തിനഞ്ചാം വയസ്സിൽ ഉപേക്ഷിച്ച സ്കൂൾ പഠനം. കെന്റക്കിയിലെ കൽക്കരി ഖനിയിൽ ജോലിയെടുത്തുകൊണ്ടു കുടുംബം പോറ്റുന്ന മാതാപിതാക്കളെ സാമ്പത്തികമായി ആശ്വാസത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കപ്പലിൽ സഹായിയായി ജോലിയിൽ പ്രവേശനം. അമിതമായ പുക ശ്വസിച്ചതുകാരണം പിടിപെട്ട ക്ഷയരോഗം. രോഗം മൂർധന്യാവസ്ഥയിൽ ആയതിനാൽ തന്നെ കഷ്ടി ഒരു വർഷം മാത്രം ആയുസ്സു കൽപിച്ച വൈദ്യശാസ്ത്രം. രോഗം തിരിച്ചറിയുമ്പോൾ ജർമനിയിലായിരുന്നതിനാൽ കപ്പൽ ഉടമകളുടെ ഉത്തരവാദിത്തത്തിൽ അമേരിക്കയിലെ പൊതുജനാരോഗ്യകേന്ദ്രത്തിൽ മൂന്നുവർഷം തുടർച്ചയായ കിടത്തി ചികിത്സ. ക്ഷയരോഗനിർമാർജനത്തിനായി അനവധി മരുന്നുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. സ്ട്രെപ്റ്റോമൈസിൻ എന്ന മരുന്നിന്റെ പരീക്ഷണാടിസ്ഥാന കുത്തിവെപ്പുകളെല്ലാം ഏൽക്കേണ്ടി വന്ന കാലം. ഒരു വിധം ആ പതിനഞ്ചുകാരൻ രോഗി ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. വരുംകാലം അമേരിക്കൻ സാഹിത്യത്തിലേക്കുള്ള മുതൽക്കൂട്ടായതിനാൽ മരണത്തിന്റെ പട്ടികയിൽ നിന്നും താൽക്കാലികമായി ഒഴിവാക്കപ്പെട്ട ആ പതിനഞ്ചുകാരന്റ പേരാണ് ഹ്യൂബെ സെൽബി. 'ലാസ്റ്റ് എക്സിറ്റ് റ്റു ബ്രൂക്ലിൻ', 'റിക്വം ഫോർ എ ഡ്രീം' തുടങ്ങിയ ഹിറ്റ് നോവലുകളുടെയും സിനിമകളുടെയും രചയിതാവ്!

മരുന്നു പരീക്ഷണങ്ങളുടെ സ്ഥിരം ശരീരമായി സെൽബി മാറിയതിനാൽ ജീവിതകാലം മുഴുവൻ നരകിച്ചത് അസഹനീയമായ ശാരീരിക ബുദ്ധിമുട്ടുകളോടായിരുന്നു. ശ്വാസകോശത്തിലേക്ക് നീണ്ടുതുളഞ്ഞെത്താനായ വാരിയെല്ലുകളുടെ ഭാഗങ്ങൾ ഓപ്പറേഷനിലൂടെ നീക്കം ചെയ്യേണ്ടതായി വന്നിട്ടുണ്ട് അദ്ദേഹത്തിന്റെ ഡോക്ടർമാർക്ക്. ക്ഷയം കാരണം ഒരു ഭാഗത്തെ ശ്വാസകോശം പ്രവർത്തനരഹിതമാവുകയും അവശേഷിക്കുന്നതാവട്ടെ ഓപ്പറേഷനുകളിലൂടെ പലഭാഗങ്ങളും നീക്കം ചെയ്തിട്ടുള്ളതുമാണ്. മോർഫീൻ ഉൾപ്പെടെയുള്ള വേദനാസംഹാരികളാൽ നിലനിർത്തപ്പട്ട ജീവിതത്തിൽ ഉപജീവനമാർഗം പാടേ അടഞ്ഞ സാഹചര്യം. ഭാര്യ ടിനിയും രണ്ടു മക്കളും നിസ്സഹായനായ സെൽബിയും ജീവിതത്തെക്കുറിച്ച് യാതൊരു പ്രതീക്ഷയുമില്ലാതെ ഓരോ ദിനവും തള്ളി നീക്കുമ്പോഴാണ് ഗിൽബർട്ട് സൊറെന്റിനോ എന്ന ബാല്യകാല സുഹൃത്ത് അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ചറിയുന്നത്. സൊറെന്റിനോ എഴുത്തുകാരൻ എന്ന നിലയിൽ ഖ്യാതിനേടിയ ആളാണ്. സൊറെന്റിനോ ആണ് സെൽബിയെ സാഹിത്യത്തിലേക്ക് കൈപിടിച്ചുയർത്തിയത്. കിടന്നകിടപ്പിൽ ശ്വാസം വലിക്കാൻ പോലും കഷ്ടപ്പെടുന്ന സെൽബിയ്ക്ക് അതിജീവനം സാധ്യമാകണമെങ്കിൽ ഒരേയൊരു പോംവഴി എഴുത്തുമാത്രമാണ്. നിശബ്ദ ജീവിതത്തിൽ കുറേയധികം കഥാപാത്രങ്ങൾ ഉണ്ടാവാതിരിക്കില്ല, തീർച്ച! സൊറെന്റിനോ അണഞ്ഞുപോകാനൊരുങ്ങുന്ന സെൽബിയെ ഊതിയൂതി ജീവൻ വെപ്പിക്കുകയായിരുന്നു. ശാരീരികമായ അധ്വാനം കുറഞ്ഞ ജോലി എന്ന നിലയിൽ എഴുത്തിനെ സ്വീകരിക്കുമ്പോൾ സെൽബി പറഞ്ഞതിപ്രകാരമായിരുന്നു: ''അക്ഷരമാല എനിക്കറിയാം, ഞാനൊരു എഴുത്തുകാരനായിത്തീരുമായിരിക്കും''.

