നൂറ്റിയാറ് വയസ്സുവരെ ജീവിച്ചിരുന്ന കവിയും സാഹിത്യകാരനും എഡിറ്ററും തത്വജ്ഞാനിയുമായ അമൽദാ...രണ്ടാം വയസ്സിൽ പോളിയോ വന്ന് ഇടത്‌കാൽ സ്വാധീനം നഷ്ടപ്പെട്ട കൈഖോസ്റു ദഞ്ചിബൗ സേത്ന എന്ന പാഴ്സിക്കാരൻ. ബോംബെയിലെ ഒരു നേത്രരോഗവിദഗ്ധന്റെ മകനായി ജനനം, പോളിയോ മാറ്റിയത് അമേരിക്കയിൽ വച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ. അതിനുശേഷം കുഞ്ഞുസേത്ന മുടന്തി മുടന്തി നടക്കാൻ തുടങ്ങി. ആ നടത്തം പക്ഷേ തുടർന്നുകൊണ്ടേയിരുന്നു, ആത്മീയത അന്വേഷിച്ച്, കവിത്വമന്വേഷിച്ച്, തത്വജ്ഞാനമന്വേഷിച്ച്, ജീവിതമന്വേഷിച്ച്, വിശ്വത്തെയന്വേഷിച്ച്...

മാസികകളിലും പത്രങ്ങളിലും സാഹിത്യനിരൂപണമെഴുതിയാണ് സേത്ന കവിതയിലേക്കുള്ള അന്വേഷണമാരംഭിച്ചത്. എച്ച്.ജി വെൽസ്, ബർണാഡ് ഷാ, ജി.കെ ചെസ്റ്റേർട്ടൻ, തോമസ് ഹാർഡി എന്നിവരുടെ സാഹിത്യമെഴുത്തിനെ നിരൂപണം ചെയ്തുകൊണ്ടാണ് വിമർശകൻ എന്ന പട്ടം സേത്ന എടുത്തണിയുന്നത്. 'പർണേഷ്യൻസ്' എന്ന പേരിൽ ആ നിരൂപണങ്ങൾ ഒരു പുസ്തകമാക്കിയപ്പോൾ അത് കാണാനിടയായ എച്ച്.ജി വെൽസ് അഭിപ്രായപ്പെട്ടു: ''ഈ യുവാവ് വളരെയേറെ മുന്നോട്ടുതന്നെ പോകും!''

മുന്നോട്ടുള്ള പോക്കിനായി ഏത് വഴി തിരഞ്ഞെടുക്കെണമെന്ന നിശ്ചയദാർഢ്യം എന്നോ സേത്നയ്ക്കുണ്ടായിരുന്നു. കോളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ യോഗയിലും സ്വാമി വിവേകാനന്ദന്റെ തത്വങ്ങളിലും ആകൃഷ്ടനായ സേത്ന ബോംബെയിലും മഹാരാഷ്ട്രയിലുമുള്ള ആത്മീയാചാര്യന്മാരുമായി ബന്ധം സ്ഥാപിച്ചു. പിന്നീട് അരബിന്ദോ സ്വാമികളെ അന്വേഷിച്ചിറങ്ങി. അമൽ കിരൺ എന്ന മനീഷിയുടെ പിറവിയ്ക്കാണ് പിന്നീട് ലോകം സാക്ഷിയായത്.

പോണ്ടിച്ചേരിയിലെ അരബിന്ദോ ആശ്രമത്തിൽ തന്റെ പെൺസുഹൃത്തായ ദൗലത്തിനെയും കൂട്ടി അരബിന്ദോയെയും അമ്മയെയും(ദ മദർ-മിറാ അൽഫാസ) സന്ദർശിച്ചു. ആ സന്ദർശനമാണ് സേത്നായുടെ ജീവിതത്തിന് അർഥമുണ്ടാക്കിക്കൊടുത്തത്. അരബിന്ദോ ആദ്യം ചെയ്തത് രണ്ടുപേർക്കും പുതിയ പേരുകൾ കണ്ടെത്തുകയായിരുന്നു. അങ്ങനെ ദൗലത്തിനെ ലളിത (രാധയുടെ തോഴിമാരിൽ ഒരാൾ എന്ന അർഥത്തിൽ) എന്നും സേത്നാമിനെ അമൽ കിരൺ (ശുദ്ധകിരണം) എന്നും വിളിച്ചു.

