മലയാള നാടകത്തിൽ വിസ്മയം സൃഷ്ടിച്ച പുതിയറ മാളിയേക്കൽ താജ് എന്ന പി.എം.താജ് ഓർമകളുടെ തിരശ്ശീലയിലേക്ക് മടങ്ങിയിട്ട് ഇന്നേയ്ക്ക് മുപ്പത് വർഷം. പ്രൊഫഷണൽ നാടകങ്ങളും തനതുനാടകങ്ങളുടെ പരീക്ഷണങ്ങളും ഒരേപോലെ ശക്തിപ്രാപിച്ചിരുന്ന കാലത്താണ് അമ്മാവൻ കെ.ടി മുഹമ്മദിന്റെ വഴി പിന്തുടർന്നുകൊണ്ട് താജ് നാടകത്തിലേക്ക് വരുന്നത്. കെ.ടിയുടെ 'ഇത് ഭൂമിയാണ്' എന്ന നാടകത്തിൽ നടനായി. പിന്നീട് അമ്മാവന്റെ നാടകശൈലിയിൽ നിന്നും വഴിമാറ്റിപ്പിടിക്കാൻ തീരുമാനിച്ചു. അതായിരുന്നു മലയാള നാടകത്തിലെ മറ്റൊരു വിപ്ലവകരമായ മുന്നേറ്റവും. തെരുവുനാടകപ്രസ്ഥാനത്തിന്റെ ശക്തിയും സൗന്ദര്യവും മലയാളത്തിലേക്കു പകർത്തിയതോടെ കേരളത്തിന്റെ സഫ്ദർ ഹഷ്മിയായി താജ് വാഴ്ത്തപ്പെട്ടു.

ഇരുപതാം വയസ്സിൽ, അടിയന്തരാവസ്ഥക്കാലത്ത് എഴുതിയ 'പെരുമ്പറ' എന്ന നാടകം രംഗത്ത് വന്നതോടെ
മലയാളനാടകത്തിന്റെ അവിഭാജ്യഘടകമായി പി.എം. താജ് എന്ന പേര്. ബ്രഹ്തിയൻ തിയേറ്ററിനോട് സമവായം ചൊല്ലിയ 'കനലാട്ടം' ആ പ്രതിഭാത്വം ഒന്നു കൂടി ജ്വലിപ്പിച്ചു. പിന്നീട് രാവുണ്ണി, കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം, പാവത്താൻ നാട്, തലസ്ഥാനത്തുനിന്ന് ഒരു വാർത്തയുമില്ല, മേരിലോറൻസ്, കുടിപ്പക, കൺകെട്ട്, സ്വകാര്യം...പി.എം താജ് നാടകങ്ങളെ പടച്ചുവിട്ട കാലമായിരുന്നു എൺപതുകൾ. പി.എം താജിനോടൊപ്പം അഭിനയിക്കുകയും അദ്ദേഹത്തിന്റെ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്ത സാവിത്രി ശ്രീധരൻ തന്റെ പ്രിയനാടകകുടുംബാംഗത്തെ അനുസ്മരിക്കുന്നു.

താജിനെ ആദ്യമായി കാണുന്നത് കലിംഗയിൽ വച്ചാണ്. ആ കാലങ്ങളിലൊക്കെ ഞാൻ അമച്വർ നാടകങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. എൺപത്തി നാലിലാണ് കെ.ടി കലിംഗയിലേക്ക് ക്ഷണിക്കുന്നത്. കലിംഗ തിയേറ്റർ പ്രശസ്തരും പ്രഗത്ഭരുമായ അഭിനേതാക്കളെക്കൊണ്ട് നിറഞ്ഞ കാലമാണ്. ആർ.കെ നായർ, കെ.പി സെയ്ത്, വില്യാപ്പിള്ളി രാജൻമാഷ്, എസ്.ആർ ചന്ദ്രൻ തുടങ്ങിയവരൊക്കെ കലിംഗയിലൂടെ തിളങ്ങിനിന്നിരുന്ന കാലം. കെ.ടിയുടെ മരുമകനാണെന്ന് പറഞ്ഞ് അവിടെയുള്ളവർ താജിനെ പരിചയപ്പെടുത്തി.

