അഹമ്മദാബാദ് ഒരിക്കല്‍ ഗാന്ധിയുടെ നഗരമായിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി അതിന്റെ ഏറ്റവും മഹാനായ താമസക്കാരന്റെ ആദര്‍ശങ്ങള്‍ക്കുമുമ്പില്‍ മനഃപൂര്‍വം പുറംതിരിഞ്ഞുനില്‍ക്കുകയാണ് അഹമ്മദാബാദ്. ഹിന്ദു മുസ്ലിം ഐക്യത്തിനായി ജീവിച്ചുമരിച്ചയാളാണ് ഗാന്ധി: എന്നിട്ടും അദ്ദേഹത്തിന്റെ താവളമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ നഗരം ഭൂരിപക്ഷ മുന്‍വിധികള്‍ നടപ്പാക്കുന്നതിനുള്ള പരീക്ഷണശാലയായി. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്ര സ്പഷ്ടമായും നഗ്‌നമായും ഹിന്ദുത്വ മുഷ്‌ക് പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല. 2002 മുതല്‍ അഹമ്മദാബാദിലെ മുസ്ലിങ്ങള്‍ രാഷ്ട്രീയമായും സാമ്പത്തികമായും അരികുവത്കരിക്കപ്പെടുകയും സാമൂഹികമായും സാംസ്‌കാരികമായും ഇരകളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എവിടെ ജീവിക്കണമെന്നും എന്ത് ജോലി ചെയ്യണമെന്നുമുള്ള കാര്യങ്ങളിലും എന്ത് ചെയ്യണം (എന്ത് ചെയ്യരുതെന്നും) എന്നതിലുമൊക്കെ തങ്ങളൊരു രണ്ടാംതരം പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഈ നഗരത്തിലെ മുസ്ലിങ്ങള്‍ കഴിയുന്നത്.
2002 മുതല്‍ മറ്റ് പല കാര്യങ്ങള്‍കൊണ്ടും അഹമ്മദാബാദ് ഹിന്ദുത്വയുടെ പരീക്ഷണശാലയായി പ്രവര്‍ത്തിച്ചുവരികയാണ്. ഇവിടെനിന്നാണ് ഒരിക്കലും തെറ്റുപറ്റാത്ത നേതാവ് എന്ന ബിംബം ആദ്യമായി കെട്ടിച്ചമയ്ക്കപ്പെട്ടത്. ഗുജറാത്ത് സംസ്ഥാനത്തെയും സംസ്‌കാരത്തെയുമെല്ലാം പ്രതിനിധീകരിക്കുന്ന ഒരേയൊരു നേതാവ്. അദ്ദേഹം തന്നെയാണിപ്പോള്‍ ഇന്ത്യാരാജ്യത്തെയും ഇന്ത്യന്‍ ദേശീയതയെയും പ്രതിനിധീകരിക്കുന്നത്. അഹമ്മദാബാദില്‍നിന്നാണ് (ഗുജറാത്തില്‍നിന്ന് പൊതുവായും) നരേന്ദ്രമോദിയും അമിത്ഷായും ആദ്യമായി പത്രങ്ങളെയും സര്‍വകലാശാലകളെയും സാമൂഹികസംഘടനകളെയുമെല്ലാം കൃത്യമായി ഇണക്കിനിര്‍ത്താനും നിയന്ത്രിക്കാനും പഠിച്ചത്. ഇതാണവര്‍ 2014 മേയ് മാസത്തിനുശേഷം രാജ്യം മുഴുവന്‍ പ്രാവര്‍ത്തികമാക്കിയതും.
കഴിഞ്ഞ നാലുപതിറ്റാണ്ടായി അഹമ്മദാബാദിനെ അറിയുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. 1979 ഫെബ്രുവരിയിലാണ് ആദ്യമായി നഗരത്തിലെത്തുന്നത്. അതിനുശേഷം പലതവണ ഇവിടെ വന്നുപോയിട്ടുണ്ട്. ജന്മദേശമായ ബെംഗളൂരുവിലേതുപോലെയുള്ള സംവാദാത്മകവും സ്വതന്ത്രവുമായൊരു ബൗദ്ധികാന്തരീക്ഷം 2002 വരെ അഹമ്മദാബാദിലുമുണ്ടായിരുന്നു. പക്ഷേ 2002-ന് ശേഷം സംവാദങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കുമുള്ള ഇടം ചുരുങ്ങിച്ചുരുങ്ങിവന്നു. ശ്രദ്ധേയരായ പല എഴുത്തുകാരും അഭിഭാഷകരും സാമൂഹികപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമൊക്കെ ഇപ്പോഴും അഹമ്മദാബാദില്‍ത്തന്നെ കഴിയുന്നുണ്ട്. പക്ഷേ, ബെംഗളൂരുവിലോ, ഹൈദരാബാദിലോ കൊല്‍ക്കത്തയിലോ ചെന്നൈ, മുംബൈ, ഡല്‍ഹിപോലുള്ള മെട്രോനഗരങ്ങളിലോ കൊച്ചിയിലോ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ നിരവധി തടസ്സങ്ങളും പ്രശ്‌നങ്ങളും അവരൊക്കെ നിത്യജീവിതത്തില്‍ നേരിടുന്നു.

