ന്ന് രാവിലെയുണ്ടായ ഒരു ഫോണ്‍വിളി എന്നെ വല്ലാതെ വേവലാതിപ്പെടുത്തുകയുണ്ടായി. പത്രം വായിച്ച് നടുങ്ങിയിരിക്കുന്ന നേരത്താണ് വിളി വന്നത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ രോഗിയ്ക്ക് ഒരു ദിവസം ഓക്സിജന്‍ ശ്വസിച്ചതിന് 45,600 രൂപയുടെ ബില്ല് നല്‍കിയ വിഷയത്തില്‍ ഹൈക്കോടതി കര്‍ശനമായി ഇടപെട്ട വാര്‍ത്തയാണ് ഞാന്‍ വായിച്ചുകൊണ്ടിരുന്നത്. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന അധമസംസ്‌കാരത്തെക്കുറിച്ച് ആലോചിച്ച് പുകഞ്ഞിരിക്കുമ്പോഴാണ് സുഹൃത്തിന്റെ ഫോണ്‍.

മാഷേ 'പ്രാണവായു' എന്ന കഥ വൈറലായി അല്ലേ. ഇന്ന് കാലത്താണ് ഞാന്‍ കണ്ടത്. ഞാന്‍ മൂളി. എന്ത് പറയാന്‍! ആ കഥയുടെ ചര്‍ച്ചകളൊക്കെ തീര്‍ന്നിട്ട് ദിവസങ്ങളായിരിക്കുന്നു. ഇപ്പോഴെന്തുപറ്റി? ഫോണ്‍ തുറക്കാതെ ദിവസങ്ങളായോ? കഥകൊണ്ട് കാലത്തെ തടുക്കാനാവില്ല. കഥയല്ല മുന്നില്‍. കത്തുന്ന യാഥാര്‍ഥ്യങ്ങളാണ്. നാട് തന്നെ കത്തുകയാണ്. എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് സുഹൃത്ത് പറഞ്ഞു.

ഞാന്‍ പോസിറ്റീവായിരുന്നു മാഷെ. ഇന്ന് കാലത്താണ് മോചനം നേടിയത്. തുടര്‍ന്ന് സുഹൃത്ത് വിവരിച്ച അനുഭവം നടുക്കുന്നതായിരുന്നു. വായനക്കാരോട് അത് പങ്കുവെക്കേണ്ടതുണ്ട്. നഗരത്തിലെ ആശുപത്രിയില്‍ സുഹൃത്തിനെ ഒരാഴ്ചക്കാലം അഡ്മിറ്റ് ചെയ്തിരുന്നു. രോഗം ഭേദമായി വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ക്ഷീണവും വയറിളക്കവും വന്നു. അതേ ആശുപത്രിയില്‍ ചെന്ന് പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവ്. അന്വേഷിച്ചപ്പോള്‍ ആശുപത്രിയുടെ പി.ആര്‍.ഒ പറഞ്ഞു. ഇവിടെ കോവിഡ് ചികിത്സയുണ്ട്. ഐസൊലേഷന്‍ വാര്‍ഡുണ്ട്. ദിവസം എട്ടായിരം രൂപ. വീട്ടിലേക്ക് രോഗവും കൊണ്ട് മടങ്ങാന്‍ വയ്യ, എട്ടായിരമെങ്കില്‍ എട്ടായിരമെന്ന് സമാധാനിച്ച് മുറിയെടുത്തു. എട്ടായിരത്തിന്റെ മുറികണ്ടപ്പോള്‍ സങ്കടം വന്നു. 'ആല' പോലെ ഒരു മുറി. വൃത്തിയില്ല, നല്ല സൗകര്യങ്ങളൊന്നുമില്ല. വാതില്‍പോലും ശരിക്കടയുന്നില്ല... എട്ടായിരമാണ്...

പിറ്റേന്ന് കാലത്ത് അധികാരികളോട് സുഹൃത്ത് ചോദിച്ചു. ഇത് എന്തൊര് അനീതിയാണ്. എട്ടായിരം രൂപ! നല്ല ചെലവുണ്ട്. പിപിഇ കിറ്റും മറ്റും വേണ്ടെ ചികിത്സകര്‍ക്ക് എന്നാണ് കിട്ടിയ മറുപടി. ആുപത്രിയുടെ പി.ആര്‍.ഒ ഒരു നാടന്‍ ഗുണ്ടയുടെ മട്ടിലാണ്രേത സംസാരിച്ചത്. നഗരത്തിലെ ആശുപത്രികളെല്ലാം ഒന്നുചേര്‍ന്ന കോ-ഓർഡിനേഷന്‍ കമ്മറ്റിയാണ് തുക നിശ്ചയിച്ചത്. പരാതിക്ക് ഒരടിസ്ഥാനവുമില്ല. അത് അന്വേഷിച്ചപ്പോള്‍ സത്യമാണെന്ന് സുഹൃത്തിന് മനസ്സിലായി. ഒരാശുപത്രി പണം കുറച്ചുവാങ്ങി എന്ന പരാതി ഇനിയുണ്ടാവില്ല. ബഹളം കുറച്ച് ശമിച്ചപ്പോള്‍ മകന്‍ പറഞ്ഞു. അച്ഛാ, എട്ടായിരമല്ല, രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പന്ത്രണ്ടായിരത്തി അഞ്ഞൂറ് ദിവസവാടക എന്ന് പറഞ്ഞിരുന്നു. അച്ഛനെ വിഷമിപ്പിക്കണ്ട എന്നു കരുതിയാണ് അപ്പോള്‍ പറയാതിരുന്നത്.

ഇതെന്തൊരു കൊള്ളയാണ്! സുഹൃത്ത് ആശുപത്രിയുടെ വക്കീലിനെ വിളിച്ചു. വക്കീല് പറഞ്ഞു; വലിയ അനീതി തന്നെ. അപ്പോള്‍ സുഹൃത്ത് ചോദിച്ചത്രേ: ഞാന്‍ കേസ് കൊടുത്താല്‍ നിങ്ങളല്ലേ എനിക്കെതിരെ വാദിക്കുക? വക്കീല്‍ നിശബ്ദനായി. ജനങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ പരിഭ്രാന്തരായി പരക്കം പായുമ്പോള്‍ കുറേ ആതുരാലയങ്ങള്‍ അറവുശാലകളാവുകയാണോ? ഈ കഷ്ടകാലത്തും കഠിനഹൃദയമുള്ള മനുഷ്യര്‍ പ്രത്യക്ഷപ്പെടുകയാണോ? രാപകല്‍ വിശ്രമമില്ലാതെ, ഊണും ഉറക്കവുമില്ലാതെ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും നിയമപാലകരും കോവിഡിനെതിരെ മഹായുദ്ധത്തില്‍ പടവെട്ടിക്കൊണ്ടിരിക്കുമ്പോള്‍ മനുഷ്യപ്പറ്റില്ലാത്ത കുറേ മനുഷ്യര്‍ വാഴവെട്ടാനിറങ്ങിയിരിക്കുകയാണ്.
ഇവരെ നിലയ്ക്കുനിര്‍ത്താന്‍ ഭരണകൂടം ഉടനെ പരിശ്രമിക്കണം. സ്വകാര്യ ആതുരാലയങ്ങള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ രോഗികളെ ചികിത്സിക്കാന്‍ മുന്നോട്ട് വരണം. നന്മയുടെ വെളിച്ചം എങ്ങും പടരട്ടെ.

Content Highlights: Private Hospitals Looting Patients Treatment For Covid 19 Ambikasuthan Mangad