യാതൊരു മുൻപരിചയവുമില്ലാതെ, പരിശീലനങ്ങളില്ലാതെ, തികച്ചും പരുക്കനായ ഭാഷയോടെ, യാതൊരു മയവുമില്ലാത്ത പ്രമേയപരിചരണങ്ങളോടെ സെൽബി തന്റെ യൗവനം എഴുതിത്തുടങ്ങി. അത്രമേൽ അനുഭവങ്ങളുടെ സമ്പത്തായിരുന്നു ആ ശരീരവും മനസ്സും.

''പാതി ചെവികൊണ്ടാണ് ഞാനെഴുതിയത്, കാരണം അതെല്ലാം ഞാൻ കേട്ടറിഞ്ഞവയായിരുന്നു. പോരാത്തതിന് കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമെല്ലാം എഴുതി. എഴുതിയെഴുതി സ്ഥലവും കാലവും രോഗവും എല്ലാം മറന്നെഴുതി.''- സെൽബി തന്നെക്കുറിച്ചെഴുതിയത് ഇങ്ങനെയാണ്.

വ്യാകരണമോ ഉദ്ധരണിയോ അർഥമോ വകവെക്കാതെ, അക്കാലത്തെ യാഥാസ്ഥിതിക എഴുത്തുകളെ അനുസരിക്കാതെ സെൽബി എഴുതിയതുമുഴുവൻ വായനാലോകം ഇരുകയ്യും നീട്ടി സ്വീകരിച്ചു. കാരണം അതിൽ ജീവിതമുണ്ടായിരുന്നു, സാധാരണക്കാരന്റെ. പയ്യെപ്പയ്യെ ഹ്യൂബെ സെൽബി എന്ന എഴുത്തുകാരൻ അക്ഷരങ്ങളോട് കടപ്പെട്ടു, ജീവിതം തിരികെത്തന്നതിന്.

സെൽബിയുടെ സാഹിത്യ വളർച്ച അതിശയകരമായിരുന്നു. 1958-ൽ 'ദ ക്യൂൻ ഈസ് ഡെഡ്' എന്ന കഥയിൽ നിന്നു തുടങ്ങിയ സെൽബി പകൽ സമയങ്ങളിൽ ഫ്രീലാൻസ് കോപ്പി റൈറ്ററായും രാത്രിയിൽ മുഴുവൻ സമയ എഴുത്തുകാരനായും ജീവിച്ചു. 2004 ഏപ്രിൽ ഇരുപത്തിയാറിന് അതികഠിനമായ ശാരീരികാസ്വസ്ഥതകളോടെ ജീവൻ പോകുന്നതുവരെ ഹ്യൂബെ സെൽബി വായനക്കാരുടെ പ്രിയങ്കരനായ എഴുത്തുകാരനായിത്തന്നെ തുടർന്നു.

Content Highlight s: Remembering Hubert Selby American Writer