ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ അന്തരിച്ചിട്ട് എഴുപത്തിയൊന്ന് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തരമന്ത്രി എന്ന നിലയിലും ഡെപ്യൂട്ടി പ്രൈംമിനിസ്റ്റര്‍ എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകളാണ് ഇന്ത്യയുടെ മുതല്‍ക്കൂട്ട്. പട്ടേല്‍ തന്റെ ദൃഢചിത്തതയാല്‍ പ്രസിദ്ധിയാര്‍ജിച്ചയാളും വാക്ചാതുരിയാല്‍ ആരെയും ആകര്‍ഷിക്കാന്‍ കഴിവുള്ളയാളുമായിരുന്നു. 1948 ജനുവരി ആറിന് ലഖ്‌നൗവില്‍ വെച്ച് അദ്ദേഹം പൊതുജനങ്ങളെ അഭിസംബോധന ചെയ്തത് ഇന്ത്യ-പാക് വിഭജനവും അതിര്‍ത്തിത്തര്‍ക്കങ്ങളും ആഭ്യന്തരപ്രശ്‌നങ്ങളും വിശദീകരിക്കാന്‍ വേണ്ടിയായിരുന്നു. അന്ന് അദ്ദേഹം നടത്തിയ പ്രസംഗം 'ലൈഫ് ഓഫ് സര്‍ദാര്‍ പട്ടേല്‍' എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രസംഗത്തിന്റെ മലയാളപരിഭാഷ വായിക്കാം. 
 
ദൗര്‍ഭാഗ്യകരമായി അരങ്ങേറിയ ഇന്ത്യ-പാക് വിഭജനം കാരണം ലോകത്തിന്റെ കണ്ണില്‍ നമ്മുടെ നഷ്ടപ്പെട്ടു പോയ അന്തസ്സ് വീണ്ടെടുക്കാന്‍ സഹായിക്കുന്നതായിരുന്നു കഴിഞ്ഞ കുറച്ചു മാസങ്ങളിലെ നമ്മുടെ നേട്ടങ്ങള്‍. ഇന്ത്യയെ ഏകീകരിക്കുന്നതില്‍ നമ്മളെ സഹായിച്ചു കൊണ്ടിരിക്കുന്ന യുവതലമുറയോടാണ് എനിക്ക് അഭേദ്യമായ ബന്ധം സൂക്ഷിക്കാന്‍ താല്‍പര്യം്. 

പുതുതായിപ്പിറന്ന സ്വതന്ത്ര ജനാധിപത്യരാഷ്ട്രമായ ഇന്ത്യയ്ക്ക് പുരോഗതിയുടെയും വിമോചനത്തിന്റെയും പാതയിലൂടെ ഏഷ്യന്‍ രാജ്യങ്ങളുടെ നടുനായകത്വത്തിലെത്തണമെങ്കില്‍ സാമുദായികവും വ്യാവസായികവുമായ സമാധാനം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. 

മുസ്ലീങ്ങളുടെ പരമ പ്രധാനശത്രുവായി ഞാന്‍ ചിത്രീകരിക്കപ്പെടുമ്പോഴും അവരുടെ യഥാര്‍ഥ സുഹൃത്താണ് ഞാന്‍ എന്നാണെനിക്ക് പറയാനുള്ളത്. കാര്യങ്ങള്‍ വ്യക്തമായും സുതാര്യമായും സംസാരിക്കുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. കാര്യങ്ങളെ കഷ്ണിച്ച് അവതരിപ്പിക്കുക എങ്ങനെയെന്ന് എനിക്കറിയില്ല. ഈ നിര്‍ണായകഘട്ടത്തില്‍ ഇന്ത്യന്‍ യൂണിയനോട് കൂറു കാണിക്കുന്നുവെന്ന് പറയുന്നവരുടെ വെറുംവാക്കുകള്‍ കൊണ്ട് അവര്‍ക്ക് ഒരു ഗുണവുമുണ്ടാകാന്‍ പോകുന്നില്ലെന്ന് ഞാന്‍ തുറന്നു പറയുകയാണ്. അവരുടെ പ്രഖ്യാപനങ്ങളുടെ പ്രായോഗിക തെളിവുകളാണ് ഇപ്പോള്‍ ആവശ്യം.  