2018 ഒക്ടോബറില്‍ ഗുജറാത്തികളുടെ അടഞ്ഞ മനസ്സിനെ ശരിക്കും മനസ്സിലാക്കാന്‍ സഹായിച്ച ഒരനുഭവം എനിക്കുണ്ടായി. അഹമ്മദാബാദിലെ ഗവേഷകസ്ഥാപനത്തിലെ പ്രൊഫസര്‍പദവി (വിരോധാഭാസമെന്ന് പറയട്ടെ ഗാന്ധിയന്‍ പഠനത്തില്‍) ഏറ്റെടുക്കുന്നതില്‍നിന്ന് സംസ്ഥാനത്തെ ഭരണകക്ഷി എന്നെ തടഞ്ഞപ്പോഴായിരുന്നു അത്. പതിനഞ്ച് മാസങ്ങള്‍ക്കുശേഷം ഒരു പ്രഭാഷണത്തിനായി നഗരത്തില്‍ വീണ്ടുമെത്താന്‍ അവസരം ലഭിച്ചു. 'ഗാന്ധി ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ എങ്ങനെയാകും' എന്നായിരുന്നു പ്രഭാഷണവിഷയം.
ജനുവരി 30ന് അഹമ്മദാബാദില്‍ ഞാന്‍ നടത്തിയ പ്രഭാഷണം ഓണ്‍ലൈനില്‍ ലഭ്യമാണ്. അതിലുന്നയിച്ച വാദങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതിനുപകരം പ്രഭാഷണത്തിന് മുന്‍പും ശേഷവും ആ നഗരത്തില്‍ കണ്ടതിനെക്കുറിച്ച് എഴുതാം. 29- ന് ഉച്ചകഴിഞ്ഞപ്പോഴാണ് അവിടെ എത്തിയത്. ആ ദിവസത്തില്‍ ബാക്കിയുള്ള സമയം മുഴുവന്‍ കുറച്ചാളുകളോടുള്ള സംഭാഷണത്തിനായി മാറ്റിവെച്ചു. ഗുജറാത്തില്‍ അവശേഷിക്കുന്ന സ്വതന്ത്രചിന്തയുടെയും ആശയങ്ങളുടെയും പ്രതിനിധികളായിരുന്നു അവര്‍. പിറ്റേദിവസം രാവിലെ ഒറ്റയ്ക്ക് സബര്‍മതി ആശ്രമത്തിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എനിക്കേറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു അത്. അവിടുത്തെ ലാളിത്യവും ശാന്തതയുമാണ് എന്നെ ഏറ്റവുമാകര്‍ഷിക്കാറ്. സംസ്ഥാന സര്‍ക്കാര്‍ അവിടെ നടപ്പാക്കാനുദ്ദേശിക്കുന്ന 'ആധുനികവത്കരണം' അതെല്ലാം നഷ്ടപ്പെടുത്തുമോയെന്ന് ആശങ്കയുണ്ടെനിക്ക്.
ജനുവരി 30ന് വൈകുന്നേരം സംഘാടകര്‍ എന്നെ നെഹ്റു പാലത്തിനരികിലേക്ക് കൊണ്ടുപോയി. കൃത്യം 72 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഹിന്ദുമതഭ്രാന്തനാല്‍ കൊല്ലപ്പെട്ട മഹാത്മാവിന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മപുതുക്കാന്‍ അവിടെയൊരു മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഞങ്ങളെല്ലാവരും അതില്‍ അണിചേര്‍ന്നു. ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, സ്ത്രീകള്‍, പുരുഷന്‍മാര്‍, കുട്ടികള്‍, അഭിഭാഷകര്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, അധ്യാപകര്‍, തൊഴിലാളികള്‍... എല്ലാവരും ചങ്ങലയില്‍ കണ്ണികളായി. 5.17ന് ഞങ്ങളെല്ലാവരും ചേര്‍ന്ന് ദേശീയഗാനമാലപിച്ചു.
ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തമായിരുന്നു അത്, പക്ഷേ, കൂടുതല്‍ അനുഭവങ്ങള്‍ വേറെയും വരാനുണ്ടായിരുന്നു. പ്രഭാഷണത്തിനുശേഷം റഖ്യാല്‍ എന്നൊരു സ്ഥലത്ത് നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. സബര്‍മതി നദീതട വികസനപദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ താമസിക്കുന്ന സ്ഥലമായിരുന്നു റഖ്യാല്‍. മുസ്ലിങ്ങളായിരുന്നു അവരില്‍ ഭൂരിഭാഗവും. നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഒരുവിധം തിരിച്ചുപിടിച്ചുവരവെയാണ് അവര്‍ക്കുമുന്നില്‍ പുതിയ വെല്ലുവിളി ഉയര്‍ന്നുവന്നത്. പൗരത്വഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററുമൊക്കെ തങ്ങളെ വീണ്ടും ഇരകളാക്കുമോ എന്ന പേടിയിലാണവര്‍. അതിനാല്‍ വര്‍ധിച്ചുവരുന്ന ഭൂരിപക്ഷവാദത്തിന്റെ ഹുങ്കിനെതിരേ അഹിംസാരീതിയില്‍ സംഘടിക്കുകയാണവര്‍. എല്ലാ വൈകുന്നേരങ്ങളിലും പ്രസംഗങ്ങള്‍ കേട്ടും മതസാഹോദര്യവും നീതിയും സ്വതന്ത്രചിന്തകളും ഉയര്‍ത്തിപ്പിടിക്കുന്ന പാട്ടുകള്‍ പാടിയും കവിതകള്‍ ചൊല്ലിയും അവര്‍ ഒത്തുകൂടുന്നു. സമരവേദിയില്‍ ഗാന്ധിയുടെ വലിയൊരു ചിത്രവും സ്ഥാപിച്ചിട്ടുണ്ട്.
റഖ്യാലില്‍ നടക്കുന്ന പ്രതിദിന കൂട്ടായ്മായോഗങ്ങള്‍ മൂന്നാഴ്ച പിന്നിട്ടിരിക്കുന്നു. ഓരോ ദിവസവും യോഗത്തിനെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. സദസ്യരുടെ വലിയൊരുപങ്കും പ്രദേശവാസികളായ മുസ്ലിം തൊഴിലാളികളും അവരുടെ ഭാര്യമാരും മക്കളുമാണ്. നദിക്ക് അക്കരെ നിന്നുള്ള മധ്യവര്‍ഗ ഹിന്ദു പ്രൊഫഷണലുകള്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി യോഗസ്ഥലത്തേക്കെത്തുന്നുണ്ട്. നഗരത്തിലെ പേരുകേട്ട വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രൊഫസര്‍മാരും വിദ്യാര്‍ഥികളും സമരക്കാര്‍ക്കൊപ്പം ചേരുന്നു.
ഞാന്‍ അഹമ്മദാബാദിലെത്തുന്നതിന് രണ്ടാഴ്ചമുന്‍പ് നടന്ന ഉത്തരായണ ഉത്സവത്തിനിടെ ചില ചെറുപ്പക്കാര്‍ പൗരത്വഭേദഗതിനിയമത്തിനെതിരേ മുദ്രാവാക്യങ്ങള്‍ എഴുതിയ പട്ടങ്ങള്‍ പറത്തിയിരുന്നു. ഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിലെ വിദ്യാര്‍ഥികളായിരുന്നു അവര്‍. തികച്ചും സമാധാനപരമായി നടന്ന ഈ പ്രതിഷേധപരിപാടിയെ പൊലീസ് അടിച്ചമര്‍ത്തി. വിദ്യാപീഠം അധികൃതരുടെ അനുവാദത്തോടെ കാമ്പസില്‍ പ്രവേശിച്ച പൊലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. ഈ അമിതാധികാര പ്രയോഗത്തിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നു. ''144 പ്രഖ്യാപിച്ചോ? മോദികാലത്ത് എന്തും നടക്കും!'' എന്നായിരുന്നു ഇതുസംബന്ധിച്ച് പ്രത്യക്ഷപ്പെട്ട ഒരു കമന്റ്.

അഹമ്മദാബാദിലെ ഗാന്ധിയന്‍ സ്ഥാപനങ്ങളുടെ ട്രസ്റ്റിമാര്‍ കാട്ടുന്ന ഭീരുത്വം അവര്‍ പിന്തുടരുന്നു എന്നവകാശപ്പെടുന്ന മനുഷ്യന്‍ പുലര്‍ത്തിയ ധൈര്യത്തിന് നേരേ വിപരീതമാണ്. നേരേമറിച്ച് റഖ്യാലില്‍ നടക്കുന്ന പ്രക്ഷോഭമാകട്ടെ, ഗാന്ധിയുടെ നഗരത്തില്‍ കുറേക്കാലമായി ഇല്ലാതായ ഹിന്ദു- മുസ്ലിം ഐക്യം തിരിച്ചുപിടിക്കലായി മാറുന്നു. ജനുവരി 30ന് നെഹ്റു പാലത്തില്‍ നടന്ന മനുഷ്യച്ചങ്ങലയും അതിന്റെ ഭാഗമാണ്. ഗാന്ധിയെ ഗുജറാത്തിലെ ഗാന്ധിയര്‍ ഉപേക്ഷിച്ചിരിക്കാം, അവിടുത്തെ രാഷ്ട്രീയക്കാര്‍ ഒറ്റിക്കൊടുത്തിരിക്കാം. പക്ഷേ, അഹമ്മദാബാദിലെ സാധാരണക്കാരുടെ മനസ്സുകളിലും ഹൃദയങ്ങളിലും ഗാന്ധി ഇപ്പോഴും ജീവിക്കുന്നുണ്ട്.
(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Ramachandra Guha about Gandhi and Ahmedabad