രതികാമനകൾ, വേദന, പീഡനം-ശാരീകവും മാനസികവും-മരണം, വീണ്ടെടുക്കൽ, ജീവിതം, സ്നേഹം. ഭൂമി, ആകാശം, പാതാളം...കാവ്യാത്മകമായ ഭാഷയിൽ തീർത്ത നാടകപര്യവേക്ഷണങ്ങൾ, അരങ്ങിലെ അങ്ങേയറ്റം അക്രമാസക്തമായ പ്രകടനങ്ങൾ.. സാറാ കെയ്ൻ എന്ന നാടകകൃത്ത് അരങ്ങിനെ അനുഭവിപ്പിച്ചപ്പോൾ ലോകനാടകം ഉറക്കെ വിളിച്ചുപറഞ്ഞു; ''All her World is a Stage...Stage of Humanity, love, Frustration,hate, fidelty...''
എക്സ്പ്രഷനിസത്തിന്റെയും ജാക്കോബിയൻ ദുരന്തനാടകങ്ങളുടെയും പ്രചോദനത്തിൽ നിന്നുരുവം കൊണ്ട നാടകകൃത്ത് എന്ന് ഗ്രഹാം സോന്റേഴ്സിനെപ്പോലുള്ള പണ്ഡിതരിൽ നിന്നും നേരിട്ട് പ്രകീർത്തിക്കപ്പെട്ടവൾ സാറ. തൊണ്ണൂറുകളുടെ ആരംഭത്തിൽ ബ്രിട്ടീഷ് നാടകവേദികളിൽ പിറവിയെടുത്ത ഇൻ-യേർ-ഫേസ് തിയറ്റർ പ്രതിഫലനമായും സാറാ കെയ്ൻ നാടകങ്ങളെ ലോകം വാഴ്ത്തി. അഞ്ചു നാടകങ്ങളും ഒരു ഹ്രസ്വചിത്രവും 'ദ ഗാർഡിയൻ' പ്രസിദ്ധീകരിച്ച രണ്ടേ രണ്ട് ലേഖനങ്ങളും മാത്രം തന്റെ അക്കൗണ്ടിലെത്തിക്കാനുള്ള ആയുസ്സേ സാറാ കെയ്നിന് ഉണ്ടായിരുന്നുള്ളൂ. ഇരുപത്തിയെട്ടാമത്തെ വയസ്സിൽ 1999 ഫെബ്രുവരി ഇരുപതിന് ആയുസ്സിന്റെ നാടകത്തിന് തിരശ്ശീല വീണപ്പോൾ ലോകനാടകത്തിന് നഷ്ടമായത് അരങ്ങിനെ അനുഭവിപ്പിച്ച, വിജൃംഭിപ്പിച്ച പ്രതിഭയെയായിരുന്നു.
എസ്സക്സിലെ ബ്രന്റ് വുഡ് സ്ട്രീറ്റിൽ ജനിച്ചു വളർന്ന സാറ തന്റെ മാതാപിതാക്കളുടെ ഇവാഞ്ചലിക്കൽ വിശ്വാസങ്ങൾ പിന്തുടരാൻ വിസമ്മതിച്ചിരുന്നു. തികച്ചും സ്വതന്ത്രമായ വീക്ഷണങ്ങൾ നന്നേ ചെറുപ്പത്തിലേ കൂടെ കൂട്ടിയ സാറ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ നിന്നാണ് നാടകപഠനം ആരംഭിച്ചത്. നാടകമെഴുത്തിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം വിഖ്യാത നാടകകൃത്ത് ഡേവിഡ് എഡ്ഗറിന്റെ കീഴിലായിരുന്നു തുടർ പരിശീലനങ്ങൾ.
സാറാ കെയ്നിനു മുന്നിൽ അതിവിശാലമായ സർഗത്മകലോകം തന്നെയുണ്ടായിരുന്നു. അതികഠിനമായ വിഷാദം പക്ഷേ വിട്ടുപോകാൻ കൂട്ടാക്കാതെ സാറയെ പലപ്പോഴും കീഴടക്കിയിരുന്നു. ലണ്ടനിലെ ഒരു മാനസികാരോഗ്യകേന്ദ്രത്തിൽ മറ്റാരുടെയും നിർബന്ധമില്ലാതെ തന്നെ സ്വയം തിരിച്ചറിഞ്ഞ്, വിഷാദത്തിൽ നിന്നും കരകയറാനായി സാറ രണ്ടു തവണ കിടത്തി ചികിത്സ തന്നെ തേടി. മരുന്നുകൾ തളർത്തുമ്പോഴും ഭ്രാന്തമായ ആവേശത്തോടെ എഴുത്തിനെ, നാടകത്തെ, സംഭാഷണങ്ങളെ തന്നിലേക്കാവാഹിക്കുന്നതിൽ ആനന്ദം കൊണ്ടിരുന്നു സാറ. സാറയെ വിഷാദക്കയത്തിൽ നിന്നും കരകയറ്റാനായി സഹനാടകപ്രവർത്തകർ തങ്ങളാൽ കഴിയുന്നതെല്ലാം തന്നെ നടപ്പാക്കിയിരുന്നു. പെയ്ൻസ് പ്ലോ കമ്പനിയുടെ റസിഡണ്ട് റൈറ്ററാക്കി നിയമിച്ചുകൊണ്ട് മുഴുവൻ സമയവും സാറയെ നാടകത്തിൽ തളച്ചിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബുഷ് തിയേറ്ററിലെ ലിറ്റററി അസോസിയേറ്റ് ആയി ജോലി ചെയ്തു വരവേയാണ് ഈ മാറ്റം സാറയ്ക്കായി സഹപ്രവർത്തകർ ചെയ്തുകൊടുത്തത്. കൂടുതൽ കാരുണ്യങ്ങൾക്കു കാത്തുനിൽക്കാതെ, മറ്റുള്ളവർക്ക് താൻ കാരണം ഉറക്കം നഷ്ടപ്പെടുന്നുവെന്ന അവസ്ഥയിൽ രണ്ട് ദിവസം അമിതമായി ഡിപ്രഷൻ ഗുളികകൾ കഴിച്ചു. മൂന്നാം ദിവസം ലണ്ടനിലെ കിങ്സ് കോളേജ് ഹോസ്പിറ്റൽ കുളിമുറിയിൽ ഷൂലേസിൽ കെട്ടിത്തൂങ്ങിയാണ് സാറാ കെയ്ൻ മരണത്തിന്റെ ഉന്മാദനൃത്തനാടകമാടിയത്.
