• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Books
More
Hero Hero
  • Buy Books
  • Book Reviews
  • News
  • Features
  • Excerpts
  • Interview
  • Memories
  • Fiction
  • Podcast
  • Kid's World
  • Bookman Show
  • Azhchapathippu
  • MBIFL

പുഴയോരത്ത് മുഴങ്ങുന്ന മിഴാവൊലികള്‍, പരിഹാസങ്ങള്‍...

Jan 17, 2021, 12:16 PM IST
A A A

ചിറ്റൂര്‍ പണിക്കരെന്ന ഒരു നര്‍ത്തകനായിരുന്നു മാധവിയമ്മയുടെ ആദ്യഗുരു. പിന്നീട് തൃത്താലക്കാരനായ കളമൊഴി കൃഷ്ണമേനോന്‍ ആശാനായി. വളരെ തനിമയും ലാവണ്യവുമൊള്ളൊരു ലാസ്യരീതി ഈ രണ്ടാശാന്മാരുടെ ശിക്ഷണത്തില്‍ മാധവിയമ്മ മോഹിനിയാട്ടത്തിന് സൃഷ്ടിച്ചു നല്‍കി.

# ആലങ്കോട് ലീലാകൃഷ്ണന്‍
കിള്ളിക്കുറിശ്ശിമംഗലം ചിത്രീകരണം: മദനന്‍
X
കിള്ളിക്കുറിശ്ശിമംഗലം ചിത്രീകരണം: മദനന്‍

ചില ദേശങ്ങളിലൂടെ നടക്കുമ്പോൾ ചെവിയോർത്താൽ സംസ്കാരത്തിന്റെ പ്രതിധ്വനികൾ കേൾക്കാം. നിളാതീരത്ത് ലക്കിടിയിലെ കിള്ളിക്കുറിശ്ശിമംഗലം അത്തരമൊരിടമാണ്. തുള്ളലും കൂത്തും കൂടിയാട്ടവും പാഠകവും ഇവിടെ സംഗമിക്കുന്നു. അവിടത്തെ മണ്ണിലും ജലത്തിലും മിഴാവിന്റെയും പരിഹാസങ്ങളുടെയും ശബ്ദം മുഴങ്ങുന്നു. അത്തരമൊരു നാട്ടിലേക്കുള്ള യാത്രയാണിത്.

കേരളത്തിന്റെ പ്രാചീന കലാകേന്ദ്രമായ കിള്ളിക്കുറിശ്ശിമംഗലത്ത് ഞാൻ ആദ്യമായി പോയത് മാണി മാധവച്ചാക്യാരെ കാണാനാണ്;

എൺപതുകളുടെ മധ്യത്തിലാണത്.

പാലക്കാട് ജില്ലയിലെ ലക്കിടി മംഗലത്തുനിന്ന് കിള്ളിക്കുറിശ്ശിമംഗലം മഹാക്ഷേത്രത്തിലേക്കുനീളുന്ന നാട്ടുവഴിയോരത്ത് നിറയെ ചെമ്പരത്തിപ്പൂക്കൾ അതിരിട്ടുനിന്ന ആ പഴയ ചാക്യാർഭവനം ഇപ്പോഴും ഓർമയുണ്ട്.

Poet Alankode Leelakrishnan Writes about Killikkurissimangalam kunjan Nambiar madhavachakyar kooth kവിടർന്ന കണ്ണുകളിൽ സാത്വികാഭിനയത്തിന്റെ മഹാകാശം പ്രപഞ്ചത്തോളം വിടർത്തിക്കൊണ്ട് ഒരു ചെറിയ കുട്ടിയുടെ മുഖവുമായി മാണി മാധവച്ചാക്യാർ മുന്നിലിരുന്നു. കലകളുടെയെല്ലാം 'ഗംഗോത്രി'യായ കൂടിയാട്ടത്തിന്റെ സ്വച്ഛസംസ്കൃതിയിൽ മുങ്ങിനിവർന്ന വിശുദ്ധിയോടെ, വിശ്വവിസ്മയമായിത്തീർന്ന ചാക്യാർ ചരിത്രങ്ങൾ പലതും പറഞ്ഞു.

