ശക്തമായ കഥകള്‍ കൊണ്ടും ആഖ്യാനം കൊണ്ടും മലയാളസാഹിത്യത്തിലെ വേറിട്ട ശബ്ദമായിരുന്ന ഗീതാഹിരണ്യന്‍ ഓര്‍മയായിട്ട് രണ്ട് ദശാബ്ദങ്ങള്‍ പിന്നിടുന്നു. എഴുത്തുകാരിയെക്കുറിച്ച് എസ്. ശാദരക്കുട്ടി എഴുതുന്നു.

ടിസ്ഥാനപരമായി കവി ആയിരുന്നു ഗീത ഹിരണ്യന്‍ എന്നെനിക്കു തോന്നിയിട്ടുണ്ട്. അവര്‍ കവിതയും എഴുതിയിട്ടുണ്ട്. കവിയുടെ ഗദ്യമായിരുന്നു അവരുടേത്.

ഓര്‍ക്കാപ്പുറത്തുള്ള പ്രകമ്പനങ്ങള്‍, ജ്വലനങ്ങള്‍ അവരുടെ ഗദ്യത്തില്‍ വായിക്കാം. പറയുന്ന വിഷയം എന്ത് തന്നെയായാലും ശരി, വിലക്ഷണമായ, ഇഴഞ്ഞുനീങ്ങുന്ന, പാഴായ ഒരു വരിപോലും ഗീതാഹിരണ്യന്റെ കഥകളില്‍ കാണില്ല. അവര്‍ ഒരു മോശം കഥയും എഴുതിയിട്ടില്ല എന്നതാണ് വസ്തുത. 

എന്നാല്‍ നമ്മുടെ സാഹിത്യമണ്ഡലങ്ങളില്‍ ഇതെത്രമാത്രം മനസിലാക്കിയിട്ടുണ്ട് എന്ന് സംശയമുണ്ട്. ഇത്രയും ചുറുചുറുക്കുള്ള ഒരു എഴുത്തുകാരി ഗീതാഹിരണ്യനു മുന്‍പും പിന്‍പും നമ്മുടെ ഭാഷയില്‍ ഉണ്ടായിട്ടില്ല.

 ഗദ്യത്തിലുള്ള കൈയ്യടക്കം, ശീഘ്രത, നൈപുണ്യം, കുശലം, ആത്മവിശ്വാസം, ഇതെല്ലാം ഗീതാഹിരണ്യനോളം കാണിച്ചിട്ടുള്ള ഒരു ആധുനിക എഴുത്തുകാരി ഉണ്ടോ എന്ന് സംശയമാണ്. 

മലയാളത്തില്‍ ഗീതാഹിരണ്യന്റെ കഥകളില്‍ നമ്മുടെ പഴയ പറച്ചില്‍പാരമ്പര്യത്തിന്റെ നര്‍മ്മവും ലാളിത്യവും മൂര്‍ച്ചയുമുണ്ട്.

 ആഖ്യാനത്തിന്റെ പുതുമയുള്ള, പരീക്ഷണാത്മകമായ മാതൃകയായിരുന്നു അവരുടെ കഥകള്‍. പതിവ് പ്രസിദ്ധീകരണങ്ങളില്‍ കണ്ടുപരിചയിച്ചതുപോലെ അല്ലാത്ത കഥകളായത് കൊണ്ടാകും നമ്മുടെ നിരൂപകഗൗരവങ്ങള്‍ ഗീതാഹിരണ്യന്റെ കഥകളെ വേണ്ടത്ര ഗൗനിച്ചില്ല. 

 ഒരിടത്ത് കേട്ട കഥകളെ മറ്റൊരിടത്ത് കൊണ്ടുചെന്നു അവിടുത്തെ ഇഡിയത്തില്‍ മാറ്റി പറയുക എന്നത് കഥപറച്ചിലിന്റെ രീതിയാണ്. വിദേശസാഹിത്യത്തില്‍ എഴുത്തിലേക്കും ഈ രീതി കൊണ്ടുവന്നിട്ടുണ്ട്. ഇത് വിവര്‍ത്തനമല്ല, മനോഹരമായ മാറ്റിയെഴുത്താണ്.