ഒരു കവയത്രിയാവാനായിരുന്നു സാറാ കെയ്ൻ ആഗ്രഹിച്ചത്. പക്ഷേ തന്റെ ചിന്തകളും വികാരങ്ങളും കവിതയുടെ ഭാഷയിൽ അവതരിപ്പിക്കാനാവില്ല എന്ന് സ്വയം തിരിച്ചറിഞ്ഞു പിന്മാറുകയായിരുന്നു. എങ്കിലും കവിതാശ്രമങ്ങൾ നടത്താതെയുമിരുന്നില്ല. ''നാടകത്തിന് ഓർമകളില്ല, അത് കലയെ ഏറ്റവും അസ്തിത്വമുള്ളതാക്കുന്നു. സംശയമില്ല. അതുകൊണ്ടാണ് ഇരുണ്ടമുറിയിൽ എവിടെയെങ്കിലും ആരെങ്കിലും എന്റെ മനസ്സിൽ കത്തിക്കൊണ്ടിരിക്കുന്ന ഒരു ചിത്രം കാണിക്കുമെന്ന ആശയോടെ ഞാൻ തിരിച്ചുവരുന്നത്''- നാടകത്തോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ച് സാറാ കെയ്ൻ ഇങ്ങനെയാണ് വൈകാരികമായി പറഞ്ഞത്.
ബെർമിങ്ഹാമിൽ നാടകവിദ്യാർഥിനിയായിരുന്നപ്പോൾ എഴുതിവെച്ച ആദ്യ രണ്ട് സീനിൽ നിന്നും വളർന്നു വലുതായ 'ബ്ലാസ്റ്റഡ്' ആണ് സാറയുടെ പ്രഥമനാടകം. പൊതുജനങ്ങളുടെ മുന്നിലാണ് ആദ്യം അത് അരങ്ങേറിയത്. റോഡിൽ നിന്നും ലഭിച്ച ആവേശത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി 'ബ്ലാസ്റ്റഡ്' നേരെ കയറിയത് റോയൽ കോർട് തിയേറ്ററിന്റെ വേദിയിലാണ്. അപക്വമായ നാടകം എന്ന് അക്കാലത്തെ ബ്രിട്ടീഷ് പത്രങ്ങളെല്ലാം വിധിയെഴുതിയ നാടകമായിരുന്നു അത്. പക്ഷേ സാറയ്ക്ക് അതുകൊണ്ട് ലഭിച്ചതാവട്ടെ സുശക്തവും സുതാര്യവുമായ നാടകസൗഹൃദങ്ങളായിരുന്നു.തുടർന്നങ്ങോട്ട് സ്കിൻ, ഫിയാദ്രാസ് ലവ്, ക്ലൻസ്ഡ്,ക്രേവ്, 4.48 സൈക്കോസിസ് എന്നീ രചനകൾ. ബ്രിട്ടീഷ് നാടകത്തിന്റെ അത്യുന്നതിയിലേക്ക് നടന്നുകയറുകയായിരുന്നു സാറാ കെയ്ൻ. ബ്രിട്ടീഷ് നാടക വേദികൾ മാത്രമല്ല, യൂറോപ് മുഴുവനായും ഓസ്ട്രേലിയയും സൗത്ത് അമേരിക്കയും സാറയുടെ നാടകങ്ങളെ ഹാർദ്ദവമായി എതിരേറ്റു. 'നല്ലവരെ ദൈവം നേരത്തേ തിരിച്ചുവിളിക്കു'മെന്ന് ആശ്വസിച്ചുകൊണ്ടാണ് സാറാ കെയ്നിന്റെ ഇരുപത്തിരണ്ടാം വിയോഗദിനത്തെ ബ്രിട്ടീഷ് നാടകലോകം ഓർക്കുന്നത് .
Content Highlights: Remembering Sara Kane British Playwright o her 22 Death Anniversary