നല്ല നിലാവുള്ള രാത്രിയില്‍ മരുഭൂമിയിലോ കടപ്പുറത്തോ നിങ്ങള്‍ ഒരു രാത്രി ചെലവഴിച്ചിട്ടുണ്ടോ. കടല്‍ത്തീരത്തിലിരുന്ന് കടല്‍ത്തിരകളുടെ പതിഞ്ഞതാളത്തിലുള്ള അലയടിയില്‍ നിങ്ങള്‍ക്ക് ചെവി ചേര്‍ത്തുവെക്കാനായാല്‍ ജലനൂലുകള്‍ തുന്നിയെടുത്ത നീലപ്പരവതാനി കാണാനാകും.

വൈകുന്നേരം കടല്‍ത്തീരത്തിലൂടെ ഏകനായി നടന്നുപോകുമ്പോള്‍ സൂര്യന്‍ കടലിലേക്ക് താഴാനുള്ള ഒരുക്കപ്പാടിലായിരുന്നു. അപ്പോള്‍ നീലത്തുണിയില്‍ തീക്കട്ടപോലെ കടല്‍ തിളങ്ങി. കഫ്റ്റീരിയയിലെ ചൂടുചായ, പരിപ്പുവട, വൈകുന്നേരം പതിവാണ്. അത് നഷ്ടപ്പെടുമ്പോഴാണ് കോവിഡിലെ ഒറ്റപ്പെടല്‍ നീറ്റലാകുന്നത്. അതേ, നമ്മളിലുണ്ട് കറങ്ങി നടക്കുന്നവയുടെ അടയാളങ്ങള്‍. അടുപ്പം അകലംപാലിക്കലാവുന്ന മഹാമാരിക്കാലത്തിന്റെ വിങ്ങല്‍. അപ്പോഴും പൂച്ചകള്‍ക്ക് ടിന്‍ഫുഡുമായി മദാമ്മ കാറില്‍ നിന്നിറങ്ങുന്നു. പൂച്ചകള്‍ ഒത്തുകൂടി അടുെത്തത്തുന്നു. ഓമനിച്ചും പ്ലേറ്റുകളില്‍ ഭക്ഷണം വിളമ്പിയും അവര്‍ ആശ്വസിക്കുന്നു. അപ്പോള്‍ ജന്തുസ്‌നേഹം എങ്ങനെയാണെന്ന് ഞാനറിയുന്നു.

ഉപ്പുകാറ്റിനുമുണ്ട് വിശേഷം. മീനുകളെ തഴുകിയെത്തുമ്പോള്‍ അത് കടപ്പുറത്തിന്റെ ചങ്ങാതിയാകുന്നു. വേപ്പിന്‍ ചില്ലയില്‍ തട്ടുമ്പോള്‍ ഇലകള്‍ ഇളകുന്നു. കൈമലര്‍ത്തി ആകാശത്തിലേക്ക് നോക്കുന്നു. ബഷീറിന്റെ വരികള്‍ ഓര്‍മയിലെത്തി: 'എനിക്കീ പ്രപഞ്ചങ്ങളെയെല്ലാം ആലിംഗനം ചെയ്യാന്‍ തോന്നുന്നു.' മരുഭൂമി എണ്ണ മാത്രമല്ല, ഈന്തപ്പഴവും നല്‍കുന്നു. വഴിവക്കിലെ ഈന്തപ്പനയില്‍നിന്ന് ഒരു കുല മുറിച്ചെടുത്ത് ഞാനത് മുറിയിലേക്ക് കൊണ്ടുപോകുന്നു. മധുരവും മനസ്സലിവുമായി വീണ്ടും വീണ്ടും പാടുന്നു. ഏകാന്തതയുടെ അപാരതീരം...