അതിര്‍ത്തി ഗോത്രവര്‍ഗക്കാരുടെ ഒത്താശയോടെ ഇന്ത്യന്‍ പ്രദേശങ്ങള്‍ ആക്രമിക്കുന്ന പാകിസ്താനെ അസന്ദിഗ്ധമായി അധിക്ഷേപിക്കാത്തതെന്താണെന്ന് ഞാനവരോട് ചോദിക്കട്ടെ. ഇന്ത്യയ്‌ക്കെതിരായ എല്ലാ അക്രമപ്രവര്‍ത്തനങ്ങളെയും അപലപിക്കേണ്ടത് അവരുടെ കൂടി കടമയല്ലേ?

ആര്‍.എസ്.എസ്സിനെ ഞാന്‍ കോണ്‍ഗ്രസ്സിനോടൊപ്പം ചേരാന്‍ ക്ഷണിക്കുകയാണ്.  രാജ്യത്ത് അസ്വാരസ്യങ്ങളുണ്ടാക്കിക്കൊണ്ട് ഇന്ത്യയെ ദുര്‍ബലപ്പെടുത്തുകയല്ല വേണ്ടത്. യഥാര്‍ഥത്തില്‍ സ്വാര്‍ഥ ഉദ്ദേശ്യങ്ങളല്ല അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്. സാഹചര്യം അതാവശ്യപ്പെടുകയാണ് ചെയ്യുന്നത്. സര്‍ക്കാറിന്റെ കൈകള്‍ ശക്തിപ്പെടുത്താനാണ് അവര്‍ സഹായിക്കേണ്ടത്. അക്രമത്തിലൂടെ അവര്‍ക്ക് യഥാര്‍ഥ സേവനം നല്‍കാന്‍ കഴിയില്ല. അവര്‍ ഉദ്ദേശിക്കുന്ന സമാധാനം അങ്ങനെ വന്നുചേരില്ല. 

മുസ്ലീം ലീഗ് അവരുടെ ഏറ്റവും വലിയ ശത്രുവായി എന്നെ പ്രഖ്യാപിച്ചിരിക്കുന്നു. മുമ്പ് ഗാന്ധിജിയെയായിരുന്നു പ്രഥമശത്രുവായി അവര്‍ കണ്ടിരുന്നത്. ഇപ്പോള്‍ അവരുടെ ചിന്തപ്രകാരം, ഗാന്ധിജി അവരുടെ ചങ്ങാതിയാണ്. അദ്ദേഹത്തിന് അവര്‍ കൊടുത്ത സ്ഥാനം നേരെ എന്റെ ചുമലിലേക്ക് ചാരിവെക്കുകയും ചെയ്തിരിക്കുന്നു. കാരണം ഞാന്‍ സത്യം വിളിച്ചുപറയുന്നു. പാകിസ്താൻ കിട്ടുകയാണെങ്കില്‍ അവര്‍ക്ക് സര്‍വമുസ്ലീങ്ങളെയും സംരക്ഷിക്കാന്‍ കഴിയുമെന്നാണ് വിശ്വസിച്ചിരിക്കുന്നത്. പക്ഷേ, അവര്‍ എപ്പോഴെങ്കിലും ഹിന്ദുസ്താനില്‍ ജീവിക്കുന്ന മുസ്ലീങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവരോട് എന്തെങ്കിലും തരത്തിലുള്ള അനുഭാവം ഇവര്‍ കാണിച്ചിട്ടുണ്ടോ?

സ്വാതന്ത്ര്യം നേടിയപ്പോള്‍ പഞ്ചാബ് കൂട്ടക്കൊല നമ്മുടെ അന്തസ്സ് കെടുത്തി. പിന്നാലെ തന്നെ ജുനാഗഢ്‌ സംഭവവും കാശ്മീര്‍ പ്രശ്‌നവും ഉടലെടുത്തു.