നാട്യശാസ്ത്രവിധിയനുസരിച്ചുള്ള അഭിനയശാസ്ത്രത്തിന്റെ മേഖലയിൽ ഇന്ന് ഭാരതത്തിൽ അവശേഷിക്കുന്ന ഒരേയൊരു കലാരൂപമാണ് കൂടിയാട്ടം. ചതുർവിധാഭിനയങ്ങളും സമഞ്ജസമായി സമ്മേളിക്കുന്ന ഈ സമഗ്രകല നടന്റെ മികവും പ്രതിഭയും സൗന്ദര്യാത്മക ജാഗ്രതയും നാട്യജ്ഞാനവും ഒരേസമയത്ത് പരീക്ഷിക്കുന്നു. ആ പരീക്ഷകളെല്ലാം ജയിച്ച് അക്ഷരാർഥത്തിൽ കൂടിയാട്ടമെന്ന കലയുടെ ഹിമാലയം കീഴടക്കിയ കലാചാര്യനായിരുന്നു മാണി മാധവച്ചാക്യാർ.

സംസ്കൃതഭാഷയിലും സാഹിത്യത്തിലും രസാലങ്കാരാദി ശാസ്ത്രങ്ങളിലും അസൂയാവഹമായ അറിവും പ്രയോഗസിദ്ധിയുമുണ്ടായിരുന്ന മാണി മാധവച്ചാക്യാരാണ് ആധുനികകാലത്ത് കൂടിയാട്ടത്തെ ലോകകലാവേദിയിൽ പ്രതിഷ്ഠിച്ച ആചാര്യന്മാരിലൊരാൾ.

ഏഴുപതിറ്റാണ്ടുമുമ്പ് കൂത്തമ്പലത്തിൽനിന്ന് കൂടിയാട്ടത്തെ പുറത്തിറക്കിയ വിപ്ളവം നടത്തിയത് പൈങ്കുളം വലിയരാമച്ചാക്യാരാണ്. എന്നാൽ, ലോകനാടകവേദിയുടെ ഭാഗമായി കൂടിയാട്ടത്തെ വളർത്തിയെടുത്തത് മാണി മാധവച്ചാക്യാരും അമ്മന്നൂർ മാധവച്ചാക്യാരും നടത്തിയ സമർപ്പിത പ്രവർത്തനങ്ങളാണ്. മാനവരാശിയുടെ അനശ്വര കലാപൈതൃകങ്ങളിലൊന്നായി യുനെസ്കോയെക്കൊണ്ട് കൂടിയാട്ടത്തെ അംഗീകരിപ്പിച്ചതിലും ഈ ആചാര്യന്മാർക്ക് വലിയ പങ്കുണ്ട്. ഇന്ന് സ്റ്റാനിസ്ലാവ്സ്കിയുടെ അഭിനയ പാഠപുസ്തകംപോലെ വിശ്വനാട്യപരിശീലനങ്ങൾക്ക് കൂടിയാട്ടവും ഒരു വിശിഷ്ടപാഠപുസ്തകമാണ്.

കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും ഈറ്റില്ലങ്ങളിലൊന്നാണ് കിള്ളിക്കുറിശ്ശിമംഗലം. മൂഴിക്കുളം, പൈങ്കുളം, പെരുവനം, മേക്കാട് കുട്ടഞ്ചേരി, അമ്മന്നൂർ, ചെറിയപരിഷ, വലിയപരിഷ, പൊതിയിൽ, അമ്പലമ്പുഴ, കാഞ്ഞിരമുക്ക്, തിരുവല്ല, പെരിഞ്ചല്ലൂർ തുടങ്ങിയ കേരളത്തിലെ പൗരാണികമായ ചാക്യാർ കുടുംബങ്ങളിൽ പിൽക്കാലത്ത് മാണിയൂർ (മാണി)താവഴിയുമായി താദാത്മ്യം പ്രാപിച്ച കുട്ടഞ്ചേരി ചാക്യാന്മാരുടെ വംശപരമ്പരകളാണ് കിള്ളിക്കുറിശ്ശിമംഗലത്തെ കൂടിയാട്ടത്തിന്റെ ഒരു പ്രബലകേന്ദ്രമാക്കിയത്. കുട്ടഞ്ചേരി മൂത്തചാക്യാർ, കുട്ടഞ്ചേരി നാരായണച്ചാക്യാർ, ദാമോദരച്ചാക്യാർ, മാണി പരമേശ്വരച്ചാക്യാർ, മാണി വലിയനീലകണ്ഠൻ ചാക്യാർ, ചെറിയ നീലകണ്ഠൻ ചാക്യാർ, വാസുച്ചാക്യാർ തുടങ്ങിയ പ്രബലരായ കലാകാരന്മാരുടെ ആ പരമ്പരയിലാണ് നാട്യാചാര്യവിദൂഷകരത്നം മാണി മാധവച്ചാക്യാർ 'കൂടിയാട്ടം' എന്ന പ്രാചീനകലയെ ആധുനികകാലത്തെ അതിജീവിക്കാൻ പര്യാപ്തമാക്കിയത്. കൂടിയാട്ടത്തിലൂടെ മലയാളമണ്ണിൽ വേരാഴ്ത്തിയ വിദൂഷകവേഷത്തെ ലോകത്തിന്റെ അരങ്ങടക്കിവാഴുന്ന നായകനാക്കി മാറ്റിയതും ചാക്യാർതന്നെ.

1965-ൽ കലാമണ്ഡലത്തിൽ കൂടിയാട്ടം ആരംഭിച്ചതോടുകൂടി ചാക്യാർകുലത്തിൽ പെടാത്തവർക്കും കൂത്തും കൂടിയാട്ടവും പഠിക്കാൻ കഴിയുന്ന പുതിയൊരു സാമൂഹികവികാസം സംഭവിച്ചു. കലാമണ്ഡലത്തിൽ വിസിറ്റിങ് പ്രൊഫസറായിരുന്ന മാണി മാധവച്ചാക്യാർ അത്യന്തം ഉത്‌പതിഷ്ണുത്വത്തോടെ കലയിലെ ഈ മാനവികവികാസത്തെ പിന്തുണച്ച ആചാര്യനാണ്.

Poet Alankode Leelakrishnan Writes about Killikkurissimangalam kunjan Nambiar madhavachakyar kooth k
തുള്ളൽ

കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും മാത്രമല്ല, തുള്ളൽ പ്രസ്ഥാനത്തിന്റെയും ഈറ്റില്ലമാണ് കിള്ളിക്കുറിശ്ശിമംഗലം. ചാക്യാരോട് പിണങ്ങേണ്ടിവന്നപ്പോൾ പറയന്റെയും ഓട്ടന്റെയും ശീതങ്കന്റെയും കീഴാളജനസംസ്കാരങ്ങളെക്കൂടി കൂത്തുപാരമ്പര്യത്തോട് കൂട്ടിച്ചേർത്ത് തുള്ളൽപ്രസ്ഥാനമുണ്ടാക്കിയ വിപ്ലവകാരിയായ ജനകീയകവിയാണ് കിള്ളിക്കുറിശ്ശിമംഗലത്ത് ജനിച്ച കുഞ്ചൻനമ്പ്യാർ. പതിനെട്ടാം നൂറ്റാണ്ടിൽത്തന്നെ നമ്പ്യാർ അങ്ങനെ അധഃകൃതസംസ്കൃതിയെ ക്ഷേത്രപ്രവേശനംചെയ്യിച്ചു.

