ക്രിസ്തുവർഷം 1546, ജൂലായ് പതിനാറ്. ലണ്ടനിലെ സ്മിത്ഫീൽഡ് സ്ട്രീറ്റിൽ സ്ഥാപിച്ചിരുന്ന പരസ്യവിചാരണക്കൂട്ടിലേക്ക് ഒരു കസേരയിലിരുത്തി കൊണ്ടുവന്നത് ഒരു ഇരുപത്തിനാലുകാരിയെയാണ്. മേലാസകലം മർദനമേറ്റ് വേദനകൊണ്ട് പുളയുന്ന അവൾക്ക് നടക്കാൻ കഴിയാത്തതുകൊണ്ടായിരുന്നു കസേരയിൽ ഇരുത്തികൊണ്ടുവന്നത്. അസഹ്യമായ വേദന കടിച്ചുപിടിച്ച ചുണ്ടുകൾ പക്ഷേ വിതുമ്പിയില്ല. പെട്ടെന്നാണ് അവൾ കസേരയിൽ നിന്നും താഴേക്ക് വലിച്ചിഴക്കപ്പെട്ടത്. കാൽമുട്ടുകളും പാദങ്ങളും അരക്കെട്ടും നെഞ്ചും കഴുത്തും എല്ലാം വളരെപ്പെട്ടെന്നുതന്നെ ചങ്ങലയാൽ ബന്ധിക്കപ്പെട്ടു.

സ്ത്രീകളെ പരസ്യമായി ശിക്ഷിക്കുന്ന പ്യൂരിറ്റൻ കാലമാണ്. ചങ്ങലയ്ക്കിട്ടു വലിച്ചിഴയ്ക്കപ്പെട്ട പെണ്ണ് നിസ്സാരയല്ല. ആദ്യമായി വിവാഹമോചനം ആവശ്യപ്പെട്ട ഇംഗ്ളീഷ് വനിതയാണ്, കവയിത്രിയാണ്, എല്ലാറ്റിനുമുപരി ഹെന്റി എട്ടാമന്റെ ഭരണത്തിൽ തീയിൽ ചുട്ടെരിക്കപ്പെട്ട മാർഗരറ്റ് ഷെയ്നിനു ശേഷം രണ്ടാമത്തെ രക്തസാക്ഷി വനിതയാണ്.

പ്യൂരിറ്റൻ ഭരണത്തെ എതിർക്കുകയും അന്ധവിശ്വാസങ്ങളെ അനുസരിക്കാതിരിക്കുകയും ചെയ്തതാണ് ആനി ആസ്ക്യു എന്ന പ്രതിഭയ്ക്കുമേൽ ചുമത്തപ്പെട്ട കുറ്റം. തീ കൊടുക്കുന്നതിനു മുൻപായി ശിക്ഷകർ മാനസാന്തരമുണ്ടോ എന്നു ആനിയോട് ചോദിച്ചെങ്കിലും നിഷേധമായിരുന്നു മറുപടി. പിടിക്കപ്പെട്ടതുമുതൽ ശാരീരികമായും മാനസികമായും തുടർച്ചയായ പീഡനം ഏൽക്കേണ്ടി വന്ന ആനി തീ തന്റെ ശരീരത്തിൽ ആളിപ്പടരുന്നത് നിശങ്കയോടെ നോക്കിനിന്നു. ഒടുക്കം നെഞ്ചിലേക്കാളിപ്പടർന്നപ്പോൾ ഒന്നലറി. തന്റെ പ്രൊട്ടസ്റ്റൻഡ് ആശയങ്ങളോടുള്ള ഐകദാർഢ്യമായിരുന്നു അത്.

1521-ലാണ് ഇംഗ്ളണ്ടിലെ സമ്പന്നനായ ഭൂവുടമ വില്യം ആസ്ക്യുവിന്റെ മകളായി ആനി ജനിക്കുന്നത്. ഹെന്റി എട്ടാമന്റെ സഭാംഗമായിരുന്ന വില്യം തന്റെ മൂത്ത പുത്രിയായിരുന്ന മാർത്തയെ തോമസ് കൈം എന്ന ധനികനുമായി വിവാഹം കഴിപ്പിച്ചു. ആനിയ്ക്ക് പതിനഞ്ചു വയസ്സുള്ളപ്പോൾ മാർത്ത മരണപ്പെടുകയും സ്വത്ത് നഷ്ടപ്പെട്ടുപോവാതിരിക്കാനായി വില്യം ആനിയെ തോമസ്സിന് വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യുകയായിരുന്നു.

പ്രൊട്ടസ്റ്റൻഡ് വിശ്വാസിയായിരുന്ന ആനി ബൈബിൾ സത്യസന്ധമായി വായിക്കുകയും വചനങ്ങളനുസരിച്ച് ജീവിതം നയിക്കുകയും ചെയ്തുപോന്നു. സത്യത്തിൽ മാത്രം ഉറച്ചിവിശ്വസിച്ചിരുന്ന ആനി അസത്യത്തെ ചോദ്യം ചെയ്യാനും മടിച്ചില്ല. കത്തോലിക്കാസഭയുടെ പ്രബോധനമനുസരിച്ച്, 'അപ്പത്തിന്റെ മുഴുവൻ പദാർത്ഥവും ക്രിസ്തുവിന്റെ ശരീരത്തിലേക്കും വീഞ്ഞിന്റെ സത്തമുഴുവൻ അവന്റെ രക്തത്തിന്റെ പദാർത്ഥത്തിലേക്കും മാറ്റപ്പെടുന്നു. ക്രിസ്തുവിന്റെ വചനത്തിന്റെ ഫലപ്രാപ്തിയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും വഴി ഈ മാറ്റം യൂക്കറിസ്റ്റിക് പ്രാർത്ഥനയിലൂടെ കൊണ്ടുവരുന്നു എന്ന കത്തോലിക്കാവിശ്വാസത്തെ ഉൾക്കൊള്ളാൻ ആനിയുടെ പരന്ന വായനയും ഭൗതികജ്ഞാനവും സമ്മതിച്ചില്ല.

