ഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച രഘുനാഥ് പലേരി കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയിലൂടെ മലയാള ചലച്ചിത്ര മേഖലയ്ക്കും ചിരപരിചിതനാണ്. 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം 'അവര്‍ മൂവരും ഒരു മഴവില്ലും' എന്ന നോവലിന് ലഭിക്കുമ്പോള്‍ സാഹിത്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ അംഗീകാരകാരങ്ങളിലൊന്ന് അദ്ദേഹം കരസ്ഥമാക്കിയിരിക്കുകയാണ്.

മഴവില്ലിന്റെ നിറക്കൂട്ടുകള്‍ ചാലിച്ച, ബാലമനസ്സുകളെ ആഴത്തില്‍ അറിഞ്ഞ കൃതിയാണ് 'അവര്‍ മൂവരും ഒരു മഴവില്ലും' എന്ന കുട്ടികളുടെ നോവല്‍. 1983 ല്‍ പുറത്തിറങ്ങിയ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന സിനിമയുടെ തിരക്കഥയെഴുതിയ രഘുനാഥ് പലേരി കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടുമ്പോള്‍ ആഹ്‌ളാദിക്കുന്നത് അദ്ദേഹത്തിന്റെ ആരാധകരാണ്. 

ആനന്ദവേദം, വിസ്മയം പോലെ, ആകാശത്തേക്കൊരു ജാലകം, ഏഴാം നിലയിലെ ആകാശം, പലേരി പുരാണം, ആല്‍ത്തറയിലെ നിലാവെട്ടങ്ങള്‍ തുടങ്ങിയവ രഘുനാഥ് പലേരിയുടെ പ്രധാനകൃതികളാണ്. കൂടാതെ അദ്ദേഹം തിരക്കഥയെഴുതിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പൊന്‍മുട്ടയിടുന്ന താറാവ്, ഒന്നു മുതല്‍ പൂജ്യം വരെ എന്നിവയുടെ തിരക്കഥകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്ത 'ഒന്നുമുതല്‍ പൂജ്യം വരെ' എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ 'വിസ്മയം', 'കണ്ണീരിന് മധുരം' എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. കൂടാതെ 'പൊന്‍മുട്ടയിടുന്ന താറാവ്' എന്ന സിനിമയുടെ ഹിന്ദി റീമെയ്ക്കായ 'ദസ് തോല'യുടെ തിരക്കഥ രചനയും രഘുനാഥ് പലേരിയാണ് നിര്‍വഹിച്ചത്. 

ഇരുപത്തിയഞ്ചോളം സിനിമകള്‍ക്ക് തിരക്കഥയെഴുതിയ രഘുനാഥ് പലേരി 'പിറവി', 'സ്വം' എന്നീ സിനിമകളില്‍ ഷാജി എന്‍.കരുണ്‍, എസ്. ജയചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കൊപ്പം സഹ തിരക്കഥാകൃത്തായി വര്‍ത്തിച്ചു. 'വാനപ്രസ്ഥ'ത്തിലും അദ്ദേഹം ഷാജി എന്‍. കരുണിനോടൊപ്പം തിരകഥാരചനയില്‍ പങ്കുചേര്‍ന്നു. ടി. കെ. രാജീവ് കുമാറിന്റെ കൂടെ 'മാജിക് മാജിക് 3D' എന്ന സിനിമയുടെ തിരക്കഥാപങ്കാളിയായി. പി.എ. ബക്കര്‍ സംവിധാനം ചെയ്ത 'ചാരം' എന്ന സിനിമയുടെ കഥ രഘുനാഥ് പലേരിയുടേതാണ്. 'ബൈബിള്‍ കി കഹാനിയാം' എന്ന ടെലിവിഷന്‍ പരമ്പരയുടെ എട്ടോളം എപ്പിസോഡുകളുടെ തിരക്കഥയും രചിച്ചിട്ടുണ്ട്.  2019 ല്‍ പുറത്തിറങ്ങിയ 'തൊട്ടപ്പന്‍' എന്ന സിനിമയില്‍ അദ്രുമാന്‍ എന്ന കഥാപാത്രമായി അദ്ദേഹം വെള്ളിത്തിരയിലും മുഖം കാട്ടി. 

Content Highlights: Raghunath Paleri Won Kendra Sahitya Akademi Award For Children's literature