ഇന്ന് പൂന്താനം ദിനം. കേരളത്തില്‍ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിലൊരാളായിരുന്നു പൂന്താനം. മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അദ്ദേഹം ഇല്ലപ്പേരില്‍ അറിയപ്പെട്ടിരുന്നതുകൊണ്ടുതന്നെ യഥാര്‍ത്ഥപേര് വ്യക്തമല്ല.
നാരായണീയത്തിന്റെ രചയിതാവായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാടിന്റെ സമകാലികനായിരുന്നു. പൂന്താനം രചിച്ച ദാര്‍ശനികപ്രധാനമായ ജ്ഞാനപ്പാന എന്ന ഭക്തിഗീതിക ഗുരുവായൂരപ്പഭക്തരുടെ ചുണ്ടില്‍ എന്നുമുള്ള കീര്‍ത്തനമാണ്. മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്ത് പൂന്താനം ഇല്ലത്ത് ജനിച്ച അദ്ദേഹം ജീവിതകാലം ചെലവഴിച്ചത് ഗുരുവായൂരപ്പസന്നിധിയിലായിരുന്നു. പൂന്താനം നമ്പൂതിരി എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് കണ്ടെത്തിയിട്ടില്ല. ശ്രീകൃഷ്ണകര്‍ണാമൃതം, സന്താനഗോപാലം പാന എന്നിവയാണ് മറ്റ് പ്രധാനകൃതികള്‍.
ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്‌ക്കരിക്കുന്ന കൃതിയാണ് ജ്ഞാനപ്പാന. ഐഹികങ്ങളായ ഭ്രമങ്ങളുടെ അര്‍ത്ഥശൂന്യതയും ഭഗവദ് സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതില്‍ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. ആറ്റുനോറ്റുണ്ടായ ഓമനപുത്രന്റെ ആകസ്മിക വിയോഗം പ്രാപഞ്ചികനായ ഒരു കവിയിലുണ്ടാക്കിയ അദമ്യദുഃഖത്തില്‍ നിന്നും ഉണ്ടായതാണ് ഈ കൃതിയെന്നു വിശ്വസിക്കപ്പെടുന്നു.
കൃതി പൂര്‍ത്തിയാക്കിയതിനുശേഷം പൂന്താനം മേല്പ്പത്തൂര്‍ ഭട്ടതിരിയെ സമീപിക്കുകയും ജ്ഞാനപ്പാനയില്‍ എന്തെങ്കിലും തിരുത്തലുകള്‍ നടത്തേണ്ടതുണ്ടോ എന്നാരായുകയും ചെയ്തു. മലയാളത്തിലായ കാവ്യം വായിക്കാന്‍ താല്പര്യമില്ലാത്ത ഭട്ടതിരി ആവശ്യം നിരസിച്ചപ്പോള്‍ ഭഗവാന്‍ അവതരിക്കുകയും പൂന്താനത്തിന്റെ ഭക്തിയും ഭട്ടതിരിയുടെ വിഭക്തിയും തുല്യമാണെന്നരുളി ചെയ്തെന്നമാണ് ഐതിഹ്യം. അനുവാചക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ഒരു ദാര്‍ശനിക കാവ്യമാണിത്.
പൂന്താനം നമ്പൂതിരിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി ഗുരുവായൂര്‍ ദേവസ്വമാണ് പൂന്താനം ദിനം ആചരിച്ച് തുടങ്ങിയത്. പൂന്താനത്തിന്റെ കൃതികളില്‍നിന്ന് അദ്ദേഹത്തിന്റെ ജന്മദിനം കുംഭമാസത്തിലെ അശ്വതിനാളെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാലാണ് ഈ ദിവസം പൂന്താനം ദിനമായി ആഘോഷിക്കുന്നത്.
Content Highlights: Poonathanam Birth Anniversary