അരബിന്ദോ ആശ്രമത്തിലെ കലവറ സൂക്ഷിപ്പാണ് അമൽകിരണിനെ ആദ്യം ഏൽപിച്ച ഉത്തരവാദിത്തം. ആശ്രമവാസികളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയശേഷം അമൽ കിരൺ തന്റെ സ്വകാര്യതയായ കവിതയെഴുത്തിലേക്ക് കടക്കും. അതെല്ലാം ആദ്യം വായിക്കുന്നതും തിരുത്തുകൾ നിർദ്ദേശിക്കുന്നതും അരബിന്ദോയാണ്. കാലം കുറച്ചു നീങ്ങിയപ്പോൾ അരബിന്ദോയുടെ വിശ്വപ്രസിദ്ധകാവ്യമായ സാവിത്രിയുടെ കൈയെഴുത്തു പ്രതി അമൽ കിരണിനെ ഏൽപിച്ചു ടൈപ്പ് ചെയ്തുകൊടുക്കാൻ. അങ്ങനെ അരബിന്ദോയുടെ ആത്മീയ കവിതകളുമായി കൂടുതൽ ബന്ധം സ്ഥാപിക്കാൻ അമലിന് കഴിഞ്ഞു. അത് അദ്ദേഹത്തിന്റെ കവിതാവാസനയക്ക് പ്രചോദനമായി.ആയിടയ്ക്കാണ് ലളിതയുമായി വേർപിരിയാനിടവരുന്നത്. ബാല്യകാല സുഹൃത്തായ സെഹ്റയെ വൈകാതെ തന്നെ വിവാഹം ചെയ്ത അമൽ ആരോവില്ലയിൽ താമസം തുടർന്നു.

1949-ലാണ് നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ആരോവില്ലയിൽ നിന്നും മദർ ഇന്ത്യ എന്ന പ്രസിദ്ധീകരണം ആരംഭിക്കുന്നത്. സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ സാംസ്കാരിക ബൗദ്ധിക തലങ്ങൾ ചർച്ചചെയ്യുകയായിരുന്നു പ്രസിദ്ധീകരണത്തിന്റെ ലക്ഷ്യം. അമൽ കിരൺ മദർ ഇന്ത്യയുടെ എഡിറ്ററായി നിയോഗിക്കപ്പെട്ടു. താനെഴുതുന്ന രാഷ്ട്രീയ ലേഖനങ്ങളെല്ലാം തന്നെ അരബിന്ദോയുടെ കൈയൊപ്പു പതിഞ്ഞതിനു ശേഷമേ അമൽ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. 1950-ൽ അരബിന്ദോ വിടപറഞ്ഞപ്പോൾ അമ്മയുടെ നിർദ്ദേശം, അമൽ നേരിട്ട് രാഷ്ട്രീയലേഖനങ്ങൾ കൈകാര്യം ചെയ്യേണ്ടതില്ല എന്നായിരുന്നു.

അപ്പോളേക്കും യോഗയെക്കുറിച്ചും അമ്മയെക്കുറിച്ചും അരബിന്ദോയെക്കുറിച്ചുമെല്ലാം അമൽ എഴുതിക്കഴിഞ്ഞിരുന്നു. സയൻസ്, ഫിലോസഫി, സാഹിത്യം, പൗരാണിക ഇന്ത്യൻ ചരിത്രം തുടങ്ങിയ മേഖലകളിലായി അമ്പതിൽപ്പരം കൃതികളുടെ കർത്താവായി അദ്ദേഹം മാറിക്കഴിഞ്ഞു.

പാഴ്സി-സൊരാഷ്ട്രിയൻ വിശ്വാസസമൂഹത്തിൽ ജനിച്ച സേത്ന, തന്റെയുള്ളിലെ പ്രകാശത്താൽ അരബിന്ദോയുടെ വിശ്വസ്തനായി മാറുകയായിരുന്നു. മദർ ഇന്ത്യ എന്ന പ്രസിദ്ധീകരണത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നു അമൽ കിരൺ. ലോകത്തിലെ ഏററവും പ്രായം കൂടിയ എഴുത്തുകാരിൽ ഒരാൾ എന്ന വിശേഷണം ബാക്കി വെച്ചുകൊണ്ടാണ് തന്റെ നൂറ്റിയാറാം വയസ്സിൽ അരബിന്ദോ ആശ്രമത്തിൽ വച്ച് 2011 ജൂൺ ഇരുപത്തിയൊമ്പതിന് ലോകത്തോടെ വിടപറയുന്നത്.

Content Highlights:Remembering Amal Kiran on his death Anniversary