തൃശ്ശൂര്‍: മകള്‍ക്കുവേണ്ടി 'കുറിഞ്ഞിപ്പൂച്ചയുടെ ഒരു ദിവസം' എന്ന പേരിലെഴുതിയ കഥയിലൂടെയാണ് സുമംഗലയെന്ന ബാലസാഹിത്യകാരിയുടെ ജനനം. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയെക്കുറിച്ച് മകള്‍ക്കുവേണ്ടി എഴുതിയ കഥകള്‍ കുറിഞ്ഞിയും കൂട്ടുകാരും എന്ന പുസ്തകമായി പുറത്തുവന്നു. പിന്നീട് കുട്ടികളുടെ പ്രസിദ്ധീകരണമായ 'പൂമ്പാറ്റ'യില്‍ ധാരാളം നോവലൈറ്റുകളും കഥകളും പ്രസിദ്ധീകരിച്ചു. പുഴക്കരയിലെ വീട്, മൃഗങ്ങളുടെ ഗ്രാമം എന്നീ കഥകളെഴുതിയതും ഇക്കാലയളവിലാണ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കുട്ടികള്‍ സുമംഗലയെ കാണാനും സംസാരിക്കാനുമെത്തിയിരുന്നു. സുമംഗലയുടെ എഴുത്ത് കുട്ടികളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ തെളിവായിരുന്നു ഇത്.

1934 മേയ് 16-ന് ജനിച്ച സുമംഗല കുട്ടിയായിരിക്കുമ്പോഴേ സാഹിത്യത്തില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. വേദജ്ഞനും പണ്ഡിതനും ബിരുദധാരിയുമായിരുന്നു അച്ഛന്‍ ഒ.എം.സി. നമ്പൂതിരിപ്പാട്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ ജ്യേഷ്ഠന്‍ ഉണ്ണിനമ്പൂതിരിയുടെ മകളായിരുന്നു അമ്മ ഉമാ അന്തര്‍ജനം. അക്കാലത്ത് നമ്പൂതിരി ഗൃഹങ്ങളിലില്ലാതിരുന്ന എഴുത്തിന്റെയും വായനയുടെയും അന്തരീക്ഷം ഒളപ്പമണ്ണയില്‍ ഉണ്ടായിരുന്നു. അച്ഛനായിരുന്നു കഥകള്‍ പറഞ്ഞുകൊടുത്തിരുന്നത്.

ഒളപ്പമണ്ണയിലെ നിത്യസന്ദര്‍ശകനായിരുന്നു മഹാകവി വള്ളത്തോള്‍. പിന്നീട് കലാമണ്ഡലത്തില്‍ ജോലിചെയ്യാനും 60 വര്‍ഷത്തെ ചരിത്രമെഴുതാനും ഇടയായതും വള്ളത്തോളിന്റെ സാമീപ്യമാണ്. വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലെത്തിയപ്പോള്‍ ജനിച്ചുവളര്‍ന്ന ചുറ്റുപ്പാടില്‍നിന്നും വ്യത്യസ്തമായിരുന്നു രീതികള്‍. എങ്കിലും വായന മുടക്കിയില്ല. മകള്‍ ജനിച്ചശേഷമാണ് എഴുത്ത് പുനരാരംഭിച്ചത്.

സ്വന്തം കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞ് അവര്‍ എല്ലാ കുട്ടികള്‍ക്കുമായി എഴുതാന്‍ തുടങ്ങുകയായിരുന്നു. പഞ്ചതന്ത്രം കഥകളുടെ പുനരാഖ്യാനമാണ് ഏറ്റവുമധികം വായിക്കപ്പെട്ടത്. പഞ്ചതന്ത്രത്തിന്റെ ഒട്ടേറെ പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സംസ്ഥാന അവാര്‍ഡ്, കലാമണ്ഡലം മുകുന്ദരാജ പുരസ്‌കാരം, ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം, എ.പി.പി. നമ്പൂതിരി അവാര്‍ഡ്, ശ്രീപത്മനാഭ സ്വാമി പുരസ്‌കാരം, ശൂരനാട് അവാര്‍ഡ്, പത്മ ബിനാനി ഫൗണ്ടേഷന്‍ പുരസ്‌കാരം, രൈക്വഋഷി പുരസ്‌കാരം തുടങ്ങിയ ബഹുമതികളും നേടി.

ശവശവസംസ്‌കാരം ബുധനാഴ്ച 11-ന് തൃശ്ശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍.

ലീലാ അന്തര്‍ജനത്തില്‍ നിന്ന് സുമംഗലയിലേക്ക്

ലീലാ അന്തര്‍ജനം എന്ന യഥാര്‍ഥ പേരിലാണ് എഴുതിത്തുടങ്ങിയത്. എന്നാല്‍, ആനുകാലികങ്ങളില്‍വന്ന ചില രചനകളുടെ പേരില്‍ ബന്ധുക്കളില്‍ ചിലര്‍ പരിഹസിക്കാന്‍ തുടങ്ങി. ഇതോടെ തൂലികാനാമം സ്വീകരിക്കാന്‍ തീരുമാനിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ പ്രൊഫസറും അടുത്ത സുഹൃത്തുമായ രാധാ പത്മനാഭനാണ് മനയുടെ പേരായ ദേശമംഗലത്തിന്റെ 'മംഗല' എന്ന വാക്ക് കടമെടുത്ത് മുന്നില്‍ 'സു' എന്നുചേര്‍ത്ത് 'സുമംഗല' എന്ന പേര് നിര്‍ദേശിച്ചത്.

22-ാം വയസ്സില്‍ 'വെളിച്ചത്തിന്റെ നിഴല്‍പ്പാടില്‍' എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥയിലാണ് സുമംഗല എന്ന എഴുത്തുകാരിയുടെ ആദ്യ 'ബൈലൈന്‍'. കഥമുത്തശ്ശിയായ സുമംഗലയുടേതായി രണ്ടുനോവലുകളും ഒരു കഥാസമാഹാരവുമുണ്ട്. ഇതിനുപുറമേ ഇംഗ്ലീഷില്‍നിന്നും സംസ്‌കൃതത്തില്‍നിന്നുമുള്ള വിവര്‍ത്തനങ്ങള്‍, സംഗ്രഹങ്ങള്‍ എന്നിവയും സുമംഗലയുടേതായുണ്ട്. പഞ്ചതന്ത്രം, മിഠായിപ്പൊതി, നെയ്പായസം, തങ്കക്കിങ്ങിണി, രഹസ്യം, മുത്തുസഞ്ചി, ഒരു കുരങ്ങന്‍ കഥ, ഒരുകൂട പഴങ്ങള്‍ തുടങ്ങിയവയയാണ് മറ്റ് പ്രശസ്ത കൃതികള്‍.

വടക്കാഞ്ചേരി ശ്രീകേരളവര്‍മ പബ്ലിക് ലൈബ്രറി വനിതാവേദി പ്രസിഡന്റായിരുന്നു.

സുമംഗലയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Prominent author of children's literature Sumangala life