'സാഗ ഓഫ് കല്പാത്തി, സ്റ്റോറി ഓഫ് പാല്‍ഗാട്ട് അയ്യേഴ്സ്' എന്ന പുസ്തകം പേര് സൂചിപ്പിക്കുന്നതുപോലെ പാലക്കാട് വഴി മലയാളത്തില്‍ കുടിയേറിയ തമിഴ് ബ്രാഹ്മണരുടെ ചരിത്രവും പുരാണവും വര്‍ത്തമാനവുമാണ്. കോളമിസ്റ്റും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സിന്റെ റെസിഡന്റ് എഡിറ്ററുമായ എം.കെ. ദാസിന്റെ എഴുത്ത്; പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റും പാലക്കാട്ടുകാരനുമായ ഇ.പി. ഉണ്ണിയുടെ അതിഗംഭീരമായ വരകള്‍. ഈ പുസ്തകത്തിലേക്ക് ഒരാളെ ആകര്‍ഷിക്കാന്‍ രണ്ടും ധാരാളം.

പന്ത്രണ്ടാംനൂറ്റാണ്ടിലാണ് ക്ഷേത്രത്തിലെ പൂജാരിമാരായും പണമിടപാടുകാരായുമൊക്കെ ആദ്യമായി പാലക്കാടിന്റെ കവാടത്തില്‍ അവരെത്തുന്നത്. ഏഴോ, എട്ടോ നൂറ്റാണ്ടില്‍ കര്‍ണാടകം വഴിയെത്തിയ ആര്യബ്രാഹ്മണര്‍ നമ്പൂതിരിമാരായി അധികാരമുറപ്പിച്ചകാലം. നല്ല സ്വീകരണമല്ല അവര്‍ക്ക് കിട്ടിയത്. കല്പാത്തി ലിഖിതങ്ങളിലാണവരുടെ ആദ്യകാലചരിത്രം എഴുതപ്പെട്ടിരിക്കുന്നത്. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടോടെ ചേരസാമ്രാജ്യത്തിന്റെ പതനവും പാലക്കാട് രാജാവിന് നമ്പൂതിരിമാരുമായുണ്ടായ പിണക്കവും അവരുടെ കുടിയേറ്റത്തിന് കളമൊരുക്കി. യുദ്ധവും ക്ഷാമവുമാണ് സ്വന്തം നാടുപേക്ഷിച്ച് കേരളത്തിലെത്തിച്ചത്.

എ.ഡി. 1464-ല്‍ പാലക്കാട് രാജാവ് അവര്‍ക്ക് താമസിക്കാനും ക്ഷേത്രം പണിയാനും ഭൂമി ദാനം നല്‍കിയെന്ന് വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ രേഖപ്പെടുത്തുന്നു. അങ്ങനെയാണ് കല്പാത്തി അഗ്രഹാരവും ശ്രീവിശ്വനാഥക്ഷേത്രവുമെന്ന് പുസ്തകത്തില്‍ പറയുന്നു. അഗ്രഹാരം എന്ന വാക്കിനര്‍ഥം ഹരനും (ശിവന്‍) ഹരിയും (വിഷ്ണു) വസിക്കുന്ന ഇടം എന്നാണത്രെ. ഒന്നിനോടൊന്നുചേര്‍ന്ന പാര്‍പ്പിടങ്ങള്‍ ക്ഷേത്രത്തിലേക്കുള്ള പാതയുടെ ഇരുവശവുമായി മാലപോലെ കൊരുത്തിരിക്കുന്നു ഇവിടെ.

സംഘകാലകൃതിയായ 'പെരുമ്പാണരുപട'യില്‍ അഗ്രഹാരത്തെക്കുറിച്ച് ഇങ്ങനെവായിക്കാം: 'ചാണകം മെഴുകിയ വീടുകള്‍ക്ക് മുന്നില്‍ കുറിയ കാലുള്ള ചായ്പുകളില്‍ കൊഴുത്ത പശുക്കളെ കെട്ടിയിരിക്കുന്നു. കോഴികളും പട്ടികളും അങ്ങോട്ട് പ്രവേശിച്ചിരുന്നില്ല. വേദങ്ങളുടെ രക്ഷകരുടെ ഗ്രാമമാകുന്നു. അവര്‍ തത്തകളെ ചൊല്ലി പഠിപ്പിക്കുന്നു'. 

ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാരനായ  ഫ്രാന്‍സിസ് ബുക്കാനന്‍ (17841815) ഇങ്ങനെ രേഖപ്പെടുത്തുന്നു: 'വിസ്തൃതവും പ്രസന്നവുമായ ആകാശത്തിന്റെ വടക്കേച്ചെരുവില്‍ പരിശുദ്ധിയോടെ പ്രകാശിക്കുന്ന കുഞ്ഞുനക്ഷത്രത്തെ (അരുന്ധതി) ഓര്‍മിപ്പിക്കുന്ന വളയിട്ട സുന്ദരികളെയാണ് നിങ്ങള്‍ക്ക് അവിടെ എത്തിയാല്‍ കാണാന്‍ കഴിയുക. നന്നായി വേവിച്ച് കുരുമുളക് പൊടി തൂകി കറിവേപ്പില കൊന്തിട്ട കുത്തരിച്ചോറും മുറ്റത്തെ മാവില്‍ നിന്നും ഇറുത്തെടുത്ത കൊതിയൂറും മണമുള്ള കണ്ണിമാങ്ങകളുടെ അച്ചാറിട്ടതുമായാണ് അവര്‍ നിങ്ങളെ സ്വീകരിക്കുക.'

