സ്‌കൂള്‍ പഠന കാലത്ത് വായനശാലയുടെ റാക്കുകളില്‍ പുസ്തകങ്ങള്‍ തിരയുമ്പോള്‍ വി.കെ.എന്‍ എന്ന മൂന്നക്ഷരം കണ്ണില്‍ പതിഞ്ഞപ്പോഴൊന്നും തൊടാന്‍ തോന്നിയിരുന്നില്ല. എം.ടി യേയും മുകുന്ദനെയും ടി. പത്മനാഭനെയും വായിച്ചു തുടങ്ങിയിരുന്ന അന്നാളുകളില്‍ വഴങ്ങാത്ത ഏതോ സമസ്യ പോലെ തോന്നി ആ അക്ഷരങ്ങള്‍. പിന്നീട് ഒരു കാലത്ത് ആവര്‍ത്തിച്ച് വായിച്ചത് മലയാള സാഹിത്യ ഭൂഖണ്ഡത്തില്‍ ഒറ്റയടിപ്പാത തീര്‍ത്ത വി.കെ.എന്നിനെയാണ്. സമൂഹത്തിലെ കാപട്യങ്ങള്‍ക്ക് നേരെയുള്ള കോമാളികളുടെ ഘോഷയാത്ര പോലെ മലയാള അക്ഷരങ്ങളെ പലപ്പോഴും തന്റെ പേനക്ക് പുറകെ തലകീഴായി നടത്തിച്ച വി.കെ.എന്‍ ഹാംലിനിലെ ബാഗ് പൈപ്പറെ ഓരോ വായനയിലും ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.
ജോലിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കഴിയുമ്പോള്‍ പയ്യന്‍ വിഹരിച്ച ഇടങ്ങളില്‍ കൂടിയായിരുന്നു നിത്യ സഞ്ചാരം. കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലെ ജോലി സ്ഥലത്തിന് തൊട്ടു ചേര്‍ന്ന് ''ആരോഹണ''ത്തില്‍ രാമന്റെ പത്രമാഫീസ് എന്ന് കേള്‍വിയുള്ള ഹിന്ദുസ്ഥാന്‍ ടൈംസ്. വടിയെറിഞ്ഞാല്‍ വീഴുന്ന അകലത്തില്‍ കൊണാട്ട് പ്ലേസും കേരള ക്ലബ്ബും. അഞ്ച് മിനിറ്റിന്റെ നടപ്പ് ദൂരത്തില്‍ വി.കെ.എന്നിന്റേയും സംഘത്തിന്റെയും നിത്യ സന്ദര്‍ശന കേന്ദ്രമായിരുന്ന പ്രസ് ക്ലബ്. ജന്‍പഥ്, തുഗ്ലക്ക് റോഡ് തുടങ്ങിയ വി.കെ.എന്‍ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന നിരത്തുകള്‍ തൊട്ടരികെ. പലപ്പോഴും വി.കെ.എന്‍ ഒരു ദശകത്തോളം ജീവിച്ച ഒരു നഗരം എന്നതും, അദ്ദേഹത്തിന്റെ എണ്ണം പറഞ്ഞ കൃതികളുടെ പശ്ചാത്തലം എന്നതും ഡല്‍ഹിയിലെ ഓരോ ഇടങ്ങളും വി.കെ.എന്നിന്റെ ഓര്‍മകള്‍ ഉണര്‍ത്തിക്കൊണ്ടിരുന്നു. സാഹിത്യ അക്കാദമിയുടെ ലൈബ്രറിയില്‍ അംഗത്വമെടുത്ത് ആദ്യം തിരഞ്ഞതും കയ്യില്‍ തടഞ്ഞതും അതുവരെ വായിക്കാന്‍ ലഭ്യമല്ലാതിരുന്ന 'ചിത്രകേരളം'. പലപ്പോഴും നിശ്ചയിച്ചു, ദല്‍ഹിയില്‍ ചവിട്ടിയ കാലടികള്‍ കൊണ്ട് വടക്കേ കൂട്ടാലയുടെ മുറ്റത്ത് ഒരിക്കല്‍ പോകണം.
