തികച്ചും യാദൃച്ഛികമായിരുന്നു ആ കഥാകാരിയും വായനക്കാരിയും തമ്മിലുള്ള കൂടിക്കാഴ്ച. താന്‍ ആഗ്രഹിച്ച കഥാകാരിയെ അപ്രതീക്ഷിതമായി അക്ഷരമുറ്റത്ത് കണ്ടുമുട്ടിയതിന്റെ ആഹ്ലാദത്തിലാണിന്ന് സുമലത. കഥാകാരിയാകട്ടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' പറഞ്ഞ ഡോ.ആര്‍ രാജശ്രീയും.

മെഡിക്കല്‍ കോളേജ് ക്യാമ്പസ് സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്കായി സംഘടിപ്പിച്ച അമ്മവായന ആസ്വാദന രചനാമത്സരമാണ് ഇത്തരമൊരു അപൂര്‍വ്വസംഗമത്തിന് വഴിയൊരുക്കിയത്. വായനാവാരാചരണത്തന്റെ ഭാഗമായി ലോക്ഡൗണ്‍ കാലത്ത് വായിച്ച പുസ്തകത്തിന് ആസ്വാദനമെഴുതുക എന്നതായിരുന്നു മത്സരം. സ്‌കൂളിലെ ആറാംക്ലാസില്‍ പഠിക്കുന്ന മയൂഖയുടെ അമ്മ സുമലത വായിച്ചതാകട്ടെ രാജശ്രീ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത'യും. മനസ്സിനെ ആഴത്തില്‍ തൊട്ട ആ നോവലിനെ ആസ്പദമാക്കി എഴുതിയ ആസ്വാദനത്തിന് സുമലതക്ക് ഒന്നാം സമ്മാനം കിട്ടുകയും ചെയ്തു. 

'ഉടനെ സ്‌കൂളിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ സമ്മാനം തരാനായിരിക്കും എന്നാണ് കരുതിയത് അവിടെ ചെന്നപ്പോഴാണ് ഞെട്ടിയത്. ഞാന്‍ വായിച്ച് ആസ്വാദനമെഴുതിയ നോവലിന്റെ സ്രഷ്ടാവായ, ഞാന്‍ പരിചയപ്പെടാന്‍ ആഗ്രഹിച്ച പ്രിയ കഥാകാരി മുന്നില്‍'..
രാജശ്രീയെ കണ്ട ആഹ്ലാദം സുമലതയുടെ വാക്കുകളില്‍ തെളിഞ്ഞു.

തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ മലയാളം അധ്യാപികയായ രാജശ്രീ ഔദ്യോഗിക ആവശ്യത്തിനായാണ് ക്യാമ്പസ് സ്‌കൂളിലെത്തിയത്. അതിനിടയില്‍ സുഹൃത്തും സ്‌കൂള്‍ പ്രധാനാദ്ധ്യാപകനുമായ പ്രമോദ് ഇടപെട്ടാണ് സുമലതയെ സ്‌കൂളിലേക്ക് വിളിപ്പിച്ചതും അപ്രതീക്ഷിത കണ്ടുമുട്ടല്‍ ഒരുക്കിയതും.

'എനിക്ക് വിസ്മയമായാണ് ആ ദിനം അനുഭവപ്പെട്ടത്. ഞാന്‍ സ്‌കൂളില്‍ എത്തും മുന്നെതന്നെ എന്റെ കഥയും കഥാപാത്രങ്ങളും അവിടെ എത്തിയിരിക്കുന്നു.. എന്റെ നോവല്‍ സഗൗരവം വായിക്കുകയും അതിനെകുറിച്ച് ആസ്വാദനമെഴുതി സമ്മാനം നേടുകയും ചെയ്ത സുമലതയെ കാണാനും സംസാരിക്കാനും കഴിഞ്ഞത് വളരെ ആകസ്മികമായി തോന്നി'- രാജശ്രീ മാതൃഭൂമിയോട് പറഞ്ഞു. ആ നോവല്‍ ഇന്നും വായിക്കപ്പെടുന്നു... സ്ത്രീധന പീഡന വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ പലരും തന്റെയീ നോവലിന്റെ പ്രാധാന്യത്തെ പറ്റിപറഞ്ഞ് വിളിക്കാറുണ്ടെന്നും അവര്‍പറഞ്ഞു. നോവലിനെകുറിച്ചും എഴുത്തിനെ കുറിച്ചും ഒരുമണിക്കൂറോളം സൗഹൃദസംഭാഷണം നടത്തിയാണ് രാജശ്രീയും സുമലതയും വീണ്ടും കാണാമെന്നുപറഞ്ഞ് പിരിഞ്ഞത്.

നോവല്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: R Rajasree, Mathrubhumi Books