നിച്ച് ഏഴുമാസം പ്രായമാകുന്നതുവരെ ലൈംഗികതൊഴിലാളിയായ അമ്മയോടൊപ്പം താമസം. അതിനുശേഷം മധ്യഫ്രാന്‍സിലെ അലിനി എന്‍ മോര്‍വാന്‍ പ്രവിശ്യയില്‍ വളര്‍ത്തുമാതാപിതാക്കളുടെ കാരുണ്യത്തില്‍ വളരുക. വളര്‍ത്തുരക്ഷിതാക്കളുടെ ജോലി ആശാരിപ്പണിയാണെങ്കിലും സ്‌നേഹത്തിനും അന്നത്തിനും ഒട്ടു ക്ഷാമമില്ലാതെ വളരാന്‍ കഴിയുക, മികച്ച സ്‌കൂളില്‍ നിന്നും മിടുക്കനായി വിദ്യാര്‍ഥിയായി ഓരോ വര്‍ഷവും ഉയര്‍ന്നു വരിക, അതിനിടയില്‍ തലവര ആരോ മാറ്റിവരച്ചതുപോലെ സ്‌കൂളില്‍ നിന്നും ഓടിപ്പോവുക, പോരാത്തതിന് അല്ലറചില്ലറ മോഷണശ്രമങ്ങളില്‍ അകപ്പെട്ടുപോകലും! കുറ്റവാസനകളില്‍ കുട്ടിവില്ലനായി പേരെടുത്തുകൊണ്ടിരിക്കേ അപ്രതീക്ഷിതമായി വളര്‍ത്തമ്മ മരണപ്പെടുന്നു. അധികം വൈകാതെ മറ്റൊരു ദമ്പതികളുടെ ദത്തെടുക്കല്‍. കഷ്ടി രണ്ടുവര്‍ഷം തികച്ചില്ല. അപ്പോഴേക്കും രാത്രിനടത്തം ശീലമാക്കിയിരുന്നു; അതും ആടയാഭരണങ്ങളൊക്കെ അണിഞ്ഞ്. പോരാത്തതിന് രക്ഷിതാക്കള്‍ വിശ്വസിച്ചേല്‍പിച്ച വലിയൊരു തുക എത്തിക്കേണ്ടിടത്ത് എത്തിക്കാതെ ഒരു രാത്രിനടത്തത്തോടെ തീര്‍ത്തുകളയുകയും ചെയ്തു. വെച്ചുപൊറുപ്പിക്കാന്‍ പറ്റാത്ത കരുത്തക്കേടുകള്‍ ദിനംപ്രതി കൂടിക്കൂടി വന്നതോടെ പതിനഞ്ചാം വയസ്സില്‍ നേരെ രക്ഷിതാക്കള്‍ കയറ്റിവിട്ടത് ദുര്‍ഗുണപരിഹാരപാഠശാലയിലേക്ക്. മൂന്നുവര്‍ഷക്കാലം ഡിറ്റന്‍ഷന്‍ ജീവിതം. കാലങ്ങള്‍ക്കുശേഷം ലോകം അത്രമേല്‍ വാഴ്ത്തിയ ഒരു കൃതിയുടെ പേരായി ആ ദുര്‍ഗുണപരിഹാരപാഠശാലാജീവിതം പുകള്‍പെറ്റു- 'മിറാക്കിള്‍ ഓഫ് റോസ്!' ഡിറ്റന്‍ഷന്‍ കാലത്തെ അതിനികൃഷ്ടമായ ജീവിതവും നിര്‍ബന്ധിത ഹോമോസെക്ഷ്വാലിറ്റിയും നരകജീവിതവും ആ പതിനഞ്ചുകാരന്റെ സ്വന്തം അനുഭവങ്ങളുടെ ട്രോമയായി വിടാതെ പിന്തുടര്‍ന്നതിന്റെ ഫലമായിരുന്നു 'മിറാക്കിള്‍ ഓഫ് റോസ്'. പുറത്തിറങ്ങിയപ്പോഴും അലസനായ തെമ്മാടിയായും ചെറുകിടമോഷ്ടാവായും ലൈംഗികത്തൊഴിലാളിയായും യൂറോപ്പുമുഴുവന്‍ അലഞ്ഞ ഒരു യുവാവിന്റെ കഥയുമായി ആ പതിനഞ്ചുകാരന്‍ വീണ്ടും വളര്‍ന്നു; സാഹിത്യത്തില്‍! 'ദ തീഫ്‌സ് ജേണല്‍' എന്ന കൃതി പുറത്തിറങ്ങിയതോടെ ഡയസ്‌റ്റോപ്യന്‍ ജീവിതങ്ങളെയറിയുന്നവരുടെ ഉദാത്ത ദൈവമായി മാറിക്കഴിഞ്ഞിരുന്നു ആ 'കഴിവേറി' യുവാവ്. 1910 ഡിസംബര്‍ പതിനാറിലെ ഫ്രാന്‍സില്‍ നിന്നും തുടങ്ങുന്നു ആ ജീവിതം. 