അങ്ങനെയിരിക്കെ 2017 ഒക്ടോബറില്‍ നാട്ടിലേക്ക് മൂന്ന് ദിവസത്തെ ഒരു ഹ്രസ്വ സന്ദര്‍ശനം. അവധിയെടുക്കുമ്പോള്‍ തന്നെ തിരുവില്വാമല യാത്രക്ക് ഒരു ദിവസം നിശ്ചയിച്ചു. ഡല്‍ഹിയിലാണ് ജോലി എന്നു പറഞ്ഞപ്പോള്‍ വേദവതിയമ്മ അവിടത്തെ ചില ഓര്‍മകള്‍ ചികഞ്ഞെടുത്തു. അവര്‍ താമസിച്ചിരുന്ന പട്ടേല്‍ നഗറും ലജ്പത് നഗറും കുട്ടികള്‍ പഠിച്ചിരുന്ന കേരള സ്‌കൂളും സംസാരത്തിനിടയില്‍ കടന്നു വന്നു. കേരള ക്ലബ്ബിനെ പറ്റി ചോദിച്ച ശേഷം അവിടെ പഴയ പോലെ സാഹിത്യ ചര്‍ച്ചകള്‍ നടക്കുന്നോ എന്നും ചോദിച്ചു. വി.കെ.എന്നിനെ കുറിച്ച് പറയുമ്പോഴെല്ലാം 'പാവം' എന്ന വാക്ക് വേദവതിയമ്മ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. മുന്‍പും ഇവിടെ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ വേദവതിയമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു: 'വി കെ.എന്നിനെ കാണാനായിരുന്നോ? എന്നിട്ട് തുടര്‍ന്നു, 'എപ്പോഴും തമാശ തന്നെയായിരുന്നു'. പിന്നീട് പിടി തരാതെ ഓടി നടക്കുന്ന ഒരു കുസൃതി കുട്ടിയെ തിരയുന്ന പോലെ തൊടിയിലെ പോക്കു വെയിലില്‍ നോക്കി അവര്‍ മൗനമായി. അവരുടെ കണ്ണുകള്‍ അഴികള്‍ക്ക് പുറത്തെ വിദൂരതയില്‍ കുടുങ്ങുമ്പോള്‍ വടക്കേ കൂട്ടാലയിലെ സന്ദര്‍ശനങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്തു. എല്ലാം യാതൊരു മുന്നൊരുക്കവുമില്ലാത്ത യാത്രകള്‍. വി.കെ. എന്നിനെ കണ്ടപ്പോഴും സംസാരിച്ചപ്പോഴും ഫലിതം കേട്ടത് വേദവതിയമ്മയില്‍ നിന്നായിരുന്നു എന്നതും ഓര്‍ത്തു.
സ്വപ്നങ്ങളില്‍ വന്ന് വളര്‍ന്ന വീര പുരുഷന്‍ പയ്യന് മൂത്താരുടെ ഛായയായിരുന്ന കോളേജ് പഠനകാലം. 1997 ലെ ഒരു വേനല്‍ സന്ധ്യയില്‍ ഭാരതപ്പുഴയിലെ തടയണയിലെ ഇരുട്ടിനെ വിഴുങ്ങിയ വെള്ളത്തില്‍ അലസമായി മുങ്ങി നിവരുമ്പോള്‍ കൂടെയുണ്ടായിരുന്ന നെല്ലിക്കുറിശ്ശിയിലെ ഹരിനാരായണന്‍ എന്ന ഹരിയേട്ടന്റെ സംസാരത്തിനിടയില്‍ വി.കെ.എന്നുമായി ബന്ധപ്പെട്ട ഒരു അനുഭവം വന്നു. പറഞ്ഞു വരുമ്പോള്‍ ഹരിയേട്ടന് അടുത്ത സൗഹൃദമാണ് വി.കെ.എന്നുമായി. മൂപ്പരുടെ പല വിക്രിയകളിലും ദൃക്‌സാക്ഷിയാകുകയും ചിലപ്പോഴൊക്കെ പങ്കാളിയാവുകയും ചെയ്തയാള്‍. ഉടനെ ഞാന്‍ ചോദിച്ചു : 'ഒന്ന് കാണാന്‍ കഴിയുമോ വി,കെ എന്നിനെ?'