വത്തക്കയുടെ ചുവപ്പ്‌ മോഹിച്ച് മുറിച്ചെടുത്ത് വായില്‍വെച്ചപ്പേള്‍ കലങ്ങിയ മധുരചുവപോലെ ചിലതുണ്ട്. അതങ്ങനെ സാഹിത്യം, രാഷ്ട്രീയം, ചങ്ങാത്തം, കുടുംബജീവിതം നിറഞ്ഞ എന്നെത്തന്നെ കുഴലുപോലെ ചുരുട്ടിവെക്കുന്നു. കടലില്‍നിന്ന് പിടിച്ചെടുത്ത പുതിയ മീനിനായി ദൂരെനിന്ന് വരുന്നവരെ പഴയ മീനില്‍ ചോരചാലിച്ച് പറ്റിക്കുന്ന മീന്‍ കച്ചവടക്കാരെപ്പോലെ നമ്മള്‍ ഓരോദിവസവും പലതിലും ചെന്ന് പെട്ട് പറ്റിപ്പിന്റെ വരിക്കാരാകുന്നു. ഇറക്കിക്കിടത്താനാവാതെ ശവവും പേറി ഇരുണ്ടകാലം. അതിനുചുറ്റും കവിതയുടെ പുളിച്ചുതികട്ടല്‍, പരിഹാസത്തിന്റെ ദഹനക്കേട്. കുശുമ്പിന്റെ നെഞ്ചെരിച്ചല്‍, ഏത് വൈദ്യനെ കാണിക്കണം.

നല്ല നിലാവുള്ള രാത്രിയില്‍ മരുഭൂമിയിലോ കടപ്പുറത്തോ നിങ്ങള്‍ ഒരു രാത്രി ചെലവഴിച്ചിട്ടുണ്ടോ. കടല്‍ത്തീരത്തിലിരുന്ന് കടല്‍ത്തിരകളുടെ പതിഞ്ഞതാളത്തിലുള്ള അലയടിയില്‍ നിങ്ങള്‍ക്ക് ചെവി ചേര്‍ത്തുവെക്കാനായാല്‍ ജലനൂലുകള്‍ തുന്നിയെടുത്ത നീലപ്പരവതാനി കാണാനാകും. തോട്ടങ്ങളും കുന്നുകളും നിറഞ്ഞ ഫുജൈറയിലെ ഗ്രാമീണതയില്‍ പക്ഷികളുടെ പ്രത്യേകിച്ച് മൈനകളുടെ കിളിയൊച്ച കേട്ടിരിക്കുക ഒരു ലഹരിയാണ്. അത്തരമൊരു ലഹരിയെക്കുറിച്ച് മസനോബുഫുക്കുവോക്ക 'ഒറ്റ വൈക്കോല്‍ വിപ്ലവം' എന്ന പുസ്തകത്തില്‍ എഴുതിയതിങ്ങനെ: തുറമുഖത്തിന് പിന്‍വശത്തുള്ള കുന്നിലൂടെ രാത്രികളില്‍ അദ്ദേഹം അലഞ്ഞുനടന്നു. ഒരു രാത്രി ക്ഷീണിതനായി അദ്ദേഹം കുഴഞ്ഞുവീണു. ഉദയം വന്നെത്തി നോക്കുംവരെ വലിയ ഒരു മരം ചാരി ഉറങ്ങാതെ എന്നാലുണരാതെ ഞാനാ കിടപ്പുകിടന്നു. മേയ് മാസത്തിലെ 15-ാം പുലരി. എന്റെ മയക്കക്കാഴ്ചയില്‍ പുലരിയും തുറമുഖവും എങ്ങനെയോ മാഞ്ഞുപോയി. നനുത്ത തീരക്കാറ്റില്‍ ഉഷസ്സിന്റെ നേരിയ മഞ്ഞുടുപ്പ് അഴിഞ്ഞു. അതാ ഒരു രാക്കൊക്ക്. ചെവിതുളയ്ക്കുന്ന ഒച്ച. അത് പറന്നകന്നു. അകലുന്ന ചിറകടിശബ്ദം എനിക്ക് വ്യക്തമായി കേള്‍ക്കാം. ആ സമയം, എന്റെ സന്ദേഹങ്ങള്‍ ഒഴിഞ്ഞു. ഇല്ല, ഈ ലോകത്തില്‍ ഒന്നുമില്ല.'

