ദിനങ്ങളങ്ങനെ കടന്നുപോകുന്നു-
അന്തി-
ക്കതിരുകളാകെയൊടിഞ്ഞു വീഴുന്നൂ
നിറങ്ങൾ മേയുന്ന പകലിൻ താഴ്​വര
ഇരുട്ടിലാഴുന്നൂ
അകലത്തമ്പിളി കരിന്തിരി കത്തി-
യണഞ്ഞു പോകുന്നൂ.
ഇരുട്ടിനുമ്മറപ്പടിയിലോർമകൾ
കൊളുത്തിവെച്ചൊരീ
മെഴുകുതിരികളുമണഞ്ഞു പോകുന്നൂ
മറവിയിൽ നിന്നു മരണത്തിലേയ്ക്കു
തളർന്നിറങ്ങുന്നു തകർന്ന ചേതന.
ഒരു കുരിശിൽ നിന്നൊരു കുരിശിലേ-
യ്ക്കൊടിഞ്ഞു വീഴുന്നു മുടിഞ്ഞ ജന്മവും.
പൊരുതി നേടിയ കളങ്ങളൊക്കെയും
കുരുതിയാടിയ ചരിത്രമൊക്കെയു-
മെരിഞ്ഞടങ്ങുമ്പോൾ
കരയാനും വയ്യാ-കടലായി മാറും;
കരയാതെ വയ്യാ-കനലായി മാറും;
അനങ്ങാതെ നിന്നാൽ ശിലയായി മാറും.
ഇവിടെ നിൽപൂ ഞാൻ-പ്രകാശവും കാത്തോ?
-ദിനങ്ങളങ്ങനെ കടന്നു പോകുന്നു...

കവി റഫീഖ് അഹമ്മദ് കഴിഞ്ഞദിവസം തന്റെ ഫെയ്സ്ബുക്ക് പേജിൽ ഈ കവിതയെക്കുറിച്ചെഴുതി. ''കവിതയുടെ കാര്യം അത്ഭുതം തന്നെയാണ്. 1981-ൽ വായിച്ച ഈ കവിത പിന്നീട് എവിടെയും കണ്ടില്ല, കേട്ടില്ല. ഇത് പുസ്തകത്തിൽ വരികയും ചെയ്തില്ല. പക്ഷേ ഇതിലെ വരികൾ മനസ്സിലേക്ക് ഇടയ്ക്കിടെ കടന്നു വരാറുണ്ട്. കെ.വി ബേബിയുടെ കവിതയെന്നായിരുന്നു ധാരണ, മാഷെ വിളിച്ചു. മാഷ് കവിത അയച്ചു തന്നു. താനല്ല, കെ.വി തോമസ് ആണ് കവി എന്ന് അറിയിച്ചു. ഈലോക് ഡൗണ് കാലത്ത് ഈ കവിത ഒന്നുകൂടി ആഴത്തിൽ മനസ്സിനെ തൊടുന്നു''- ഇതായിരുന്നു റഫീഖ് അഹമ്മദിന്റെ പോസ്റ്റ്.

1981-ൽ എഴുതിയ കവിത നാല് ദശാബ്ദങ്ങൾക്കിപ്പുറവും തന്റെ ആസ്വാദകമനസ്സിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്നതിന്റെ നേരോർമകളാണ് റഫീഖ് അഹമ്മദ് പങ്കുവെച്ചത്. ഒരർഥത്തിൽ പറഞ്ഞാൽ കെ.വി തോമസ് എന്ന കവിയെ വീണ്ടെടുക്കൽ കൂടിയായിരുന്നു അത്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്നും മലയാള വിഭാഗം അധ്യാപകനായി വിരമിച്ച കെ.വി തോമസ്സിൽ നിന്നായിരുന്നു കൂടുതൽ കാര്യങ്ങൾ അറിയേണ്ടിയിരുന്നത്. കോഴിക്കോടുള്ള വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന കവി ആഹ്ളാദത്തോടെയാണ് 'ദിനങ്ങളങ്ങനെ കടന്നു പോകുന്നു' എന്ന കവിതയെക്കുറിച്ച് പ്രതികരിച്ചത്.