ഹരിയേട്ടന്റെ തീരുമാനം പെട്ടെന്നായിരുന്നു. കുളിച്ച് തോര്‍ത്തുക. ഇവിടന്ന് കഷ്ടി രണ്ട് കിലോമീറ്റര്‍ പോയാല്‍ പോയാല്‍ വടക്കേ കൂട്ടാലയായി. ഇപ്പോള്‍ തന്നെ പ്രതിഷ്ഠയെ തൊഴാം. വയലുകള്‍ക്കിടയ്ക്കുള്ള ഒരു വളവ് തിരിയുമ്പോള്‍ മഹീന്ദ്ര ജീപ്പിന്റെ വെളിച്ചം വീഴുന്ന ഇടങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ഹരിയേട്ടന്‍ പറഞ്ഞുകൊണ്ടിരുന്നു. ദാ ആ മുകളില്‍ വെളിച്ചം കാണുന്നതാണ് വടക്കേ കൂട്ടാല തറവാട്. ഒരു കാലം ഈ വയലുകളെല്ലാം അവരുടെതായിരുന്നു. പടി കടക്കുമ്പോള്‍ തന്നെ ഹരിയേട്ടന്‍ മുന്നറിയിപ്പ് പോലെ പറഞ്ഞു. മൂകമാണ് രംഗസംവിധാനം. ഒന്നുകില്‍ മൂപ്പര്‍ ഇല്ല. ഇല്ലെങ്കില്‍ ഉറക്കമായി. രണ്ടുമല്ലായിരുന്നു. വി.കെ.എന്‍ ഉണ്ടായിരുന്നു. ഉറങ്ങിയിട്ടുമില്ലായിരുന്നു. വേദവതിയമ്മയുടെ 'ദാ നെല്ലിക്കുറിശ്ശീന്ന് ഹരിനാരായണന്‍ വന്നിരിക്കുണൂ' എന്ന വിളിക്ക് മറുപടിയായി അകത്തളത്തില്‍ നിന്ന് ഈണത്തില്‍ എന്തോ കേട്ടു. 'ഇനീപ്പോ കാണാന്‍ കഴിയൂന്ന് തോന്നണില്ല കുട്ടികളെ.. പിന്നെ പകലെപ്പോഴെങ്കിലും വരൂ' എന്ന മറുപടി കേട്ട് ഞങ്ങള്‍ തിരികെ നടന്നു. പിന്നീട് ഹരിയേട്ടന്‍ വെളിവാക്കി തന്നു. ഹരിയേട്ടനെ കാണുമ്പോള്‍ വി.എകെ എന്‍. മുടങ്ങാതെ ചൊല്ലുന്ന ഒരു സ്വയനിര്‍മ്മിത ശ്ലോകമാണ് അപ്പോഴും ഉരുവിട്ടത് 'ഹരിയെന്നവനുടെ പേരെന്നാകിലും അരിയവനരുകില്‍ പോയിട്ടില്ല'
പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞു. 1999 ല്‍ പരീക്ഷകള്‍ എഴുതി ഫലം കാത്തു നില്‍ക്കുന്ന സമയം. ജ്യേഷ്ഠന്റെ ജോലി സ്ഥലമായ പഴയന്നൂരില്‍ താമസിക്കുന്നിനിടെ ഒരുച്ചക്ക് വെളിപാട് തോന്നുന്നു. തിരുവില്വാമല അടുത്താണ്. വി.കെ.എന്നിനെ കാണണം. വെയില്‍ താണ വൈകുന്നേരം നോക്കി രണ്ടും കല്പിച്ച് വടക്കേ കൂട്ടാലയിലെ മുറ്റത്ത് ഹാജര്‍. ജനലഴികളിലൂടെ നോക്കുമ്പോള്‍ ഒരു മുഴുവന്‍ വി.കെ.എന്‍ അകത്ത് ഈസി ചെയറില്‍. ഉച്ച മയക്കത്തിന്റെ ചടവ് മുറ്റിയ മുഖം. വേദവതിയമ്മ കടുപ്പം നിറഞ്ഞ ചായ തന്നു. വി.കെ.എന്‍ പേരും നാടും പഠനത്തെ കുറിച്ചുമെല്ലാം ചോദിച്ചു. കേട്ട കഥകള്‍ ഉള്ളില്‍ നിര്‍മ്മിച്ച പേടി അകന്നപ്പോഴും അധിക സമയം ഇരിക്കാന്‍ തോന്നിയില്ല. കൃത്യമായ ചിട്ടകള്‍ ഉള്ളയാളാണ്. റേഡിയോ പരിപാടികളോ പിരിയോഡിക്കല്‍സ് വായനയോ സായാഹ്ന സവാരിയോ ഉണ്ടെങ്കില്‍ മുടക്കണ്ട എന്ന് കരുതി പോകാന്‍ എഴുന്നേറ്റപ്പോള്‍ വി.കെ.എന്‍ പറഞ്ഞു. 'വക്കീല്‍ ഭാഗം പാസ്സായാല്‍ വരണം.' അപ്പോള്‍ അരികില്‍ നിന്ന വേദവതിയമ്മ വെടി പൊട്ടിച്ചു: 'അതെയ് ഇവിടന്ന് വിചാരിച്ചാല്‍ കേസിന് മുട്ടുണ്ടാവില്ല കുട്ടി. ഇടക്ക് പോന്നോളൂ' വി.കെ.എന്നിന്റെ മുഖത്ത് വിടര്‍ന്ന ചിരി.
