കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കൂനൂരില്‍ വെച്ചുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പല സന്ദര്‍ഭങ്ങളിലായി പറഞ്ഞ വാക്കുകള്‍ പ്രചോദനങ്ങളായി ഏറ്റെടുക്കുകയാണ് ഇന്ത്യന്‍ സൈന്യം. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...

'' സംസാരവും പ്രവൃത്തിയും തമ്മില്‍ വ്യത്യാസമുണ്ട്. ഗ്രൗണ്ടില്‍ നടക്കുന്ന കളികള്‍ കണ്ടിട്ടുമാത്രമേ ഒരാള്‍ ചര്‍ച്ചകളില്‍ വിശ്വസിക്കാവൂ''. 

ചൈനയുടെയും പാകിസ്താന്റെയും പ്രാദേശികമോഹങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യയുടെ സായുധ സേന ജാഗ്രത പാലിക്കുകയും തര്‍ക്കാതിര്‍ത്തികളിലും തീരപ്രദേശങ്ങളിലും വര്‍ഷം മുഴുവന്‍ സൈന്യത്തെ വിന്യസിക്കുകയും വേണം.

നിങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കപ്പെടാന്‍ നിങ്ങള്‍ എല്ലായ്‌പ്പോഴുംം ചുമതലപ്പെട്ടിരിക്കുന്നു. വടക്കും പടിഞ്ഞാറും അസ്ഥിരമായ അതിര്‍ത്തിയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഏത് വശത്തുനിന്നാണ് യുദ്ധം ആരംഭിക്കുകയെന്നും അത് എവിടെവെച്ച് അവസാനിക്കുമെന്നും നിങ്ങള്‍ക്കറിയാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ നിങ്ങള്‍ ഇരുവശത്തും സര്‍വ്വസജ്ജരായിരിക്കുക. (പാകിസ്താനുള്ള ജനറലിന്റെ മുന്നറിയിപ്പ്)

'ഞാന്‍ എടുത്തുപറയാന്‍ ആഗ്രഹിക്കുന്ന മറ്റൊരു പ്രശ്‌നം ഇതാണ്, ഇതും ഒരു പുതിയ തരം യുദ്ധമായി മാറുകയാണോ... ജൈവയുദ്ധം രൂപപ്പെടാന്‍ തുടങ്ങിയാല്‍, നമ്മുടെ രാജ്യങ്ങളെ ഈ വൈറസുകള്‍ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും സ്വയം ശക്തിപ്പെടുത്തുകയും വേണം.'(കോവിഡ് പശ്ചാത്തലത്തില്‍ സൈന്യത്തോട് പറഞ്ഞത്)

മാറ്റത്തെ ഉള്‍ക്കൊള്ളുക, അത്യാധുനിക സാങ്കേതികവിദ്യകള്‍ സായത്തമാക്കുക, വലിയ ഓപ്പറേഷനുകള്‍ അത്യാവശ്യമാകുമ്പോള്‍ അവ വിനിയോഗിക്കുക- ഈ കാലഘട്ടത്തില്‍ സായുധസേനയ്ക്ക് അത്യാവശ്യമായി വേണ്ടത് ഇതൊക്കെയാണ്. 

സുഹൃത്തുക്കള്‍  എളുപ്പത്തില്‍ ഉണ്ടാവും, പക്ഷേ ശത്രുക്കള്‍ നമ്മെ ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ടേയിരിക്കും!

'ഒരു ആഗോള ശക്തിയായി ഉയര്‍ന്നുവരുന്നതിന്, ദീര്‍ഘകാല തദ്ദേശീയ കഴിവുകള്‍ അല്ലെങ്കില്‍ നിര്‍ണായക സൈനിക ശക്തിയുടെ പ്രയോഗങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യ നിക്ഷേപം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. തദ്ദേശീയ ഉപകരണങ്ങളും ആയുധ സംവിധാനങ്ങളും വാങ്ങുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയുടെ വ്യക്തമായ ഉറപ്പ് വ്യവസായത്തിനും അതിനെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കുമായി നിലനില്‍ക്കും.''

Content Highlights : quotes by general bipin rawat