''കൃത്യം നാൽപത് വർഷം തികയുകയാണ് ആ കവിതയ്ക്ക്. സന്തോഷമുണ്ട് റഫീഖ് അഹമ്മദിനെപോലുള്ള ഒരാൾ വരികൾ ഓർത്തിരിക്കുന്നതിൽ. അക്കാലത്തൊക്കെ ധാരാളം കവിതകളും ലേഖനങ്ങളും മറ്റു സാഹിത്യങ്ങളുമൊക്കെ എഴുതാറുണ്ടായിരുന്നു. മലയാളത്തിൽ ലിറ്റിൽ മാഗസിനുകൾ കൊടുകുത്തി വാണിരുന്ന കാലത്താണ് എന്റെയൊക്കെ എഴുത്തുകൾ.നൂറുകണക്കിന് ലിറ്റിൽ മാഗസിനുകളുണ്ടായിരുന്നു. ധാരാളം കവിതകൾ അവയിലൊക്കെ അച്ചടിച്ചു വന്നു. അതെല്ലാം സൂക്ഷിച്ചുവെക്കുന്നതിലൊന്നും അത്ര ശ്രദ്ധാലുവായിരുന്നില്ല ഞാൻ. ഈ കവിത കണ്ടപ്പോഴാണ് അങ്ങനെ എത്രയെണ്ണം ചിതലരിച്ചുപോയി എന്നോർക്കുന്നത്. 1983-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എന്റെയൊരു നാടകം അച്ചടിച്ചു വന്നിട്ടുണ്ടായിരുന്നു. 1983 ഫെബ്രുവരിയിൽ 'ഒരു നാടകത്തിന്റെ ദയനീയമായ അന്ത്യം' എന്ന തലക്കെട്ടോടെ. ആ നാടകം ഞാൻ ജഡ്ജിയായിരിക്കുന്ന കലോത്സവ വേദിയിൽ കുട്ടികൾ കളിക്കുന്നതു കണ്ടു. രചന നരേന്ദ്രപ്രസാദ് എന്നാണ് അന്ന് അനൗൺസ് ചെയ്തുകേട്ടത്. പിന്നെ പലവേദികളിലും ഈ നാടകം കളിക്കുന്നത് ഞാൻ നോക്കിയിരുന്നിട്ടുണ്ട്. പലകാലങ്ങളിലും പലരുടെയും പേരിലായിരുന്നു നാടകം എന്റെ മുമ്പിൽ കളിച്ചിരുന്നത്. സ്വന്തം സൃഷ്ടിയുടെ അവകാശമില്ലാതെ വിധികർത്താവായിരിക്കേണ്ടി വരിക തന്നെ. അതിനൊക്കെ ബഹളമുണ്ടാക്കാൻ പോയാൽ ശരിയാവില്ല.

കവിതയിൽ നിന്നും സാഹിത്യത്തിൽ നിന്നുമൊക്കെ ജീവിതത്തിന്റെ ട്രാക്കങ്ങ് മാറിപ്പോയി. അതിജീവനം ഒരു വിഷയം തന്നെയാണല്ലോ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലൊക്കെ പഠിപ്പിച്ചതിനുശേഷമാണ് കോഴിക്കോട് ക്രിസ്ത്യൻ കോളജിലെത്തുന്നത്. എൺപതുകളിൽ എഴുതിക്കൂട്ടിയ കവിതകളിൽ പത്തോ പതിനഞ്ചോ കവിതകളേ ഇപ്പോൾ കയ്യിലുള്ളൂ. ബാക്കിയെല്ലാം നഷ്ടപ്പെട്ടുപോയി. കുറച്ചുമുമ്പ് മാതൃഭൂമി നഗരത്തിൽ കോളം എഴുതിയിരുന്നു. ശേഷിച്ചതെല്ലാം കൂടി ഒരു പുസ്തകമാക്കണം. ദിനങ്ങളങ്ങനെ കടന്നുപോകുകയാണല്ലോ.''

വളരെ പ്രസന്നതയോടെ സംസാരിച്ച കെ.വി തോമസ് മാഷ് കഴിഞ്ഞ നാൽപതുവർഷത്തെ ഒരൊറ്റ ദിവസം കൊണ്ട് തിരികെ പിടിച്ചതായി തോന്നി. ഒരു വരിയോ, പ്രയോഗമോ ശ്രദ്ധിക്കപ്പെട്ടാൽ അത് തന്റേതുമാത്രമായി അടയാളം വെക്കുന്ന സാഹിത്യപ്രവണതകൾക്ക് ഒരു തിരുത്ത് തന്നെയാണ് കെ.വി തോമസ് എന്ന പേര്.

Content Highlights :Poet Rafeeq Ahammed Shares a poem by KV Thomas Dinangalangane Kadannu Pokunnu