പാകിസ്താനോട് ഇതേപ്പറ്റിയെല്ലാം നമ്മള്‍ ചോദിച്ചു. അതേക്കുറിച്ചൊന്നും തങ്ങള്‍ക്ക് ആശങ്കയില്ല എന്നായിരുന്നു മറുപടി.  കശ്മീരിലെ സര്‍ക്കാറും കശ്മീര്‍ മുസ്ലീങ്ങളുമായിരുന്നു ഉത്തരവാദികള്‍. പ്രാദേശിക ഗോത്രവാസികള്‍ ഭക്ഷണസാധനങ്ങളും യുദ്ധക്കോപ്പുകളും മോട്ടോര്‍ ട്രക്കുകളും പെട്രോളും അവരില്‍നിന്നു വാങ്ങുന്നുവെന്നത് രഹസ്യമല്ല എന്നോര്‍ക്കണം. 

അവസാനത്തെ പോംവഴി എന്ന നിലയില്‍ ഇന്ത്യാ ഗവണ്‍മെന്റ് കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയുടെ പരിഗണനയ്ക്കുവിട്ടു. മിസ്റ്റര്‍ മുഹമ്മദ് സഫ്രുള്ള ഖാന്‍ പറഞ്ഞതെന്താണെന്നോ, അഴുക്കുപുരണ്ട ലിനന്‍ തുണികള്‍ ഞങ്ങളെന്തിന് അലക്കിവെളുപ്പിക്കണം എന്ന്! കഴിഞ്ഞ നാല് മാസം മുമ്പ് പഞ്ചാബിലെ അഴുക്ക് കഴുകിയിട്ട് മതിയായില്ലേ അവര്‍ക്ക്? ഇതെല്ലാം മനപ്പൂര്‍വ്വം കെട്ടിച്ചമയ്ക്കുന്ന കള്ളങ്ങളാണ്!

ഇന്ത്യന്‍ മുസ്ലീങ്ങളോട് എനിക്കൊന്നേ ചോദിക്കാനുള്ളൂ- അടുത്തിടെ നടന്ന ഓള്‍ ഇന്ത്യ മുസ്ലീം കോണ്‍ഫറന്‍സില്‍ ആരുമെന്തേ കാശ്മീര്‍ വിഷയത്തെക്കുറിച്ച് വായ തുറന്നില്ല? നിങ്ങളെന്തുകൊണ്ടാണ് പാകിസ്താന്റെ പ്രവൃത്തികളെ കുറ്റപ്പെടുത്താതിരുന്നത്?

ഇത്തരം കാര്യങ്ങള്‍ ആളുകള്‍ക്കിടയില്‍ സംശയങ്ങളുണ്ടാക്കും. ഒരു നല്ല സുഹൃത്തിന്റെ കടമ എന്നത് തുറന്നു സംസാരിക്കുക എന്നതാകയാല്‍ ഞാനെന്റെ മുസ്ലീം സുഹൃത്തുക്കളോട് ഒരു കാര്യം തുറന്നു പറയാന്‍ ആഗ്രഹിക്കുന്നു- ഒരേ തോണിയില്‍ ഒരുമിച്ച് തുഴയുക എന്നത് നിങ്ങളുടെ കടമയാണ്. മുങ്ങിയാലും നീന്തിയാലും നമുക്കൊരുമിച്ചു പോകാം. നിങ്ങളോടെനിക്ക് പറയാനുള്ളത് രണ്ടു കുതിരപ്പുറത്ത് ഒരുമിച്ച് പോകാന്‍ പറ്റില്ല എന്നുതന്നെയാണ്. നിങ്ങള്‍ ഒരു കുതിരയെ തിരഞ്ഞെടുക്കണം, അത് നിങ്ങള്‍ക്ക് ഏറ്റവും മികച്ചതുമായിരിക്കണം. 

നിയമസഭയില്‍ ലക്‌നൗവില്‍ നിന്നുള്ള ഒരു മുസ്ലീം ലീഗുകാരന്‍ പ്രത്യേക മണഡലത്തിനായും സംവരണത്തിനായും വാശിപിടിച്ചു. രണ്ടു തുറയിലും ഒരുമിച്ച് കാല് കുത്താനാവില്ലെന്ന് എനിക്ക് തുറന്നു പറയേണ്ടി വന്നു. ഇപ്പോള്‍ അയാള്‍ പാകിസ്താനിലാണ്. പാകിസ്താനിലേക്ക് പോകാന്‍ ആഗ്രഹമുള്ളവര്‍  ദയവ് ചെയ്ത് അവിടെ പോയി സമാധാനത്തോടെ ജീവിക്കൂ. ബാക്കിയുള്ളവര്‍ ഇവിടെയും സമാധാനത്തോടെ ജീവിച്ച് നാടിനായി പണിയെടുക്കട്ടെ.

