കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രസിദ്ധീകരിക്കപ്പെട്ട അവാര്‍ഡ് ചുരുക്കപ്പട്ടിക സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും അവാര്‍ഡ് നിര്‍ണയത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ അക്കാദമി അധ്യക്ഷനായ വൈശാഖന്‍ എഴുത്തുകാരായ സക്കറിയ, കല്‍പ്പറ്റ നാരായണന്‍ എന്നിവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയിരുന്നു. അവാര്‍ഡ് മൂല്യനിര്‍ണയത്തില്‍ കടന്നുവരുന്ന വ്യക്തിവൈരാഗ്യങ്ങളെക്കുറിച്ച് സജയ് കെ.വി എഴുതുന്നു.

ണ്ടൊന്നുമല്ല, മഹാതാര്‍ക്കികനായ ഒരു മലയാള നിരൂപകനുണ്ടായിരുന്നു (ഇപ്പോഴും ഉണ്ട്!). ആയിടെ നിരൂപണത്തില്‍ പിച്ചവച്ചു തുടങ്ങിയ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. ആദ്യന്‍ അപരിചിതനായ ആ ചെറുപ്പക്കാരനെ ഒന്നു രണ്ടു വട്ടം പരസ്യമായി പ്രശംസിച്ചു, തന്റെ അഭിമുഖങ്ങളില്‍. അങ്ങനെയിരിക്കെ താര്‍ക്കികന്‍ ഒരു മികച്ച മലയാളനോവലിനെ കടന്നാക്രമിച്ചു. അത് അന്യായമെന്നു തോന്നിയ, അപ്പോഴേയ്ക്ക് മധ്യവയസ്‌കനായിക്കഴിഞ്ഞിരുന്ന, പണ്ടത്തെ ചെറുപ്പക്കാരന്‍ അതിനു വിയോജനക്കുറിപ്പെഴുതി.

താര്‍ക്കികന്റെ മുഴുത്ത പ്രത്യാഖ്യാനവുമുണ്ടായി. കാര്യങ്ങള്‍ ഇങ്ങനെ തുടരവേ, അക്കൊല്ലത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിര്‍ണ്ണയത്തിനായി മുതിര്‍ന്ന നിരൂപകന്‍ നിയോഗിക്കപ്പെടുന്നു.പണ്ടു താന്‍ മുക്തകണ്ഠം പ്രശംസിച്ച, പിന്നീട് അതേ തൊണ്ട കൊണ്ട് ശകാരിച്ച എഴുത്തുകാരന്റെ പുസ്തകവുമുണ്ട് കൂട്ടത്തില്‍ എന്നു കണ്ട അയാള്‍ ഉത്സാഹഭരിതനായി. വൃദ്ധസിംഹം സട കുടഞ്ഞപ്പോള്‍ സിംഹത്തിനു ചതുര്‍ത്ഥിയായ നിരൂപകന്റെ പുസ്തകത്തിനു നല്‍കപ്പെട്ടത് പത്താം സ്ഥാനം! അങ്ങനെ നവീനകേസരി ചരിതാര്‍ത്ഥനായി; അപരന്‍ അപമാനഭാരത്താല്‍ ഖിന്നനും. അപമാനിതന്‍, മുമ്പു നടന്ന സംവാദത്തില്‍, താന്‍ മുതിര്‍ന്ന നിരൂപകനു നല്‍കിയ ആ മറുപടിയോര്‍മ്മിച്ചു. അംഗുലപ്പുഴുവിന്റെ കഥയായിരുന്നു അത്. എന്തിനെയും തന്റെ ഉടല്‍നീളം കൊണ്ട് അളന്നുകളയുമായിരുന്നു ആ പുഴു .ഒരു നാള്‍ അത് വാനമ്പാടിയുടെ പാട്ടിന്റെ നീളവും അളക്കാന്‍ മുതിര്‍ന്നു. പുഴു അമ്പേ പരാജിതനായി. വാനമ്പാടി പാടിക്കോട്ടെ, അളവുകാരന്‍പുഴു തന്റെ ഉദ്ധതവൃത്തി തുടരുകയും ചെയ്യട്ടെ,  എന്നായിരുന്നു എഴുത്തിലെ പിന്‍മുറക്കാരന്‍ അന്ന് താന്‍ അപ്പോഴും ആദരിച്ചിരുന്ന മുതിര്‍ന്ന നിരൂപകനു നല്‍കിയ മറുപടിയിലെ അവസാന വാക്യം. ഇപ്പോള്‍ ആ അംഗുലപ്പുഴു തന്നെയും അളന്നു തള്ളുന്നതു കണ്ട്, ആ അളവിലെ കുടിലമായ കണിശതയും കണ്ട്, ചകിതനായി അയാള്‍ ഈ കുറിപ്പെഴുതുന്നു; വ്യക്തിവിദ്വേഷപ്രകടനവും തരംതാണ അഹന്താപൂരണവും നടത്താനുള്ള ഇടമാകരുത് കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ എന്ന ഗുണപാഠത്തോടെ!

Content Highlights ; Sajay KV Reacts on kerala Sahithya Acadamy Award judgments