 മലയാളത്തില്‍ പൊതുവേ ഈ രീതി കുറവാണ്. വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണ കവിതാസമാഹാരത്തില്‍ ഒന്നുരണ്ടുദാഹരണം കണ്ടിട്ടുണ്ട്. പി.പി. രാമചന്ദ്രനും എസ്.ജോസഫും കവിതയില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

 ഈ മാറ്റിയെഴുത്തിന്റെ മനോഹരമായ ഉദാഹരണമാണ് ഗീതാഹിരണ്യന്‍ 'ഇതാലോ കാല്‍വിനോ തൃശ്ശൂര്‍ എക്‌സ്പ്രസ്സില്‍' എന്ന കഥയിലൂടെ ചെയ്തത്. The Adventure Of A Soldier എന്ന കഥയെടുത്തു തികച്ചും തന്റേതാക്കി കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് മാറ്റിപ്പണിതു. അതിനൊരു പോസ്റ്റ്‌മോഡേണ്‍  ഭംഗിയുണ്ടായിരുന്നു. 

കേരളത്തിലെ ചില ആണുങ്ങളുടെ ചില നേരത്തെ സ്വഭാവവും അന്നത്തെ പി ഇ ഉഷ സംഭവവും ഒക്കെയായി ബന്ധപ്പെടുത്തി കാല്‍വിനോയുടെ കഥയ്ക്ക് അവര്‍ ഒരു പുതിയ മാനം നല്‍കി. മലയാളത്തില്‍ അന്ന് അതൊരു പുതിയ പരീക്ഷണമായിരുന്നു. പിന്നീട് മലയാളത്തിലെ ഒരു കഥാകാരിയും അത്തരം ഒരു പരീക്ഷണത്തിന് തുനിഞ്ഞില്ല. ശ്രമിച്ചുവെങ്കില്‍തന്നെ ശ്രദ്ധേയമായില്ല.

കൃത്രിമമായി എഴുതാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പലരും തങ്ങളില്‍ സഹജവും സിദ്ധവുമായിരുന്ന പറച്ചില്‍ സാമര്‍ഥ്യങ്ങളെ മറന്നു പോയിരിക്കുന്നു.

കേരളത്തില്‍ വളരെ പരിചിതമായ ലിറ്റില്‍ റെഡ് റയ്ഡിംഗ്ഹുഡ്, ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്, തുടങ്ങിയ യക്ഷിക്കഥകളുടെ ഫെമിനിസ്റ്റ് പുനരാഖ്യാനങ്ങളായിരുന്നു ഏഞ്ചലാ കാര്‍ട്ടര്‍ എന്ന ഒന്നാംതരം എഴുത്തുകാരിയുടെ ഏറ്റവും പ്രസിദ്ധമായ ബ്ലഡി ചേംബര്‍ എന്ന കഥാസമാഹാരം. അത്തരം പറച്ചില്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായിരുന്നു ഗീതാഹിരണ്യന്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചത്. ആണെഴുതിയ കഥ പെണ്ണ് മാറ്റിപ്പറയുന്നതിലൂടെ ഡീ കണ്‍സ്ട്രക്ഷന്റെ ഭംഗി എന്തെന്ന് അവര്‍ കാണിച്ചു തന്നു.

പലകയ്ക്ക് അടിക്കുന്നത് പോലെയാണ് ഗീതാ ഹിരണ്യന്റെ ഓരോ വരിയും. സിംപിള്‍ എന്നു തോന്നും പക്ഷേ അത്ര സിംപിള്‍ ആയിരിക്കില്ല.

ഒരുദാഹരണം: 

''സ്‌നേഹത്തിന്റെയും പരിഗണനയുടെയും അടയാളം എന്താണ്?'' 

''കാപ്പി.''

Content Highlights :S. Saradakkutty pays homage to writer Geetha Hiranyan