മരങ്ങള്‍ സംരക്ഷണം തീര്‍ത്ത മണ്ണ്, കിണറില്‍ വെള്ളം നിലനിര്‍ത്തിയിരുന്ന ജലാശയങ്ങള്‍, കുളങ്ങള്‍, ആവാസവ്യവസ്ഥയിലെ വള്ളിച്ചെടികള്‍, പുല്ലുകള്‍, ഔഷധസസ്യങ്ങള്‍, ചിത്രശലഭങ്ങള്‍, പക്ഷികള്‍ നിറഞ്ഞ കാവുകള്‍, അതിന്റെയൊക്കെ നഷ്ടത്തില്‍നിന്ന് ഓരോരുത്തരുമിപ്പോള്‍ ഭൂമിയുടെ അവകാശികള്‍ ആരെന്ന് തിരിച്ചറിഞ്ഞുതുടങ്ങി. മനുഷ്യരും ഇതര ജീവജാലങ്ങളുമായുള്ള ആവാസലോഹ്യം തിരിച്ചറിവിലേക്ക് നയിക്കുന്നത്. മരുഭൂമിയില്‍ ഈന്തപ്പനകള്‍ മാത്രമല്ല, ആര്യവേപ്പ്, ഗാഫ് മരങ്ങള്‍, പച്ചക്കറി വിളയിക്കുന്ന തോട്ടങ്ങള്‍, എന്നിവയുണ്ടെന്നറിയാന്‍ ഉള്‍പ്രദേശങ്ങളിലൂടെ ഒന്നലയണം. ആ അലച്ചിലില്‍നിന്ന് പ്രപഞ്ചമെന്നത് സര്‍വചരാചരങ്ങളുമാണെന്ന് ഉള്‍ക്കൊള്ളാനാകും. അപ്പോള്‍ ആകാശം പോലൊരു വഴിതെളിയും. വഴിയില്‍നിന്നൊരു വാക്ക് കയറിപ്പറ്റും. നിങ്ങളില്‍ നിഷ്‌ക്കളങ്കതയുടെ പൊതുവഴി രൂപപ്പെടും.

ആരുടെ അടുത്തും മറുപടിയില്ല. എല്ലാവരും അവനവന്‍ നേരത്തില്‍ പറ്റെഴുതി നടക്കുന്നു. എം.ടി. വാസുദേവന്‍ നായര്‍ എഴുതിയത് എത്ര ശരി: 'ആഘോഷിക്കുമ്പോള്‍ ഓര്‍മിക്കുക, എവിടെയൊക്കെയോ വിശപ്പില്‍ ശരീരങ്ങളും സ്‌നേഹത്തിന്റെ വെളിച്ചം വീഴാത്ത ഇരുട്ടുനിലത്തില്‍ ആത്മാക്കളും വെന്തടിയുന്നു. എന്നിട്ടും സ്‌നേഹത്തിന്റെ പ്രകാശം എന്നെങ്കിലും പൊട്ടിവിടരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കാന്‍ നാം തയ്യാറാകുന്നു; പ്രത്യാശ നഷ്ടപ്പെട്ടാല്‍ നമുക്കൊരസ്തിത്വമില്ല എന്നതുകൊണ്ട്, സ്വന്തം മനസ്സില്‍ മറ്റുള്ളവര്‍ക്കായി ഒരു തിരികൊളുത്താന്‍ ഭൂമുഖത്തെ ഓരോ മനുഷ്യനും തയ്യാറാകണമെന്ന് നമുക്കപേക്ഷിക്കുക, പ്രാര്‍ഥിക്കുക.''