കത്തോലിക്കാഭക്തനായ തോമസ്സുമായുള്ള ദുരിതദാമ്പത്യമായിരുന്നു പരിണിതഫലം. പ്രൊട്ടസ്റ്റൻഡ് ആശയങ്ങളിൽ ആകൃഷ്ടയാവുന്നതിന് മുമ്പേ തന്നെ രണ്ടുകുഞ്ഞുങ്ങളുടെ അമ്മയുമായിക്കഴിഞ്ഞിരുന്നു ആനി. ദുരിതദാമ്പത്യത്തിൽ നിന്നും തന്റെ വിശ്വാസസംരക്ഷണത്തിനായി ആനി ആസ്ക്യു വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ സഭ ഞെട്ടി. ഒരു പെണ്ണിന് ഒരിക്കലും അനുവദിച്ചുകൊടുക്കാൻ പാടില്ലാത്ത സ്വാതന്ത്ര്യം! കുടുംബത്തിൽ നിന്നും സഭയിൽ നിന്നും സമൂഹത്തിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ ആനി നേരെ ലണ്ടനിലേക്ക് യാത്ര തിരിച്ചു. അവിടെ വച്ച് പ്രൊട്ടസ്റ്റൻഡ് അനുയായികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ബൈബിൾ ആഴത്തിൽ പഠിക്കുകയും ചെയ്തു.

1545 ലാണ് ആനി അറസ്റ്റിലാവുന്നത്. ലിങ്കൺഷെയറിലേക്ക് കൊണ്ടുവന്ന അവളെ അവിടെ താമസിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. തടവുചാടി ആനി തിരിച്ച് ലണ്ടനിൽത്തന്നെയെത്തി തന്റെ പ്രവർത്തനം തുടർന്നു. 1546-ൽ വീണ്ടും പിടിക്കപ്പെട്ടു. അതിക്രൂരമായി ജനമധ്യത്തിൽ വച്ച് മർദ്ദനമേറ്റുവാങ്ങി. സമാനചിന്താഗതിക്കാരായ സ്ത്രീകളുടെ പേര് വെളിപ്പെടുത്താൻ ആവശ്യമുയർന്നപ്പോൾ മുതൽ ആനി വാ തുറന്നില്ല. മർദ്ദനം തുടർന്നു. ചാൻസലറായിരുന്ന തോമസ് റിഥേസ്ലേ പ്രഭുവിന്റെയും സർ റിച്ചഡ് റിച്ചിന്റെയും നേതൃത്വത്തിലായിരുന്നു മർദ്ദനം.

നിരവധി തവണ പരസ്യവിചാരണകൾ, നിരന്തര മർദ്ദനം, ഒടുക്കം തീകൊളുത്തൽ. മതാന്ധവിശ്വാസങ്ങൾക്കെതിരേ നിലകൊണ്ട ഒരു സ്ത്രീത്വം എരിഞ്ഞടങ്ങുന്നതുകാണാനായി ലണ്ടൻ നഗരം മുഴുവനും സന്നിഹിതമായിട്ടുണ്ടായിരുന്നു ആ ജൂലായി പതിനാറിന്. തുടർച്ചയായ പ്രഹസനങ്ങൾക്കും മനംമാറ്റ പ്രേരണകൾക്കും മറുപടി പറയാതെ വായ അടച്ചുതന്നെ വച്ച ആനി പക്ഷേ തനിക്ക് മനംമാറ്റം വരുത്താനായി നിയമിതനായ ബിഷപ്പ് ഷാക്സറ്റൺ പറഞ്ഞതിൽ അനുകൂലമായതിനോട് തലയാട്ടുകയും അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ പറയുമ്പോൾ പുലമ്പുകയും ചെയ്തു; ''അവിടെ നിങ്ങൾക്ക് തെറ്റി, നിങ്ങൾ പുസ്തകമില്ലാതെ സംസാരിക്കുന്നു.'' ആനി ആസ്ക്യൂ അവസാനമായി പറഞ്ഞതും അതുതന്നെയാണ്.

ആനി ആസ്ക്യുവിന്റെ കവിതകൾ ലോകപ്രശസ്തമാണ്. ഫെമിനിസം എന്ന സംജ്ഞ ഉരുത്തിരിയുന്നതിനും മുമ്പേ സ്വത്വബോധം കൊണ്ട് പടപൊരുതിയവൾ. ഹെന്റി എട്ടാമനെ ആശങ്കയിലാഴ്ത്തിയ മനീഷി പക്ഷേ തന്റെ കവിതയിൽ ഇങ്ങനെ പാടുന്നു;

I am a woman poor and blind
and little knowledge remains in me,
Long have I sought, but fain would I find,
what herb in my garden were best to be...

Remembering Annie Askew on her Death Anniversary