കിള്ളിക്കുറിശ്ശിമംഗലം ക്ഷേത്രത്തെ വലംവെച്ചുചെന്നാൽ കലയുടെ ആധുനിക പെരുമാളായിത്തീർന്ന കുഞ്ചൻനമ്പ്യാരുടെ വീടായ കലക്കത്തു ഭവനത്തിലെത്താം.

അവിടെ കുഞ്ചൻനമ്പ്യാരുടെ കലയിലെ കലാപചരിത്രം അദ്ദേഹത്തിന്റെ വരികളിൽത്തന്നെ വായിക്കാം:

'ഭടജനങ്ങടെ നടുവിലുള്ളൊരു

പടയണിയ്ക്കിഹ ചേരുവാൻ

വടിവിയന്നൊരു ചാരുകേരള-

ഭാഷതന്നെ ചിതംവരൂ'

കേവലമൊരു മിഴാവുവാദ്യക്കാരനോ തുള്ളൽക്കവിയോ മാത്രമായിരുന്നില്ല കുഞ്ചൻനമ്പ്യാർ. കൂടിയാട്ടത്തിന്റെ അരങ്ങുപാരമ്പര്യങ്ങളിൽ അസാമാന്യമായ അറിവും പരിശീലനവുമുള്ള കലാകാരനായിരുന്നു. 'പറക്കുംകൂത്തെ'ന്നു പ്രസിദ്ധമായ നാഗാനന്ദം നാടകത്തിൽ ഗരുഡൻ ജീമൂതവാഹനനെ കൊത്തിയെടുത്തുപറക്കുന്ന ഒരു സന്ദർഭമുണ്ട്. ഈ രംഗം അവതരിപ്പിക്കുമ്പോൾ ഗരുഡവേഷം കെട്ടിയ ചാക്യാരുടെ ശരീരത്തിൽ കെട്ടിയ ആയിരത്തൊന്നുചരടുകൾ അരങ്ങിനു പിന്നിൽനിന്നുവലിച്ച് ചാക്യാർ പറക്കുന്നതായി തോന്നിപ്പിക്കുന്ന രംഗവിഭ്രമം സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയിൽ അതിപ്രഗല്ഭനായിരുന്നത്രെ കുഞ്ചൻനമ്പ്യാർ. അതുപോലെ 'തപതീസംവരണ'ത്തിൽ നായിക പുഴയിൽക്കൂടി ഒഴുകുന്ന രംഗം (ഒഴുകൽ) വെള്ളനൂൽകൊണ്ട് രംഗം മുഴുവൻനീട്ടി പാവിട്ട് അവതരിപ്പിക്കുന്നതിലും നമ്പ്യാർ വിദഗ്ധനായിരുന്നു.

ഭ്രഷ്ടും കലഹവും കലയിലൊരു കലാപവും വളർച്ചയുമുണ്ടാക്കിയപ്പോൾ കൂത്തിന്റെ ഈ അരങ്ങുസാധ്യതകൾ നമ്പ്യാർ ഭാഷയിലും ഭാവപ്രകാശനത്തിലും നിലനിർത്തി.