താജിന്റെ കൂടെ അഭിനയിക്കാനും താജ് എഴുതിയ നാടകങ്ങളിൽ അഭിനയിക്കാനും എനിക്ക് ഭാഗ്യം കിട്ടി. എന്റെ നാടകജീവിതത്തിലെ സൗഭാഗ്യങ്ങളിലൊന്നായിരുന്നു അത്. ഇത് ഭൂമിയാണ് എന്ന നാടകത്തിൽ ഞാൻ താജിന്റെ അനിയത്തിയായാണ് അഭിനയിച്ചത്. എനിക്ക് നല്ല പ്രായമുണ്ട്. പക്ഷേ നാടകത്തിൽ പതിനഞ്ചുവയസ്സുകാരിയായ കദീശയാണ്, ഇക്കാക്കയായി താജും. താജ് എന്റെ എത്രയോ ഇളയതാണ്. പകുതിപോലും പ്രായമില്ല. ഓരോ സീൻ കഴിഞ്ഞാലും സ്റ്റേജിന് പിറകിൽ വന്ന് താജ് പറയും: ''ഹൊ ന്റെ സാവിത്രിയേടത്ത്യേ ഇങ്ങളെ സമ്മതിക്കണം കേട്ടോ. എന്താ ഒരു തുള്ളിച്ചാട്ടം!'' അതെനിക്കൊരു പ്രചോദനമാകാനും ഇക്കാക്കയുടെ കുഞ്ഞനിയത്തിയായി കൂടുതൽ തന്മയത്വത്തോടെ അഭിനയിക്കാനുമായി പറയുന്നതായിരുന്നു താജ്. മനസ്സിൽ പ്രായമെന്ന ചിന്ത കടന്നുകൂടിയാൽ പിന്നെ ഇക്കാക്കയുടെ അനിയത്തിക്കുട്ടി കദീശയാവാൻ കഴിയില്ല എന്ന് താജിന് നല്ലവണ്ണമറിയാലോ.

Savithri Sreedharan
സാവിത്രി ശ്രീധരൻ

കൂടെ അഭിനയിക്കുന്നവരെ താജ് നല്ലവണ്ണം പ്രോത്സാഹിപ്പിക്കുമായിരുന്നു. ഒരുപാട് സ്റ്റേജുകളിൽ ഞങ്ങൾ ഇക്കാക്കയും അനിയത്തിയുമായി. പിന്നെ ഒന്നിച്ചത് കെ.ടിയുടെ തന്നെ 'സൃഷ്ടി' എന്ന നാടകത്തിലാണ്. വിശപ്പ് ആയിരുന്നു താജിന്റെ കഥാപാത്രം അതിൽ ''എനിക്ക് വിശക്കുന്നൂ, എനിക്ക് വിശക്കുന്നൂ'' എന്ന് പറഞ്ഞുകൊണ്ട് കഥാപാത്രമാകുമ്പോൾ ലോകത്തിന്റെ തന്നെ വിശപ്പായിട്ട് കാണികൾക്ക് തോന്നുമായിരുന്നു. വിശപ്പ് എന്നാൽ താജ് തന്നെയാണെന്ന് തോന്നിപ്പോകും. ആ കണ്ണുകളും മെലിഞ്ഞ ശരീരവും ഒട്ടിയ വയറും എല്ലാം കൂടി വിശപ്പ് എഴുന്നേറ്റ് നടക്കുന്നതുപോലെ തന്നെ. വിശപ്പിന്റെ ലോകരാഷ്ട്രീയം തന്നെ തന്റെ അഭിനയത്തിലൂടെ താജ് പറഞ്ഞുവച്ചു.

താജ്എഴുതി കെ.ആർ മോഹൻദാസ് സംവിധാനം ചെയ്ത രാവുണ്ണിയിലും എനിക്കഭിനയിക്കാൻ ഭാഗ്യമുണ്ടായി. നടൻ സുധീഷിന്റെ അച്ഛൻ പി.സുധാകരൻ സംവിധാനം ചെയ്ത താജിന്റെ നാടകത്തിലും സഹകരിക്കാനായി. കെ.പി ജയപ്രകാശ് കാര്യാലിന്റെ സംവിധാനത്തിലും താജിന്റെ കഥാപാത്രത്തെ എനിക്ക് അവതരിപ്പിക്കാനായി.

PM Tajതാജ് ഉണ്ടായിരുന്നെങ്കിൽ നാടകലോകത്തെ ഇളക്കിമറിച്ചേനെ. മലയാളനാടകം ഇന്നു കാണുന്നതിൽ നിന്നും എത്രയോ ദൂരം സഞ്ചരിക്കുമായിരുന്നു. അകാലവിയോഗമായിരുന്നു അത്. ഞങ്ങൾ നാടകസംഘങ്ങളായി പോകുന്നതാണല്ലോ. താജ് മരിച്ചു എന്ന് രാവിലേ തന്നെ അറിഞ്ഞു. നേരെ പോയി കണ്ടു. കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുപോയി. ആരൊക്കെയോ കരയരുത് എന്നു പറഞ്ഞു മുറുകെപ്പിടിച്ചു. എല്ലാവരും പരസ്പരം സമാധാനിപ്പിക്കുകയായിരുന്നു. മുപ്പത്തിനാല് വയസ്സിനുള്ളിൽ ഒരായുസ്സിലെ മുഴുവൻ സർഗാത്മകതയും മലയാളത്തിന് സമർപ്പിച്ചു താജ്. തിരക്കഥ, നാടകം, അഭിനയം, സംവിധാനം, കോഴിക്കോടിന്റെ പുരോഗമനസാഹിത്യപ്രസ്ഥാനം, സിനിമയ്ക്ക് സംഭാഷണമെഴുതൽ...