ജീവിതാനുഭവങ്ങളുടെ അറ്റമില്ലാക്കടല്‍ നീന്തിക്കടന്നവന്റെ തട്ടകം എന്നൊക്കെ സാഹിത്യത്തെ വിശേഷിപ്പിക്കാമെങ്കില്‍ അത് തീര്‍ച്ചയായും ചേരുക വിഖ്യാത ഫ്രഞ്ച് സാഹിത്യകാരനും നാടകകൃത്തുമായ ഴാങ് ഷെനെയ്ക്കാണ്‌. കാരണം ഇപ്പറഞ്ഞതെല്ലാം അദ്ദേഹം മാത്രം അനുഭവിച്ചു തീര്‍ത്തതാണ്. ഷെനെയ്ക്ക്‌ കക്കാന്‍ മാത്രമേ അറിയാമായിരുന്നുള്ളൂ, നിക്കാനറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ നിരന്തരം പിടിക്കപ്പെടുക തന്നെ ചെയ്തു. ജയില്‍ ഷെനെയെ സംബന്ധിച്ചിടത്തോളം ഒരിടത്താവളമായി മാറി. കള്ളരേഖകള്‍ കെട്ടിച്ചമക്കല്‍, കൃത്യമായ വരുമാനമില്ലാതെ യാചകനായി അലഞ്ഞുതിരിഞ്ഞു നടക്കല്‍, നിയമലംഘനങ്ങള്‍ അങ്ങനെ തുടങ്ങി തന്റെ നാട്ടിലെ അരുതായ്മകളൊന്നും തന്നെ അനുസരിക്കാത്ത വ്യക്തിത്വമായി മാറി ഷെനെ. ചുക്കില്ലാത്ത കഷായമില്ലെന്നു പറഞ്ഞതുപോലെ ഷെനെയില്ലാത്ത കേസുകളില്ലെന്നായി. അതിനിടയില്‍ ഇച്ഛാഭംഗം തന്നെ ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ ആശ്രയം കണ്ടെത്തിയത് കവിതയിലാണ്. അങ്ങനെ പാരീസിലിരിക്കേ ഒരു നാള്‍ നേരെ പോയത് പ്രശസ്ത ഫ്രഞ്ച് കവി ഴാങ് കൊക്റ്റിയൂവിനടുത്തേക്കാണ്. അദ്ദേഹത്തിന്റെ കവിതകളോട് ഷെനെയ്ക്ക്‌ അനിര്‍വചനീയമായ മതിപ്പായിരുന്നു. കൊക്റ്റിയൂ ആദ്യം ചെയ്തതാകട്ടെ തന്റെ സ്വാധീനം വെച്ചുകൊണ്ട് ഷെനെയുടെ ആദ്യത്തെ നോവല്‍ പരിശ്രമം പ്രസിദ്ധീകരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയാണുണ്ടായത്. 