പ്രേക്ഷകനെ അനുഭവത്തിലേക്ക് തന്മയീഭവിപ്പിക്കുക എന്നതാണ് കൂടിയാട്ടം എന്ന നാടകകലയുടെ എക്കാലത്തെയും സാധ്യത. പ്രസിദ്ധരായ കുട്ടഞ്ചേരി ചാക്യാന്മാരുടെ ആദിപരമ്പരയിൽപ്പെട്ട ഒരു ചാക്യാരെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ള ഒരു കഥയുണ്ട്. അശ്വത്ഥാമാവിന്റെ ശിരസ്സിൽനിന്ന് രത്നം ചൂഴ്ന്നെടുക്കുന്ന മഹാഭാരതകഥാസന്ദർഭം ഈ ചാക്യാർ അതിതന്മയത്വത്തോടെ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകനായ ഒരു ബ്രാഹ്മണൻ അത്യന്തം വേദനയനുഭവിച്ചതുപോലെ തലയിൽ കൈയമർത്തി സദസ്സിൽനിന്ന് എഴുന്നേറ്റുപോയത് ചാക്യാരുടെ ശ്രദ്ധയിൽപ്പെട്ടു. എന്തോ സംശയംതോന്നിയ അദ്ദേഹം ഉടനെ കൂത്തുനിർത്തി പിറകെ ചെന്നപ്പോൾ ആ ബ്രാഹ്മണൻ ചിരഞ്ജീവിയായ സാക്ഷാൽ അശ്വത്ഥാമാവുതന്നെയാണെന്ന് തിരിച്ചറിഞ്ഞെന്നും ചാക്യാരുടെ അനുഭവവേദ്യമായ അഭിനയത്തെ അശ്വത്ഥാമാവ് അനുഗ്രഹിച്ചെന്നുമാണ് കഥ.

Poet Alankode Leelakrishnan Writes about Killikkurissimangalam kunjan Nambiar madhavachakyar kooth k
കൂടിയാട്ടം

കൂത്തിന്റെ ഈ സാധ്യതയിൽനിന്നുതന്നെയാണ് പ്രസിദ്ധമായ മറ്റൊരു മൗലികകലാരൂപവും കിള്ളിക്കുറിശ്ശിമംഗലത്ത് രൂപപ്പെട്ടത്. ശാസ്ത്രാംഗം, ശാസ്ത്രക്കളി, നാലുപാദം, പാനേംകളി എന്നൊക്കെ അറിയപ്പെടുന്ന ഈ കലാരൂപം കൂത്തിന്റെ ക്ലാസിക്കൽ പാരമ്പര്യത്തിൽനിന്നുവേറിട്ട് ഫോക്ലോറിന്റെ ആഴമേറിയ ജനസംസ്കാരംകൂടി ഉൾക്കൊണ്ടിരുന്നു. 'കുറത്തിയാട്ടം' എന്ന പ്രാചീനമായൊരു നാടോടിക്കലാരൂപത്തിൽനിന്ന് വളർന്നുവന്നതാണിത്. ഇതിന്റെ ഉപജ്ഞാതാക്കളായിരുന്ന പൂന്തോട്ടം നമ്പൂതിരിമാർ കുഞ്ചൻനമ്പ്യാരെപ്പോലെത്തന്നെ മലയാളമണ്ണിന്റെ തനതു നാടോടിത്തത്തെക്കൂടി ആ കലയുടെ അന്തർഹിതശക്തിയാക്കി.

കിള്ളിക്കുറിശ്ശിമംഗലത്തിന്റെ കലയിലെ പെരുമ അവസാനിക്കുന്നില്ല. പതിനൊന്നാം നൂറ്റാണ്ടിൽ കൂടിയാട്ടത്തിന്റെ നവീകരണത്തിന് നേതൃത്വംവഹിച്ച കുലശേഖരപ്പെരുമാളുടെ (തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ നാടകങ്ങളുടെ കർത്താവ്) ഗുരുവായിരുന്നു കിള്ളിക്കുറിശ്ശിമംഗലത്തെ കോച്ചാമ്പിളി ദാമോദരൻ നമ്പ്യാർ.

വിദ്യകൊണ്ട് കുലശേഖരനെ തോൽപ്പിച്ച് മൂന്നേമുക്കാൽ നാഴികനേരം നമ്പ്യാർ പെരുമാളായി വാണു എന്നാണു കഥ.

