വിദ്യാഭ്യാസത്തിന്റെ അഭാവം സമൂഹം നല്കുന്നത് മൊത്തത്തിലുള്ള മൃഗീയതയല്ലാതെ മറ്റൊന്നുമല്ല. അറിവ് സമ്പാദിക്കുന്നതിലൂടെയാണ്
ഒരുവൻ തന്റെ ഔദ്ധത്യത്തിൽ നിന്നും ഔന്നത്യത്തിലെത്തിച്ചേരുന്നത്-
സാവിത്രി ഭായ് ഫുലെ.

ന്ത്യൻ സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസപ്രവർത്തകയും മറാത്തി കവിയും ജ്യോതിറാവു ഫുലെയുടെ പത്നിയുമായിരുന്ന സാവിത്രിഭായ് ഫുലെയുടെ 124-ാം ചരവാർഷികദിനമാണ് മാർച്ച് പത്ത്. ഇന്ത്യൻ സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി ജീവിതാവസാനം വരെ നിലകൊണ്ട സാവിത്രിഭായ് ഇന്ത്യൻ ഫെമിനിസത്തിന്റെ മാതാവായി വാഴ്ത്തപ്പെടുന്നു. രാജ്യത്തെ പ്രഥമ ഗേൾസ് സ്കൂൾ പൂനെയിൽ സ്ഥാപിച്ചത്(1848). സാവിത്രിഭായിയും ഭർത്താവ് ജ്യോതിറാവു ഫുലെയും കൂടിയാണ്. ജാതിമതവർഗീയതകൾ വച്ചുപുലർത്തുന്ന ഇന്ത്യൻ ജനങ്ങളുടെ വിവേചനനിലപാടുകളെ നിശിതമായി വിമർച്ചിരുന്നു സാവിത്രിഭായ്. മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്കരണം അത്ര എളുപ്പമല്ല എന്നു തിരിച്ചറിഞ്ഞുകൊണ്ടു തന്നെ തന്റെ കർമമണ്ഡലം മഹാരാഷ്ട്രതന്നെയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു സാവിത്രിഭായ്.

1831 ജനുവരി മൂന്നിന് മഹാരാഷ്ട്രയിലെ സത്താറയിലാണ് സാവിത്രി ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ സാമൂഹ്യപരിഷ്കർത്താവായ ജ്യോതിറാവു ഫുലെയെ വിവാഹം ചെയ്തുവെങ്കിലും കുട്ടികളുണ്ടായിരുന്നില്ല. വിവാഹിതയാവുമ്പോൾ അക്ഷരാഭ്യാസമില്ലാതിരുന്ന സാവിത്രിയെ വിദ്യാഭ്യാസം ചെയ്യിച്ചത് ഭർത്താവാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ജ്യോതിറാവുവിന്റെ ഉറ്റ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പഠനം തുടർന്നത്. അധ്യാപകപരിശീലനം വളരെ വിജയകരമായി പൂർത്തിയാക്കിയശേഷം സ്വന്തം അനുഭവത്തിൽ നിന്നും പാഠമുൾക്കൊണ്ടുകൊണ്ട് മഹാരാഷ്ട്രയിലെ പെൺകുട്ടികൾക്കുവേണ്ടി വിദ്യാഭ്യാസപരിശീലനം ആരംഭിക്കുകയായിരുന്നു. ഇന്ത്യൻ വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യത്തെ അധ്യാപികയും ഹെഡ്മിസ്ട്രസും സാവിത്രിഭായ് ആണ്. അവരുടെ ജന്മദിനമായ ജനുവരി മൂന്ന് ബാലികാദിനമായി മഹാരാഷ്ട്രയിൽ ആചരിച്ചു വരുന്നു.

ജാതിഭേദമില്ലാതെ നിരവധി പെൺകുട്ടികളുടെ വിദ്യാഭ്യാസം സ്വന്തം ഉത്തരവാദിത്തത്തിൽ ഏറ്റെടുത്ത സാവിത്രിഭായ്, ജ്യോതിറാവു ഫുലെയുടെ സഹായത്തോടെ പതിനെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തുറന്നുപ്രവർത്തിപ്പിച്ചത്. ഇന്ത്യൻ സാഹിത്യത്തിലും തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു സാവിത്രിഭായ് ഫുലെ. കാവ്യഫുലെ, ബാവൻ കാശി സുബോധ രത്നാകർ, ഗോ ഗെറ്റ് എഡ്യുക്കേഷൻ തുടങ്ങിയ കൃതികൾ സാവിത്രി ഫുലെ എന്ന പ്രതിഭയെ അടയാളപ്പെടുത്തുന്നവയാണ്.

മക്കളില്ലാതിരുന്ന സാവിത്രി-ജ്യോതിറാവു ദമ്പതികൾ യശ്വന്ത് എന്നുപേരായ ആൺകുട്ടിയെ ഒരു വിധവയിൽ നിന്നും ദത്തെടുത്തിരുന്നു. പ്ലേഗ് മഹാമാരി പടർന്നുപിടിച്ചിരുന്ന കാലത്ത് തന്റെ രക്ഷിതാക്കളുടെ പാത പിന്തുടർന്നുകൊണ്ട് യശ്വന്ത് രോഗികളെ പരിചരിക്കാനായി ഒരു ആശുപത്രി സ്ഥാപിക്കുകയും കർമനിരതനാവുകയും ചെയ്തു. സാവിത്രിയും മകനോടൊപ്പം കർമനിരതായാണെങ്കിലും 1897 മാർച്ച് പത്തിന് അറുപത്തിയാറാം വയസ്സിൽ പ്ലേഗ് പിടിപെട്ട് മരണമടയുകയായിരുന്നു.

Content Highlights: Remembering Social Reformer SavithriBhai Phule on her 124 death Anniversary