അവര്‍ക്കൊപ്പം ഇവിടെയെത്തി താമസമാക്കിയ വിവിധ കുലത്തൊഴില്‍ ചെയ്യുന്നവരെക്കുറിച്ചും ഹൈദരാലിയുടെ ഒപ്പം വന്ന റാവുത്തന്‍മാര്‍ എന്ന കുതിരക്കാരെക്കുറിച്ചും ഈ പുസ്തകം പറയുന്നു. ഭാരതത്തിലെ ആദ്യകാല കുടിയേറ്റക്കാരായ ജൂതന്മാരെക്കുറിച്ചും വിവരിക്കുന്നുണ്ട്. ജൂതന്മാരുമായുള്ള തമിഴ്ബ്രാഹ്മണരുടെ സാമ്യത്തെ അടിവരയിടുന്നു. മട്ടാഞ്ചേരിയിലെ ജൂതന്മാരുടെ പാര്‍പ്പിടങ്ങളും അഗ്രഹാരങ്ങളുമായുള്ള സാമ്യം, അതിജീവനം, പാരമ്പര്യം നിലനിര്‍ത്തല്‍ എന്നിവ എടുത്തുപറയുന്നുണ്ട്.

ആ അതിജീവനത്തിന്റെ കഥ ഇങ്ങനെ വായിക്കാം. 2010-ല്‍ കോയമ്പത്തൂരില്‍ നടന്ന ലോക തമിഴ് കോണ്‍ഫറന്‍സില്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റിയുെട റിസര്‍ച്ച് വിഭാഗം നടത്തിയ പഠനത്തില്‍ 'ആദ്യകാലങ്ങളില്‍ കുടിയേറിയ തലമുറ ചെറിയ കച്ചവടങ്ങളും കൃഷിപ്പണിയും നമ്പൂതിരി ഭവനങ്ങളിലും കൊട്ടാരങ്ങളിലും പാചകവുമാണ് ചെയ്തിരുന്നതെന്നും അടുത്ത തലമുറയില്‍ അത് മൂന്നിലൊന്നായി കുറഞ്ഞെന്നും മൂന്നാം തലമുറയില്‍ എട്ട് ശതമാനമായി മാറിയെന്നും പറയുന്നു.

ലെവി കൊടുക്കാതിരിക്കാനായി വ്യാപാരസാധനങ്ങള്‍ കഴുതകളെപ്പോലെ ചുമന്നുവരുന്ന പട്ടന്മാരെക്കുറിച്ചുള്ള  വിവരണവും ട്രാവന്‍കൂര്‍ കൊച്ചി സ്മരണകള്‍ എന്ന പുസ്തകത്തിലെ വിവരണവും ഇതില്‍ നമുക്കു വായിക്കാം.
വ്യാപാരങ്ങള്‍ക്ക് പുറമേ നാട്ടുകാരുടെ വിവാഹ ദല്ലാള്‍ പണിവരെ അവര്‍ ചെയ്തിരുന്നു. തച്ചോളി ഒതേനന്റെ മരുമകന്‍ കുഞ്ഞിച്ചന്തുവിന്റെയും കുഞ്ഞിക്കന്നിയുടെയും പ്രണയം വിവാഹത്തിലെത്തിച്ചത് തമിഴ്നാട്ടില്‍ നിന്നുവന്ന കച്ചവടക്കാരനെന്നത് കൗതുകമുളവാക്കുന്നു.

ഈ അതിജീവനകലയും അതിസാമര്‍ഥ്യവും കാരണം പട്ടന്‍മാരെന്നു വിളിക്കുന്ന ഇവരോട് അസൂയ കലര്‍ന്ന വെറുപ്പ് മലയാളികള്‍ക്കുണ്ടായതായി പറയുന്നു. 'പട്ടരില്‍ പൊട്ടനില്ല' എന്ന് വാഴ്ത്തുമ്പോഴും അധിക്ഷേപിക്കുന്ന പല ചൊല്ലുകളും കഥകളും മലയാളത്തിലുണ്ടായിട്ടുണ്ടല്ലോ. ഈ അവമതികള്‍ കേരളീയര്‍ക്ക് അംഗീകരിക്കാന്‍ മടിയുള്ള അയ്യര്‍മാരുടെ മികവിനെയാണ് സൂചിപ്പിക്കുന്നതെന്ന് എം.ജി.എസ്. നാരായണന്‍ പുസ്തകത്തിന്റെ അവതാരികയില്‍ പറയുന്നു.

ക്യാമറയ്ക്ക് പകര്‍ത്താനാവാത്ത ദൃശ്യപൊരുളാണ് ഇ.പി. ഉണ്ണി വരച്ചിരിക്കുന്നത്. ഫോട്ടോപോലെ പൂര്‍ണതയുള്ള രേഖാചിത്രങ്ങള്‍ നാം കാണാറുണ്ട്. അതുക്കും മേലെയാണ് ഈ വരകള്‍. അഗ്രഹാരങ്ങളായാലും പൊട്ടിപ്പൊളിഞ്ഞ് കാടുകേറിയ പഴയ ഊട്ടുപുരകളായാലും പ്രശസ്തരും അല്ലാത്തവരുമായ മനുഷ്യരായാലും ഉണ്ണിയുടെ 'മാന്ത്രിക വിരല്‍സ്പര്‍ശ'ത്താല്‍ ജീവനുള്ളതാകുന്ന കാഴ്ച ഈ പുസ്തകം നിറയെ കണ്ടനുഭവിക്കാം.