''ദാനം മഹദ്കര്‍മമാണ്. അത് നഗരസഭയുടെ ഖരമാലിന്യ നിര്‍മാര്‍ജനം പോലെ വേണ്ടാത്തത് ഒഴിവാക്കലല്ല. പിറന്നാളിന് സദ്യയൊരുക്കി മിച്ചം വരുന്നത് അനാഥാലയത്തില്‍ കൊടുക്കുന്നത് ദാനമല്ല. തടിവെക്കുമ്പോള്‍ ചേരാതെ വരുന്ന ഷര്‍ട്ട് ദാനം ചെയ്യുന്നതും ദാനമല്ല. പിറന്നാളിന് അനാഥാലയത്തില്‍ അനാഥര്‍ക്കൊപ്പം സദ്യുണ്ണുമ്പോഴേ ദാനമാകൂ. അല്ലെങ്കില്‍ അവരെ സ്വന്തം വീട്ടില്‍ വിളിച്ചുവരുത്തി അവരോടൊപ്പം സദ്യ കഴിക്കുമ്പോള്‍. തനിക്കേറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങള്‍ അന്യര്‍ക്കു നല്‍കുമ്പോഴേ അതു ദാനമാകൂ''-
ഡി. ബാബുപോള്‍

എഴുത്തുകാരന്‍, പ്രഭാഷകന്‍, വൈജ്ഞാനികസാഹിത്യകാരന്‍, ജനകീയനായ ഐഎഎസ് ഉദ്യോഗസ്ഥന്‍, വേദശബ്ദരത്‌നാകരം എന്ന ബൈബിള്‍ നിഘണ്ടുവിന്റെ രചയിതാവ് തുടങ്ങിയ നിലകളില്‍ പ്രസിദ്ധനായിരുന്ന ഡോ. ഡി ബാബുപോള്‍ ഓര്‍മയായിട്ട് രണ്ട് വര്‍ഷം തികഞ്ഞിരിക്കുന്നു.1941-ല്‍ എറണാകുളം ജില്ലയിലെ കുറുപ്പുംപടിയില്‍ പി.എ പൗലോസ് എപ്പിസ്‌കോപ്പയുടെയും മേരിപോളിന്റെയും മകനായി ഏപ്രില്‍ പതിനൊന്നിനാണ് ഡി. ബാബുപോള്‍ ജനിച്ചത്. ഉന്നതവിദ്യാഭ്യാസത്തിനുശേഷം സിവില്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായ അദ്ദേഹം തന്റെ സര്‍വീസ് കാലയളവില്‍ മഹത്തായ സേവനമാണ് കാഴ്ചവെച്ചത്. 1972-ല്‍ ഇടുക്കി ജില്ല നിലവില്‍ വന്നപ്പോള്‍ കലക്ടറായി സ്ഥാനമേറ്റത് ബാബുപോള്‍ ആയിരുന്നു. ഇടുക്കിയിലെ സേവനകാലത്തെ സംബന്ധിച്ച അനുഭവക്കുറിപ്പുകള്‍ ഉത്തരസ്യം ദിശി എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഗിരിപര്‍വം, കഥ ഇതുവരെ, രേഖായനം: നിയമസഭാഫലിതങ്ങള്‍, സംഭവാമിയുഗേ യുഗേ, ഓര്‍മകള്‍ക്ക് ശീര്‍ഷകമില്ല. പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ, നിലവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ തുടങ്ങിയ കൃതികളുടെ കര്‍ത്താവാണ്. വളരെക്കാലം പ്രമേഹബാധിതനായിരുന്ന ഡി. ബാബുപോള്‍ 2019 ഏപ്രില്‍ പതിമൂന്നിന് തന്റെ എഴുപത്തിയെട്ടാം വയസ്സിലാണ് അന്തരിച്ചത്.

Content Highlights : Remembering Dr.D Babupaul on his 2 Death Anniversary