പാകിസ്താനിലെ മുസ്ലീംലീഗ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് അവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങളെല്ലാം തന്നെ ചെയ്തുകൊടുക്കുമെന്നാണ്. പക്ഷേ, അവിടത്തെ സിന്ധ്- ഹിന്ദു അഭയാര്‍ഥികളോട് നേരിട്ടന്വേഷിക്കൂ. അവിടെ കഴിയുക എന്നത് അസാധ്യമാണെന്നാണ് അവര്‍ പറയുന്നത്. പാകിസ്താന്‍ താഴോട്ടാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. അവരുടെ ന്യൂനപക്ഷനയം അനുസരിച്ച് ഏതാണ്ട് എട്ടോ പത്തോ ലക്ഷം മുസ്ലീങ്ങളെ ഇന്ത്യയില്‍നിന്ന് പറഞ്ഞയക്കേണ്ടതുണ്ട്. പക്ഷേ നമ്മുടെ നയം അതല്ല!

നമുക്ക് പാകിസ്താനെ വെറുതെ വിടാം. അവരുടെ നയങ്ങളുമായി അവര്‍ തുടരട്ടെ. നമ്മള്‍ അതില്‍ അസ്വസ്ഥരാവേണ്ടതില്ല. അവര്‍ക്ക് നമ്മോട് യുദ്ധം ചെയ്യണമെങ്കില്‍ നമ്മള്‍ മുപ്പത്തിനാല് കോടി ജനങ്ങളുണ്ട്. നമുക്ക് ആള്‍ബലവും ആയുധബലവും പറ്റിയ സ്രോതസ്സുകളുമുണ്ട്.  പാകിസ്താന്‍ ഇന്നലെ പിറന്ന ശിശുവാണ്. പക്ഷേ അവിടത്തെ ഹിന്ദുക്കള്‍ക്ക് കൊടുക്കുന്നതുപോലുള്ള ഹീനതകള്‍ നമ്മള്‍ ഇന്ത്യയിലെ മുസ്ലീം സഹോദരങ്ങള്‍ക്ക് കൊടുക്കാന്‍ പാടുള്ളതല്ല, അത് നമുക്ക് ചേര്‍ന്നതല്ല.

യുവാക്കള്‍ക്ക് മിലിറ്ററി പരിശീലനം നല്‍കേണ്ടതിന്റ ആവശ്യകത ഞാന്‍ മനസ്സിലാക്കുന്നു. മിലിറ്ററി പരിശീലനം മഹത്തരമാണ്. അതിന്റെ ആവശ്യമുണ്ടു താനും. ലാത്തിയും വാളും കല്ലുകളും കൊണ്ട് യുദ്ധം ചെയ്യുന്ന രീതികള്‍ നമ്മള്‍ക്കവസാനിപ്പിക്കാം. യുവാക്കളോട് അഭ്യര്‍ഥിക്കട്ടെ, എല്ലാ ഭാഗത്തുനിന്നും ഇന്ത്യയെ ഏകോപിപ്പിച്ചേ മതിയാകൂ. ഇന്ത്യയുടെ ഏകോപനം പല വിഡ്ഢിത്തങ്ങളാല്‍ ഒരിക്കല്‍ നഷ്ടപ്പെട്ടു പോയതാണെന്ന ഓര്‍മ എപ്പോഴുമുണ്ടാകണം. ആ വിഡ്ഢിത്തം ഭാവിയില്‍ ആവര്‍ത്തിക്കാനിട വരരുത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ പറയട്ടെ ഇന്ത്യയുടെ എല്ലാ ഭാഗത്തും  ഈ വിഡ്ഢിത്തം നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങള്‍ യഥാവിധി പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ അവിടം രാജ്സ്ഥാന്‍ ആയി മാറും. നമ്മളും സംസ്ഥാനങ്ങളും തമ്മിലുള്ള രാഷ്ട്രീയ വകുപ്പുകളുടെ തിരശ്ശീല തീര്‍ച്ചയായും നീക്കപ്പെടണം. വിവിധ സംസ്ഥാനങ്ങളിലെ രാജാക്കന്മാരുമായി ഞാന്‍ ബന്ധപ്പെട്ടതാണ്. അവരില്‍ ബഹുഭൂരിഭാഗവും യഥാര്‍ഥ ദേശസ്‌നേഹികളാണ്. വര്‍ത്തമാനകാല രാഷ്ട്രീയസ്ഥിതികളും പാകിസ്താന്റെ അവസ്ഥയും ഞാനവരോട് വിശദീകരിച്ചു. ആഭ്യന്തരകലഹങ്ങളുടെ പേരില്‍ ഇന്ത്യ അനുദിനം നഷ്ടപ്പെടുകയാണെന്ന് ഞാനവരെ ബോധ്യപ്പെടുത്തി. അവരും എന്റെ അഭിപ്രായത്തോട് യോജിച്ചു. ഞാന്‍ സന്തുഷ്ടനാണ്, അവര്‍ എന്നെ മനസ്സിലാക്കിയിരിക്കുന്നു. 

