കാളിയമര്‍ദനം, ദേവയാനീചരിതം, വിദ്യാശംഖധ്വനി, ബാലഗോപാലന്‍, അത്ഭുതപാരണ, നചികേതസ്സ്, അമൃതരശ്മി, സുദര്‍ശനന്‍, മൂകാംബികാപുരാണം തുടങ്ങിയ മഹത്തായ കൃതികള്‍ മലയാളസാഹിത്യത്തിനു സംഭാവന ചെയ്ത മഹാകവി കുട്ടമത്തിന്റെ നൂറ്റി നാല്പതാം ജന്മവാര്‍ഷികമാണ് ഇന്ന്. മാതൃഭൂമി പത്രാധിപരായിരുന്ന കേളപ്പന്‍ മഹാകവി എന്ന് അഭിസംബോധന ചെയ്ത് എഴുതുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിലെ മലബാറിന്റെ സാഹിത്യമണ്ഡലത്തെ സ്വാധീനിച്ച മഹാനായ ഭാഷാപ്രവര്‍ത്തകന്‍ കൂടിയായിരുന്നു മഹാകവി കുട്ടമത്ത്.
1880 ഒക്ടോബര്‍ പന്ത്രണ്ടിനാണ് കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിനടുത്ത് കുട്ടമത്ത് കുന്നിയൂരില്‍ ദേവകിയമ്മയുടെയും വണ്ടാട്ട് ഉദയവര്‍മന്‍ ഉണിത്തിരിയുടെയും മകനായി കുട്ടമത്ത് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സംസ്‌കൃതത്തിലും ഇംഗ്‌ളീഷിലും ഒരുപോലെ പ്രാവീണ്യം നേടി. ശാസ്ത്രവും സാഹിത്യവും പഠിച്ചു.
കണ്ണൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരളചന്ദ്രികയുടെ പത്രാധിപരായിട്ടാണ് തുടക്കം. പിന്നെ ദീര്‍ഘകാലം നീലേശ്വരം ഹൈസ്‌കൂളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചു.
വളരെ ചെറുപ്പത്തില്‍ തന്നെ കവിതയോടും കഥയോടും കമ്പമുണ്ടായിരുന്ന കുട്ടമത്ത് കീചകവധം ഓട്ടന്‍ തുള്ളല്‍ രചിച്ചത് വളരെ ചെറുപ്രായത്തിലാണ്. തന്റെ മൂത്തസഹോദരനോടൊപ്പം ചേര്‍ന്ന് ഉത്സവചരിത്രം എന്ന കവിതയും രചിച്ച കുട്ടമത്ത് പത്തൊമ്പതാമത്തെ വയസ്സിലാണ് യമകാവ്യങ്ങളില്‍ വിഖ്യതമായ കാളിയമര്‍ദ്ദനം രചിച്ചത്. ശേഷം അനേകമനേകം സംസ്‌കൃതനാടകങ്ങളും കവിതകളും അദ്ദേഹം സംഭാവന ചെയ്തു. 1943 ഓഗസ്റ്റ് ഏഴിനാണ് അദ്ദേഹം അന്തരിച്ചത്.
Content Highlights: Remembering Mahakavi Kuttamath on his 140 Birth Anniversary