ഞാൻ എല്ലായ്പ്പോഴും വിശ്രമത്തിന് വിശ്രമം കൊടുക്കുന്നതിൽ ശ്രദ്ധാലുവാണ്. സജീവ രാഷ്ട്രീയപവർത്തനത്തിൽ നിന്നും ഒരിക്കലും ഞാൻ വിരമിക്കില്ലെന്നാണ് പ്രതീക്ഷ.

ആദ്യം നമുക്ക് വിരുന്നിനുള്ള ക്ഷണം സ്വീകരിക്കാം. ഏതിനൊക്കെ സ്വാദ് ഉണ്ട്,ഏതിനൊക്കെ ഇല്ല എന്ന് എന്നിട്ട് തീരുമാനിക്കാം.

തിരഞ്ഞെടുത്തത് നല്ലതോ മോശമോ എന്നത് തികച്ചും അപ്രധാനമായതാണ്. ഞാൻ പെരുമാറിയ രീതി യുക്തിയ്ക്ക് സ്വീകാര്യമായതാണോ എന്നതാണ് പ്രധാനം.

പുസ്തകങ്ങൾ വായിക്കുമ്പോൾ നിങ്ങൾക്ക് ലോകത്തെക്കുറിച്ച് അറിവുണ്ടാകും. പക്ഷേ ലോകത്തെ ഒരു പുസ്തകം പോലെ വായിച്ചാൽ, അതിലൂടെ നിങ്ങൾ അനുഭവസ്ഥരായി മാറും.

അഞ്ചുതവണ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും റെക്കോഡ് ഭൂരിപക്ഷത്തിന്റെ കനമുണ്ടായിരുന്നു കലൈഞ്ജർ കരുണാനിധിയുടെ സ്ഥാനാർഥിത്വത്തിന്. തമിഴ്രാഷ്ട്രീയത്തിലും സിനിമയിലും സാഹിത്യത്തിലും തന്റേതായ ഇടങ്ങൾ സൃഷ്ടിച്ചുകൊണ്ട്, കല കൊണ്ട് തമിഴകം അടക്കിവാണ കലൈഞ്ജറുടെ രണ്ടാം ചരമവാർഷികമാണ് ഓഗസ്റ്റ് ഏഴ്. വാർധക്യസഹജമായ അസുഖങ്ങൾ കാരണം 2018ൽ അന്തരിക്കുമ്പോൾ തൊണ്ണൂറ്റിനാല് വയസ്സായിരുന്നു അദ്ദേഹത്തിന്.

തമിഴ്നാട് നാഗപട്ടണം ജില്ലയിൽ തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകൻ ദക്ഷിണാമൂർത്തിയാണ് പിന്നീട് തമിഴ്നാട് സാഹിത്യത്തിൽ അധീശത്വം നേടിയ കരുണാനിധി. സി.എൻ അണ്ണാദുരൈ ആണ് കരുണാനിധി എന്ന പേരിൽ തുടരാൻ നിർദ്ദേശിച്ചത്. യുക്തിവാദപ്രസ്ഥാനത്തിൽ ആകൃഷ്ടനായതിനാൽ ആ പേരാണ് ചേരുക എന്നദ്ദേഹം പറഞ്ഞു. സ്കൂൾ കാലം മുതൽക്കേ നാടകവും കവിതയും കഥകളും കരുണാനിധിയുടെ സന്തതസഹചാരികളായിരുന്നു. ജസ്റ്റിസ് പാർട്ടി പ്രവർത്തകനായ അഴഗിരി സ്വാമികളുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായി പതിമൂന്നാം വയസ്സിൽ സാമൂഹ്യപ്രവർത്തനങ്ങളിലേർപ്പെട്ടു അദ്ദേഹം.

വിദ്യാർഥികളുടെ സാഹിത്യകലകളെ പ്രോത്സാഹിപ്പിക്കാനായി ഇളൈഞ്ചർ മറുമലർച്ചി എന്ന സംഘടന രൂപീകൃതമായത് കരുണാനിധിയുടെ നേതൃത്വത്തിലാണ്. ഇതാണ് പിന്നീട് വിദ്യാർഥി കഴകമായി മാറിയത്.