ഇങ്ങനെ ചെയ്യാന്‍ പാടില്ല, അങ്ങനെ ചെയ്യാന്‍ പാടില്ല എന്നൊക്കെ വിമര്‍ശിക്കാനും ആരോപിക്കാനും നമുക്ക് ചുറ്റും ധാരാളം പേരുണ്ട്. ഇത്രയും കാലം പറഞ്ഞു കൊണ്ടിരിക്കുന്നതു തന്നെയാണ് അവരോട് ഇപ്പോഴും പറയാനുള്ളത്. ഞങ്ങള്‍ക്കല്പം സമയം തരൂ, ഞങ്ങളെന്താണ് ചെയ്യുന്നത്, എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നേരില്‍ കാണിച്ചു തരാം.

വിമര്‍ശകരോട് പറയട്ടെ, ആഗസ്റ്റ് പതിനഞ്ചിന് ഞങ്ങള്‍ ചുമതലയേറ്റതു മുതല്‍ ധാരാളം ജോലികള്‍ ഏറ്റെടുത്തിട്ടുണ്ട്, ചെയ്തു തീര്‍ക്കുന്നുണ്ട്. വിഭജനത്തെക്കുറിച്ച്, ഉദ്യോഗസ്ഥഭരണത്തിന്റെ ഇരുമ്പ്ചട്ടക്കൂട് തകര്‍ക്കുന്നതിനെക്കുറിച്ച്, സ്വത്തുക്കളും ബാധ്യതകളും പങ്കുവെക്കുന്നതിനെക്കുറിച്ച്, അഭിയാര്‍ഥി പ്രശ്‌നങ്ങളെക്കുറിച്ച് പറയേണ്ടതും  പ്രവര്‍ത്തിക്കേണ്ടതുമില്ലേ? അതത് സംസ്ഥാനങ്ങളിലെ നിയമസഭാതലത്തില്‍ ഒരു മീറ്റിങ് വിളിച്ചു ചേര്‍ത്തിട്ടുണ്ട് ഞങ്ങള്‍. ഉറപ്പായിട്ടും ഒരു കാര്യം കൂടി പറയട്ടെ. ഇത്രയും ഭാരങ്ങള്‍ വളരെ പെട്ടെന്ന് ഒരു സര്‍ക്കാറിന്റെ ചുമലില്‍ വന്നുവീഴുമ്പോള്‍ അത് തകര്‍ന്നു പോകാനിടയുണ്ട്. പക്ഷേ, നമ്മള്‍ പരാജയപ്പെടില്ല. വാസ്തവത്തില്‍ നമ്മുടെ കഠിനചുമതലകള്‍ ഏറ്റെടുത്തു നിര്‍വഹിച്ച രീതി ഈ ലോകത്തെ നമ്മുടെ അഭിമാനം ഏറെ ഉയര്‍ത്തുകയാണ്. 

ഇന്ത്യയുടെ പുനര്‍നിര്‍മാണത്തിന് രണ്ട് കാര്യങ്ങള്‍ ആവശ്യമാണ്- വളരെ കരുത്തുള്ള കേന്ദ്രഭരണവും ആയുധസന്നാഹത്തോടെയുള്ള സൈന്യവും. സൈന്യം എന്നതുകൊണ്ട് എല്ലാ മേഖലയെയുമാണ് ഉദ്ദേശിക്കുന്നത്- നാവികസേന, വ്യോമസേന, കരസേന...