അതിനിടയിലാണ് അത്രയും കാലത്തെ ദുര്‍നടത്തത്തിനുള്ള ശിക്ഷയെന്നോണം ഷെനെയ്ക്ക്‌ ജീവപര്യന്തം ശിക്ഷവിധിക്കുന്നത്. നവാഗത എഴുത്തുകാരനെ എന്തുവില കൊടുത്തും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അന്ന് മനസ്സിലാക്കിയത് കൊക്റ്റിയൂ മാത്രമല്ലായിരുന്നു, ഴാന്‍ പോള്‍ സാര്‍ത്രേയും പാബ്ലോ പിക്കാസോയുമൊക്കെ അതില്‍ ഉള്‍പ്പെട്ടിരുന്നു. ഫ്രഞ്ച് പ്രസിഡണ്ടിന്റെയടുക്കല്‍ നേരെ ചെന്ന് അവര്‍ കാര്യം അവതരിപ്പിക്കുകയും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു. അതിനുശേഷം മരണം വരെ ഷെനെ ജയില്‍ കണ്ടില്ല. തന്റെ ഇടത്താവളങ്ങളോടും അനാശ്യാസങ്ങളോടും എന്നെന്നേക്കുമായി യാത്ര പറഞ്ഞ ഷെനെ പിന്നെ എഴുത്തിലാണ് തന്റെ ഇടം തിരഞ്ഞത്. 

1949-കളില്‍ ഷെനെ തികഞ്ഞ അച്ചടക്കമുള്ള മനുഷ്യനായിത്തീര്‍ന്നിരുന്നു. അതു തന്നെയാണ് സാര്‍ത്രേയെക്കൊണ്ട് 'സെന്റ് ഷെനെ' എന്ന പുസ്തകം എഴുതാന്‍ പ്രേരിപ്പിച്ചതും. തന്റെ എഴുത്തുഗുരുവായി സാര്‍ത്രേയെ മനസ്സാ ഉള്‍ക്കൊണ്ട ജാനറ്റ് അദ്ദേഹത്തെ അക്ഷരം പ്രതി അനുസരിച്ചു. അച്ചടക്കമുള്ള ഷെനെയില്‍ നിന്നും ലേഡി ഓഫ് ഫ്‌ളവേഴ്‌സ്, ക്വാറല്‍ ദ ബ്രെസ്റ്റ് തുടങ്ങിയ നോവലുകള്‍ ലോകം കണ്ടു. അത് ഫ്രഞ്ചുസാഹിത്യത്തിലെ തന്നെ എക്കാലത്തെയും മികച്ച സൃഷ്ടികളായി മാറി. ഴാങ് ഷെനെ എന്ന പേര് തന്റെ ഭൂതകാലത്തെ അപ്പാടെ മായ്ച്ചുകളഞ്ഞുകൊണ്ട് ഫ്രഞ്ച് മുഖ്യധാരാസാഹിത്യത്തില്‍ മാത്രമല്ല, ലോകസാഹിത്യത്തിലെ തന്നെ കിടയറ്റ പേരുകളിലൊന്നായി മാറി. വളരെ അനായാസമായി ഒട്ടും ഔപചാരികത സൂക്ഷിക്കാതെ തന്റേതെന്ന മട്ടില്‍ മാത്രം വായനക്കാരെ അടുത്തുചേര്‍ത്തി നിര്‍ത്തുന്ന ആഖ്യാനരീതിയില്‍ ഴാങ് ഷെനെ കൃതികള്‍ വായനക്കാരിലെത്തിയതോടെ അന്നുവരെ വായിച്ചനുഭവിച്ച സാഹിത്യത്തിലെ സത്യം അറിയുകയായിരുന്നു അവര്‍. 