ചില കാഴ്ചകള്‍ പോയകാലത്തെ തിരിച്ചുകൊണ്ടുവരും. അതുംകഴിഞ്ഞ് പരോളിലിറങ്ങിയവര്‍ തിരിച്ചുപോകുംപോലെ ജയിലിലേക്ക്. തുറന്ന ജയിലാകുമ്പോള്‍ ജീവിതത്തില്‍ പലതും നോക്കിക്കാണാം. കോവിഡ് പിടിപെട്ട് ഒറ്റയ്ക്കുകഴിയുന്നവരെ ഓര്‍ക്കുമ്പോള്‍ സങ്കടംതന്നെ. ആ വ്യസനത്തിന് ലോകത്തെവിടെയും ഒറ്റമുഖം. ഒറ്റപ്പെടല്‍ ഒഴിവാക്കാനായി മരുഭൂമിയിലെ നീലാകാശം നോക്കി, സ്വാതന്ത്ര്യത്തിലേക്ക് പറന്നുപോകുന്ന കിളികളിലേക്ക് കണ്ണുടക്കി, ജൈവവേലിയില്‍ വിരിഞ്ഞ പൂക്കള്‍ക്കൊപ്പം കട്ടയില്‍ പണിത വീട്ടിലെ സംസാരിക്കുന്ന വിളക്കുമായി ഞാന്‍ സൊറ പറയുന്നു. പഠാണിക്കൊപ്പം സൂപ്പ്, കുബ്ബൂസ് കഴിച്ച് അറിയാവുന്ന ഭാഷയില്‍ രണ്ട് വീടകങ്ങളിലെ ദാരിദ്ര്യം പങ്കുവെക്കുമ്പോള്‍ രാജ്യത്തിനപ്പുറത്താണ് മനുഷ്യവിലാസത്തിന്റെ കടമെന്ന് അറിയുന്നു.

സ്പര്‍ശം, മണം, നിറം, വസ്തുക്കള്‍, ശലഭങ്ങള്‍, വൃക്ഷങ്ങള്‍ അതിലുമുണ്ട് ഭാഷ. നട്ടുച്ചയിലെ ഉഷ്ണത്തില്‍ വിയര്‍ത്തുകുളിച്ച അധ്വാനം പിടിച്ചുവലിക്കുന്നു. സുഖദുഃഖങ്ങളുടെ റിപ്പബ്ലിക്കില്‍ ഒന്നും ഊതിക്കത്തിക്കുന്നില്ല. നിലാവില്‍ തുടിച്ചുയരുന്ന കടലിലെ തിരകളേ, അനാഗരികതയിലെ പച്ചക്കറിത്തോട്ടങ്ങളേ, കുന്നുമ്പുറ താഴ്വരയിലെ ഉറവകളേ, സ്‌നേഹകാരുണ്യം വറ്റാതെ നിലനിര്‍ത്തണേ.