മംഗലത്തുനാട്ടിലെ നാട്ടിടവഴികളിൽ നടക്കുമ്പോൾ ചരിത്രത്തിൽനിന്ന് ഏതോ കാൽചിലങ്കകളുടെ ശബ്ദം കേൾക്കാം. മന്ദ്രമായി മുഴങ്ങുന്നൊരിടയ്ക്കയുടെ താളത്തിൽ വിഷാദാർദ്രമായ ഈണത്തിൽ കേൾക്കാറാവുന്ന വിപ്രലംഭ ശൃംഗാരപദത്തോടൊപ്പം നടന്നു. ചെന്നാൽ കിള്ളിക്കുറുശ്ശി മംഗലം മഹാക്ഷേത്രത്തിന് വടക്കുവശത്തുള്ള ചോമായിൽ ഭവനത്തിലെത്തും.

ഇവിടെയാണ് യാഥാസ്ഥിതിക വിലക്കുകളുടെ ഒരു പഴയകാലത്ത് മോഹിനിയാട്ടക്കാരിയായതിന്റെ പേരിൽ ചോമായിൽ മാധവിഅമ്മ എന്ന നർത്തകി കൊടിയയാതനകളും വലക്കുകളും സഹിച്ചുജീവിച്ചത്. 'ദാസിയാട്ട'മായി കരുതപ്പെട്ടിരുന്ന മോഹിനിയാട്ടം അക്കാലത്ത് ആഭിജാത്യമുള്ള വീടുകളിലെ പെൺകുട്ടികൾക്ക് നിഷിദ്ധമായിരുന്നു. പുരുഷന്മാരായിരുന്നു അക്കാലത്ത് മോഹിനിയാട്ടക്കാർ അധികവും.

ചിറ്റൂർ പണിക്കരെന്ന ഒരു നർത്തകനായിരുന്നു മാധവിയമ്മയുടെ ആദ്യഗുരു. പിന്നീട് തൃത്താലക്കാരനായ കളമൊഴി കൃഷ്ണമേനോൻ ആശാനായി. വളരെ തനിമയും ലാവണ്യവുമൊള്ളൊരു ലാസ്യരീതി ഈ രണ്ടാശാന്മാരുടെ ശിക്ഷണത്തിൽ മാധവിയമ്മ മോഹിനിയാട്ടത്തിന് സൃഷ്ടിച്ചു നൽകി. പക്ഷേ, ഒരു വേദിയിൽ പരസ്യമായി മോഹിനിയാട്ടം കളിച്ചപ്പോൾ ഉഗ്രപ്രതാപിയായിരുന്ന അമ്മാമൻ അരങ്ങിൽനിന്നു പിടിച്ചിറക്കികൊണ്ടുവന്ന് അറയിലിട്ടുപൂട്ടി. തറവാട്ടുമഹിമയ്ക്ക് സ്ത്രീകളെ മോഹിനിയാട്ടം പഠിപ്പിക്കുമെങ്കിലും പാതിത്യമുള്ള ആ കല അരങ്ങിലവതരിപ്പിക്കാൻ സ്ത്രീകൾക്ക് അന്ന് അനുവാദമുണ്ടായിരുന്നില്ല.

ചോമായിൽ വീട്ടിൽ ഞാൻ രണ്ടുമൂന്നുതവണ പോയിട്ടുണ്ട്. മാധവിയമ്മയെ അടച്ചിട്ട അറ ആ വീട്ടുകാർ കാണിച്ചുതന്നു. മനസ്സിന്റെ സമനില തെറ്റി പിന്നീട് ദീർഘവർഷങ്ങൾ അവർ ആ അടച്ചിട്ട മുറിയിൽ ഒറ്റയ്ക്ക് നൃത്തം ചെയ്തിരുന്നുവത്രെ.

ചോമായിൽ മാധവിയമ്മയെപ്പോലെത്തന്നെ കിള്ളിക്കുറുശ്ശി മംഗലത്തെ കൊച്ചുകുട്ടിയമ്മയും അക്കാലത്ത് മോഹിനിയാട്ടത്തെ സ്ത്രൈണസൗന്ദര്യത്തിന്റെ പുതിയ ലാസ്യാനുഭവങ്ങളിലേക്ക് നവീകരിച്ച നർത്തകിയായിരുന്നു. ഈ രണ്ടു നർത്തകിമാരിലൂടെ വികസിച്ച മോഹിനിയാട്ടത്തിന്റെ കിള്ളിക്കുറുശ്ശി മംഗലംസ്കൂൾ അവരിൽത്തന്നെ ഒടുങ്ങി.