ഇപ്പോഴുള്ളതുപോലെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം തുടരുന്നതെങ്കില്‍ പരിണിതഫലങ്ങള്‍ മുന്‍കൂട്ടി കാണാനാവില്ല. ഞാനൊന്നും മറച്ചുവെക്കുന്നില്ല, പക്ഷേ ഞാന്‍ പറയുന്നത് നഗ്നസത്യങ്ങളാണ്. നമ്മുടെ കണ്ണിലേക്ക് പൊടി വലിച്ചെറിയുന്നവര്‍ ആരായാലും എനിക്കിഷ്ടമില്ല.

വിശ്വസ്തതയില്ലാത്തവര്‍ പാകിസ്താനിലേക്ക് പോയിരിക്കണം. രണ്ട് കുതിരപ്പുറത്ത് ഒരേസമയം ഇരിക്കുന്നവര്‍ നിര്‍ബന്ധമായും ഹിന്ദുസ്ഥാന്‍ വിട്ടുപോയിരിക്കണം. 

തൊഴിലാളി നേതാക്കളോട് അഭ്യര്‍ഥിക്കുന്നു; സമരങ്ങളും പണിമുടക്കുകളും സൃഷ്ടിച്ചു കൊണ്ടേയിരിക്കരുത്. ഇതൊരു അന്യശക്തിയല്ല. ഞങ്ങളെ ആര്‍ക്കും എപ്പോഴും സമീപിക്കാവുന്നതാണ്. എന്തു കൊണ്ടാണ് തൊഴിലാളി നേതാക്കള്‍ ഞങ്ങളെ നേരിട്ടു കണ്ട് തൊഴിലിടത്തിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാത്തത്? സമരങ്ങളുടെയും ഹര്‍ത്താലുകളുടെയും കാലം കഴിഞ്ഞു. ഒരു വിദേശശക്തിക്കെതിരെ പോരാടുമ്പോഴാണ് ഇവയെല്ലാം ആവശ്യമായി വരുന്നത്. ഈ തന്ത്രങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കണം. ഞങ്ങള്‍ക്ക് സമയം തരൂ. മൂന്നു നാലു വര്‍ഷങ്ങള്‍ക്കകം നമ്മള്‍ക്കെന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കും. ശക്തമായ ഒരു സൈന്യസംവിധാനത്തിന് അവശ്യസാമഗ്രികള്‍ ഉദ്പാദിപ്പിക്കുന്ന വ്യവസായകേന്ദ്രങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട്. തൊഴിലാളികള്‍ക്ക് വിശ്രമം ലഭിക്കുന്നില്ല എങ്കില്‍ ശക്തവും ദൃഢവുമായ ഒരു മിലിറ്ററി സംവിധാനം നമുക്ക് കെട്ടിപ്പടുക്കാന്‍ സാധിക്കില്ല. 

അവസാനമായി നടന്ന ഇന്റസ്ട്രിയല്‍ കോണ്‍ഫറന്‍സില്‍ തൊഴിലാളി നേതാക്കള്‍ ഞങ്ങളോട് അനുകൂലിച്ചതാണ്; പക്ഷേ ഇന്നും ബോംബെയില്‍ ഏകദിന പണിമുടക്ക് നടന്നു! നമ്മള്‍ ഇങ്ങനെയാണ് തുടരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വിനാശകരമായ ഒരു അന്ത്യമായിരിക്കും ഇന്ത്യ നേരിടുക. നിങ്ങള്‍ അധികം ഉദ്പാദിപ്പിക്കാത്ത പക്ഷം എങ്ങനെയാണ് ലാഭം വീതിച്ചെടുക്കുക? ഇന്ത്യ ഒരു വ്യാവസായിക രാജ്യമല്ല. ഇന്ത്യയെ വ്യവസായവല്‍ക്കരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാത്ത തരത്തിലുള്ള വിഡ്ഢിത്തങ്ങള്‍ രാജ്യത്തിന്റെ അഭിവൃദ്ധിക്ക് സാരമായ തടസ്സമായിത്തീരുകയേ ഉള്ളൂ. 

Content Highlights :Sardar vallabhbhai Patel Lucknow speech 1948 january 6