ലോഹസങ്കര ആവിക്കിടയില്‍ കണ്ണില്ലാത്ത ഭയംഓടുന്നു. കാത്തിരിപ്പിനറിയാം പാതിര കത്തിക്കുന്ന ചോദ്യങ്ങളുടെ പല്ലില്ലാത്ത ചിരി? ഒരുകാര്യം ഉറപ്പ്. ഇരുമ്പ് തുരുമ്പെടുക്കും. സൂര്യവെളിച്ചം, കാറ്റ്, ചേതനാംശമാണ് വാങ്ങാനും വില്‍ക്കാനുമാവില്ല. കെട്ടിടക്കാടിനുള്ളിലെ ഏകാന്തതയാണ് കോവിഡ്കാലം. അവിടെ ചങ്ങലയില്ലാതെ കെട്ടിയിടുന്നു ഭ്രാന്തന്‍ ദിനരാത്രങ്ങള്‍. പാട്ടും ബഹളവും വെളിച്ചവും നിറഞ്ഞതൊക്കെ ഒറ്റമുറിയില്‍ ധ്യാനത്തിന്റെ ഇരിപ്പിടം തേടുന്നു. ഉറങ്ങാത്തവരുടെ മുറിയായി വീട് പരിണമിക്കുന്നു. ഉറക്കത്തില്‍നിന്ന് ഞെട്ടി എഴുന്നേല്‍ക്കുമ്പോള്‍ ചന്ദനത്തിരിയുടെ മണം മൂക്കിലെത്തുന്നു. കണ്ണ് ചോന്ന് തുടിക്കുന്നു. നെഞ്ചില്‍ തീക്കനം അനുഭവപ്പെടുന്നു. ഒന്നിനും രുചിയില്ല. വ്യാകുലത നിറഞ്ഞ് ഒഴുകിപ്പോകുമ്പോള്‍ ജീവിതം ഇനിയും മനസ്സിലാക്കാനുണ്ടെന്ന സൂചന തരുന്നു. മുടിയനായ പുത്രനായി നടന്നാലും നിന്നെയൊരിക്കല്‍ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്ന് കയറില്ലാതെ കെട്ടിയിടുമെന്നു പറഞ്ഞ വീട് ഇപ്പോള്‍ സാന്ത്വനം-ലോകത്തെ വലിയൊരു ശവപ്പെട്ടിയാക്കി ഭയം എല്ലാവരിലും നിറച്ച് മഹാമാരിയുടെ വിളയാട്ടം. വെയില്‍കൊണ്ട് ഉമ്മവെച്ചും തണുപ്പ് എല്ലുകളില്‍ കേറ്റി ചൂട് കുപ്പായം ധരിപ്പിച്ചും ചില നേരങ്ങളില്‍ ഗസലായി, വ്യാഴാഴ്ച നിലാവില്‍ സൂഫി വീടായി എന്നോടൊപ്പംനിന്ന മരുഭൂമീ നീയും എന്നെപ്പോലെ നിശ്ശബ്ദ പോക്കുവരവിന്റെ ഒച്ചകളെല്ലാം അകലം പാലിച്ചുതുടങ്ങി. നിലനില്‍പ്പിന്റെ ആധിയില്‍ തലച്ചോറില്‍നിന്ന് ആശയങ്ങള്‍ ഇറങ്ങിവരുന്നില്ല, പേനതൊടുന്നില്ല. മീന്‍മാര്‍ക്കറ്റ്, പച്ചക്കറിച്ചന്ത, സൂപ്പര്‍മാര്‍ക്കറ്റ്, ഹോട്ടല്‍, ഗ്രോസറി ഒരിടത്തും തിരക്കില്ല. മുഖം മറച്ചും അകന്നുനിന്നും എപ്പോഴും കൈ സോപ്പിട്ടു കഴുകിയും ശുചിത്വമിപ്പോള്‍ ജീവിതം എന്തെന്ന് പഠിപ്പിക്കുന്നു. കാലും മുഖവും കഴുകിയാലേ ഉറങ്ങാന്‍ കിടക്കാവൂ എന്നു പറയാറുള്ള അമ്മയെ ഇപ്പോള്‍ ഓര്‍മവരുന്നു. പുറത്തുപോയി വന്നാല്‍ കുളിച്ചിട്ടേ എന്തെങ്കിലും കഴിക്കാവൂ ശ്രീമതിയുടെ വാക്കുകള്‍ നേരാവുന്നു. ഏകാന്തത ഒരാളെ/ഒരുവളെ പലതായി നിര്‍വചിക്കുന്നു. ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുന്നു. മനസ്സിലെ കിളി ദൈവത്തിലേക്ക് പറക്കുന്നു. പൂവിരിയുന്നത്, നിലാവ് ഉദിക്കുന്നത്, വിവസ്ത്രയായ കുന്ന്, കടലിന്റെ വേലിയേറ്റം-വേലിയിറക്കം ആവാസത്തിന്റെ ബോധനശാസ്ത്രം.

Content Highlights: gulf. immigrant life, of corna