സഹവർത്തിത്വം താജിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതായിരുന്നു. കോഴിക്കോട് ശാന്താദേവിയും താജും കൂടിയാൽ പിന്നെ ഞങ്ങളുടെ നാടകയാത്രകൾ ഉത്സവയാത്രകളായിരുന്നു. തട്ടിന് മുട്ട് രണ്ടുപേരും പറഞ്ഞുകൊണ്ടേയിരിക്കും. കേരളത്തിലെ വേദികളിൽ നിന്നും വേദികളിലേക്ക് ഞങ്ങൾ വിശ്രമമില്ലാതെ യാത്രചെയ്ത കാലമുണ്ടായിരുന്നല്ലോ. ഒരിക്കൽ നാടകവും കഴിഞ്ഞ് തിരിക്കുമ്പോൾ എല്ലാവർക്കും വിശപ്പോട് വിശപ്പ്. ഒരൊറ്റ കടയും തുറന്നിട്ടില്ല. അന്നെന്തോ വിശേഷദിവസവുമാണ്. ഞങ്ങൾ നാടകപ്രവർത്തകരുടെ വീട്ടിൽ അരിവേവണമെങ്കിൽ വിശേഷദിവസങ്ങളൊന്നും നോക്കിയിരുന്നാൽ നടക്കില്ലല്ലോ. എല്ലാവർക്കും വിശപ്പ് സഹിക്കാൻ പറ്റാതായി. അന്നായിരുന്നു താജ് ഏറെ വിഷമിച്ചത്. എന്തിനും പരിഹാരമുണ്ടല്ലോ. വിശന്നാലെന്തുചെയ്യും? വിശപ്പകറ്റാൻ പണമുണ്ട്,പക്ഷേ ഭക്ഷണമില്ല! താജ് ഓരോരുത്തരെയും നോക്കും, വിഷമിച്ചിരിക്കും. അങ്ങനെ റോഡരികിൽ ഒരു പെട്ടിക്കടയിൽ വാഴക്കുല തൂങ്ങിക്കിടക്കുന്നത് കണ്ടു. വണ്ടി നിർത്തിച്ച് താജ് തന്നെ പോയി വാങ്ങി. എല്ലാവരും കൈയിട്ടും വാരിപ്പിടിച്ചും വേണ്ടത്ര അകത്താക്കി. താജ് തിന്നിരുന്നോ ആവോ, താജിനോട് പഴം കിട്ടിയോ എന്ന് ആരെങ്കിലും എന്ന് ചോദിച്ചിരുന്നോ?, ഓർമ്മയില്ല.

കലിംഗ എന്നുപറഞ്ഞാൽ ഒരു കുടുംബമായിരുന്നു. ഒരമ്മ പെറ്റ കുടുംബം. നമ്മുടെ മനസ്സിന്റെയും കുടുംബത്തിന്റെയും വിഷമങ്ങൾ മറന്നുപോവുക നാടകയാത്രകളിലെ രസകരമായ അനുഭവങ്ങളിലൂടെയാണ്. നാടകങ്ങളുടെ ഈറ്റില്ലമായിരുന്ന കോഴിക്കോടിന്റെ മണ്ണിൽ നിന്നും ഓരോരുത്തരായി കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞുകൊണ്ടേയിരിക്കുന്നു. കെ.ടി, സെയ്തുക്ക, ആർ.കെ നായർ, വാസുപ്രദീപ്, നെല്ലിക്കോട് ഭാസ്കരനും സഹോദരി കോമളവും, തിക്കോടിയൻ, വാസുപ്രദീപ്,ശാന്താദേവി...അങ്ങനെ എണ്ണിയാൽ തീരാത്ത പ്രതിഭകൾ. പക്ഷേ അവർക്ക് പകരം വെക്കാനാര് എന്ന ചോദ്യത്തിന് ഉത്തരം മൗനം മാത്രമാണ്. കുട്ടികൾ സിനിമയിലേക്കും സീരിയലിലേക്കും ശ്രദ്ധ കൊടുക്കുന്നു. നാടകത്തിൽ റീടേക്കുകൾ ഇല്ലാത്തതിനാൽ അതിലേക്ക് സമർപ്പിക്കേണ്ട ഏകാഗ്രത നല്കാൻ പുതിയ കുട്ടികൾക്ക് കഴിയുന്നില്ല. കഴിയുന്ന കുട്ടികൾ ഉണ്ട്. അവർക്ക് നല്ല ഭാവിയുണ്ടാവട്ടെ. ത്യാഗം ചെയ്യണം നാടകം വഴങ്ങണമെങ്കിൽ. ത്യാഗം ചെയ്യാനുള്ള മന:സ്ഥിതിയുടെ മാതൃകയായി അവർക്കുമുന്നിൽ എക്കാലവും ജ്വലിച്ചുനിൽക്കുന്ന നക്ഷത്രമാണ് പി.എം. താജ്. അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുന്നിൽ ഈ സഹപ്രവർത്തകയുടെ സ്നേഹാഞ്ജലികൾ.

Content Highlights: PM Taj, Remembering Indian playwright PM Taj on his thirtieth Death Anniversary