തലമുറകളിലൂടെ പരന്നുപടർന്നൊഴുകിയ മറ്റൊരു നിളാനദിയാണ് കിള്ളിക്കുറുശ്ശിമംഗലത്തിന്റെ കലാ-സാംസ്കാരിക ചരിത്രം. നിളയുടെ ലക്കിടിക്കടവത്തു നിൽക്കുമ്പോൾ തിരുവില്വാമലക്കരയിൽ വെങ്കിച്ചൻസ്വാമിയുടെ മദ്ദളത്തോടൊപ്പം ചിട്ടൻ പട്ടരുടെയും കൊളന്തസ്വാമിയുടെയും മാധവവാരിയരുടെയും ചെണ്ടയും മുഴങ്ങുന്നതുകേൾക്കാം. മംഗലത്തുകരയിലപ്പോൾ കോച്ചാമ്പിള്ളി നമ്പ്യാന്മാരുടെ മന്ദ്രമധുരമായ മിഴാവൊലിയാവും മുഴങ്ങുന്നത്.

കൂടിയാട്ടവാദ്യരംഗത്തെ അതുല്യനായ കലാകാരനായിരുന്നു കിള്ളിക്കുറുശ്ശിമംഗലത്തെ കോച്ചാമ്പിള്ളി രാഘവൻ നമ്പ്യാർ, കോച്ചാമ്പിള്ളി രാമൻ നമ്പ്യാരാവട്ടെ മിഴാവിൽ തായമ്പക ചിട്ടപ്പെടുത്തുന്നതിലൂടെ കൂടിയാട്ടം വിട്ടുള്ളൊരു തട്ടകം മിഴാവിന് സൃഷ്ടിച്ചുകൊടുത്തു.

ഒരു കാലത്തെ വിദ്യാഭ്യാസരംഗത്തും കിള്ളിക്കുറുശ്ശിമംഗലം കേൾവിപ്പെട്ടുനിന്നു. മഹാപണ്ഡിതന്മാരായിരുന്ന പഴേടത്തുനമ്പൂതിരിമാരുടെ ഗുരുകുലം ഇവിടെയായിരുന്നു. കൈക്കുളങ്ങര രാമവാരിയർക്ക് ഗുരുവായിരുന്ന പുതിയേടത്തുഗോവിന്ദൻ നമ്പ്യാരും സുഭദ്രാഹരണം ആട്ടക്കഥയുടെ കർത്താവായ മന്ത്രേടത്തു നമ്പൂതിരിയുമെന്നല്ല ചരിത്രപുസ്തകങ്ങളിൽ പേരു ചേർക്കപ്പെടാതെ പോയ മറ്റനേകം പ്രതിഭകളും കിള്ളിക്കുറുശ്ശിമംഗലത്തിന്റെ പ്രതാപം കാത്ത കാലമുണ്ടായിരുന്നു. അതൊക്കെയും നഷ്ടസ്മരണയായി.

Poet Alankode Leelakrishnan Writes about Killikkurissimangalam kunjan Nambiar madhavachakyar kooth k
കൂടിയാട്ടം

