മഹാകവി കെ.സി കേശവപിള്ളയുടെ നൂറ്റിഅമ്പത്തിമൂന്നാം ജന്മദിനമാണ് ഫെബ്രുവരി നാല്. കർണാടിക് സംഗീതജ്ഞൻ, കവി, സംസ്കൃതപണ്ഡിതൻ, തിരുവിതാംകൂറിന്റെ ആസ്ഥാനകവി, കേശവീയത്തിന്റെ കർത്താവ്, ആട്ടക്കഥകൾ, കീർത്തനങ്ങൾ, ഭാഷാനാരായണീയമെന്ന പേരിൽ നാരായണീയത്തിന്റെ മലയാളവിവർത്തനം...കെ.സി കേശവപിള്ളയുടെ ഭാഷാസാഹിത്യസംഭാവനകൾ ചെറുതല്ല.
കൊല്ലം ജില്ലയിലെ പറവൂരിൽ 1868 ഫെബ്രുവരി നാലിനാണ് വലിയവെളിച്ചത്തുവീട്ടിൽ രാമൻ പിള്ളയുടെയും ലക്ഷ്മി അമ്മയുടെയും മകനായി കെ.സി കേശവപിള്ള ജനിക്കുന്നത്. അഞ്ചാം ക്ളാസുവരെ പറവൂർ മലയാളം സ്കൂൾ പഠനം, ശേഷം പറവൂർ കേശവൻ ആശാനുകീഴിൽ സംസ്കൃത വിദ്യാഭ്യാസം, ഏണക്കാട്ട് രാജരാജവർമയ്ക്കു കീഴിലെ വ്യാകരണപഠനം. കേശവപിള്ളയുടെ ഭാഷാ-സാഹിത്യലോകത്തിന്റെ അടിത്തറ ഇതൊക്കെയായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ കഥകളി കാണുന്നത് പതിവാക്കിയിരുന്നു അദ്ദേഹം. കഥകളി പദനിർമാണവും വേഷഭൂഷാദികളും മുദ്രകളും കഥകളിയുടെ അടിസ്ഥാനപാഠങ്ങളും അദ്ദേഹം സ്വായത്തമാക്കി. പതിനഞ്ചാം വയസ്സിൽ ആദ്യത്തെ ആട്ടക്കഥയായ 'പ്രഹ്ളാദവധം' രചിച്ച് പ്രാഗത്ഭ്യം തെളിയിച്ചു. പാശ്ചാത്യഭാഷയോടുള്ള ഭ്രമത്താൽ സുഹൃത്തുക്കളുടെ സഹായത്തോടെ ഇംഗ്ളീഷ് ഭാഷ പഠിക്കാൻ ഉത്സാഹം കാണിച്ച പിള്ള സംസ്കൃതം അധ്യാപകനായിരിക്കേ ജോലി ഉപേക്ഷിച്ച് ഇംഗ്ളീഷ് മീഡിയം സ്കൂളിൽ പഠിതാവായി ചേർന്നു. 1913-ൽ സെപ്തംബർ നാലിന് നാല്പത്തഞ്ചാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
മൂന്ന് ആട്ടക്കഥകളും രണ്ട് തുള്ളൽപദ്യങ്ങളും പതിനൊന്നോളം കവിതകളും ആറ് ഖണ്ഡകാവ്യങ്ങളും നാല് നാടകങ്ങളും രണ്ട് ചെറുകഥകളും കേശവപിള്ളയുടേതായിട്ടുണ്ട്. 'പ്രഹ്ളാദവധം' പിന്നീട് 'ഹിരണ്യാസുരവധ'മെന്ന പേരിൽ അറിയപ്പെട്ടു. എ.ആർ രാജരാജവർമ വൃത്തമഞ്ജരി എഴുതുമ്പോൾ എ.ആറിന്റെ അഭ്യർഥനപ്രകാരം കവിയുടെ സഹായിയായി നിന്നു. തന്റെ കാലത്തെ നായർസമുദായം സാമൂഹികജീവിതവുമായി എങ്ങനെ സമരസപ്പെട്ടു ജീവിക്കുന്നു എന്ന ചിന്തയിൽ നിന്നാണ് 'ലക്ഷ്മീകല്യാണം' എന്ന നാടകം അദ്ദേഹം രചിക്കുന്നത്. ദ്വിതീയാക്ഷരപ്രാസത്തെ അവഗണിച്ചുകൊണ്ട് രചിച്ച മഹാകാവ്യമായ 'കേശവീയ'വും കേരളവർമ വലിയകോയിത്തമ്പുരാന്റെ ജീവിതം ആസ്പദമാക്കി രചിച്ച 'കേരളവർമവിലാസ'വും മഹദ്കൃതികളായി വാഴ്ത്തപ്പെടുന്നു. കേശവപിള്ള നൂറിൽപരം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മിക്കവയും ഭക്തിഗാനങ്ങളാണ്. തോടി, ശങ്കരാഭരണം, മോഹനം,കല്യാണി തുടങ്ങിയ രാഗങ്ങളായിരുന്നു അദ്ദേഹം ഏറെയും ഉപയോഗിച്ചിരുന്നത്. കേശവപിള്ളയുടെ 'ഓമനപ്പെണ്ണല്ലയോ' എന്നു തുടങ്ങുന്ന ഗാനം എം. ജയചന്ദ്രൻ 'കടാക്ഷം' എന്ന സിനിമയ്ക്കായി പുനർനിർമ്മിക്കുകയുണ്ടായി.
Content Highlights: Remembering KC Mahakavi Keshavapillai on his 153 Birth Anniversary