'വിത മനസ്സിലാകാത്തവരോട്'-വർഷങ്ങൾക്കു മുൻപ് ഡി.വിനയചന്ദ്രൻ എഴുതിയ ഒരു കവിതയുടെ തലക്കെട്ടാണ്. 'വാക്കിന്റെ മുന്നിൽ ബ്രഹ്മാവിനെപ്പോലെ വിനയനാവുക'എന്നൊരു വരിയുണ്ട് ആ കവിതയിൽ. വാക്കിനു മുന്നിലെ വിനയമാണ് സഹൃദയത്വത്തിന്റെ ആരംഭം എന്നു വിശ്വസിക്കുന്ന കവിതാവായനക്കാരനാണ് ഞാൻ. വാച്യമല്ല കവിത എന്ന പ്രാഥമികപാഠത്തിനു മുന്നിൽ വിനയവാനാകാതെ ധ്വനിയുടെ ഗോപുരവാതിൽ തുറക്കപ്പെടില്ല കവിതാവായനക്കാരനു മുന്നിൽ. അതിനു വിനയാർദ്രവും വിവേകപൂർണ്ണവുമായ അനുധ്യാനവും അനുശീലനവുമാവശ്യമുണ്ട്. ഇതിന്റെയെല്ലാം സാരമായ അഭാവം ഇന്ന് നമ്മുടെ കവിതാ വയനയെ ബാധിച്ചിരിക്കുന്നു.

സാമാന്യവായനക്കാരെപ്പറ്റില്ല ഇപ്പറഞ്ഞത്. അവരുടെ ഇഷ്ട വായനാവിഭവങ്ങളുടെ കൂട്ടത്തിൽ ചിലപ്പോൾ കവിത തന്നെ കണ്ടില്ല എന്നും വരാം.കവിത മനസ്സിലാകുമെന്നു ഭാവിക്കുന്നവരുടെ കവിതാ വായനകളിലാണ് പലപ്പോഴും ഇതു സംഭവിക്കുന്നത്. മുരട്ടു പാണ്ഡിത്യമോ പണ്ഡിതനാട്യ (pedantry)മോ കവിതാവായനയെന്ന വമ്പിച്ച വാസനാ ബലമാവശ്യമായ പ്രവൃത്തിയെ സഹായിച്ചെന്നു വരില്ല. ഉൾക്കാഴ്ച്ചയുടെ വെളിച്ചത്താൽ മാത്രം തിളങ്ങുന്ന ഒരു മാന്ത്രികരത്നമാണു കവിത. മിന്നൽ ഉല്പാദിപ്പിക്കാനാവില്ല, വിദ്യുച്ഛക്തിയെന്ന പോലെ. മേഘ ജ്യോതിസ്സുപോലെ സ്വയം ആവിർഭവിക്കണം, അതിനാൽ, കവിതയുടെ പൊരുൾവെളിച്ചം. ഇതിനു വേണ്ടി കാത്തു നിൽക്കാനുള്ള ക്ഷമയോ പരിപാകമോ ഇല്ല പലർക്കും.അവർ കവിതയുടെ വാതിൽ തള്ളിത്തുറക്കുന്നു,തള്ളിത്തുറക്കേണ്ടതല്ല സ്വയം തുറക്കപ്പെടേണ്ടതാണ് ആ വാതിൽ എന്ന പ്രബുദ്ധതയുടെ അഭാവത്താൽ. കവിതാവായനയും ഒരു സെൻകലയാണ്. അതിന് സഹജാവബോധത്തിന്റെ സൂക്ഷ്മേന്ദ്രിയം വേണം.
ഈ സൂക്ഷ്മേന്ദ്രിയത്വത്തിന്റെ അഭാവത്താലാണ് പലപ്പോഴും കവിതാവായന പാളിപ്പോകുന്നത്, കാടു കാണാൻ പോയവർ ചില ഉണക്കമരങ്ങൾ മാത്രം കണ്ട് മടങ്ങിപ്പോരുന്നതും. അത്തരമൊരു കാടു കാണലിന്റെ കഥയാണ് പറഞ്ഞു വരുന്നത്.