പിന്നീട് ഏകദേശം ആറു മാസം കഴിഞ്ഞ് വീണ്ടും ചെന്നു. വക്കീലാവുകയും കോടതി കാണുകയും ചെയ്തെങ്കിലും വി.കെ.എന്നിനെ പോലെ നിയമത്തിന്റെ മര്‍മ്മം എന്തെന്ന് ഇനിയും തെളിയാത്ത സമയം. വി.കെ.എന്‍ ഏതോ മീറ്റിംഗില്‍ പങ്കെടുക്കാന്‍ വേണ്ടി ഇറങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു. പറഞ്ഞിട്ടും പരിചയപ്പെടുത്തിയിട്ടും മുന്‍പ് കണ്ട ഒരോര്‍മ്മയുമില്ല. സന്നതെടുത്ത കാര്യം പറഞ്ഞു. 'നന്നായി വരട്ടെ' എന്ന് മറുപടി. പിന്നീട് വരാം എന്നു പറഞ്ഞ് പിന്‍വാങ്ങി.
വര്‍ഷങ്ങള്‍ കഴിഞ്ഞ് സുഹൃത്ത് (പിന്നീട് കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയിരുന്നു) എന്‍.എ. ഷഫീക്കുമായി ചേര്‍ന്ന് ഒരുമിച്ച് പെട്ടെന്ന് തീരുമാനിച്ച ഒരു ഒറ്റപ്പാലം യാത്ര. രാത്രിയില്‍ ഒറ്റപ്പാലത്ത് എത്തി. പിറ്റേന്ന് രാവിലെ ഒരു വെളിപാട്. വി.കെ.എന്നിനെ കാണണം. സുഖമില്ലെന്നും ചികിത്സയിലായിരുന്നെന്നും അറിഞ്ഞിരുന്നു. പക്ഷെ വടക്കെ കൂട്ടാലയില്‍ ചെല്ലുമ്പോള്‍ ഒറ്റക്കും തെറ്റക്കും നിരന്ന ആള്‍ക്കൂട്ടം കാണുമ്പോള്‍ മനസ്സിലായി. വി.കെ.എന്‍ അവസാനമായി ഒരു യാത്രക്ക് ഒരുങ്ങുകയാണ്. പിന്‍മടങ്ങുമ്പോള്‍ ഉള്ളില്‍ പൊതിഞ്ഞ ഭയം പിറ്റേന്ന് സത്യമായി.
പുറത്ത് വെയില്‍ പറ്റേ താണിരിക്കുന്നു. പുനര്‍ജനിയുടെ കുന്നിന്‍ മുഖപ്പുകള്‍ താണ്ടി വന്ന കാറ്റില്‍ തൊടിയിലെ മരങ്ങളുടെ നിഴലുകള്‍ അഴികള്‍ക്കിടയിലൂടെ എത്തിനോക്കുന്നു. വേദവതിയമ്മയുടെ മനസ്സ് വീണ്ടും ഓര്‍മ്മകള്‍ ചികയുന്നു. ഇടക്കിടെ നീരൊഴുക്ക് ശോഷിച്ച നദി പോലെ അവ നേര്‍ത്തു പോകുന്നുവെങ്കിലും പലരും കൊട്ടി പാടിയ കത്തി വേഷം നിറഞ്ഞ കളികളെക്കാള്‍ വീര രസം പൂണ്ട ഒരു പയ്യന്റെ കുസൃതികള്‍ ഓര്‍ത്തിട്ടെന്ന പോലെ ആ മുഖം ചിരിക്കുന്നു. പോകാനെഴുന്നേല്‍ക്കുമ്പോള്‍ വേദവതിയമ്മ പറഞ്ഞു: 'ഇനിയും വരൂ '
വരും. ഞാനും വി.കെ.എന്നിലെ കൃസൃതിയായ പയ്യനെ തിരഞ്ഞു കൊണ്ടിരിക്കുകയാണ്. ഇപ്പോഴും. അതു കൊണ്ട് ഇനിയും വരും.
Content Highlights: VKN, Vedavathi VKN, malayalam literature, payyan kathakal