സാഹിത്യവിമര്‍ശത്തിലും ഴാങ് ഷെനെ തന്റേതായ പ്രതിഭ അടയാളപ്പെടുത്തിയിരുന്നു. ചിത്രകലയെ അസാധാരണമാം വിധം അടയാളപ്പെടുത്തിയ ഷെനെ ഒരു ചിത്രകലാചരിത്രകാരന്റെ എല്ലാ സവിശേഷതകളും പുലര്‍ത്തി. ഒട്ടും ഔപചാരികത പുലര്‍ത്താതെ നേരിട്ട് വിഷയത്തിലേക്ക് കടക്കുന്ന അദ്ദേഹത്തിന്റെ എഴുത്തുരീതിയോട് ആരാധന മൂത്ത് പലരും അനുകരിക്കാന്‍ തുടങ്ങി.

കവിതയും നോവലും ചിത്രകലയുമല്ല ഴാങ് ഷെനെ എന്ന പ്രതിഭയെ ലോകോത്തരമാക്കിയത്. മറിച്ച് നാടകമെന്ന തട്ടകമായിരുന്നു. 1947-ല്‍ പുറത്തിറങ്ങിയ 'ദ മെയ്ഡ്‌സ്', 1957 എന്ന വര്‍ഷത്തെ തന്നെ അവിസ്മരണീയമാക്കിയ 'ദ ബാല്‍ക്കണി', കറുത്തവംശക്കാരുടെ സാഹിത്യസാംസ്‌കാരിക ഉയിര്‍ത്തെഴുന്നേല്‍പ്പിന് നിദാനമായ നെഗ്രിറ്റിയൂഡ് പ്രസ്ഥാനത്തിന് ഐക്യദാര്‍ഢ്യമേകിക്കൊണ്ട് 1958-ല്‍ രചിച്ച 'ദ ബ്‌ളാക്ക്', ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാഷ്ട്രീയനാടകമായി വിലയിരുത്തപ്പെട്ട, അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 1964-ല്‍ എഴുതിയ 'ദ സ്‌ക്രീന്‍സ്', ഏകാങ്കനാടകമായ 'ഹെര്‍'...നാടകങ്ങളുടെ അധിപനായിത്തീരുകയായിരുന്നു ഷെനെ.

 സാഹിത്യത്തിന്റെ ശിശുവായ സിനിമയിലും ഷെനെ ശോഭിച്ചു. ഇരുപത്തിയാറ് മിനിട്ട് ദൈര്‍ഘ്യമുള്ള 'അണ്‍ ചാന്റ് ദ ആമര്‍' എന്ന ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് സിനിമയിലൂടെ സ്വവര്‍ഗരതിയുടെ മറ്റൊരു മുഖമായിരുന്നു  ഷെനെ അവതരിപ്പിച്ചത്. തടവുകാരനും ജയില്‍വാര്‍ഡനും തമ്മിലുള്ള സ്വവര്‍ഗാനുരാഗം അവതരിപ്പിക്കുക വഴി സിനിമ ചര്‍ച്ചയായി. സാംസ്‌കാരിക ഫ്രാന്‍സിന്റെ തെളിമയാര്‍ന്ന മുഖമായി പിന്നീട് അവതരിക്കപ്പെട്ടതെല്ലാം ഴാങ് ഷെനെ ആയിരുന്നു. 1986 ഏപ്രില്‍ പതിനഞ്ചിന് ഹോട്ടല്‍ മുറിയില്‍ തലയടിച്ചുവീണ് രക്തംവാര്‍ന്ന് മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തെ. അതുവരെ കൂടെകൊണ്ടു നടന്ന തൊണ്ടയിലെ കാന്‍സര്‍ മൂലം സംഭവിച്ചതാണ് മരണമെന്നും മറിച്ച് ആത്മഹത്യയാണെന്നും ജാനറ്റിന്റെ മരണം ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നു.

 Content Highlights : Remembering French Writer Gean Genet on his Death Anniversary