തമിഴ്നാട്ടിലെ ഹിന്ദിവിരുദ്ധ സമരങ്ങളിലാണ് അദ്ദേഹം പ്രത്യേക ശ്രദ്ധ നേടുന്നത്. പിന്നീട് ഈറോഡിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തിൽ ജോലി ചെയ്തു. മുരസൊലി എന്ന പത്രത്തിലൂടെ ദ്രാവിഡ കഴകത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഈ മുൻപരിചയം അദ്ദേഹത്തിന് ഉപകരിച്ചു.

രാജകുമാരി എന്ന സിനിമയ്ക്ക് സംഭാഷണമെഴുതിയതാണ് കരുണാനിധിയുടെ കലാജീവിതത്തിലെ വഴിത്തിരിവ്. സിനിമയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന എം ജി ആറുമായി സൗഹൃദത്തിലായി. ഗാന്ധിജിയുടെ കടുത്ത ആരാധകനായിരുന്ന എം ജി ആറിനെ ദ്രാവിഡ ആശയങ്ങളിലേക്ക് ആകർഷിക്കാനും കരുണാനിധിയ്ക്ക് കഴിഞ്ഞു.

താനൊരു ആജന്മ നിരീശ്വരവാദിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. നിരീശ്വരവാദിയായ കരുണാനിധിയ്ക്കുവേണ്ടി തമിഴ്നാട് മുഴുവനായും പ്രാർഥനകളിൽ മുഴുകിയത് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായപ്പോളാണ്. പുരൈട്ചി തലൈവി ജയലളിതയുമായി ആശയപരമായും വ്യക്തിപരമായും കടുത്ത ശത്രുത പുലർത്തിയിരുന്ന കരുണാനിധി അവർ അന്തരിച്ചപ്പോൾ താൻ ജീവിതത്തിൽ കണ്ട ഏറ്റവും മഹത്തായ പോരാളി എന്നായിരുന്നു ജയലളിതയെ വിശേഷിപ്പിച്ചത്.

രാമസേതു വിഷയത്തിൽ കരുണാനിധിയുടെ അഭിപ്രായപ്രകടനം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ശ്രീരാമന്റെ അസ്തിത്വത്തെ വരെ കരുണാനിധി ചോദ്യം ചെയ്തു. രാമൻ ഏത് എൻജിനീയറിങ് കോളേജിൽ നിന്നാണ് ബിരുദം നേടിയതെന്ന കരുണാനിധിയുടെ  ചോദ്യത്തിന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് കൊടുത്ത മറുപടി ഇതായിരുന്നു: മറ്റേതെങ്കലും ഒരു മതനേതാക്കളെക്കുറിച്ച് ഇങ്ങനെ പറയാൻ കരുണാനിധി ധൈര്യപ്പെടുമോ? സാധ്യതയില്ല എന്നേ പറയാൻ കഴിയൂ''

മാക്സിം ഗോർക്കിയുടെ 'അമ്മ'യുടെ തമിഴ് പരിഭാഷയുൾപ്പെടെ ഇരുനൂറോളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അറുപതിലധികം തിരക്കഥകൾ, ജീവചരിത്രങ്ങൾ, നോവലുകൾ, ചരിത്രനോവലുകൾ, നാടകങ്ങൾ, ചലച്ചിത്രഗാനങ്ങൾ... കലൈഞ്ജറുടെ കയ്യൊപ്പ് പതിയാത്ത തമിഴ് സാഹിത്യ ശാഖകളില്ല എന്നുതന്നെ പറയാം. കലയക്കും സാഹിത്യത്തിനും നല്കിയ സംഭാവനകൾ മാനിച്ചുകൊണ്ട് അണ്ണാമലൈ സർവകലാശാല ഓണററി ഡോക്ടറേറ്റ് നല്കി ആദരിച്ചു.

കനിമൊഴി കവിതകൾ എന്ന പുസ്തകം വാങ്ങാം

Content Highlights: Remembering Kalainger Karunanidhi on his Death Anniversary