''എവുതുവ ളേപ്പില്ലാതെ

അപ്പെയ് കാട്ടി തന്തിയേയ്

കാടുനെ

പറെഞ്ച കഥെ ബത്തുക്കെല്ലു''

(എഴുത്തിനിരുത്താതെ

അച്ഛന്‍ ആദ്യം കാണിച്ചുതന്നത്

കാടാണ്.

പറഞ്ഞ കഥ ജീവിതമായിരുന്നു)

ഗോത്രജീവിതം അടയാളപ്പെടുത്തിയ പ്രകൃതിയുടെ പാഠപുസ്തകമാണ് സുകുമാരന്‍ ചാലിഗദ്ദയുടെ കവിതകള്‍. കേരളത്തിലെ ഗ്രോത്രകവികളില്‍ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ 'കാട്' എന്ന കവിതയുടെ ആദ്യവരികളാണിത്. കാടാണ് ഗോത്രജനതയുടെ പാഠപുസ്തകം. പഠിക്കുന്തോറും അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിടുന്ന മഹാ പാഠശാല. മനുഷ്യന് കൈമാറാന്‍ കഴിയുന്ന അറിവുകള്‍ക്ക് പരിമിതികളുണ്ട്. അതുകൊണ്ടാണ് എഴുത്തിനിരുത്തുന്നതിന് പകരം അച്ഛന്‍ അവര്‍ക്ക് കാട് കാണിച്ചുകൊടുത്തത്.

അത്ര പരിചിതമല്ലെങ്കിലും 20 വര്‍ഷമായി സുകുമാരന്‍ കാവ്യലോകത്ത് സജീവമാണ്. കാടും മേടും മഴയും പുഴയും പൂക്കളും കവിതകളിലെ സ്ഥിരം ബിംബങ്ങള്‍. ഗോത്രവര്‍ഗക്കാരുടെ ജീവിതം, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങള്‍, അതിജീവന കഥകള്‍, വേദനകള്‍ തുടങ്ങിയവയെല്ലാം കവിതയില്‍ നിറയുന്നു.

മരപ്പഴം പറിച്ചും പുഴകള്‍ ചാടിക്കടന്നും വില്ലുകള്‍ കുലച്ചും കാടിന്റെ മണം നുകര്‍ന്നുമാണ് അവര്‍ പഠനം തുടങ്ങിയത്. കാടിനെ വരച്ചാണ് കാറ്റ്, പുഴ, പൂക്കള്‍, വെയില്‍, പക്ഷി, മൃഗം, സമ്പത്ത് എന്നിവയെ അവര്‍ കൂടെക്കൂട്ടുന്നത്. (എന്റെ കുട്ടികള്‍ കാടിനെ വരച്ചു).

ആദിവാസികളുടെ ദൈന്യ ജീവിതം മനുഷ്യസ്‌നേഹികളെ വേദനിപ്പിക്കുന്നതാണ്. ഈ അവസ്ഥയിലേക്ക് അവരെ എത്തിച്ചവരോട് രോഷം തോന്നാറുണ്ട്. പ്രതിഷേധിക്കാന്‍ സമരത്തേക്കാള്‍ നല്ലത് എഴുത്താണ്. സുകുമാരന്‍ ചാലിഗദ്ദ നിലപാട് വ്യക്തമാക്കുന്നു. കുറുവാ ദ്വീപിന് സമീപം കബനി നദിയോട് ചേര്‍ന്ന് കിടക്കുന്ന ചാലിഗദ്ദ അടിയ കോളനിയിലാണ് സുകുമാരന്‍ എന്ന 33-കാരന്‍ ജീവിക്കുന്നത്. ബേത്തിമാരന്‍ എന്നാണ് ശരിയായ പേര്. രാജനും മാച്ചിയുമാണ് മാതാപിതാക്കള്‍. നിഷയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

കവിതകള്‍ റാവുള ഭാഷയില്‍

മലയാളത്തിലും റാവുള ഭാഷയിലും സുകുമാരന്‍ കവിതകള്‍ എഴുതിയിട്ടുണ്ട്. റാവുളരുടെ വേരുകള്‍ അന്വേഷിച്ചുചെന്നാല്‍ കര്‍ണാടകത്തിലാണ് എത്തിപ്പെടുക. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ ഇടകലര്‍ന്ന സമ്മിശ്ര ഭാഷയാണ് റാവുള ഭാഷ. വയനാട്ടില്‍ തിരുനെല്ലി, പുല്പള്ളി, മാനന്തവാടി, പനമരം എന്നിവിടങ്ങളിലായി 11000 റാവുളരുണ്ട്. സുകുമാരന് റാവുളഭാഷ പെറ്റമ്മയും മലയാളം പോറ്റമ്മയുമാണ്.

റാവുള ഭാഷയ്ക്ക് ലിപികളില്ല. ഇദ്ദേഹം റാവുള ഭാഷയില്‍ എഴുതിയ എല്ലാ കവിതകളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

കല്യാണച്ചോറ്, മീനുകളുടെ പ്രസവ മുറി, അവന്റെ തുമ്പിക്കൈയിലൊരു പുഴയുണ്ടായിരുന്നു, നിന്റെ ഉള്ളിലെ നരിയും എന്റെ ഉള്ളിലെ പുലിയും, മഴഭാഷ, കൂരി, ഏട്ടക്കൂരി തുടങ്ങിയവ അച്ചടിമഷി പുരണ്ട കവിതകളില്‍ ചിലത് മാത്രം.

സകലകലാ വല്ലഭന്‍

കവിതകള്‍ മാത്രമല്ല, കഥകളും പാട്ടുകളും തിരക്കഥകളും എഴുതിയിട്ടുണ്ട്. തെരുവ് നാടകങ്ങള്‍, നാടകം, ഡോക്യുമെന്ററികള്‍, ഹ്രസ്വ ചിത്രങ്ങള്‍, സിനിമ എന്നിവയിലും റേഡിയോ നാടകങ്ങളിലും സുകുമാരന്‍ അഭിനയിച്ചിട്ടുണ്ട്. 2013-ല്‍ ടി.എന്‍. ഗോപകുമാര്‍ കോട്ടയം സംവിധാനം ചെയ്ത അന്താരാഷ്ട്ര തിയേറ്ററിക്കല്‍ നാടകമായ 'എ ബ്ലാക്ക് ടാല്‍ക്കം പൗഡര്‍' പ്രോജക്ടിലും മനോജ് കാന സംവിധാനം ചെയ്ത ദേശീയപുരസ്‌കാരം നേടിയ കെഞ്ചിര എന്ന സിനിമയിലും അഭിനയിച്ചു. ഗദ്ദിക കലാകാരനായിരുന്ന പി.കെ. കരിയനോടൊപ്പം ഒട്ടേറെത്തവണ അരങ്ങ് പങ്കിട്ടുണ്ട്.

Content Highlights: poet Sukumaran Chaligadha life and poems