ഭാരതപ്പുഴ കുറെ ഒഴുകി. ഒടുവിൽ ഒഴുക്കുനിന്നു. മംഗലത്തുനാടിനക്കരെ സോമേശ്വരം ക്ഷേത്ര ഐവർമഠവും അതിരിടുന്ന ഇത്തിരിവട്ടം ഭൂമിയും 'ഭാരതഖണ്ഡ'മെന്നാണ് പേര്. മഹാഭാരതയുദ്ധത്തിനുശേഷം പഞ്ചപാണ്ഡവർ ഇവിടെവന്ന് പിതൃക്രിയ ചെയ്തതുകൊണ്ടാണ് ആ പേര് സിദ്ധിച്ചതെന്നാണ് ഐതിഹ്യം. അതുപ്രകാരം ധർമപുത്രർ പ്രതിഷ്ഠിച്ച ക്ഷേത്രം സോമേശ്വരം ക്ഷേത്രമെന്നും പാണ്ഡവർ അഞ്ചുപേർ ഒരുമിച്ചു പ്രതിഷ്ഠിച്ച ക്ഷേത്രം ഐവർമഠമെന്നും കേൾവിപ്പെട്ടു. 'ഭാരതഖണ്ഡ'ത്തിലൊഴുകുന്ന പുഴയാണത്രെ ഭാരതപ്പുഴയായത്. (ഭാരതത്തിലൊരിടത്തും ഭാരതമെന്ന് മറ്റൊരുപുഴയ്ക്ക് പേരില്ല) പുഴ കാലംപോലെ നിലച്ചു.

പക്ഷേ, ഉത്സവരഹിതമായ നിശ്ചലകാലങ്ങളിലും കിള്ളിക്കുറുശ്ശി മംഗലത്തിന്റെ ഓർമകളിൽ കേളികൊട്ടുയരുന്നുണ്ട്. കൂത്തുപറമ്പുകളിലും കൂത്തമ്പലങ്ങളിലും മിഴാവൊലി മുഴങ്ങുന്നുണ്ട്.

Content Highlights: Poet Alankode Leelakrishnan Writes about Killikkurissimangalam kunjan Nambiar madhavachakyar kooth koodiyattam

PRINT
EMAIL
COMMENT
Next Story

'തുടര്‍ച്ച സാധ്യമല്ലാത്തവിധം പഴുതടച്ചിരുന്നു അച്ഛനിലെ കലാകാരന്‍'- ബിനു പപ്പു

'മെയ്തീനേ ആ ചെറ്യേ സ്പാനറിങ്ങെടുത്തേ'...കുതിരവട്ടം പപ്പു തീര്‍ത്ത വിസ്മയത്തില്‍ .. 

Read More
 

Related Articles

മലയാളകവിതയിലെ ആധുനിക ബോധിസത്വന്‍
Books |
Books |
നിളയെ പ്രണയിച്ച ആലങ്കോട്
Books |
അണയാത്ത കാവ്യേതിഹാസം
Books |
ഷുക്കൂറാണ് യജ്ഞക്കാരന്‍.. എട്ടുദെവസം സൈക്കിളില്‍നിന്നെറങ്ങ്ല്യ.. കുളീം ഭക്ഷണം ഒക്കെ സൈക്കിളില് തന്നെ
 
  • Tags :
    • Alankode Leelakrishnan
    • Killikkurissimangalam
    • Kunjan Nambiar
More from this section
Pappu and binu pappu
'തുടര്‍ച്ച സാധ്യമല്ലാത്തവിധം പഴുതടച്ചിരുന്നു അച്ഛനിലെ കലാകാരന്‍'- ബിനു പപ്പു
Steve Jobs
മരണബോധം മൂലധനമാക്കിയ പ്രതിഭാശാലി
ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
കസ്തൂര്‍ബ എപ്പോഴെങ്കിലും ആ കൊച്ചുകൊട്ടാരത്തിലെ മുറികളെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടാവുമോ?
പുസ്തകത്തിന്റെ കവര്‍
ദുരിതപൂര്‍ണമായ ജീവിതത്തിനു തുടക്കംകുറിച്ച കസ്തൂര്‍ബ
ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
'അറുപത്തിരണ്ട് സംവത്സരങ്ങളുടെ പരിസമാപ്തി. ചിതയൊടുങ്ങിത്തീരുന്നതു വരെ ഞാനിവിടെത്തന്നെ നിന്നോട്ടെ...'
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.