ഈ ലേഖകൻ 2020 മെയ് മാസത്തിൽ മഹാകവി പി.യുടെ ചരമവാർഷികത്തോടടുത്ത് പ്രമുഖ ആനുകാലികത്തിൽ ഒരു ചെറിയ കുറിപ്പെഴുതി- 'ജീവിതം എന്ന ചലച്ചിത്രം, കാലം എന്ന തീവണ്ടി' എന്ന പേരിൽ. ശീർഷകം മുതൽ പിക്കവിതയിലെ ചലന-യന്ത്രബിംബങ്ങളുടെ രൂപകാത്മകതയിലൂന്നുന്നതായിരുന്നു ആ വായന. ഇവ രണ്ടും പി യുടെ അനുദിനവാഴ്വിന്റെ കൂടി ഭാഗമായിരുന്നു എന്നും സൂചിപ്പിച്ചിരുന്നു. കവിതയിൽ അവയ്ക്കു ലഭിച്ച രൂപകാത്മകതയും അതിനു പിന്നിലെ ജീവിതബോധത്തിന്റെ ദുരന്തതയും വായനക്കാരുമായി പങ്കുവയ്ക്കാനാണ് ഞാൻ ആഗ്രഹിച്ചത്. അപ്പോഴതാ വരുന്നു കാടിളക്കിക്കൊണ്ട് ഒരു സംഘം. സംഘത്തലവൻ 2007-ലേ എഴുതിയതാണത്രേ എന്റെ ലേഖനം! ചുരുക്കിപ്പറഞ്ഞാൽ 'ഒരാൾ കൂടി കള്ളനായി'. പരദൂഷണ സംഘം ആകാവുന്നത്ര ദുർഗ്ഗന്ധം പരത്തിയിട്ടും അത് വേണ്ടത്ര പരന്നില്ല. എങ്കിലും തൽപ്പരകക്ഷികൾ ഇനിയും പണി മതിയാക്കിയിട്ടിയിട്ടില്ല എന്നാണറിവ്.

ആദ്യന്റേത് ഒരു' കണ്ടുപിടിത്ത' ലേഖനമായിരുന്നു. ആർക്കിമിഡീസിനെപ്പോലെ' യുറേക്കാ' എന്നാർത്തു വിളിച്ച് അയാൾ തെരുവിലൂടെ, പിറന്നപടി, ഓടിയപ്പോൾ ഞാനവിടെ ഇല്ലായിരുന്നു എന്നത് നേര്. അതിനാൽ' ആദ്യം കണ്ടത് ഞാനാണ്' (പഴയൊരു ബഷീറിയൻ ഫലിതം ഓർത്തുകൊണ്ട്) എന്ന അയാളുടെ വാദവും ന്യായം. ഇപ്പോഴും ദിഗംബരൻ തന്റെ ഓട്ടം നിർത്തിയിട്ടില്ല. 'ആദ്യം കണ്ടത് ഞാനാണ് 'എന്ന് അയാൾ വിളിച്ചുകൂവുന്നു.

ആളുകൾ കണ്ടു കണ്ടാണ് സർ, കവിതയുടെ കടൽ വലുതാകുന്നത്. താങ്കൾ അതിന്റെ കരയിൽ കപ്പലണ്ടി വിറ്റു നടന്നതു കൊണ്ട് ഇനിയാരും ആ കടലിലിറങ്ങി നീന്താൻ പാടില്ല എന്ന ഈ ശാഠ്യം തീരെ നന്നല്ല. കാരണം കവിത വേറൊരു ഭാഷയാണ്. അതു മനസ്സിലാവാൻ തെല്ല് സഹൃദയത്വം കൂടി വേണം. ഒരു ആറ്റൂർക്കവിത ഉദ്ധരിച്ചു കൊണ്ട് അവസാനിപ്പിക്കാം -
''അരയന്നത്തെക്കുറിച്ചു ഞാൻ വായിച്ചറിഞ്ഞതേയുള്ളൂ
അടുത്തു കണ്ടതുപുഴയൊഴുക്കിൽ പെട്ടുഴയ്ക്കും വേറൊരു ചെറിയ ജീവിയെ
അതിൻവിളിപ്പേര്' ചൊറി'യെന്നാണത്രേ
മലം വിടാനുള്ള തുളകൊണ്ടാണത്രേ
തെളിവെള്ളമതു കുടിച്ചിടുന്നതും.
അതിന്റെ ദുർവിധി! ഒഴുക്കും സ്വന്തം മലം കലർത്താതെ രുചിക്കാൻ വയ്യ.''

കവിതാസ്വാദനത്തെപ്പറ്റി എഴുതി വന്ന കുറിപ്പ് ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതിൽ ഖേദമുണ്ട്. കുറിപ്പിൽ പരാമർശിച്ച ആർക്കിമിഡീസിന്റെ പേര് ഞാൻ പറയില്ല -'ചൊറി' എന്നാണതിൻ വിളിപ്പേര്.അയാൾ ഒരേകവചനം അല്ല!

Content Highlights: Sajay KV Writes about the depth of poetry reading in his Column Mashippacha